ലേഖനം: ദൈവത്തിൻ്റെ ദൂത് വാഹകർ ദൈവത്താൽ ഒരുക്കപ്പെടാതെ ഇരുന്നാൽ എങ്ങനെ ഇരിക്കും? | സിബി ബാബു, യു.കെ
ലേഖനം : സിബി ബാബു, യു.കെദൈവത്തിൻ്റെ ദൂത് വാഹകർ ദൈവത്താൽ ഒരുക്കപ്പെടാതെ ഇരുന്നാൽ എങ്ങനെ ഇരിക്കും? പഴയ നിയമത്തിൽ നിനെവേ എന്ന ദേശത്തോട് മാത്രം പ്രവചിച്ച ഒരു പ്രവാചകൻ ആയിട്ടാണോ യോനയെ ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നത്. വേറെ ഒരു ദേശത്തോടും യോനാ പ്രവചിച്ചതായിട്ടു ബൈബിളിൽ നമ്മൾ കാണുന്നില്ല. ഭൂമിയിലെ അന്നത്തെ ഏറ്റവും ദുഷ്ടതയേറിയ രാജ്യം അസ്സീറിയയും അതിന്റെ തലസ്ഥാനം നിനെവേയുമായിരുന്നു. അങ്ങനെയുള്ള രാജ്യത്തോടു പോലും ദൈവത്തിനു താല്പര്യവും സ്‌നേഹവുമാണുണ്ടായിരുന്നത് എന്നാണ് ഇവിടെ തെളിവാകുന്നത്. ദൈവത്തിനു നിനെവേയിലേക്ക് പോകാൻ ഒരു ദൂത് വാഹകന്‍ ആവശ്യമുണ്ടായിരുന്നു. അതിന് യോനയെ ആണ് ദൈവം അവിടുന്നു തിരഞ്ഞെടുത്തത്. പക്ഷേ അനുസരണക്കേടു മൂലം യോന ആ ബഹുമതി ഏറെക്കുറെ നഷ്ടമാക്കി. ഇന്നും അനേക മനുഷ്യരെ ദൈവം തൻ്റെ ശുശ്രൂഷിക്കായി തിരഞ്ഞെടുക്കുന്നു എങ്കിലും അതിൻ്റെ മാഹാത്മ്യം മനസിലാക്കാതെ അവർ ആ ദൈവിക ബഹുമതി നഷ്ടമാകുന്നു. എന്നാല് ദൂത് വാഹകർ ദൈവത്തോട് സഹകരിക്കാതെ വന്നാൽ ആ വ്യക്തി അതിനു വേണ്ടി തയ്യാറാകുന്നത് വരെ ദൈവത്തിന് കാത്തിരിക്കേണ്ടി വരുന്നു . മോശെയുടെ കാര്യത്തിലെന്നപോലെ തന്നെ ഈജിപ്തില്‍ നിന്നു പുറപ്പെടാന്‍ യിസ്രായേല്‍ തയ്യാറായിരുന്നെങ്കിലും മോശെ തയ്യാറായിരുന്നില്ല. അതുകൊണ്ട് ദൈവം മോശെയെ ഒരുക്കി എടുക്കുന്ന സമയം വരെ യിസ്രായേല്‍ പുറപ്പാടിനായി കാത്തിരിക്കേണ്ടി വന്നു. സമാനമായ കാര്യമാണു നാം ഇവിടെയും കാണുന്നത്. നിനെവേയ്ക്കു ദൈവത്തിന് ഒരു ദൂതു കൊടുക്കണമായിരുന്നു. എന്നാൽ യോനാ തയാറായിരുന്നില്ല. എന്നാല്‍ അതിനു മുന്‍പ് ദൈവത്തിനു തന്റെ ദാസനെ അതിനായി ഒരുക്കി എടുക്കേണ്ടതുണ്ടായിരുന്നു.
ദൈവത്തിൻ്റെ ദൂത് വാഹകർ ദൈവത്താൽ ഒരുക്കപ്പെടേണ്ടിയത് വളരെ ആവശ്യം എന്നല്ല വളരെ അത്യാവശ്യം ആയിരിക്കുന്നു. ദൈവത്തിൻ്റെ ശുശ്രുഷയ്ക്കായ് പലരും ഒരുക്കപ്പെടുന്നുണ്ടെങ്കിലും ദൈവത്താൽ ഒരുക്കപ്പെടുന്ന ഒരു അവസ്ഥ ഇന്ന് വളരെ ചുരുക്കം ആണ് എന്നതാണ് വാസ്തവം. ആത്മീയ ഗോളത്തിൽ ഭൂരിഭാഗവും അവരവർക്ക് വേണ്ടി, ചെയ്യുന്ന അവരവരുടെ ഒരു ശുശ്രൂഷ ആണ് ഇന്ന് കാണപ്പെടുന്നത്. ഇവിടെ ദൈവ ഹിതമോ, ദൈവത്തിൻ്റെ നാമമോ, ദൈവത്തിൻ്റെ ഇഷ്ടമോ മഹത്വപ്പെടുന്നില്ല. അവരവരുടെ മഹത്വത്തിലേക്കും, അവരവരുടെ രാജ്യം പണിയുന്നതിലേക്കും ഇത് മാറ്റപ്പെടുന്നു. ദൈവത്തിനോ, ദൈവ രാജ്യത്തിനോ ഇവരുമായി യാതൊരു ബന്ധവുമില്ല. എന്നാല് ദൈവത്തിൻ്റെ ശുശ്രൂഷ ചെയ്യാൻ, ദൈവത്താൽ ഒരുയ്ക്കപ്പെടേണ്ടത് വളരെ അത്യാവശ്യം ആയിരിയ്ക്കുന്നു. ദൈവത്താൽ ശുശ്രൂഷ ചെയ്യുക എന്നാല് എന്താണ് അർത്ഥമാക്കുന്നത്, തന്നെത്താൻ നിഷേധിച്ചു, തങ്ങളുടെ സ്വയത്തെ ദൈവത്താൽ തകർത്ത്, നമ്മുടെ ആഗ്രഹങ്ങൾ എല്ലാം മാറ്റിവെച്ചു, ദൈവത്തെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും സ്നേഹിച്ചെങ്കിൽ മാത്രമേ , ദൈവത്തിന് വേണ്ടി, ശുശ്രൂഷ ചെയ്യാൻ പറ്റുകയുള്ളു, (ലൂക്കോസ് 10:27നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.) അല്ലാത്ത പക്ഷം, അവരവർ തങ്ങൾക്ക് വേണ്ടി മാത്രം ചെയ്യുന്ന അവരവരുടെ ശുശ്രൂഷ ആയി അതു മാറ്റപ്പെടും, കർത്താവായ യേശു ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്, നമ്മുടെ പാപങ്ങളെ ക്ഷമിയ്ക്കാൻ മാത്രം അല്ല, നമ്മുടെ സ്വയത്തെ തകർത്ത് ക്രിസ്തുവിനെ പോലെ ആക്കാൻ കൂടി വേണ്ടി ആണ്. നമ്മുടെ സ്വയം കർത്താവായ യേശു ക്രിസ്തുവിൽ തകരുന്നില്ലെങ്കിൽ നമ്മുക്ക് ദൈവത്തിന് വേണ്ടി ജീവിക്കാനോ, ദൈവത്തിന് വേണ്ടി ശുശ്രൂഷ ചെയ്യാനോ കഴിയുകയില്ല എന്നതാണ് സത്യം. കർത്താവായ യേശു ക്രിസ്തു പത്രോസിനോട് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. “പത്രോസെ നീ ഇവയിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ? (യോഹന്നാൻ 21:15). മറ്റെന്തിനേക്കാളും ഉപരി ആയി കർത്താവിനെ സ്നേഹിക്കൂന്നുവോ എന്നതാണ് ചോദ്യം? പത്രോസ് കർത്താവിനോട്, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയുന്നു എന്നു പറഞ്ഞു. അവൻ അവനോട്: എന്റെ കുഞ്ഞാടുകൾ മേയ്ക്ക എന്നു പറഞ്ഞു.” അതെ മറ്റെന്തിനേക്കാളും ഉപരി ആയി ദൈവത്തെ സ്നേഹിക്കുന്നവർക്ക് മാത്രമേ ദൈവത്തിൻ്റെ ആടുകളെ മേയിക്കാനും, ദൈവത്തിൻ്റെ ശുശ്രൂഷ ചെയ്യാനും, ദൈവത്തിന് വേണ്ടി ജീവിയ്ക്കാനും സാധിക്കുകയുള്ളു. ദൈവത്തിന് മഹത്വം. ഈ സംഭാഷണം മൂന്നു തവണ ആവർത്തിക്കപ്പെടുന്നു (യോഹന്നാൻ 21:15–17). യേശു പത്രോസിന്റെ പൂർണ്ണമായ ദൈവത്തിൽ ഉള്ള സ്നേഹം ഉറപ്പുവരുത്തുകയാണ്, പത്രോസ് മുമ്പ് മൂന്നു തവണ യേശുവിനെ തള്ളി പ്പറഞ്ഞിരുന്നത്തിന് ഒത്തവണ്ണം മൂന്നു തവണ യേശു പത്രോസിനോട് പൂർണ്ണമായ സ്നേഹം ചോദിക്കുന്നു. സ്വയത്തിൽ ജീവിച്ച പത്രോസ് ഓരോ തവണയും യേശുവിനെ തള്ളികളയുന്ന ഒരു ഭയാനകരമായ ഒരു കാഴ്ച ആണ് നമ്മൾ ഇവിടെ കാണുന്നത്. നമ്മളും ഇതുപോലെ ആണ് നമ്മൾ എത്രത്തോളം സ്വയത്തിൽ ജീവിക്കുന്നുവോ, നമ്മൾ എത്രത്തോളം സ്വയത്തിൽ ശ്രൂശ്രുഷിക്കുന്നുവോ അത്രത്തോളം നമ്മൾ ദൈവത്തെ തള്ളിപ്പറഞ്ഞു കൊണ്ടേ ഇരിയ്ക്കും. എന്നാല് ക്രിസ്തുവിൽ പത്രോസ് തൻ്റെ സ്വയത്തെ തകർത്ത് ക്രിസ്തുവിനെ പൂർണ്ണമായും സ്നേഹിയ്ക്കാൻ തുടങ്ങുന്ന ആ
സമയം മുതൽ കർത്താവ് തൻ്റെ ശ്രുശ്രൂഷ പത്രോസിനെ ഏൽപ്പിക്കുകയാണ്. ഓരോ തവണയും യേശു അവനോട് ഓരോ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു: കുഞ്ഞാടുകളെ മേയ്ക്കുക, ആടുകളെ കാത്തു കൊൾക, ആടുകളെ മേയ്ക്കുക. അതെ ദൈവത്തെ പൂർണ്ണമായും സ്നേഹിയ്ക്കാതെ തൻ്റെ ആടുകളെ മേയ്ക്കനോ, തൻ്റെ ആടുകളെ കാത്തു കൊള്ളനോ സാധ്യമല്ല. അല്ലാത്ത പക്ഷം ദൈവത്തെ തള്ളി പറഞ്ഞു ദൈവീക ശ്രുശ്രൂഷക്ക് പകരം നമ്മുടെ ശുശ്രൂഷ ചെയ്യുന്ന ഒരു ഭയാനകരമായ ആ അവസ്ഥയിലേക്ക് നമ്മളും മാറ്റപ്പെടും. ദൈവം യോനയെ വിളിച്ച ആ വിളിയിലേക്ക് ദൈവത്തിന് യോനായെ ഒരുക്കേണ്ടത് വളരെ അത്യാവശ്യം ആയിരുന്നു. എന്നാല് ദൈവവിളിയെ തിരസ്കരിച്ചു ദൈവ വിളിയിൽ നിന്നും ഒളിച്ചോടാൻ യോനാ തിരഞ്ഞെടുത്തത് തർശീശിലേക്കുള്ള കപ്പൽ ആണ്. എന്തുകൊണ്ടാണ് യോനാ തർശിശിലേക്കുള്ള കപ്പൽ തിരഞ്ഞെടുത്തു എന്നുള്ളതിൻ്റെ ഉത്തരം, ദൈവത്തിൻ്റെ ശുശ്രൂഷ ചെയ്യാൻ യോനാ ദൈവത്താൽ ഒരുയ്ക്കപ്പെട്ടില്ല എന്നുള്ളതാണ്. അതെ യോനാ ദൈവത്താൽ ഒരുക്കപ്പെടാത്തിടത്തോളം കാലം യോനക്ക് ദൈവത്തിൻ്റെ ശുശ്രൂഷ ചെയ്യാനോ, ദൈവത്തിൻ്റെ വാക്ക് അനുസരിയ്ക്കാനോ സാധ്യമല്ല. നമ്മളും ഇങ്ങനെ ആണ് ദൈവവിളിയിൽ നിന്നു ഒളിച്ചോടാൻ ദൈവത്തിൽ നിന്ന് അകന്നു നമ്മളും പലതും തിരഞ്ഞെടുത്തിരിക്കുന്നു, അതു ഒരു പക്ഷെ ഈ ലോകത്തിൻ്റെ മോഹം ആയിരിക്കാം, ദ്രവ്യാഗ്രഹം ആയിരിക്കാം, സ്വയം ഇഷ്ടം ആയിരിക്കാം, സ്വയം ചിന്തിക്കുക. ദൈവത്തിൽ നിന്നു ഉള്ളത് അല്ലാത്തത് എല്ലാം തർശീശിലേക്കുള്ള കപ്പലുകൾ ആണ്.( 1 യോഹന്നാൻ 2:16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.)
ഓർക്കുക നമ്മളും ഇന്ന് ദൈവവിളിയെ അനുസരിക്കാതെ ചില തർശീശിലേക്കുള്ള കപ്പലുകളിൽ യാത്ര ചെയ്യുക ആയിരിക്കാം, (ലോകത്തിൻ്റെ) അതിൻ്റെ അടിത്തട്ടിൽ കിടന്നു ഉറങ്ങുക ആയിരിക്കാം, പ്രിയരേ നമ്മളും ദൈവത്താൽ ഒരുക്കപ്പെടേണ്ടത് ആവശ്യം എന്നല്ല അത്യാവശ്യം ആയിരിയ്ക്കുന്നൂ. ഉറങ്ങുന്നവനെ ഉണർന്നു എഴുന്നേൽക്കുക, നിനക്ക് എതിരെയുള്ള ചില ചീട്ടുകൾ (പ്രതിസന്ധികൾ) വീഴുംമ്പോൾ, ദൈവ നിയോഗപ്രകരമുള്ള ചില മഹാമൽസ്യങ്ങൾ കാത്തിരിപ്പുണ്ട്, ദൈവീക പദ്ധതിയിലേക്കും ദൈവീക ശുശ്രൂഷയിലേക്കും നമ്മെ ഒരുയ്ക്കാൻ. ദൈവ വിളിയുള്ള ദൂത് വാഹകരെ ഭയപ്പെടേണ്ട, ദൈവം അനുവദിക്കാതെ ഒന്നും നമ്മുടെ ജീവിതത്തിൽ കടന്നു വരികയില്ല നിശ്ചയം, അതു ഒരു മഹാ മൽസ്യം ആയാലും, കൊടുങ്കാറ്റ് ആയാലും, തീച്ചുള ആയാലും, കാരാഗ്രഹം ആയാലും, സിംഹത്തിൻ്റെ കുഴി ആയാലും അതു നമ്മെ തകർക്കാനല്ല, അതു നമ്മെ പണിയാനാണ്, ദൈവത്തിൽ ഒരുക്കാനാണ്. ദൈവ ശബ്ദം കെട്ടപ്പോൾ യോനാ തിരഞ്ഞെടുത്തത് തർശിശിലേയ്ക്കുള്ള കപ്പൽ ആണെങ്കിൽ, ദൈവം തൻ്റെ ദൂത് യോനയിലൂടെ നിവർത്തിയ്ക്കാൻ ദൈവം തിരഞ്ഞെടുത്തത് ഒരു മഹാ മത്സ്യത്തെ ആണ്. ഇവിടെ ദൈവം നൽകുന്ന പാഠം നമ്മുടെ തിരഞ്ഞെടുപ്പുകൾ ദൈവത്തിൽ മാത്രം ആയിരിക്കണം എന്നതാണ്. അതിൻ്റെ അർത്ഥം നമ്മുടെ തിരഞ്ഞെടുപ്പുകൾ മാനുഷികം അല്ലാ ദൈവീകം ആയിരിക്കണം എന്നുള്ളതാണ്. ദൈവത്തിന് മഹത്വം. ഈ മത്സ്യത്തിൻ്റെ വയറ്റിൽ വച്ചുകൊണ്ട് തൻ്റെ ദൂതുകൾ കൈമാറാൻ തക്കവണ്ണം ഉള്ള ദൈവത്തിൻ്റെ പ്രവാചകൻ ആക്കി യോനായേ ദൈവം മാറ്റി. ഇന്നത്തെ കാലഘട്ടത്തിൽ ദൈവത്തിൻ്റെ പ്രവാചകൻ എന്ന വാക്കിന് വളരെ പ്രസക്തി ഉണ്ട്. ഇന്ന് പ്രവാചന്മാർ ഉണ്ടെങ്കിലും, ദൈവത്തിൻ്റെ പ്രവാചകൻമാർ വളരെ കുറവാണ്, തങ്ങളുടെ ഇഷ്ടത്തിന് പ്രവചിക്കുന്ന പ്രവാചകൻമാരും, തങ്ങളുടെ ഇഷ്ടത്തിന് ശ്രുശ്രൂഷ ചെയ്യുന്ന ശ്രുശ്രൂഷകന്മാരും ആണ് ഇന്ന് കൂടുതൽ. ഓർക്കുക ചില ദൈവിക നിയോഗങ്ങക്ക്, ദൈവീക വിളികൾക്ക് ചെവി കൊടുക്കാത്തതു കൊണ്ട്, വേദനയുടെ പ്രതിസന്ധിയുടെ നടുവിൽ കൂടെ ആണ് നിങ്ങൾ ഇന്ന് കടന്നു പോകുന്നത് എങ്കിൽ ദൈവത്തോട് മറുതലിക്കാതെ പ്രാർത്ഥിക്കുക. ദൈവം നിങ്ങളെ തൻ്റെ ദൂത് വാഹകർ ആയി ഒരുയ്ക്കുക ആയിരിയ്ക്കാം. (യോനാ2:1,2,9 യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു. ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.)
അതെ വാക്യം 9 ൽ പറയുന്നത് പോലെ യോനാ മൽത്സ്യത്തിൻെറ വയറ്റിൽ കിടന്നു കൊണ്ട് ദൈവത്തെ സ്തുതിക്കാൻ തുടങ്ങി, പ്രാർത്ഥിക്കാൻ തുടങ്ങി, അവിടെ കാര്യങ്ങൾ വ്യത്യാസപ്പെട്ടു. വാക്യം 10 ൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു. ദൈവത്തിന് മഹത്വം, യോനാ ദൈവത്തെ അനുസരിച്ചില്ല എന്നത് വാസ്തവം ആണ് എങ്കിലും, അവൻ മത്സ്യത്തിൻ്റെ വയറ്റിൽ കിടന്നു ദൈവത്തോട് മറുതലിയ്ക്കാതെ, ദൈവത്തെ കുറ്റം പറയാതെ, എനിക്ക് ഇങ്ങനെ ഒരവസ്ഥ വന്നല്ലോ എന്ന് പിറുപിറുക്കാതെ മത്സ്യത്തിൻ്റെ വയറ്റിൽ കിടന്നുകൊണ്ട് യോനാ ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി, ദൈവത്തെ സ്തുതിക്കാൻ തുടങ്ങി, ഏതവസ്ഥയിലും ദൈവത്തെ മഹത്വപ്പെടുത്തുക, ഏതവസ്ഥയിലും ദൈവത്തോട് നന്ദി പറയുക , ഏതവസ്ഥയിലും ദൈവത്തോട് പ്രാർത്ഥിക്കുക, ഏതവസ്ഥയിലും ദൈവത്തെ സ്തുതിക്കുക എന്നത് സാത്താന് എതിരെയുള്ള ഒരു ആയുധം ആണ്, അതിനു ദൈവം നമ്മെ സഹായിക്കട്ടെ. അതെ യോനായേ ദൈവം തൻ്റെ ദൂതുകൾ കൈമാറാൻ തക്കവണ്ണം ഉള്ള ദൈവത്തിൻ്റെ ദൂത് വാഹകൻ ആക്കി ദൈവം ഒരുക്കി എടുത്തു. യോനയുടെ ദൂത് അല്ല, യോനയിലൂടെ ദൈവം കൈമാറിയ ദൂത്, ആ ദൈവീക ദൂത് കേട്ട് നിനവേ പട്ടണം മുഴുവൻ ദൈവത്തിലേക്ക് മനം തിരിഞ്ഞു , അവരുടെ പാപങ്ങളെ ഓർത്തു ദൈവത്തോട് നിലവിളിച്ചു., ദൈവം അവർക്ക് വരുത്തും എന്ന് പറഞ്ഞ അനർത്ഥത്തെ ഓർത്തു അനുതപിച്ചു ദൈവം അവരെ അതിൽ നിന്നു വിടുവിച്ചു. ഈ ലോകത്തിന് ഇന്ന് ആവശ്യം നമ്മുടെ ദൂത്കൾ അല്ല , മറിച്ച് ദൈവത്തിൻ്റെ ദൂത്കൾ ആണ്. ദൈവീക ദൂത്കളും, ദൈവീക ശ്രുശ്രുഷകളും ജനത്തിന് കൈമാറ്റം ചെയ്യുന്ന ദൈവത്തിൻ്റെ ദൂത് വാഹകർ എഴുന്നേൽക്കട്ടെ. ദൈവത്തിൻ്റെ വചനത്തിനും, ദൈവത്തിൻ്റെ ദൂത്കൾക്കും മാത്രമേ മനുഷ്യനെ മാനസാന്തരപ്പെടുത്താൻ കഴിയുക ഉള്ളൂ. അതിന് നമ്മൾ ഓരോരുത്തരും ദൈവത്താൽ ഒരുക്കപ്പെടേണ്ടത് അത്യാവശ്യം ആയിരിക്കൂന്നു. യോനായുടെ പുസ്തകം അദ്ധ്യായം 4 ൽ നിനവയ്ക്ക് സംഭവിച്ച ദൈവീക വിടുതൽ യോനായ്ക്ക് അനിഷ്മായി എന്ന് കാണുന്നു. ഈ വാക്യത്തിൽ യോനക്ക് വീണ്ടും ദൈവത്താൽ ഒരുക്കപ്പെടേണ്ട്ത്
ആവശ്യമായിരിയ്ക്ക്കുന്നു എന്ന് വളരെ വ്യക്തമായി കാണുന്നു. യോനായുടെ ദൈവീക ഒരുക്കത്തിൻ്റെ രണ്ടാം ഘട്ടം ദൈവം ഇവിടെ ആരംഭിക്കുകയാണ്. ആദ്യം യോനായേ ഒരുക്കാൻ കടലിലെ തന്നെ ഏറ്റവും വലിയ ജീവി ആയ മഹാ മത്സ്യത്തെ ആണ് ദൈവം തിരഞ്ഞെടുത്തത് എങ്കിൽ, ഇവിടെ കരയിലെ തന്നെ ഏറ്റവും ചെറിയ ജീവി ആയ ഒരു പുഴുവിനെ ആണ് ദൈവം തിരഞ്ഞെടുക്കുന്നത്. യോനാ അദ്ധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വന്ന ഒരു ആവണക്ക് അവന് തണലായി വരികയും, അതെ ആവണക്കിനെ ഒരു ചെറിയ പുഴുവിനെ ഉപയോഗിച്ച് ഒരു രാത്രിയിൽ നശിപ്പിച്ച്കളയുകയും ചെയ്തിരിക്കുന്ന ആവണക്കിനെ ക്കുറിച്ച് യോനക്കു അയ്യോഭാവം തോന്നാം എങ്കിൽ, തങ്ങളുടെ പാപങ്ങളെ അനുതപിച്ച് ദൈവത്തിലേക്ക് തിരിഞ്ഞ നിനവയെ ഓർത്തു ദൈവത്തിന് അയ്യോ ഭാവം തോന്നാം എന്ന് യോനക്ക് ദൈവം വ്യക്തമാക്കികൊടുത്തു. ദൈവത്തിലേക്ക് തിരിയുന്നവർക്ക് ഉള്ള ദൈവീക കരുതലും, ദൈവീക സ്നേഹവും ആണ് ഇവിടെ വ്യക്തമാകുന്നത്. ഇവിടെ നിരന്തരമായി ദൈവീക ഒരുക്കപ്പെടലിന് വിധേയപ്പെടേണ്ടത്തിൻ്റെ ആവശ്യകത എന്താണെന്ന് ദൈവം വ്യക്തം ആക്കുന്നു. നമ്മളും പലപ്പോഴും ഇങ്ങനെയാണ് ദൈവത്തിൻ്റെ ദൂത് വാഹകർ ആകുമ്പോഴും നമ്മുടെ ഉള്ളിൽ മാറാതെ കിടക്കുന്ന ചില ദൈവത്തിൽ അല്ലാത്ത സ്വഭാവങ്ങൾ ഉണ്ട്, നമ്മൾ പ്രാർഥിച്ചിട്ടു, ചിലർക്ക് ദൈവം കൊടുക്കുന്ന നൻമകൾ കണ്ടിട്ട്, നമുക്ക് അനിഷ്ടം തോന്നുന്നു എങ്കിൽ പ്രിയ സഹോദരാ, സഹോദരി നമ്മൾ ദൈവീക ഒരുക്കപ്പെടലിനു വിധേയപ്പെടേണ്ടത് വളരെ അത്യാവശ്യം ആയിരിക്കുന്നു. ഇവിടെ ദൈവവുമായിട്ടുള്ള നിരന്തരമായ കൂട്ടായ്മയിലും, നിരന്തരമായ ദൈവത്തിൻ്റെ ഒരുക്കപ്പെടലിലും വിധേയപ്പെട്ടെങ്കിലെ ഇത് നമ്മുടെ ഉള്ളിൽ നിന്ന് മാറ്റപ്പെടുകയുള്ളൂ. നമ്മുടെ ഉള്ളിലെ ദൈവ വിളിയേ അലക്ഷ്യമാക്കാതെ, ആ വിളിയ്ക്ക് ഒത്തവണ്ണം നിരന്തരമായ ദൈവീക ഒരുക്കപ്പെടലിനും, നിരന്തരമായ ദൈവീക കൂട്ടായ്മക്കും വിധേയപ്പെടുക എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവ വിളി ഉള്ള മനുഷ്യാ തർശീശ് കപ്പലിൽ നിന്ന് പുറത്ത് വരിക! നിരന്തരമായ ചില ദൈവീക ഒരുക്കപ്പെടലുകൾക് വിധേയപ്പെടുക. ഒരു നിനവെ പട്ടണം നിനക്ക് മുൻപിൽ ഉണ്ട്. ഒരു പട്ടണം ദൈവ ദൂത് കേൾക്കാൻ കാത്തിരിക്കുന്നു. ദൈവത്തിൻ്റെ ദൂത് വാഹകൻ ആകാൻ ദൈവം നമ്മെ ഒരുക്കട്ടെ. അതെ ദൈവത്താൽ ഒരുക്കപ്പെടുന്ന ദൈവത്തിൻ്റെ ദൂത് വാഹകർ……..

- Advertisement -

Comments are closed, but trackbacks and pingbacks are open.