സാക്ഷാൽ ക്രിസ്തുവിനെ കണ്ടെത്തുക | പാസ്റ്റർ. അനു അലക്സ് , വെക്സ്ഫോഡ്, അയർലൻഡ്
യോഹന്നാൻ പറഞ്ഞത് കേട്ട് യേശുവിനെ അനുഗമിച്ച രണ്ട് പേരിൽ ഒരുത്തൻ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശീമോനെ ആദ്യം കണ്ട് അവനോട് ഞങ്ങൾ മിശിഹായെ എന്നുവച്ചാൽ യേശുവിനെ കണ്ടെത്തിയിരിക്കുന്നു എന്ന് പറഞ്ഞു.
യോഹന്നാന്റെ സുവിശേഷത്തിൽ (1:35-41) വാക്യം വരെ നമ്മൾ വായിക്കുമ്പോൾ
ഒരു ദൈവത്തെ കാണുവാൻ കഴിയും.
സ്നാപക യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി വഴിയിൽ നിൽക്കുമ്പോൾ കടന്നുപോകുന്ന യേശുവിനെ നോക്കിയിട്ട് ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു ‘ ഇതാ ദൈവത്തിൻറെ കുഞ്ഞാട് ‘ ഇത് കേട്ട യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ അനുഗമിക്കാൻ തുടങ്ങി.
സ്നാപക യോഹന്നാൻ മരുഭൂമിയിൽ പ്രസംഗിച്ചു പറഞ്ഞത്, ഞാൻ വെള്ളത്താൽ സ്നാനം കഴിപ്പിക്കുന്നു എന്നാൽ എൻ്റെ പിന്നാലെ വരുന്നവൻ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനം കഴിപ്പിക്കും. ഇവിടെ യോഹന്നാന്റെ വാക്ക് കേട്ടുകൊണ്ട് തന്നെ രണ്ട് ശിഷ്യന്മാർ യേശുവിനെ അനുഗമിക്കുവാൻ തുടങ്ങി.
യേശു തിരിഞ്ഞ് തന്നെ അനുഗമിക്കുന്നവരെ നോക്കിയിട്ട് അവരോട് “നിങ്ങൾ എന്ത് അന്വേഷിക്കുന്നു” എന്ന് ചോദിച്ചു? അവർ യേശുവിനോട് ഗുരോ നീ എവിടെ പാർക്കുന്നു എന്ന് ചോദിച്ചു? യേശു അവരോട് വന്നു കാണ്മീൻ എന്ന് പറഞ്ഞു. അവർ യേശുവിൻറെ പിന്നാലെ ചെന്ന് അവൻ വസിക്കുന്ന ഇടത്ത് എത്തി യേശുവിനൊപ്പം അവിടെ പാർത്തു. അപ്പോൾ ഏകദേശം പത്താം മണി നേരം ആയിരുന്നു. ആ രണ്ട് ശിഷ്യന്മാരിൽ ഒരുവൻ അന്ത്രയോസ് ആയിരുന്നു. അവൻ തന്റെ സഹോദരനായ ശീമോനെ കണ്ടപ്പോൾ തങ്ങൾ ആരെ കണ്ടെത്തി എന്ന് വിവരിക്കുന്ന വചനമാണ് കാണാൻ കഴിയുന്നത്. നമുക്ക് ഈ സംഭവത്തിൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാരായിരുന്ന രണ്ടു വ്യക്തിത്വങ്ങളെ ഇവിടെ കാണാൻ കഴിയുന്നു. അവരുടെ ജീവിതത്തിൽ സംഭവിച്ചതും അവരുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതുമായ ഒരു സംഭവത്തെ ഈ വചനത്തിൽ കൂടി നമുക്ക് കാണുവാൻ കഴിയും.
വാക്യം 36 ൽ സ്നാപക യോഹന്നാന്റെ ഈ രണ്ടു ശിഷ്യന്മാർ യേശുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് ‘ ഇതാ ദൈവത്തിൻറെ കുഞ്ഞാട്’. എന്നാൽ കേട്ട ഉടനെ ഈ രണ്ട് ശിഷ്യന്മാർ യേശുവിനെ അനുഗമിക്കുവാൻ തുടങ്ങുന്നു. അവരുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന സംഭവത്തിന്റെ തുടക്കം അവർ യേശുവിനെ അനുഗമിക്കുവാൻ തുടങ്ങിയതാണ്. ഈ ലോകത്തിൽ ഇപ്പോഴും പലരും യേശുവിനെ പലർക്കും പരിചയപ്പെടുത്തി കൊടുത്തിട്ടും അവരുടെ ജീവിതവും കാഴ്ചപ്പാടുകളും മാറാത്ത പരമപ്രധാനമായ ഒരു കാര്യം അവർ യഥാർത്ഥത്തിൽ യേശുവിനെ അനുഗമിക്കാത്തതാണ്. എന്നാൽ നാം യേശുവിനെ പൂർണ്ണഹൃദയത്തോടെ അനുഗമിക്കാൻ തയ്യാറാണെങ്കിൽ അവൻ നമ്മുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിക്കുവാൻ തയ്യാറാണ്.
വാക്യം 37 മുതൽ 40 വരെ വായിക്കുമ്പോൾ തന്നെ അനുഗമിക്കുന്ന ഈ രണ്ട് ശിഷ്യന്മാരോട് യേശു ചോദിക്കുന്ന ഒരു ചോദ്യം നിങ്ങൾ എന്ത് അന്വേഷിക്കുന്നത് എന്നാണ്. എന്നാൽ അവരുടെ മറുപടി ഗുരോ നീ എവിടെ പാർക്കുന്നത് എന്നാണ്, വഴിയിൽവെച്ച് പരിചയപ്പെട്ടിട്ട് മടങ്ങാൻ ആയിരുന്നില്ല അവരുടെ ഉദ്ദേശം. യേശു താമസിക്കുന്ന സ്ഥലം അവർക്ക് അറിയണം എന്നായിരുന്നു. യേശു അവരോട് ഇപ്രകാരം പറഞ്ഞു “വന്നു കാൺമീൻ “. ഇവിടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ ഹൃദയത്തെ ഉള്ളതുപോലെ അറിയുന്നവനാണ് നമ്മുടെ ക്രിസ്തു. നാം കർത്താവിനെ അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ നമ്മോട് അടുത്തു വരും. ആവശ്യത്തിനുമാത്രം പ്രാർത്ഥിച്ചു കാര്യം സാധിച്ചു പോകുന്നവരെ അല്ല മറിച്ച് സകലത്തെയും വിട്ട് അനുഗമിക്കുന്ന ശിഷ്യന്മാരെയാണ് കർത്താവ് അന്വേഷിക്കുന്നത്.
വാക്യം 39 യേശുവിനെ അനുഗമിക്കുന്ന ഈ രണ്ട് ശിഷ്യന്മാർ യേശു വസിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ ഏകദേശം പത്താമണി നേരം ആയിരുന്നു ഇവിടെ യോഹന്നാൻ എന്തിനാണ് ഇങ്ങനെ ഒരു സമയം വ്യക്തതയോടെ കാണിച്ചിരിക്കുന്നത്? കർത്താവിൻറെ സന്നിധിയിൽ ചെല്ലുവാൻ സമയം ഒരു ബാധകമല്ല പലരും തങ്ങളുടെ പ്രാർത്ഥനകൾ ചില നിമിഷങ്ങളിൽ മാത്രം ഒതുക്കുമ്പോൾ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുന്ന ഒരുവന് സമയം ഒരു പ്രശ്നമേ അല്ല. വചനത്തിൽ ഇപ്രകാരം കാണുന്നു എപ്പോഴും ഏതു നേരത്തും കൃപാസനത്തോട് അടുത്ത് വരുവാൻ അവൻ നമുക്ക് അവകാശം തന്നിരിക്കുന്നു.
(എബ്രായർ 4:16) , അതുകൊണ്ടുതന്നെ തക്ക സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിപ്പാനായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്ത് ചെല്ലുക.
വാക്യം 41: യേശുവിൻ ഒപ്പം താമസിച്ച് ആ രണ്ട് ശിഷ്യന്മാരിൽ ഒരുവനായ അന്ത്രയോസ് തൻ്റെ സഹോദരനായ ശീമോനെ ആദ്യം കണ്ട് അവനോട് ഞങ്ങൾ മശിഹായെ എന്ന് വെച്ചാൽ സാക്ഷാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഈ സംഭവത്തിന്റെ ആദ്യഭാഗത്ത് സ്നാപകയോഹന്നാൻ ഈ രണ്ട് ശിഷ്യന്മാരോട് യേശുവിനെ പറ്റി പറഞ്ഞത് ഇതാ ദൈവത്തിന്റെ കുഞ്ഞാട് എന്നാണ്.
എന്നാൽ അവർ യേശുവിനൊപ്പം വസിച്ചു കഴിഞ്ഞപ്പോൾ അവരുടെ കാഴ്ചപ്പാടുകളെ ദൈവം മാറ്റിമറിക്കുന്നു. സാക്ഷാൽ മിശിഹായെ കണ്ടെത്തിയിരിക്കുന്നതായി അവരുടെ വർത്തമാനത്തിൽ നിന്നും നമുക്ക് കാണുവാൻ കഴിയും.ഈ കർത്താവിന് ഒപ്പം വസിക്കാനും അവനോടൊപ്പം നമ്മുടെ സമയം ചെലവഴിക്കാനും തയ്യാറാണെങ്കിൽ പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും തയ്യാറാണെങ്കിൽ കാഴ്ചപ്പാടുകളെ മാത്രമല്ല ജീവിതത്തെയും ശുശ്രൂഷയും സകല മേഖലകളെയും ദൈവം മാറ്റിമറിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.