തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി | പാർട്ട് – 6 | സജോ കൊച്ചുപറമ്പിൽ
അന്ന് രാത്രി നിലാവിൻറെ വെളിച്ചത്തിൽ അവൾ ആ കാഴ്ച കണ്ടു, ചിലന്തിവലയ്ക്കുള്ളിൽ അകപ്പെട്ടുപോയ ഒരു ചെറുതുമ്പി. അത് വല്ലാതെ പ്രയാസപ്പെടുകയാണ് ആ വല ഒന്ന് പൊട്ടിക്കുവാൻ തുമ്പിയുടെ ആയാസപ്പെടൽ കാരണം ചിലന്തിക്ക് തുമ്പിയുടെ അടുത്തേക്ക് എത്തുവാൻ കഴിയുന്നില്ല അവൾ പെട്ടിടം ആകെയിള്ളക്കി മറിച്ച് ആ ചിലന്തിവലയെ സമ്പൂർണ്ണമായി പൊട്ടിച്ചു മാറ്റി.
പക്ഷേ അപ്പോഴും അവൾക്ക് പറക്കുവാൻ കഴിയുമായിരുന്നില്ല.
ഒരു വൃക്ഷത്തിൽ നിന്ന് ഇല ഞെട്ടറ്റു വീഴുന്നതുപോലെ ആ ചിലന്തിവലയിൽ നിന്ന് തുമ്പി താഴേക്ക് പതിച്ചു.
അവളാ കട്ടിലിൽ കിടന്നുകൊണ്ട് ആലോചിച്ചു,
എന്താണ് ഈ കാഴ്ചയുടെ അർത്ഥം??? വിവാഹമെന്ന ചിലന്തിവലയിലേക്ക് ഞാനെന്ന തുമ്പി പോയി കുടുങ്ങുന്നു എന്നാണോ?
അതോ ഒരു ചിലന്തി വലയിൽ അകപ്പെട്ടുപോയ മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു എന്നാണോ?
ആ കാഴ്ചകളിൽ ആ ചിന്തകളിൽ മുഴുകി അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് കാലത്തെഴുന്നേറ്റ് അവൾ അപ്പനോട് പറഞ്ഞു..
അപ്പാ…..ആ ഉപദേശി പറഞ്ഞ വിവാഹത്തിന് എനിക്ക് സമ്മതമാണ്.
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു,
ഒരു ചെറിയ രജിസ്റ്റർ മാര്യേജായി ആ വിവാഹം നടത്തപ്പെട്ടു.
ആളില്ല, ആരവങ്ങളില്ല, ആർപ്പുവിളികൾ ഇല്ല.
ആ നിമിഷത്തെ ആഘോഷിക്കാൻ ചുറ്റും മനുഷ്യനെയും കണ്ടില്ല.
എല്ലാം നഷ്ടപ്പെട്ടവനും ഒന്നും നേടാത്തവളും തമ്മിൽ ഒന്ന് ചേർന്ന നിമിഷം.
പ്രകൃതിയും ദൂതന്മാരും സ്വർഗ്ഗവും മാത്രം ആ നിമിഷത്തിന് സാക്ഷികളായി ഇരുവരുടെയും കൈരേഖ പതിഞ്ഞ ഉടമ്പടി പത്രം ഗവൺമെൻറ് തലത്തിൽ അംഗീകരിക്കപ്പെട്ടു.
താൻ ഇതുവരെ പൊന്നുപോലെ കാത്തുസൂക്ഷിച്ച അപ്പനേയും അമ്മയെയും വിട്ടുപിരിഞ്ഞ അവൾ പുതിയൊരു യാത്ര തുടർന്നു.
കുടുംബ ജീവിതം ആരംഭിച്ചപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി അധികം സംസാരിക്കാത്ത ഒരു മനുഷ്യൻ.
എവിടെയൊക്കെയോ ഏറ്റ മുറിവുകൾ അയാളെ ആകെ തളർത്തിയിരുന്നു. കുടുംബ ജീവിതത്തിൻറെ ആരംഭ നാളുകളിൽ അയാൾ സൗമ്യനായിരുന്നു അവൾക്ക് വേണ്ടതെല്ലാം അയാൾ ഒരുക്കി കൊടുത്തു.
പക്ഷേ എന്തുകൊണ്ടോ അവളെ സ്നേഹിക്കാൻ അയാൾ ഭയന്നു.
ഉള്ളുതുറക്കാൻ മടിയുള്ള ഒരു മനുഷ്യനായി ചില ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി അയാൾ ഒളിച്ചും പാത്തും നടന്നു.
പോകപോകേ അയാളുടെ മദ്യപാനം എന്ന ദുശ്ശീലം പതിയെ അയാളിലേക്ക് തിരികെ വന്നു.
അവരിരുവരും രാത്രി കട്ടിലിൽ കിടക്കുമ്പോൾ മദ്യത്തിൻറെ രൂക്ഷഗന്ധം അവളെ അലട്ടാൻ ആരംഭിച്ചു.
ഒരു ഉപദേശിയുടെ മകളായി മദ്യത്തിന്റെയും സിഗരത്തിന്റെയും മണമടിക്കാതെ വളർന്നു വന്നവൾ. പ്രകൃതിയും പുഷ്പങ്ങളും ശലഭങ്ങളും കൂട്ടായി ഉണ്ടായിരുന്നവൾ.
രാത്രിയും നിലാവും പ്രകൃതിയുടെ ശബ്ദവും ആസ്വദിച്ചവൾ.
സത്യത്തിൽ അവൾ ഇന്നൊരു ചിലന്തി വലയിൽ അകപ്പെട്ടിരിക്കുകയാണ്. ചിലന്തി ഇതുവരെ തൻറെ വിഷം അവളിലേൽപ്പിച്ചിട്ടില്ല.
എന്തുകൊണ്ടോ ചിലന്തിക്ക് അവളിലേക്ക് അടുക്കാൻ കഴിയുമായിരുന്നില്ല.
അന്നാ രാത്രിയിൽ അവൾ കണ്ട കാഴ്ച പോലെ ചിലന്തി വലയിൽ അകപ്പെട്ട തുമ്പിയെപ്പോലെ അവൾ പിടയുകയാണ് ഈ ജീവിതത്തിൽ.
തുടരും..

- Advertisement -



Comments are closed, but trackbacks and pingbacks are open.