കവിത: പുലർകാലത്തെ പുനരുദ്ധാരണം | സാജൻ ജേക്കബ്
കവിത : സാജൻ ജേക്കബ്
പുലർകാലത്തെ തിരമാലയോരം, പുകഞ്ഞ തീയരികിൽ,
അശ്രുക്കൾ ചൊരിഞ്ഞ നേരത്തെ ഇരുട്ടു പിരിയുന്നു!
“എന്റെ ആടുകളെ നീ പോറ്റുക!” എന്നൊരേ വാക്യം,
പുലരിയുടെ പ്രഭയായ് പരാജയത്തിൻ ചാരത്തിൽ പൊലിയുന്നു!
പുലരി വിളിക്കും: “എന്നെ സ്നേഹിക്കുന്നുണ്ടോ?”
മൂന്നു തവണയുള്ള ചോദ്യം തീയിൽനിന്നൊലിക്കുന്നു!
തീയിൽ കരഞ്ഞു ഞെരിഞ്ഞ ഹൃദയത്തിനു മുന്നിൽ,
പുലർകാലക്കൃപ തൻ രശ്മികൾ പരത്തുന്നു!
പുലർകാലത്തേക്കു തുറന്ന മുറിവുകൾ തേടും:
മുറിവേറ്റ ഇടയൻ മുറിവേറ്റ ആടിനെയും!
പരാജയത്തിൻ കനത്ത പാഠം പുലരിയിൽ പാടും,
നീലക്കടലാൽ വിഴുങ്ങില്ല നിന്റെ വേദനയും!
പരാജയത്തിൻ രാത്രിയിൽ എഴുതപ്പെട്ട കഥകൾ,
പുലർകാലക്കൃപ തിരികെ മാറ്റിയെഴുതുമ്പോൾ !
ചാരം പോലെ കറുത്ത നിന്റെ രാത്രികൾക്കപ്പുറം,
അപ്പോസ്തലപദവി പുലരിയിൽ കാത്തിരിക്കുന്നു!പുലർകാലത്തെ വിളിക്ക് ഉത്തരം നൽകൂ, ഹൃദയമേ:
“അതേ, കർത്താവേ, നിന്നെ സ്നേഹിക്കുന്നു ഞാൻ!”
അവന്റെ നിയോഗം സ്വീകരിക്ക ആടുകളെ പോറ്റുവാൻ!
മുറിവേറ്റവർക്കൊപ്പം നിൽക്കുക, പോറ്റുക, പുലർത്തുക!

- Advertisement -

Comments are closed, but trackbacks and pingbacks are open.