ലേഖനം : പ്രാപിക്കാതെയും പോയാൽ,രാജൻ പെണ്ണുക്കര
വചനം പറയുന്നു “ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നല്കുന്നു, അവൻ ആഗ്രഹിക്കുന്നതി
ന് ഒന്നിന്നും അവന്നു കുറവില്ല. ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്ക്കാരം പ്രാപിക്കാതെയും പോയാൽ”. (സഭാ 6:3), അൽപ്പംകൂടി ലളിതമായി പറഞ്ഞാൽ ഒരു നല്ല ശവസംസ്ക്കാരം (Proper burial) കിട്ടാതെ മരിച്ചു പോയാൽ ജീവിച്ചിരുന്നതുകൊണ്ടും വളരെ സമ്പാദിച്ചു കൂട്ടി വെച്ചതുകൊണ്ടും എന്തു പ്രയോജനം സകലതും വൃഥാപ്രയത്നവും അത്രേ. ഈ വാക്യത്തിന്റെ യഥാർത്ഥ മൂല്യം മനുഷ്യൻ മനസ്സിലാക്കിയത് ചില വർഷങ്ങൾക്ക് മുൻപായിരുന്നു. എന്നിട്ടും ഇന്നും മനുഷ്യൻ തിരിച്ചറിയാത്ത സത്യം. ചില വർഷങ്ങൾക്കു മുൻപ് നാം നേരിൽ കണ്ട ഭയാനകരമായ കാഴ്ചകൾ അങ്ങനെ ആയിരുന്നല്ലോ. മാനവജാതിയെ മുൾമുനയിൽ നിർത്തിയ മഹാമാരിയുടെ സംഹാരതാന്ധവത്തിന്റെ പരിണിത ഫലങ്ങൾ ഇന്നും ഭീതിയോടെ മറയാതെ നമ്മുടെ കണ്മുന്നിൽ നിൽക്കുന്നുണ്ട്. ആ കാലയളവിൽ ഞങ്ങൾ മായാനഗരിയായ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന കാലഘട്ടം. ഞങ്ങളുടെ വീടിന്റെ മുൻവശത്തുകൂടെ പോകുന്ന മെയിൻ ഹൈവേയിൽ കൂടി രാപകൽ ഓരോമിനിട്ടിലും അങ്ങോട്ടുമിങ്ങോട്ടും തുരുതുരെ കുക്കിവിളിച്ച് ചീറിപ്പായുന്ന ആംബുലൻസിന്റെ മരണവിളിയുടെ ശബ്ദം കേട്ട് ഉറക്കം ഇല്ലാത്ത ഭീതിജനകമായ രാത്രിയാമങ്ങൾ. സ്വർണ്ണം പൂശിയ കല്ലറകളിലും പെട്ടികളിലും അന്ത്യവിശ്രമം കൊള്ളുവാൻ സമ്പത്തും, പ്രാപ്തിയും, കാര്യശേഷിയും, ആൾബലവും ഉള്ളവർക്കു പോലും ഒരു നല്ല ശവസംസ്ക്കാരവും അന്ത്യ ശുശ്രുഷകളും, കർമ്മങ്ങളും ലഭിക്കാതെ പ്ലാസ്റ്റിക് കേട്ടുപോൽ, വിറക് കൊള്ളിപോൽ തീക്കുണ്ഡത്തിൽ ഏറിയപ്പെട്ട് ഒരുപിടി ചാരം ആകേണ്ടിവന്ന അവസ്ഥ, പള്ളിയുടേയും തിരുമേനിയുടേയും, പട്ടക്കാരന്റെയും കുടുംബത്തിന്റേയും തറവാടിന്റെയും പാരമ്പര്യവും മഹിമകളും പറഞ്ഞവർ ആരോരുമറിയാത്ത അന്യദേശത്ത് സ്വന്ത വീട്ടുകാർക്കു പിന്നീടൊരിക്കൽ പോയി തിരഞ്ഞാൽ പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത വിജനമായ സ്ഥലത്തെ കുറ്റിക്കാട്ടിലെ ജെസിബി കുഴിമാടത്തിൽ അന്ത്യ വിശ്രമം കൊള്ളേണ്ടി വന്ന ഹതഭാഗ്യരായ അസംഖ്യം മനുഷ്യരുടെ അവസ്ഥ. സ്വന്തം ഭാര്യക്കും ഭർത്താവിനും മകൾക്കും ഉടപ്പിറപ്പിനു പോലും അന്ത്യദർശനത്തിനും അന്ത്യചുംബനത്തിനും അവസരമോ ഭാഗ്യമോ ലഭിക്കാതെ നാല് ഇഞ്ച് സ്‌ക്രീനിൽ നോക്കിയിരുന്ന് നെടുവീർപ്പോടെ കരയേണ്ടി വന്ന അവസ്ഥ എത്ര പരിതാപകരം എത്ര ദുഃഖകരം എന്ന് ചിന്തിക്കണം.
എന്നിട്ടും മനുഷ്യൻ എന്തു പഠിച്ചു എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക (സഭാ 12:1). ദൈവത്തേ മറന്നുള്ള ജീവിതം, സകലതും വെട്ടിപിടിക്കാനും, സ്ഥാനത്തിനും മാനത്തിനും പദവിക്കും വേണ്ടി ഏതു ഹീനമായ പ്രവൃത്തികൾ ചെയ്യാനും, കൂട്ടു നിൽക്കാനും മടിക്കാത്ത മനുഷ്യൻ മറന്നുപോയ ചില സത്യങ്ങൾ. ദൈവവിഷയമായി വിശ്വസ്തനാകാതെ, സമ്പന്നനാകാതെ, തനിക്കു തന്നേ നിക്ഷേപിച്ച് ധനവാനാകാൻ ശ്രമിക്കുന്നവരുടെ കാര്യം ഇങ്ങനെ ആകുന്നു എന്ന് കാലം തെളിയിച്ച പരമസത്യം. സകലതും മായ മായ എന്ന് ജ്ഞാനിയായ ശലോമോൻ വിളിച്ചു പറയുന്നത് കേൾക്കാതെ പോയ മനുഷ്യൻ.
നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ എന്ന മുന്നറിയിപ്പ് മറന്നുകൊണ്ടുള്ള ജീവിതം. ജീവിച്ചിരിക്കെ നല്ലവനും വിശ്വസ്തനും എന്ന് കേൾപ്പിക്കാതെ മരിച്ച ശേഷം നന്മയുടെ, പ്രശംസയുടെ പൊള്ളയായ വാക്കുകൾ കേൾപ്പിച്ചാൽ എന്തു പ്രയോജനം. നിത്യതക്കായി ഓടാം, നേട്ടത്തിനുവേണ്ടി ഓടി നോട്ടം മാറരുത്. പൗലോസിന്റ ഭാഷയിൽ വല്ലവിധേനയും ഓടി കിരീടം പ്രാപിക്കണം അതാകണം മുഖ്യലക്ഷ്യം. ആദ്യത്തേക്കാൾ അവസാനം നന്നായിരിക്കട്ടെ.





- Advertisement -
Comments are closed, but trackbacks and pingbacks are open.