തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി | പാർട്ട് – 5 | സജോ കൊച്ചുപറമ്പിൽ

തുടർക്കഥ, പാർട്ട് 5 : സജോ കൊച്ചുപറമ്പിൽ
അന്ന് അവൾ വീട്ടുജോലികൾക്ക് എല്ലാം ശേഷം കിടക്കയിലേക്ക് അമർന്നപ്പോൾ ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് വെളിച്ചം വീശുന്ന നിലാവും അതിന്റെ ശോഭയിൽ ഇളം കാറ്റിൽ ആടി കളിക്കുന്ന മരച്ചില്ലകളും അവൾ പതിവുപോലെ കണ്ടു, പക്ഷെ പതിവില്ലാതെ ആ അന്തരീക്ഷത്തിൽ ഇരുളിൽ വിടരുന്ന പുഷ്പങ്ങൾ പോലെ അവളുടെ ഉള്ളിലും പ്രണയം മൊട്ടിട്ടു.
പ്രണയമോ??? എന്നത് ഒരു ചോദ്യമാണ്.
അതുവരെ ഇല്ലാത്ത ഒരു തോന്നൽ അവളുടെ ഉള്ളിൽ വന്നു അവൾക്കൊരു കൂട്ടു വേണം.
ആ കൂട്ടിന് നിങ്ങൾക്ക് പ്രണയമെന്നോ സൗഹൃദം എന്നോ സാമിപ്യം എന്നോ വിളിക്കാം.
എത്രയോ നാളുകളായി ഈ കിടക്കയിൽ അവൾ ഒറ്റയ്ക്കാണ് അവളുടെ സ്വപ്നങ്ങളും വേദനകളും വിരഹങ്ങളും എല്ലാം കരഞ്ഞുതീർത്തത്.
ഇന്ന് അവൾ ആഗ്രഹിക്കുന്നു അതെല്ലാം പറഞ്ഞു തീർക്കാൻ ആ കിടക്കയിൽ ഒരു കൂട്ടുണ്ടായിരുന്നു എങ്കിൽ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി അവളുടെ കിടക്ക നിർമ്മലമായി തന്നെ കിടന്നു വേദനകളെല്ലാം അവൾ കരഞ്ഞു തീർത്തു കൊണ്ടേയിരുന്നു. അങ്ങനെ ഇരിക്കെ പണ്ടൊരിക്കൽ വീട്ടിൽ നിന്നും പ്രാർത്ഥിച്ചിട്ട് കടന്നുപോയ ദൈവദാസൻ ഒരു കല്യാണ ആലോചനയുമായി ആ വീട്ടിലേക്ക് മടങ്ങി വന്നു.
ഏതാണ്ട് 55 – 60 വയസ്സുള്ള ഒരു വ്യക്തി തൻറെ ആയുഷ്കാലമൊക്കെയും വിദേശത്ത് ജോലി ചെയ്തു കുടുംബം പോറ്റി.
ഭാര്യയും രണ്ട് ആൺകുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം നാട്ടിലും താൻ വിദേശത്തുമായി ചിലവഴിച്ചു. 30 വർഷത്തിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ എത്തുമ്പോൾ തൻറെ സ്വത്തുക്കളും സമ്പാദ്യവും എല്ലാം കൊത്തി പറിച്ചെടുത്തുകൊണ്ട് ഭാര്യ മറ്റൊരുവന്റെ കൂടെ കടന്നു പോയി ആ പോക്കിൽ തന്റെ കുഞ്ഞുങ്ങളും അവർക്കൊപ്പം നഷ്ടപ്പെട്ടു. അങ്ങനെയെല്ലാം നഷ്ടപ്പെട്ടവൻ സമൂഹത്തിന്റെ കല്ലേറു മൂലം തന്റെ വേദന മറക്കുവാൻ മുഴുക്കുടിയനായി മുഴുഭ്രാന്തനായി നടന്നു.
എല്ലാം തകർന്നവനായി മടങ്ങിയെത്തിയവനെ നോക്കി ബന്ധുമിത്രാദികളും ചർച്ചക്കാരും പറഞ്ഞു നീയാണ് എല്ലാത്തിനും കാരണം. നാടും നഗരവും ഒരുപോലെ അവനെ കുറ്റപ്പെടുത്തി പറഞ്ഞു നീയാണ് എല്ലാത്തിനും കാരണം നീ കൊടുത്ത സ്വാതന്ത്ര്യമാണ് അവൾ ദുരുപയോഗം ചെയ്തത്. അങ്ങനെ ആ കുത്തു വാക്കുകൾക്ക് മുമ്പിൽ തന്നെ തകർക്കുവാൻ അവൻ തീരുമാനിച്ചു. ആത്മഹത്യ ചെയ്യുവാനുള്ള ധൈര്യമില്ലാത്തതിനാൽ അവൻ മരണത്തെ വേഗം മാടി വിളിക്കാൻ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടി. ആ ദൈവദാസൻ ഈ വീട്ടിലെത്തി കാര്യങ്ങളൊക്കെ വിശദീകരിച്ച് അവരോട് പറഞ്ഞു, ശേഷം അവസാനമായി പറഞ്ഞു അവനിപ്പോഴും ഒരു കുടിയനാണ് അവന് ഒരു കൂട്ടു ലഭിച്ചാൽ ഒരുപക്ഷേ അവൻ ജീവിതത്തിലേക്ക് മടങ്ങി വരുമായിരിക്കും.. ആ ജീവിതം കൊടുക്കുവാൻ മോൾക്ക് കഴിയുമോ?? വളരെ നിസ്സാരമായ ഒരു ചോദ്യമായിരുന്നു എങ്കിലും അതിൻറെ ഉത്തരം അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത് ആയിരുന്നു. ഉത്തരം അവൾ പറയുന്നതിനു മുമ്പ് അവളുടെ മനസ്സ് പലതവണ അവളോട് ചോദിച്ചു,
അല്ലയോ ശൂലംകാരത്തി…നീ കാത്തിരിക്കുന്നത് ഇസ്രായേലിന്റെ രാജാവിനെ അല്ലയോ..???
നീ പ്രണയിക്കേണ്ടത് ഇസ്രായേലിന്റെ രാജാവിനെ അല്ലേയോ…??? നിനക്ക് കൂട്ടുനിൽക്കേണ്ടത് ഇസ്രായേലിന്റെ രാജാവല്ലേയോ…???
തുടരും..!

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.