കഥ: ഒരു ‘ഫോട്ടോ’ പറഞ്ഞ കഥ | ആഷേർ മാത്യു
കഥ : ആഷേർ മാത്യു
”ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
രെത്ര പേര്‍ ലോകം വിട്ടുപോയി
എന്നാലോ നമുക്കൊരു നാള്‍ കൂടെ
പ്രിയനെ പാടി സ്തുതിക്കാം….”
രാവിലെ അഞ്ചുമണി കഴിഞ്ഞതേയുള്ളൂ. അമ്മയുടെ പാട്ട് കേട്ടാണ് ഉറക്കമുണര്‍ന്നത്. കുഞ്ഞുനാളില്‍ മുതലുള്ള ശീലമായത് കൊണ്ട് അലക്‌സിന് പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ലെങ്കിലും ഉറക്കം നഷ്ടപ്പെട്ടതിന്റെ നീരസം പ്രകടമാക്കിയത് പുതപ്പ് കൊണ്ട് തല മൂടിക്കൊണ്ട് തിരിഞ്ഞു കിടന്നാണ്.
വിളിച്ചാല്‍ അലക്‌സ് എഴുന്നേറ്റ് വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അമ്മ അലക്‌സിനെ വിളിക്കാനോ ബുദ്ധിമുട്ടിക്കാനോ വരാറില്ല.
ആ കാലമൊക്കെ കഴിഞ്ഞു പോയെന്ന് അലക്‌സിനും അറിയാം, അമ്മയ്ക്കും അറിയാം. കുഞ്ഞുനാളില്‍ ‘അലക്‌സേ’… എന്നുള്ള അമ്മയുടെ നീണ്ട വിളിയില്‍ അലക്‌സ് ചാടി എഴുന്നേറ്റു ഉറക്കച്ചടവോടെ അമ്മയോടും അപ്പനോടും ചേച്ചിയോടും അനിയനോടും കൂടെ പായയില്‍ ചെന്നിരിക്കുമായിരുന്നു.
വൈകുന്നേരത്തെ കുടുംബ പ്രാര്‍ത്ഥനയ്ക്കും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പപ്പ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോഴേക്കും എല്ലാവരും വീട്ടിലെ പണികളും കഴിഞ്ഞ് കുളിച്ച് റെഡിയായിരിക്കണം. പപ്പ കുളി കഴിഞ്ഞ് വരുമ്പോള്‍ പായയില്‍ എല്ലാവരും ഇരിപ്പുണ്ടാകണം. വീട്ടിലെ പണികള്‍ എന്നു പറഞ്ഞാല്‍ പശുവിനുള്ള പുല്ലു പറിക്കുക, തൊഴുത്ത് വൃത്തിയാക്കുക തുടങ്ങിയവയാണ്.
സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ മാത്രമേ അത്താഴമുള്ളൂ. പ്രാര്‍ത്ഥന അത്ര പെട്ടെന്ന് തീരുകയുമില്ല. സാധാരണ രണ്ട് പാട്ടാണ് പാടുന്നത്. ചിലപ്പോള്‍ മൂന്ന് പാട്ട്. പിന്നെ ബൈബിള്‍ വായന. ഒരു സങ്കീര്‍ത്തനവും പിന്നെ പുതിയ നിയമത്തില്‍ നിന്ന് ഒരു അധ്യായവും വായിക്കണം. അതുകഴിഞ്ഞ് പ്രാര്‍ത്ഥന. എല്ലാവരും പ്രാര്‍ത്ഥിക്കണം. അത് നിർബന്ധമാണ്. അമ്മയുടെ പ്രാര്‍ത്ഥനയാണ് നീണ്ടു പോകുക. ബന്ധുക്കളെയും അയല്‍പക്കക്കാരെയും സഭയിലുള്ളവരെയും പിന്നെ അറിയാവുന്ന സകലരെയും ഓര്‍ത്താണ് പ്രാര്‍ത്ഥന. അത് പകുതി കഴിയുമ്പോഴേക്കും വിശപ്പിന്റെ വിളി പാരമ്യത്തിലെത്തിയിരിക്കും.
‘നേരെ ചൊവ്വേ പ്രാര്‍ത്ഥനയോടും ദൈവഭയത്തോടും ജീവിച്ചാല്‍ ദൈവം അനുഗ്രഹിക്കും, അല്ലെങ്കില്‍ ജീവിതത്തില്‍ കൊണം പിടിക്കുകേല’- പപ്പ എപ്പോഴും പറയുമായിരുന്നു. ‘ഞങ്ങള്‍ കഷ്ടപ്പെടുന്നതുപോലെ പിള്ളാര് കഷ്ടപ്പെടല്ലേ ദൈവമേ…’ എന്നൊക്കെ ഒരു ആത്മഗതം പോലെ അമ്മ ഇടയ്ക്കിടയ്ക്ക് പറയുന്നത് പതിവായിരുന്നു.
എന്തായാലും അപ്പന്റെയും അമ്മയുടെയും പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതിരുന്നില്ല. ദാരിദ്ര്യത്തിനും ഇല്ലായ്മകള്‍ക്കും അറുതിയുണ്ടായി. മക്കള്‍ മൂന്നുപേരും പഠിച്ച് നല്ല ജോലി കരസ്ഥമാക്കി. ചേച്ചി അമേരിക്കയ്ക്കും അനിയന്‍ കുവൈറ്റിലേക്കും പോയി. അലക്‌സ് സ്വന്തമായി ഒരു ഐ. റ്റി കമ്പനി തുടങ്ങി ബാംഗ്ലൂരില്‍. അങ്ങനെ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് അപ്പന്‍ ഒരു അപകടത്തില്‍ മരിക്കുന്നത്. അലക്‌സിനും സഹോദരങ്ങള്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ അമ്മയാണ് അവിടെയും ഞെട്ടിച്ചത്. അമ്മ ആകെ തകര്‍ന്നു പോയെങ്കിലും വളരെ പെട്ടെന്നാണ് അതിനോട് പൊരുത്തപ്പെട്ടത്.
‘ദൈവം വിളിച്ചാല്‍ നമ്മള്‍ അത്അം ഗീകരിക്കണം. ദൈവത്തെ ചോദ്യം ചെയ്യാന്‍ പാടില്ല, ദൈവഹിതം എന്താണോ അത് നടക്കട്ടെ…’അമ്മയുടെ പ്രത്യാശ കണ്ട് അലക്‌സിന് പലപ്പോഴും അതിശയം തോന്നി. പക്ഷേ അപ്പന്റെ മരണത്തോടെ അലക്‌സ് ആകെ തകര്‍ന്നുപോയി. അതുവരെ ഉണ്ടായിരുന്ന ദൈവവിശ്വാസവും പ്രാര്‍ത്ഥനയും പാട്ടും എല്ലാം പെട്ടെന്ന് നിന്നു. വളരെ കഷ്ടപ്പെട്ട് കടം വാങ്ങിയും കൂട്ടുകാരോടൊപ്പം ചേർന്നും തുടങ്ങിയ ഒരു ബിസിനസും തകർന്നു. അപ്പൻറെ മരണവും കടക്കെണിയും അലക്സിനെ പിന്മാറ്റത്തിന്റെ അവസ്ഥയിലേക്ക് തള്ളിവിട്ടു. സഭയിലേക്ക് വല്ലപ്പോഴും ഒന്ന് പോകും. അമ്മ അലക്‌സിനെ കഴിയും വിധം ഉപദേശിച്ചു നോക്കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ദൈവത്തോട് ദേഷ്യം തോന്നിയിട്ട് ഒരു കാര്യവുമില്ല മോനേ… ദൈവ കോപം നീ വരുത്തി വെക്കരുത്’… അമ്മ എന്നാലും ഇടയ്ക്കിടയ്ക്ക് അലക്‌സിനെ ഉപദേശിക്കും.
അമ്മയുടെ ഉപദേശം കേള്‍ക്കാന്‍ വയ്യാത്തതുകൊണ്ട് അലക്‌സ് ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വരുന്നത് തന്നെ വിരളമായി. ഭാര്യ ആന്‍സിക്ക് ചില ട്രീറ്റ്‌മെന്റ് ഉള്ളതുകൊണ്ടാണ് ഇത്തവണത്തെ ഈ വരവ്. രണ്ട് ദിവസത്തിനകം തിരികെ പോകണം. രാവിലെ അമ്മയുടെ പ്രാര്‍ത്ഥനയും കഴിഞ്ഞ് നല്ല ചൂടു ദോശയും ചമ്മന്തിയും തയ്യാറാക്കുമ്പോഴേക്കുമാണ് അലക്‌സ് എഴുന്നേറ്റത്. രണ്ടുദിവസം കൊണ്ട് ഒത്തിരി കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. ബാങ്കില്‍ പോകണം, പഞ്ചായത്തില്‍ പോകണം… പിന്നെ കുറച്ച് ഫ്രണ്ട്‌സിനെ കാണണം അങ്ങനെയങ്ങനെ…. വൈകുന്നേരമാണ് അലക്‌സ് തിരിച്ചെത്തിയത്. മക്കള്‍ എയ്ഞ്ചലും ഏബലും പകല്‍ മുഴുവനും അമ്മച്ചിയുടെ കൂടെയായിരുന്നു. അവര്‍ക്ക് നാട്ടില്‍ വരുന്നതും വീട്ടില്‍ നില്‍ക്കുന്നതും ഒത്തിരി ഇഷ്ടമാണ്. അമ്മ അവരെ ഇടയ്ക്കിടയ്ക്ക് ബൈബിള്‍ കഥകള്‍ പറഞ്ഞു കൊടുക്കുന്നതും പാട്ടുകള്‍ പഠിപ്പിക്കുന്നതും ഒക്കെ അവര്‍ക്ക് ഇഷ്ടമാണ്. അവരെ കാണുമ്പോള്‍ തന്റെ കുട്ടിക്കാലമാണ് അലക്‌സിന് ഓര്‍മ്മ വരുന്നത്. ഒരു കുളിയും കഴിഞ്ഞ് ഫ്രീ ആയതിനുശേഷം ചേച്ചിയും അനിയനുമായി വീഡിയോ കോള്‍ ചെയ്യുകയായിരുന്നു അലക്‌സ്. കഴിഞ്ഞവര്‍ഷം പപ്പായുടെ മരണത്തിനാണ് എല്ലാവരും ഒന്നിച്ച് കണ്ടത്. ഇനി എപ്പോഴാണോ എല്ലാവരും ഒന്ന് ഒന്നിച്ചു കൂടുക..?! ‘ഇനി ഞാന്‍ മരിക്കുമ്പോഴാകും എല്ലാവരും ഒന്ന് ഒന്നിച്ചു കൂടുക..’ അമ്മ ഇടക്കിടക്ക് പറയും. അത് കേള്‍ക്കുന്നത് മക്കള്‍ മൂന്നു പേര്‍ക്കും ദേഷ്യമാണ്. ‘അമ്മ ഒന്നു മിണ്ടാതിരി’… മൂന്നുപേരും ഒന്നിച്ചു പറയും.
വീഡിയോ കോള്‍ കഴിഞ്ഞപ്പോഴേക്കും അമ്മ ബൈബിളും പാട്ട് പുസ്തകവുമായി വന്നു പായ വിരിച്ചു കഴിഞ്ഞിരുന്നു. പായയുടെ ഒരു അറ്റത്ത് അമ്മ ഇരുന്നു.അവിടെയാണ് സ്ഥിരമായി അമ്മ ഇരിക്കുന്നത്. അപ്പനും പായയിലാണ് ഇരുന്നിരുന്നതെങ്കിലും കുറച്ചു പ്രായമൊക്കെ ആയപ്പോഴേക്കും കസേരയില്‍ ഇരുന്നായിരുന്നു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നത്.
‘എന്താനന്ദം എനിക്കെന്താനന്ദം
പ്രിയ യേശുവിന്‍ കൂടെയുള്ള വാസം
ചിന്താതീതം അതു മനോഹരം
എന്തു സന്തോഷമാം പുതുജീവിതം…’
അമ്മ പാട്ട് പാടി തുടങ്ങിയിരുന്നു. അലക്‌സ് എന്തായാലും അവിടെത്തന്നെയിരുന്നു. എഴുന്നേറ്റു പോയില്ല. എങ്കിലും പാട്ട് കൂടെ പാടിയില്ല. അത് തനിക്ക് പ്രിയപ്പെട്ട ഒരു പാട്ടായിരുന്നിട്ടുകൂടി !!
ചിലര്‍ അങ്ങനെയാണ്… വളരെ പെട്ടെന്നാണ് അവരുടെ ഹൃദയം കഠിനമാവുന്നത്… .അമ്മ പാടുന്നത് കേട്ട് എയ്ഞ്ചലും ഏബലും കൂടെ പാടുവാന്‍ ശ്രമിക്കുന്നുണ്ട്. ആന്‍സി അവളുടെ വീട്ടിലേക്ക് പോയിരിക്കുന്നത് കൊണ്ട് പ്രാര്‍ത്ഥനക്ക് ആളിന്റെ കുറവുണ്ട്.
സമയം പോകുന്നതിനായി അവിടെ ഷെല്‍ഫില്‍ ഇരുന്ന പഴയ ആല്‍ബം അലക്‌സ് കയ്യിലെടുത്തു. പഴയ ഫോട്ടോകളാണ്. പലതവണ കണ്ടിട്ടുണ്ടെങ്കിലും ഓരോ തവണ കാണുമ്പോഴും ഒരു പുതുമയാണ്. അധികം ഫോട്ടോകളൊന്നുമില്ല. പണ്ടുകാലത്ത് ഫോട്ടോയൊക്കെ ഒരു ആഡംബരമായിരുന്നല്ലോ!! അപ്പന്റെയും അമ്മയുടെയും കല്യാണ ഫോട്ടോയായുള്ളത് ആകെ ഒരെണ്ണമാണ്. തങ്ങളുടെ പഴയ സഭാഹാളില്‍ വെച്ചാണ് അവരുടെ കല്യാണം നടന്നത്. ഓട് മേഞ്ഞ ആ പഴയ ഹാളില്‍ രണ്ട് കസേരയും ഒരു മേശയും മാത്രമുള്ള സ്റ്റേജ്. ‘ബാക്ക്ഗ്രൗണ്ടില്‍’ ഉള്ളത് ഒരു തടിയലമാര. അതിന്റെ മുകളില്‍ ഒരു തമ്പേറും ഒരു ‘പെട്രോമാക്‌സും’-. അപ്പന്റെയും അമ്മയുടെയും വിവാഹം നടത്തിയ പാസ്റ്റര്‍ പ്രസംഗിക്കുന്നു, അപ്പനും അമ്മയും എഴുന്നേറ്റ് നില്‍ക്കുന്നു. രണ്ടുപേരുടെയും കയ്യില്‍ ഒരു ബൈബിള്‍ ഇത്രയുമാണ് ആ ഫോട്ടോയിലുള്ളത്.
അലക്‌സ് തന്റെ കല്യാണത്തെപ്പറ്റിയോര്‍ത്തു. ഏഴുവര്‍ഷം മുമ്പ് നടന്ന തന്റെ കല്യാണത്തിന്റെ സ്റ്റേജിന് മാത്രം 50,000ത്തിനു മുകളില്‍ പണം ചെലവായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന അനിയന്‍ കെവിന്റെ കല്യാണ സ്റ്റേജിന് ഒരു ലക്ഷം രൂപയോളം ചിലവായിരുന്നു. മറ്റു ചിലവുകള്‍ പറയുകയും വേണ്ട. ചുമരില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന മൂന്നുപേരുടെയും കല്യാണ ഫോട്ടോകളിലേക്ക് അലക്‌സ് ഒന്ന് നോക്കി. അതിനപ്പുറത്ത് അപ്പന്റെയും അമ്മയുടെയും ആ പഴയ കല്യാണ ഫോട്ടോ സ്റ്റുഡിയോയില്‍ കൊടുത്തു ഒന്ന് ക്ലിയര്‍ ആക്കി ഫ്രയിം ചെയ്തു വെക്കണമെന്ന് അലക്‌സിന് തോന്നി. കല്യാണ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടില്‍ തമ്പേറും പെട്രോള്‍ മാക്‌സും പഴയ അലമാരയും ഒക്കെ വന്നത് എങ്ങനെയാണെന്ന് തന്റെ മക്കള്‍ ചോദിക്കുമായിരിക്കും…. അന്നേരം അവര്‍ക്ക് പറഞ്ഞുകൊടുക്കണം….. തങ്ങളുടെ പഴയ അവസ്ഥ…. ഇന്ന് കാണുന്ന ആഡംബരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും മുമ്പുള്ള ആ കാലം… പക്ഷേ തനിക്ക് എന്ത് യോഗ്യതയാണ് അത് പറഞ്ഞു കൊടുക്കുവാനുള്ളത്? താന്‍ പ്രാര്‍ത്ഥിക്കുന്നതോ ബൈബിള്‍ വായിക്കുന്നതോ പാട്ടുപാടുന്നതോ തന്റെ മക്കള്‍ കാണാറില്ല… അത് ഓര്‍ത്തപ്പോഴേക്കും അല്പം മുമ്പ് കുളിച്ചിട്ട് വന്ന അലക്‌സിനെ വീണ്ടും വിയര്‍ത്തു തുടങ്ങി.’ ‘ഇത്രത്തോളം യഹോവ സഹായിച്ചു.
ഇത്രത്തോളം ദൈവം എന്നെ നടത്തി…
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
ഉയര്‍ത്തി..
ഇത്രത്തോളം യഹോവ സഹായിച്ചു..” അമ്മ അപ്പോഴേക്കും രണ്ടാമത് പാട്ട് പാടിത്തുടങ്ങിയിരുന്നു. അപ്പോഴും ആ ഫോട്ടോ ആൽബത്തിലെ അപ്പൻറെ അമ്മയുടെയും കല്യാണ ഫോട്ടോ അലക്സിനെ നോക്കി എന്തൊക്കെയോ കഥകൾ പറയുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.