കവിത: ഗദര | സുരേഷ് ജോൺ

ഓർക്കുന്നുണ്ടാകും നിങ്ങളെന്നെ..
ഉന്മാദത്തിന്റെ തീവ്രതയിൽ
ചങ്ങലകൾക്ക് ബന്ധിക്കാനാവാതെ
തന്നെത്താൻ മുറിവേൽപ്പിക്കുകയും
അലറിക്കരഞ്ഞും നിലവിളിച്ചുംകൊണ്ട്
ആർക്കും അടക്കുവാൻ കഴിയാതെ
കല്ലറകളിൽ ഉഴന്നുനടക്കുകയും ചെയ്ത
എന്നെ നിങ്ങളെങ്ങനെ മറക്കും?
പാരമ്പര്യശാപമെന്നും ദൈവവകോപമെന്നും
ഒളിഞ്ഞും തെളിഞ്ഞും
ഒരു ഭ്രാന്തന്റെ പരാക്രമങ്ങൾക്ക്
അന്നെത്ര കാരണങ്ങൾ പറഞ്ഞിട്ടുണ്ടാകും?
ഭൂതകാലത്തിന്റെ ഓർമ്മക്കുളിർ
ചിലപ്പോഴെങ്കിലും തണുപ്പാകുന്നെകിൽ
നിങ്ങളെത്ര ഭാഗ്യവാന്മാരാണ്..
എന്നെപ്പോലെ അതില്ലാത്തവരും
ഈ ഭൂമിയിൽ ഉണ്ടെന്നോർക്കണം.
ഒടുവിൽ കൂടെപ്പോരട്ടെ എന്ന്
അവിടുത്തോട് അപേക്ഷിച്ചതാണ്.
അതനുവദിക്കപ്പെടാത്തതിൽ
വിഷമം തോന്നിയെങ്കിലും
എന്നിലൂടവൻ വെളിപ്പെടുന്നതാണ്
ഇപ്പോൾ എന്റെ നിയോഗം.
എന്റെ ചരിതം ഓർക്കുമ്പോൾ
സുബോധത്തിന്റെ തിരിച്ചറിവുകളില്ലാതെങ്ങനെ
വിശ്വാസത്തിന്റെ സരണിയിലെത്താമെന്ന്
നിങ്ങൾ ചോദിച്ചേക്കാം..
നിങ്ങൾക്ക് എന്നെയിവിടെ ഉപേക്ഷിക്കാം.
പകരമാ തച്ചനെ ചേർത്തുപിടിക്കുക.
നിങ്ങൾ അവനായ് മാറുക..
ആർക്കും കടന്നു ചെല്ലുവാൻ കഴിയാത്ത
ദൈന്യതയുടെ തുരുത്തുകളിലേക്കെത്തുവാൻ
കാറ്റും കടലും തടസ്സമാണെങ്കിൽകൂടി
നമുക്ക് പറയുവാൻ കഴിയണം
‘നാം അക്കരയ്ക്ക് പോവുക.’
സ്വസ്നേഹത്താലുള്ള മാനുഷതിരസ്കരണത്തിൽ
വർഷങ്ങളുടെ മടുപ്പ് ബാധിച്ചവരോട്
കനിവോടെ ചോദിക്കുവാൻ കഴിയണം
‘സൗഖ്യമാകുവാൻ നിനക്ക് മനസ്സുണ്ടോ?’
ഇസങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും
മതാന്ധതകളുടെയും ഇരുട്ടറയിൽപെട്ടവർ
സത്യത്തെ ക്രൂശിച്ചുകളയുമ്പോൾ
ഉയരങ്ങളോട് അപേക്ഷിക്കുവാൻ കഴിയണം
‘ഇവരറിയുന്നില്ല,ഇവരോട് ക്ഷമിക്കണമേ’
മടങ്ങിവരുമെന്ന് പറഞ്ഞവനെ
പകർത്തുവാൻ മാതൃകകളേറെയുണ്ട്
മാറുവാൻ നമ്മിലും ഏറെയുണ്ട്..
സുരേഷ് ജോൺ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.