ദൈവം നമ്മുടെ മുൻപിലും ആവശ്യങ്ങൾ നമ്മുടെ പിമ്പിലും | ബിജോ മാത്യു പാണത്തൂർ.
യേരിഹോ എന്ന പുരാതന നഗരത്തിന്റെ വീഥികളിൽ കുരുടനായ ബർത്തിമായി ഇരിക്കുന്നുണ്ടായിരുന്നു. തന്റെ മുൻപിലൂടെ കടന്നുപോകും എന്ന് അവൻ ഒരിക്കലും ചിന്തിക്കാതിരുന്ന ഒരാൾ (യേശു) ആ പട്ടണത്തിന്റെ തിരക്ക് നിറഞ്ഞ, പൊടിപടലങ്ങൾ പാറി പറക്കുന്ന തെരുവീഥിയിലൂടെ കടന്നുപോയി.
അസാധാരണമായി തന്റെ മുൻപിൽ എന്തോ സംഭവിക്കുന്നുണ്ട് എന്ന് ആളുകളുടെ ശബ്ദത്തിൽ നിന്ന് മനസ്സിലാക്കിയ ബാർത്തിമായി ആരാണ് തന്റെ മുൻപിലൂടെ കടന്നുപോകുന്നത് എന്ന് ചോദിച്ചപ്പോൾ, “അത് യേശുവാണ്” എന്ന് മറ്റുള്ളവരിൽ നിന്ന് തനിക്ക് അറിയാൻ കഴിഞ്ഞു. അപ്പോൾ “ദാവീദ് പുത്രാ..എന്നോട് കരുണ തോന്നണമേ” എന്ന് അവൻ നിലവിളിച്ചു.
യേശു നിന്നു. അതെ, ദരിദ്രനായ ഒരു കുരുടൻ നിലവിളിച്ചപ്പോൾ യേശു നിന്നു! നമ്മുടെ നിലവിളി ഒരു പക്ഷെ ആരും കേൾക്കുന്നില്ലെങ്കിലും അത് കേൾക്കുകയും, നിൽക്കുകയും നമ്മോട് എന്തിനാണ് കരയുന്നത്? എന്ന് ചോദിക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ട്.
ഇവിടെ യേശു ചോദിക്കുന്നു: ഞാൻ നിനക്ക് എന്ത് ചെയ്തു തരേണം?
യഥാർത്ഥത്തിൽ യേശുവിന് ബർത്തുമായിയുടെ ആവശ്യം നന്നായി അറിയാം. എങ്കിലും അവൻ്റെ നാവിൽ നിന്ന് തന്നെ അത് കേൾക്കണം, എന്ന് യേശു ആഗ്രഹിക്കുന്നു. നമ്മുടെ വിഷയങ്ങൾ നാം ദൈവത്തോട് പറയണം. മറ്റുള്ളവർ പറയുന്നതിലും നമ്മുടെ വിഷയങ്ങൾ നാം പറയുന്നതാണ് ദൈവത്തിന് ഇഷ്ടം. നാം പറയുമ്പോൾ ദൈവം അതിന് ഒരു തീരുമാനം കൽപ്പിക്കുകയാണ്.
യേശുവിൻറെ ചോദ്യത്തെ വ്യാകരണ നിയമപ്രകാരം വായിച്ചാൽ ഇങ്ങനെയാണ്: “ഞാൻ/ നിനക്ക്/ എന്ത് ചെയ്തു തരണം?” ആ പദങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് “ഞാൻ” എന്ന പദമാണ്. ഇവിടെ “ഞാൻ” എന്നത് “ദൈവത്തെ” കുറിക്കുന്നു.
ദൈവം എപ്പോഴും നമ്മുടെ മുൻപിൽ നിൽക്കണം. അല്ല ദൈവത്തെ നാം നമ്മുടെ മുൻപിൽ നിർത്തണം.
പലപ്പോഴും നമ്മുടെ ആവശ്യങ്ങളിൽ നാം ദൈവത്തെ മുൻപിൽ നിർത്താറുണ്ടെങ്കിലും മറ്റ് സമയങ്ങളിൽ മറ്റ് പലതിനും,പലർക്കും നാം പ്രാധാന്യം കൊടുക്കും. മിക്കവാറും ഒന്നാമത് “നാം” തന്നെയായിരിക്കും.
ദൈവം ആഗ്രഹിക്കുന്നത്, നാം ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുക എന്നതാണ്. മോശ പറഞ്ഞു:”നിന്റെ സാന്നിധ്യം എന്നോട് കൂടെ പോരുന്നില്ലെങ്കിൽ എന്നെ അയക്കരുതേ”. ദൈവസാന്നിധ്യം, അതാണ് പ്രഥമമായി നമ്മുടെ ആവശ്യം.
“നീ” എന്ന് ദൈവം ഉദ്ദേശിക്കുന്നത് “നാമോരോരുത്തരും” ആണ്. നമുക്കിവിടെ “രണ്ടാം സ്ഥാനമാണ്”ഉള്ളത്. ദൈവത്തിൻ്റെ നിയമത്തിൽ ആദ്യ സ്ഥാനം ദൈവത്തിന്, രണ്ടാമത് നമുക്കുമാണ്.
നാം ഒന്നാം സ്ഥാനത്ത് വരുമ്പോഴാണ് പല പ്രശ്നങ്ങളും സംഭവിക്കുന്നത്! അപ്പോൾ നടക്കേണ്ടത് നടക്കില്ല, നടക്കേണ്ടാത്തത് നടക്കും. പൊതുവേ നമ്മുടെ ബുദ്ധിയിലും, ശക്തിയിലും നാം ആശ്രയിക്കുമ്പോൾ എല്ലാം തകരാറിലാവും. പ്രിയപ്പെട്ടവരെ, നാം രണ്ടാം സ്ഥാനത്ത് തുടരുക.. ദൈവത്തിന് നാം ഒന്നാം സ്ഥാനം നൽകുക.
അപ്പോൾ നമ്മുടെ ആവശ്യങ്ങളോ?
അത് മൂന്നാം സ്ഥാനത്തേക്ക് മാറും. അതെ ദൈവത്തെക്കാളും വലുതല്ല നമ്മുടെ ആവശ്യങ്ങൾ. അതായത് ദൈവം നമ്മുടെ ആവശ്യങ്ങളെക്കാൾ വലിയ ദൈവമാണ്.
നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ കർത്താവ് ശക്തനുമാണ്. നമുക്ക് “കുന്നു” പോലെയുള്ള വിഷയങ്ങൾ ദൈവത്തിൻ്റെ കാഴ്ചയിൽ ഒരു “കൊച്ചു കല്ല്” മാത്രമാണ്. നമുക്ക് നീക്കാൻ പറ്റാത്ത പ്രതിസന്ധികൾ ദൈവത്തിന് നീക്കാൻ കഴിയും.
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ യേശുവിൻ്റെ കല്ലറയുടെ അരികിലേക്ക് പോയ സ്ത്രീകൾ ആർ കല്ലാരുട്ടി നീക്കും? എന്ന വിചാരപ്പെട്ടാണ് പോയത്. എന്നാൽ ദൈവം അത് വളരെ “കൂളായി” കൈകാര്യം ചെയ്തു. അവർ കല്ലറയിൽ എത്തുന്നതിനു മുൻപേ ദൂതൻ ഇറങ്ങി കല്ല് നീക്കിയിരുന്നു!
അപ്പോൾ ഒന്നാം സ്ഥാനം ക്രിസ്തുവിന്. രണ്ടാം സ്ഥാനം നമുക്ക്. മൂന്നാം സ്ഥാനം നമ്മുടെ ആവശ്യങ്ങൾക്ക്. ഇതായിരിക്കണം നമ്മുടെ ജീവിതം. ദൈവം അത് ആഗ്രഹിക്കുന്നു.
നമുക്ക് നമ്മുടെ ആവശ്യങ്ങൾ ഏറ്റവും മുൻപിൽ നിൽക്കുന്നതാണ് ഇഷ്ടം. അത് അങ്ങനെ തന്നെയാണ്. നമ്മുടെ ആവശ്യങ്ങൾ നമുക്ക് ഏറ്റവും പ്രധാനപ്പെട്ടവയാണ്. എന്നാൽ ദൈവം അതിനെ കാണുന്നത് മറ്റൊരു ആംഗിളിലാണ്.
ദൈവത്തിന് നാം ഒന്നാം സ്ഥാനം കൊടുക്കുക. നമുക്ക് നാം രണ്ടാം സ്ഥാനവും, നമ്മുടെ ആവശ്യങ്ങൾക്ക് മൂന്നാം സ്ഥാനവും നൽകുക. ഇതാണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്ന ഏറ്റവും വലിയ ചിന്ത.



- Advertisement -
Comments are closed, but trackbacks and pingbacks are open.