ലേഖനം: എന്റെ പിതാവിൻ്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും | സിബി ബാബു (യു .കെ)
ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ദേവാലയങ്ങൾ എല്ലാം കള്ളന്മാരുടെ ഗുഹ ആയി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ വാസ്തവം ആണ്, എന്നിരുന്നാൽ പോലും എല്ലാ ദേവാലയങ്ങളും അങ്ങനെ ആണെന്ന് ഞാൻ പറയുന്നില്ല. സഭയ്ക്ക് പുറത്ത് നടയ്ക്കേണ്ടുന്ന പല കാര്യങ്ങളും സഭയ്ക്ക് അകത്തു നടക്കുന്നു എന്നുള്ളത് വളരെ വേദനാജനകം ആണ്. യോഹന്നാൻ്റെ സുവിശേഷത്തിൽ 2:14-16 വരെ ഉള്ള വാക്യങ്ങൾ ആണ് നമ്മൾ ഇന്ന് ഇവിടെ ചിന്തിയ്ക്കാൻ പോകുന്നത്. ദൈവത്തിൻ്റെ ആലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു, കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു കർത്താവ് പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു. യോഹന്നാൻ്റെ സുവിശേഷത്തിൽ 2:14-16 വരെ ഉള്ള വാക്യങ്ങളിൽ കർത്താവായ യേശുക്രിസ്തു പറയുന്ന വാക്കുകൾ ആണിത്.
ദൈവത്തിൻ്റെ ആലയത്തിന് പുറത്ത് നടക്കേണ്ട കാര്യങ്ങൾ, ദൈവത്തിൻ്റെ ആലയത്തിനു അകത്തു നടന്നപ്പോൾ യേശു ക്രിസ്തു ദൈവാലയത്തിൽ ഉണ്ടായിരുന്ന വ്യാപാരികളെയും പൊൻവാണിഭക്കാരെയും പുറത്താക്കി എന്നുള്ള ഒരു ഭയാനകമായ ഒരു കാഴ്ച ആണ് ഈ വാക്യങ്ങളിലൂടെ നമുക്ക് കാണൻ കഴിയുന്നത്.
ദൈവത്തിൻ്റെ ആലയം പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമുള്ള സ്ഥലമാണ് (യെശയ്യാവ് 56:7). എന്നാൽ അവിടെ ദൈവത്തിൻ്റെ ആലയം വ്യാപാരത്തിനും സ്വാർത്ഥലാഭത്തിനും വേണ്ടി അവർ ഉപയോഗിച്ചു എന്നുള്ളത് നമ്മൾ ചിന്തിക്കേണ്ട ഒരു വസ്തുത ആണ്. ഇന്നും ഇത് ചില സഭകളിൽ നടന്നുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യത്തിനുള്ള സ്ഥലം ലൗകീകമായ കാര്യങ്ങൾ കൊണ്ട് മലിനമാകരുത് എന്നും, യേശു ക്രിസ്തു “ദൈവാലയത്തിന്റെ കർത്താവാണ്” എന്നും ഈ വാക്യത്തിലൂടെ ദൈവം നമുക്ക് കാണിച്ചു തരുന്നു. കർത്താവായ യേശു ക്രിസ്തുവിൻ്റെ കോപം ഒരു മനുഷ്യന്റെ കോപമായിരുന്നില്ല മറിച്ച് ദൈവീക നീതിയുടെ പ്രകടനമായിരുന്നു. ദൈവത്തിന്റെ കാര്യങ്ങളെ കുറിച്ചുള്ള ഭക്തിയും, എരിവും,(John 2:17; സങ്കീർത്തനം 69:9) ദേവാലയത്തിൻ്റെ വിശുദ്ധിയും, ദേവാലയത്തിന് മുകളിൽ ഉള്ള യേശു ക്രിസ്തുവിൻ്റെ അധികാരവും കർത്താവ് ആയിരുന്ന യേശു ക്രിസ്തുവിൻ്റെ പ്രവർത്തിയിൽ പ്രകടമായിരുന്നു. ദൈവത്തിൻ്റെ ആലയം ലൗകീയ കാര്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടണം എന്ന സത്യത്തെ ആണ് കർത്താവ് ഇവിടെ നമുക്ക് കാണിച്ചുതരുന്നത്. ഇവിടെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം കാള, ആട്, പ്രാവ് ഇവയെല്ലാം പഴയ നിയമത്തിലെ യാഗവസ്തുക്കൾ തന്നെ ആയിരുന്നു എന്നുള്ളതാണ്, യോഹന്നാൻ്റെ സുവിശേഷം 2:14–15-ൽ പറഞ്ഞിരിക്കുന്ന കാള, ആട്, പ്രാവ് എന്നീ യാഗ വസ്തുക്കൾ എവിടെയാണ് വിൽക്കേണ്ടത് എന്ന് പഴയനിയമത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. യാഗ വസ്തുക്കൾ ദൈവാലയത്തിന്റെ അകത്ത് (പരിശുദ്ധസ്ഥലത്തിന് സമീപം) വിൽക്കാൻ പാടില്ലായിരുന്നു എന്നതാണ് വ്യവസ്ഥ.
അവ ദൈവാലയത്തിന് പുറത്തെ മാർക്കറ്റുകളിൽ / പ്രത്യേകിച്ചുള്ള സ്ഥലങ്ങളിൽ വിൽക്കുകയായിരുന്നു പതിവ്. ആവർത്തനം – 14:24, 26 എന്ന ഈ വാക്യങ്ങളിൽ അതു വളരെ വ്യക്തമാണ്
“ദൈവാലയത്തിലേക്ക് ദൂരം കൂടുതലായാൽ, ആളുകൾ അവരുടെ മൃഗങ്ങളെ പണമായി മാറ്റി കൊണ്ടുവരാം; പിന്നെ യെരൂശലേമിലെ മാർക്കറ്റുകളിൽ ആവശ്യമായ യാഗവസ്തുക്കൾ വാങ്ങാം. അതായത്, വിൽപ്പന ദൈവാലയത്തിന് പുറത്തു, യെരൂശലേമിൽ, തിരഞ്ഞെടുത്ത സ്ഥലത്തു (യാഗത്തിനായി തയ്യാറാക്കിയ സ്ഥലത്ത്) ആയിരുന്നു വേണ്ടത്. പക്ഷേ, യോഹന്നാൻ 2:14-ൽ കാണുന്നതുപോലെ, ജനങ്ങൾക്കു സൗകര്യത്തിനായി വ്യാപാരികൾ നേരിട്ട് ദൈവാലയത്തിന്റെ നടുത്തളത്തിൽ തന്നെ കാള, ആടു, പ്രാവ് എന്നിവ വിൽക്കാൻ പ്രമാണം ഇല്ലായിരുന്നു.
” ഇതിലൂടെ വ്യാപാരവും ആരാധനയും വേർതിരിച്ച് സൂക്ഷിക്കണം എന്ന് ദൈവം നമ്മെ പഠിപ്പിക്കുന്നു.
യേശു ദൈവാലയത്തിൽ കണ്ടത് യാഗവസ്തുക്കൾ തന്നെയായിരുന്നു എങ്കിലും അവിടുത്തെ പ്രശ്നം, യാഗത്തിന്റെ ആത്മീയ അർത്ഥം മറന്നു വ്യാപാരമാക്കി മാറ്റിയിരുന്നു എന്നുള്ളതാണ്.
ഇനി നമ്മൾ ചിന്തിയ്ക്കാൻ പോകുന്നത് യോഹന്നാൻ 2:14–15-ൽ പറയുന്ന “പൊൻവാണിഭക്കാർ” ആരായിരുന്നു എന്നുള്ളതാണ്. ദൈവാലയത്തിൽ യാഗവസ്തുക്കൾ വാങ്ങാനായി പല ദേശങ്ങളിൽ നിന്നുമുള്ളവർ വിദേശ നാണയം കൊണ്ടുരുന്നവർ ആയിരുന്നു ഇവർ. ചുരുക്കി പറഞ്ഞാൽ കറൻസി എക്സ്ചേഞ്ച് ചെയ്യുന്നവർ.
അവർ “പണം മാറ്റം” ചെയ്യുമ്പോൾ വലിയ പലിശയും ഇടാക്കിയിരുന്നു. യാഗത്തിനായി വന്ന ജനങ്ങളെ അവർ ചൂഷണം ചെയ്തു.
ദൈവാലയത്തിൽ ലാഭത്തിനായുള്ള വ്യാപാരം നടത്തി. ആരാധനയുടെ ആത്മീയ ലക്ഷ്യം നഷ്ടപ്പെടുത്തി, വ്യാപാര കേന്ദ്രമാക്കി മാറ്റി, അതെ Jeremiah 7:11 –ൽ പറയുന്ന “കള്ളന്മാരുടെ ഗുഹ” ആക്കി മാറ്റി.
പൊൻവാണിഭക്കാർ എന്ന് പറയുന്നവർ ആരാധനയെ വ്യാപാരമാക്കി മാറ്റുന്നവർക്കും, വിശുദ്ധ കാര്യങ്ങൾ ലൗകീക ലാഭത്തിനായി ഉപയോഗിക്കുന്നവർക്കും, ഉള്ള ഒരു പ്രതീകം ആണ്. ആത്മീയമായി പറഞ്ഞാൽ ദൈവത്തെ വാണിജ്യവസ്തുവാക്കി മാറ്റുന്നവർ തന്നെയാണ് ഈ പൊൻ വാണിഭക്കാർ. അതെ ഇവർക്കെതിരെ ആണ് കർത്താവ് ചമ്മട്ടി എടുത്തത്.
ഇന്നും ദൈവത്തിൻ്റെ ആലയത്തിൽ സ്വാർത്ഥലാഭം, വ്യാജവിശ്വാസം, ആത്മീയ വ്യാപാരം നടക്കുന്നിടത്ത് “പൊൻവാണിഭക്കാർ” യഥേഷ്ടം ജീവിക്കുന്നു.
ദൈവത്തിൻ്റെ ആലയത്തെ ലാഭത്തിനായി ഉപയോഗിക്കരുത് എന്നും, ദൈവത്തിൻ്റെ ആലയം ആത്മീയമായി വാണിജ്യ കേന്ദ്രമാക്കി മാറ്റരുത് എന്നും, ദൈവത്തിൻ്റെ ആലയത്തിൽ ലാഭമോ വ്യാപാരമോ അല്ല എന്ന മുന്നറിയിപ്പുമായിരുന്നു കർത്താവ് ഇവിടെ നമുക്ക് കാണിച്ചുതരുന്നത്.
ആരാധനയുടെ ലക്ഷ്യം ആത്മാവിലും സത്യത്തിലും ആരാധിക്കുക എന്നുള്ളത് ആണ്, (യോഹ. 4:24) എന്നാൽ പലപ്പോഴും ആചാരങ്ങൾ, ഓഫറിംഗുകൾ, ചടങ്ങുകൾ എല്ലാം ദൈവത്തിൻ്റെ ആലയത്തിൽ വ്യാപാര മനോഭാവത്തിൽ നടക്കുന്നു. പണത്തിനായുള്ള ആത്മീയ സേവനം ആണ് ഇന്ന് പലയിടത്തും നടന്നു കൊണ്ടിരിക്കുന്നത്. ശ്രൂഷകൾ ദൈവ വിളിക്ക് അനുസരിച്ച് ചെയ്യണം എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ന് ശ്രൂഷകൾ ദൈവ വിളിക്കിനുസരിച്ചല്ലാ, ശ്രൂഷകൾ പലയിടത്തും പണത്തിനനുസരിച്ചാണ് ചെയ്തു കൊണ്ടിരിക്കുന്നത്. യേശു പറഞ്ഞു: “സൗജന്യമായി നിങ്ങൾക്ക് ലഭിച്ചതുപോലെ, സൗജന്യമായി തന്നെ കോടുക്കുവിൻ” (മത്തായി 10:8). എന്നാൽ ഇന്ന് സുവിശേഷ വേല, പ്രാർത്ഥന, അനുഗ്രഹം എല്ലാം “റേറ്റ്” കണക്കിൽ മാറുന്നു.
സഭയിൽ പലപ്പോഴും:
“ഇത്ര കൊടുത്താൽ ഇത്ര അനുഗ്രഹം കിട്ടും.”
“ഈ ചടങ്ങ് നടത്തിയാൽ പ്രശ്നം മാറും.”
“ഈ വഴിപാട് ചെയ്താൽ രക്ഷ ഉറപ്പാണ്.”
ഇവ എല്ലാം പൊൻവാണിഭക്കാരുടെ ആത്മാവിന്റെ ലക്ഷണങ്ങളാണ് എന്ന് തിരിച്ചറിയുക. ദൈവ ജനമേ ഇങ്ങനെ ഉള്ളവരെ സൂക്ഷിക്കുക, തിരിച്ചറിയുക, ഇവരെ വിട്ടൊഴിയുക. യേശു ദൈവാലയത്തെ “പ്രാർത്ഥനാലയം” (Mark 11:17) എന്ന് വിളിച്ചു. എന്നാൽ ദൈവാലയത്തിൽ വ്യാപാര മനോഭാവം വന്നാൽ അത് “കള്ളന്മാരുടെ ഗുഹ” ആയി മാറും എന്നുള്ളത് മറന്നു പോകരുത്.
സഭ ആത്മീയ ചികിത്സാകേന്ദ്രം ആയിരിക്കണം, അല്ലാതെ ലാഭം കൊയ്യാനുള്ള ഒരു വ്യാപാരസ്ഥലം അല്ല.
പുതിയ നിയമത്തിൽ നമ്മുടെ ഹൃദയം ആണ് യഥാർത്ഥ ദൈവാലയം.
ഇപ്പോൾ ദൈവത്തിന്റെ വാസസ്ഥലം എന്നത് വീണ്ടും ജനിയ്ക്കപ്പെട്ട്, മാനസാന്ധരപ്പെട്ട്, സ്‌നാനപ്പെട്ട്, ദൈവ കൃപയിൽ വിശുദ്ധ ജീവിതം നയിക്കുന്ന ഒരു വിശ്വാസിയുടെ ഹൃദയം ആണ് (1 കൊരി. 3:16).
നമ്മുടെ ഹൃദയത്തിൽ ലാഭലോകം, സ്വാർത്ഥം, ആത്മീക വ്യാപാരബോധം കടന്നാൽ, അത് “പൊൻവാണിഭക്കാരുടെ ആത്മാവ്” തന്നെയാണ് നമ്മിൽ കതൃത്വം നടത്തുന്നത് എന്ന് വ്യക്തം.
യേശു ചമ്മട്ടികൊണ്ട് പുറത്താക്കിയതുപോലെ പരിശുദ്ധാത്മാവ് നമ്മെ ശുദ്ധീകരിക്കേണ്ടത് വളരെ ആവശ്യമായിരിക്കുന്നു. “പൊൻവാണിഭക്കാരുടെ ആത്മാവ്” ഇന്ന് സഭയിൽ ലാഭത്തിനായി സേവനം ചെയ്യൽ, ആത്മീയ കാര്യങ്ങളെ വ്യാപാരമാക്കൽ, വിശുദ്ധിയെ നഷ്ടപ്പെടുത്തൽ എന്നീ വഴികളിലൂടെ പ്രത്യക്ഷപ്പെടുന്നു. “ദൈവ ജനമേ, ഇവരെ തിരിച്ചറിയുക, ഇവരെ വിട്ടൊഴിയുക” എന്നാൽ, കർത്താവായ യേശു ക്രിസ്തുവിൻ്റെ വിളി ഇന്നും: “എന്റെ പിതാവിന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് തന്നെ ആണ്, അതെ എൻ്റെ പിതാവിൻ്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.
ദൈവത്തിന് മഹത്വം.
SIBI BABU (U.K)

- Advertisement -



Comments are closed, but trackbacks and pingbacks are open.