മിഷനറിയുടെ കൊലയാളിയെ വിട്ടയച്ച നടപടി ക്രൈസ്തവരോടുള്ള വഞ്ചനയെന്ന് പിസിഐ കേരളാ സ്റ്റേറ്റ്

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി.

കോട്ടയം: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ഒഡീഷ സർക്കാർ മോചിപ്പിച്ച നടപടി ക്രൈസ്തവരോടുള്ള വഞ്ചനയും രക്തസാക്ഷിയുടെ കുടുംബത്തെ വേദനിപ്പിക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി പറഞ്ഞു. നൂറു കണക്കിന് മിഷനറിമാർ ജയിലിൽ ജാമ്യം പോലും ലഭിക്കാതെ കിടക്കുമ്പോൾ ഇത്തരം കൊലയാളികളെ ഭരണത്തിൻ്റെ സൗകര്യം ഉപയോഗിച്ച് മോചിപ്പിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

നിർബന്ധിത മതപരിവർത്തനത്തിൻ്റെ പേരിൽ കള്ളക്കേസ് എടുത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി അനവധി മിഷനറിമാരെയാണ് ഇന്ത്യയിലെ വിവിധ ജയിലുകളിൽ അടച്ചിരിക്കുന്നത്. ഭരണകൂടത്തിൻ്റെ ഇരകളായി ക്രൈസ്തവർ മാറിയിരിക്കുകയാണ്. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളിയുടെ മോചനത്തിനായി സമരം നയിച്ച ബി.ജെ.പി നേതാവാണ് പുതിയ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. ഇതിന് മുമ്പ് മിഷനറി വധത്തിൻ്റെ സൂത്രധാരകനും ബജ്റെഗ്ദൾ നേതാവുമായിരുന്ന പ്രതാപ്‌സിംഗ് സാരംഗിയെ എംപി ആക്കുകയും മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. തടവുജീവിതകാലത്തെ നല്ല പെരുമാറ്റത്തിന്‍റെ (Good behaviour) പേരിലാണു ജയിൽ മോചനം. പ്യത്തിറങ്ങിയ ഹെംബ്രാമിനെ ഹാരമണിയിച്ചാണ് ജയിൽ അധികൃതർ യാത്രയാക്കിയത്. കേസിലെ മുഖ്യപ്രതി രബീന്ദ്ര പാൽ സിംഗ് എന്ന ദാരാ സിംഗിന്‍റെ ഉറ്റ കൂട്ടാളിയാണ് ഹെംബ്രാം. മിഷനറി ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവർ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസിൽ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മാത്രമാണു ശിക്ഷിച്ചത്.

1999 ജനുവരി 21 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നത്, കിയോഝർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലായിരുന്നു. വില്ലീസ് വാഗണിൽ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊളുത്തി കൊല്ലുകയായിരുന്നു. ദേശീയ അന്തർദേശീയ തലത്തിൽ വൻ പ്രതിഷേധമുണ്ടാക്കിയ സംഭവത്തിൽ അന്നത്തെ രാഷ്ട്രപതി ശ്രീ കെ .ആർ നാരായണൻ ശക്തമായി അപലപിച്ചിരുന്നു.സ്റ്റെയ്ൻസിന്‍റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും മറ്റൊരിടത്തായതിനാൽ രക്ഷപ്പെട്ടു. ആദിവാസികളെ മതപരിവർത്തനം നടത്തുകയാണെന്നാരോപിച്ചായിരുന്നു സ്റ്റെയ്ൻസിനെയും കുട്ടികളെയും ബജ്‌രംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്നത്. യുപിയിൽ നിന്ന് ഒഡീഷയിലേക്കു വന്ന ദാരാ സിംഗാണ് ആക്രമണത്തിന്‍റെ സൂത്രധാരൻ.
ദാരാ സിംഗ്, ഹെംബ്രാം എന്നിവരുൾപ്പെടെ കേസിൽ 14 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 12 പേരെ വിട്ടയയച്ചു. ദാരാ സിംഗിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

2003ൽ ദാരാ സിംഗിനു വധശിക്ഷ വിധിച്ചെങ്കിലും 2005 ഒഡീഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയിൽമോചനം ആവശ്യപ്പെട്ട് ഇയാൾ സുപ്രീംകോടതിയിൽ ദയാഹർജി നല്കിയിട്ടുണ്ട്.
കോടതി ശിക്ഷിച്ച പ്രതികൾക്ക് ഭരണകൂടം സംരക്ഷണം നൽകുന്നത് പൗരന്മാർക്ക് നിയമവ്യവസ്ഥ യോടുള്ള ബഹുമാനവും വിശ്വാസവും ഇല്ലാതാക്കും. കരിനിയമങ്ങൾ നടപ്പിലാക്കി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കുന്നത് ആശങ്ക ഉളവാക്കുന്ന നടപടികളാണ്. ഭരണകൂടം പൗരൻമാരോട് വിവേചനം കാണിക്കുന്നത് ഭരണഘടനാ ലംഘനവും നിയമത്തിന് മുമ്പിലുള്ള തുല്യതാ നിഷേധവുമാണ്. ഒഡീഷ സർക്കാർ കൊലയാളികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നത് അവസാനിപ്പിക്കണം. കൊലയാളിയെ വിട്ടയച്ച തീരുമാനം പിൻവലിക്കണം. രക്തസാക്ഷിയുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.