തെറ്റിദ്ധാരണ | ഹാർവെസ്റ്റ് പകലോമറ്റം

ഈയിടെ സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചർച്ചയായ ഒരു വാക്കാണ് തെറ്റിദ്ധരിക്കപ്പെടുക എന്നത്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ അവസ്ഥകളിൽ ഒന്നാണത്. നമ്മൾ പലപ്പോഴും പറയാറില്ലേ ഞാൻ മനസാ-വാചാ-കർമണാ അറിയാത്ത കാര്യമായിരുന്നു അത്. അതായത് മനസ്സു കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവർത്തി കൊണ്ടോ അറിയാത്ത ഒരു വിഷയം. പലപ്പോഴും അത് വിശദീകരിക്കുവാൻ നന്നേ പ്രയാസപ്പെടുന്ന അനുഭവം നമുക്കെല്ലാം തന്നെ ഉണ്ടാകാറുമുണ്ട്. കാരണം ഇന്ന വിഷയത്തിൻമേൽ ഒരു മുൻകരുതൽ എടുക്കണമെന്ന് ഒരിക്കൽ പോലും നിരൂപിക്കാത്ത കാര്യങ്ങൾ നമ്മുടെ പ്രതീക്ഷക്ക് വിപരീതമായി സംഭവിക്കുമ്പോൾ നിസഹായരാകുകയല്ലാതെ മറ്റു നിവർത്തിയില്ല.

വേദപുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ചില തെറ്റിദ്ധാരണകളിലേക്ക് ഒന്ന് കണ്ണോടിക്കാം.

1. ഹന്നാ എന്ന മനോവ്യസനമുള്ള സ്ത്രീയെ തെറ്റിദ്ധരിക്കുന്ന ഏലി പുരോഹിതൻ

ഹന്നയെ നമുക്കെല്ലാം അറിയാം. പ്രതിയോഗിയായ പെന്നിന, ഹന്ന മച്ചിയായതിന്റെ പേരിൽ സ്ഥിരം കുത്തുവാക്കുകൾ പറഞ്ഞവളെ വേദനിപ്പിക്കുമ്പോൾ , ഭർത്താവ് ഏൽകാനയുടെ ആശ്വാസ വാക്കുകൾ ഫലപ്രദമാകാതെ വന്നപ്പോൾ, ആശ്വാസമന്വേഷിച്ച് അവൾ ദൈവാലയത്തിലേക്ക് കടന്നു വന്നു. കരഞ്ഞു പ്രാർത്ഥിക്കുന്ന ഹന്നയെ ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ, തലേ രാത്രി കരഞ്ഞുകിടന്നതു കൊണ്ടാകണം പാറിപ്പറന്ന് കിടക്കുന്ന മുടിയിഴകൾ, കരഞ്ഞു കലങ്ങിയ കണ്ണുകളുടെ നിറം ചുവപ്പ്, കണ്ണീരു വീണു നനഞ്ഞുണങ്ങിയ മുഖം, സങ്കടക്കടലിൽ കിടക്കുമ്പോൾ പേരിനുപോലും പ്രത്യാശ ഇല്ലാത്ത ഒരു തരം മരവിപ്പ്. ദൈവസന്നിധിയിൽ എന്തൊക്കെയോ പിറുപിറുപ്പ് ശബ്ദം മാത്രം കേൾക്കാം- ഹൃദയ വേദനയോടെ കടന്നു വന്ന ഹന്നയിൽ, നമ്മിൽ പലർക്കും നമ്മെ തന്നെ കാണുവാൻ കഴിയുന്നുണ്ടല്ലോ? പ്രാർത്ഥന തുടരുന്നതിനിടയിൽ എല്ലാം കണ്ടു കൊണ്ട് പുരോഹിതൻ അവളെ സൂക്ഷിച്ചു നോക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ വശപിശകാണെന്നു തോന്നി പുരോഹിതൻ അവളെ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. അവളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയിട്ടാണ് ആ നോട്ടം പിൻവലിച്ചത്. ആ ധാരണ ശരിയാണെന്ന് തന്നെ ഉറപ്പിച്ചു അയാൾ പറഞ്ഞു : “നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും ?നിന്റെ വീഞ്ഞ് ഇറങ്ങട്ടെ”. നമ്മുടെ ധാരണകൾ എപ്പോഴും ശരിയാകണം എന്ന വാശി നന്നല്ലല്ലോ. വാ തുറന്നു ഹന്ന സംസാരിക്കുമ്പോൾ മാത്രമാണ് തന്റെ ധാരണ,അത് തെറ്റിധാരണ ആണെന്ന് പുരോഹിതന് മനസിലാകുന്നത്. തെറ്റിദ്ധരിക്കപ്പെട്ട ഹന്നയുടെ ജീവിതത്തിൽ പിന്നെ സംഭവിച്ചത് നമുക്കെല്ലാം തന്നെ നന്നായി അറിവുള്ളതാണല്ലോ.

2. മേലിത്ത ദ്വീപിലെ (Malta ) ജനങ്ങൾ പൗലോസിനെ തെറ്റിദ്ധരിക്കുന്നു.

സുവിശേഷ ഘോഷണം നിമിത്തം തടവിലായ പൗലോസ് , സഹതടവുകാർക്കൊപ്പം റോമിലേക്ക് കയറ്റിയയക്കപ്പെടുന്നതിനിടയിൽ കപ്പലപകടത്തിൽപ്പെട്ട് മേലിത്ത ദ്വീപിൽ എത്തുന്നു.
ദ്വീപിലുള്ളവർ അവരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. തണുപ്പും മഴയും കാരണം അവർ തീ കായുന്നതിനായി മരക്കഷണങ്ങൾ കൂട്ടിക്കൊണ്ടിരിക്കേ ഒരു വിഷ പാമ്പ് (viper) പൗലോസിന്റെ കയ്യിലേക്ക് പറ്റി. ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു പ്രദേശവാസികൾ (ബർബരന്മാർ) കണ്ടപ്പോൾ: “ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല” എന്നു തമ്മിൽ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.
അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു. ആദ്യം കൊലപാതകിയെന്നു വിശ്വസിച്ചവർ, തെറ്റിദ്ധരിച്ചവർ പിന്നീട് അവനെ “ദൈവം” എന്നാണ് കരുതിയത്.
മനുഷ്യർ എളുപ്പത്തിൽ ബാഹ്യ സംഭവങ്ങൾ കണ്ടുകൊണ്ട് ധാരണകൾ രൂപപ്പെടുത്തുന്നു. ശരിയായ വിവരങ്ങൾ ഇല്ലാതെ ആളുകളെ നാം വിലയിരുത്തരുത്.

3. സ്നേഹിതന്മാർ തെറ്റിദ്ധരിച്ച ഇയ്യോബ്

തന്റെ പ്രവർത്തികൾ നിമിത്തമാണ് താൻ കഷ്ടം അനുഭവിക്കുന്നതെന്ന് ഈയ്യോബിന്റെ സ്നേഹിതന്മാർ തെറ്റിദ്ധരിക്കുവാനിടയായി. അവന്റെ സുഹൃത്തുക്കൾ പറഞ്ഞു: “നീ ശരിയായിരുന്നു എങ്കിൽ ദൈവം നിന്നെ ശിക്ഷിക്കുമായിരുന്നില്ല.”
എന്നാൽ ദൈവം തന്നെ പിന്നീട് പറഞ്ഞു: “ഈയ്യോബാണ് നീതിമാൻ, നിങ്ങളാണ് തെറ്റായി സംസാരിച്ചത്.” (ഇയ്യോബ് 42:7)
ദൈവം ചിലപ്പോൾ നീതിമാന്മാരെ പരീക്ഷിക്കാനും അവരുടെ വിശ്വാസം കഷ്ടതയിൽ എപ്രകാരമാണ് എന്ന് മനസ്സിലാക്കുവാനുമാണ് കഷ്ടത അനുവദിക്കുന്നത്. നാം പുറമേ കാണുന്ന കഷ്ടത്തിൽ എപ്പോഴും ദോഷം തന്നെ ആകണമെന്നില്ല. എന്നാൽ ദൈവ ശബ്ദം സകലത്തെയും മാറ്റിമറിക്കുന്നു.

ഇനിയും തെറ്റിദ്ധരിക്കപ്പെട്ട അനേക ആളുകളെ നമുക്ക് കാണാൻ സാധിക്കും.
തെറ്റിദ്ധരിക്കപ്പെടുന്നത് പോലെ തന്നെ പ്രയാസമുള്ള അവസ്ഥയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുക എന്നത്.

വേദപുസ്തകരംഭത്തിൽ തന്നെ ഉപായത്താൽ പാമ്പ് ഹൗവ്വയെ തെറ്റിദ്ധരിപ്പിച്ച് അനുസരണക്കേടിലേക്ക്, പാപത്തിലേക്ക് തള്ളിവിടുന്നത് നമുക്ക് കാണാൻ കഴിയും. ജേഷ്ഠന് ലഭിക്കേണ്ട അനുഗ്രഹം യാക്കോബ് അപ്പനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തമാക്കുവാനിടയായി. അതേ യാക്കോബിനെ തന്റെ മക്കൾ യോസഫിന്റെ അങ്കി രക്തത്തിൽ മുക്കി അവനെ ദുഷ്ടമൃഗം കീറിക്കളഞ്ഞെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. യോസഫിനെ തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ പോത്തിഫറിന്റെ ഭാര്യ തന്റെ ഭർത്താവിന് മുൻപാകെ തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. എന്നാൽ എല്ലാം കാണുന്ന ദൈവം അവസ്ഥകൾക്ക് മാറ്റം കൊടുത്തു.

തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പി ക്കലുകളുകളുമായി നിരവധി അനവധി സംഭവങ്ങൾ കളം നിറയുമ്പോൾ എത്ര മാത്രം വേദന, അതിന്റെ പരിണിത ഫലം അനുഭവിക്കുന്നവർക്കുണ്ടാകുമെന്ന് നാം മനസിലാക്കണം. അൽപ ലാഭത്തിനായി, ക്ഷണികമായ സുഖത്തിനായി , സ്വാർത്ഥ താല്പര്യങ്ങൾക്കായി സഹോദരനെ തള്ളിക്കളയുന്ന, കുറ്റം ചുമത്തുന്ന പ്രവണത നന്നല്ല.

തെറ്റിദ്ധരിക്കപ്പെട്ടവരിൽ ഏറ്റവും ഹീനമായ അവഗണന ഏറ്റത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിനല്ലേ?

യോഹന്നാൻ 1:11 ഇപ്രകാരം പറയുന്നു “അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.” കാലങ്ങൾക്കു മുൻപ് പ്രവാചകന്മാർ പ്രവചിച്ചവൻ , എഴുത്തുകാർ പുസ്തകച്ചുരുളിൽ എഴുതിയവൻ കാലസമ്പൂർണ്ണതയിൽ സ്വജനത്തിനു ഇടയിൽ ജനിച്ചു ജീവിച്ചപ്പോൾ അവനെ തിരിച്ചറിയുവാൻ അവർക്ക് കഴിഞ്ഞില്ല. തിരിച്ചറിഞ്ഞില്ല എന്ന് മാത്രമല്ല തെറ്റിദ്ധരിച്ചു അവർ അവനെ ബന്ദിയാക്കി.നിന്ദകളും, പഴികളും, ദുഷിക്കലുകളും അവൻ ഏറ്റു വാങ്ങി, “നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.” അവനെ പരിഹസിച്ചു. അവർ അവനെ ക്രൂശിച്ചു കൊന്നു കളഞ്ഞു. സ്വന്തമായവർ അവനെ ഇല്ലായ്മ ചെയ്തു. അവനെകുറിച്ചുള്ള അവരുടെ ധാരണ തെറ്റായിരുന്നു. മരണത്തിന്റെ പാശങ്ങൾ അവനെ ഒതുക്കി വെക്കുമെന്ന് അവർ കരുതി. ഇനിയൊരിക്കലും അവനെ കാണുകയില്ലെന്ന് അവർ വിധിയെഴുതി, മുദ്ര വെച്ചു. ഇനിയൊരു ഉയർപ്പ് അസാധ്യമെന്ന് ധരിച്ചു ഉപായത്താൽ ഹൗവ്വയെ ചതിച്ച സത്താനും കൂട്ടരും കണക്കുകൂട്ടി.

എന്നാൽ സകല ധാരണകളും തെറ്റായിരുന്നുവെന്ന് തെളിയിച്ചു കർത്താവായ യേശു ക്രിസ്തു ബന്ധനങ്ങൾ തകർത്ത് ഉയർത്തെഴുന്നേറ്റു. സ്വന്തമായവർ തള്ളിയപ്പോൾ, കൈക്കൊള്ളാതിരുന്നപ്പോൾ തന്നെ കൈക്കൊണ്ടവർക്ക് ദൈവ മക്കളാകുവാൻ അവസരം കൊടുത്തു. തന്നെ തെറ്റിദ്ധരിച്ചവരെയല്ല തന്നെ കൈക്കൊള്ളുന്നവരെ അവൻ ചേർത്തു പിടിച്ചു.

പ്രിയമുള്ളവരെ, തെറ്റിദ്ധാരണയുടെ വേദനകൾ അറിഞ്ഞവരാണ് നാമെല്ലാവരും, കഴിഞ്ഞ കാലങ്ങളിൽ നമ്മിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഓഹരിക്കാരാകുവാൻ നമുക്ക് അവസരമുണ്ടാകാതിരിക്കട്ടെ. സ്വന്തമായവർ തള്ളിയാലും തള്ളാതെ ചേർത്ത് നിർത്തുന്ന ഒരു നാഥൻ നമുക്കുണ്ട്.
തെറ്റിദ്ധാരണ ബന്ധങ്ങൾ തകർക്കുന്നു, സഭകളിൽ ഭിന്നിപ്പുണ്ടാക്കുന്നു, നമ്മുടെ പരസ്പര വിശ്വാസം ഇല്ലാതാക്കുന്നു. എല്ലാവരെയും ശരിയായി , വിശദമായി മനസ്സിലാക്കുവാൻ ശ്രമിക്കുക. മാനുഷികമായി പലപ്പോഴും അതിന് കഴിയാതെ വരുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനതയിൽ തുണ നിൽക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ടാലും തെറ്റിദ്ധരിപ്പിക്കുന്നവരാകുവാൻ, നാശത്തിന് യോഗ്യരാകുവാൻ, ഇടയാകാതിരിക്കട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.