ലേഖനം: മാതാപിതാക്കളെ സ്നേഹിക്കുക | ബിൻസൺ കെ ബാബു കൊട്ടാരക്കര
ഇന്നത്തെ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ വിഷമം സ്വന്തം മക്കൾ അവർക്ക് വിലകൊടുക്കുന്നില്ല എന്നതാണ്. നൊന്ത് പ്രസവിച്ച മാതാവിനെ തള്ളിക്കളയുന്നു, പിതാവിന്റെ വാക്കുകൾക്ക് യാതൊരു വിലയും കൊടുക്കുന്നില്ല. ഇപ്പോഴത്തെ ലോകത്തിലേക്ക് നോക്കുകയാണെങ്കിൽ മക്കൾ സ്വന്തം അപ്പനെയും അമ്മയെയും അതി ക്രൂരമായി കൊല്ലുന്ന സംഭവങ്ങൾ സർവ്വ സാധാരണമായി കൊണ്ടിരിക്കുന്നു. എത്രയോ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു ഓരോ ദിവസവും. സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ കൊന്നു ഫ്രിഡ്ജിൽ ആക്കിയ സ്വന്തം മകന്റെ ക്രൂരത ഈ അടുത്ത സമയത്തു നടന്നതാണ്. ഇതുപോലെ ഉള്ള അതി ദാരുണമായ സംഭവങ്ങൾ നാം കേട്ടു. ഇവർക്ക് യാതൊരു ഭയവുമില്ല ഇതൊക്കെ ചെയ്യാൻ.
മാതാപിതാക്കളെ വീട്ടിൽ നിന്ന് തെരുവീഥിയിലേക്കു വലിച്ചെറിയുന്നു. ഏതൊരു മാതാപിതാക്കൾക്കും ഉള്ള ആഗ്രഹം ആണ് അവരുടെ മക്കളോടൊത്തു ജീവിക്കണമെന്നത് എന്നാൽ അതിനു മക്കൾ മുതിരുന്നില്ല. വിവിധ ഇടങ്ങളിലേക്ക് ചേക്കേറുന്ന മക്കൾ മാതാപിതാക്കൾക്ക് ഭവനം വച്ചു കൊടുത്തു അവർ ഏകാന്തമായി അതിൽ താമസിക്കുന്നു. അവർക്ക് വേണ്ടത്ര സന്തോഷം കിട്ടുന്നില്ല. മക്കൾ ഇതുകണ്ട് തൃപ്തിയടയുന്നു. ഇന്ന് വൃദ്ധസദനങ്ങൾ കൂടിവരുന്നു, കാരണം ഇവർ വയസ്സാകുമ്പോൾ നോക്കാൻ സമയമില്ല, അതുകൂടാതെ മക്കൾക്ക് ഇവർ ഒരു ശല്യമാണെന്നു തോന്നുന്നു. ഇങ്ങനെ ഇവരെ കൊണ്ടുപോയി വൃദ്ധസദനത്തിലും മറ്റും തള്ളുന്നു. അവിടെ എല്ലാ മാസങ്ങളിലും ചിലവ് കാശ് കൊടുക്കുന്നു. എന്തൊരു വേദനാജനകമായ കാര്യം. പിതാവും മാതാവും യാതൊരു ബുദ്ധിമുട്ടുകളും അറിയിക്കാതെ വളർത്തിയ മകൻ /മകൾ അവസാനം കറിവേപ്പലക്കു തുല്യമായി കുപ്പയിലേക്കു തള്ളുന്നു. സന്തോഷത്തോടെ ജീവിക്കേണ്ടുന്ന അവരുടെ ജീവിതം കണ്ണുനീർ ഒഴുക്കി ജീവിതാവസാനത്തിലേക്കു പോയ്കൊണ്ടിരിക്കുന്നു. ഒരിത്തിരി വെള്ളത്തിനുവേണ്ടി അവർ ദാഹിക്കുന്നു. നമ്മുടെ കടമയാണ് മാതാപിതാക്കളെ സന്തോഷിപ്പിക്കേണ്ടതും സംരെക്ഷിക്കേണ്ടതും.
ഇന്ന് പല ന്യൂ ജെനറേഷൻ യുവജനങ്ങൾക്കും ഇത് എന്റെ അമ്മ ആണെന്നും പിതാവ് ആണെന്നും പറഞ്ഞു കൊടുക്കാൻ നാണക്കേടാണ്. കാരണം മാതാപിതാക്കൾക്ക് സൗന്ദര്യ കുറവ്, സംസാരിക്കാൻ അറിയില്ലായിരിക്കാം, കഴിവ് കുറവ് ഇങ്ങനെ ഏതെങ്കിലും വിധത്തിലുള്ള പോരായ്മകൾ ഉള്ളവരായിരിക്കും. ഇങ്ങനെയൊക്കെ ഉള്ള രീതിയിൽ മക്കൾക്ക് നാണക്കേട് ഉണ്ടാകും പാവം മാതാവിനെയും പിതാവിനെയും പരിചയപ്പെടുത്താൻ, അവരുടെ കൂടെ യാത്ര ചെയ്യാൻ, എന്തിനു അവരെ യാതൊരു അഘോഷങ്ങൾക്കോ, സ്വന്തം മക്കളുടെ കല്യാണങ്ങൾക്കു പോലും കൊണ്ടു പോകില്ല. എന്തൊരു ദയനീയമായ അവസ്ഥ. പ്രിയ സ്നേഹിതാ, നിനക്ക് ഇതൊക്കെ ചെയ്യാൻ ഒരു ഭയവും മടിയും ഇല്ലായിരിക്കും പക്ഷെ ഇതിന്റെ ഇടയിൽ വേദന സഹിക്കാൻ പറ്റാതെ ഹൃദയം വിങ്ങി പൊട്ടുന്ന രണ്ടു പേരുണ്ട് അത് നിന്നെ ഇന്നിന്റെ നീയാക്കിയ നിന്റെ സ്വന്തം മാതാവും പിതാവും. അതെ നിന്റെ ഓരോ വളർച്ചയിലും ഉയർച്ചയിലും സതോഷിക്കുന്നവർ. ഒരു നിമിഷം അവരെ ഓർത്താൽ നിനക്ക് അവരോടു ദോഷമായതൊന്നും ചെയ്യാൻ കഴിയില്ല. അവർ എങ്ങനെയുള്ളവരോ ഏതു അവസ്ഥയിലുള്ളവരോ ആയിരിക്കട്ടെ, അവരെ ബഹുമാനിക്കാനും കരുതാനും ഉള്ള കടമ നിന്റേതാണ്. അവർ പട്ടിണി കിടന്നും പകലന്തിയോളം ജോലികൾ ചെയ്‌തും നിന്നെ വളർത്തിയത് ഓർക്കുമ്പോൾ മാതാപിതാക്കളോടുള്ള നമ്മുടെ സ്നേഹം വർധിക്കും.
അവർക്ക് വേണ്ടത് വലിയ ഭവനം അല്ല, മാസാമാസം പണമല്ല, കാറുകൾ അല്ല, വസ്‌തുക്കൾ അല്ല, മറിച്ചു മക്കളുടെ വായിൽ നിന്ന് വരുന്ന ഒരു നല്ല വാക്ക്, കരുതലും, സ്നേഹവും അതാണ് അവർ ആഗ്രഹിക്കുന്നതും,ആവശ്യവും.
വിശുദ്ധ ബൈബിളിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും വളരെ വ്യക്തമായി മാതാപിതാക്കളെ സ്നേഹിക്കണമെന്നും അനുസരിക്കണമെന്നും അങ്ങനെ ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടിരിക്കും എന്നും പറയുന്നു. ദൈവം നിനക്ക് തന്ന മാതാവിനെയും പിതാവിനെയും ഓർത്തു നന്ദി പറയുക, അവർ പറയുന്നതു അനുസരിക്കുക, നീ എടുക്കുന്ന ഏതു തീരുമാനങ്ങളും അവരോടു അഭിപ്രായം ചോദിക്കുക അത് അനുസരിച്ചു മുൻപോട്ടു പോകുക. അത് അവർക്ക് സന്തോഷവും നമ്മുടെ ജീവിതത്തിനു അനുഗ്രഹവും ആയിരിക്കും. അങ്ങനെയുള്ള ഭവനം അനുഗ്രഹപൂർണമായിത്തീരും. അവർ ഒരു പക്ഷെ നിന്നെ വഴക്ക് പറഞ്ഞേക്കാം, ചിലതിൽ നിന്നും തടസപ്പെടുത്തിയേക്കാം എന്നാൽ അത് നന്മയായിത്തീരും എന്ന് വിശ്വസിക്കുക.
ഒരു മാതാപിതാക്കളും ഒരു മക്കളെ പോലും തെറ്റിലേക്ക് നയിക്കുകയില്ല, അവർ നല്ല വഴി കാണിച്ചുതരുന്നവരാണ്. അവർ വഴക്കു പറയുമ്പോഴും, ഉപദേശിക്കുമ്പോഴും സ്വന്തം മകൾക്കു വേണ്ടി തേങ്ങുന്ന ഒരു ഹൃദയം ഉള്ളവരാണ് ഏതൊരു മാതാവും പിതാവും. ഓർക്കുക നിങ്ങൾ തെറ്റിലേക്ക് പോകുമ്പോൾ അവരുടെ ഹൃദയം വിങ്ങി പൊട്ടുകയാണ്, അവർ രാത്രിയിൽ നിലവിളിച്ചു കരയുകയാണ് അതാണ് മാതൃ പിതൃ സ്നേഹം. പഠിക്കുവാൻ പുറത്തുപോയ, ജോലിക്കുവേണ്ടി പോയ മക്കളുടെ സംസാരങ്ങൾ കേൾക്കാൻ വിശേഷങ്ങൾ അറിയാനുള്ള ആഗ്രഹം അവർക്കും ഉണ്ടാകും. ഓരോ ഫോൺ വിളിയും കാത്തു അവർ ഇരിക്കും. മക്കൾ വീട് വിട്ടു വെളിയിൽ പോയാലും മാതാപിതാക്കളുടെ സ്നേഹം അവരോടൊത്തു ഉണ്ടായിരിക്കും. എന്തിനു കുഞ്ഞുങ്ങൾ ബൈക്കും കാറുമായി യാത്ര ചെയ്യുമ്പോൾ മാതാപിതാക്കളുടെ ചിന്തകളും, പ്രാർത്ഥനയും അവരെ പിന്തുടരും.
അതെ പ്രിയ സ്നേഹിതാ, നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന, കരയുന്ന ഒരു മാതാവും പിതാവും ഉണ്ടായതുകൊണ്ടാണ് നീ ഉയർച്ച പ്രാപിച്ചത്, നീ ഇന്ന് ജീവനോടിരിക്കുന്നതു. അത് നമ്മുടെ ഹൃദയത്തിൽ എപ്പോഴും ഉണ്ടായിരിക്കണം.അവരെ ബഹുമാനിച്ചു മുന്നോട്ടു പോകുന്നുവെങ്കിൽ ജീവിതത്തിൽ അനുഗ്രഹം പ്രാപിക്കും. സ്വന്തം മക്കളുടെ സ്നേഹവും കരുതലും കിട്ടുവാൻ മാതാപിതാക്കളുടെ ഹൃദയം കൊതിക്കുകയാണ്. അവർ അത് മാത്രമാണ് ആഗ്രഹിക്കുന്നത്. മറ്റൊന്നും കൊടുക്കാൻ ഇല്ലെങ്കിലും നമ്മുടെ വാത്സല്യം ആഗ്രഹിക്കുന്നു.എഫെസ്യർ 6:1-3 വാക്യങ്ങളിൽ പറയുന്നു മക്കളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ ;അതു ന്യായമല്ലോ. “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസോടെ ഇരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക “എന്നതു വാഗ്‌ദത്തോടുകൂടിയ ആദ്യകൽപ്പന ആകുന്നു. ഈ വാക്യം നൽകുന്നത് ഏറ്റവും വലിയ അനുഗ്രഹം ആണ്. നമ്മുക്ക് ആവശ്യം ഇത് തന്നെയാണ്. ഈ ദൈവീക കല്പ്പന നമ്മുക്ക് പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരാം. അതെ നമ്മുടെ മാതാപിതാക്കൾ നമുക്കു അനുഗ്രഹം ആണ്.
Comments are closed, but trackbacks and pingbacks are open.