ലേഖനം : ദൈവത്തെ മുഖാമുഖം കാണുന്നവർ | രാജൻ പെണ്ണുക്കര

പഴയനിയമത്തിൽ ആരും ഇങ്ങോട്ട് അടുക്കരുത്എന്ന് പറയുന്ന ദൈവം,പുതിയ നിയമത്തിൽ അതിന് അയവ് വരുത്തി ഞാൻ നിങ്ങളുടെ അടുത്ത്/നടുവിൽ ഉണ്ടെന്ന് പറയുന്നു..

ഹാനോക്ക് മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടന്നു എന്നും, നീതിമാനും നിഷ്കളങ്കനുമായിരുന്ന നോഹയും ദൈവത്തോടു കൂടെ നടന്നു എന്നുകൂടി പറയുമ്പോൾ അവർ നിശ്ചയമായും ദൈവത്തിന്റെ മുഖം കണ്ടിട്ടുണ്ടാവാം. ദൈവത്തിന്റെ സ്നേഹിതനായ അബ്രഹാമിനോ ദൈവം മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി എന്നും വായിക്കുന്നു. എന്നാൽ ഭൂതലത്തിലൊക്കെയും സൗമ്യനായ മോശ ദൈവത്തെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ (പുറ 33:18) ദൈവത്തിന്റെ മറുപടി “നിനക്ക് എന്റെ മുഖം കാണ്മാൻ കഴിയില്ല, ഒരുമനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കയില്ല”, പിന്നെ വേണമെങ്കിൽ “നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല” (പുറ 33:20-23) എന്നായിരുന്നു.

ഇയ്യോബിനെ പോലെ പരീക്ഷ സഹിച്ച മറ്റൊരു വ്യക്തി ബൈബിളിൽ ഇല്ല. ഹൃദയങ്ങളെ തൂക്കി നോക്കുന്ന ദൈവം ഇയ്യോബിന്റെ ഹൃദയശുദ്ധി മനസ്സിലാക്കി അവനു കൊടുക്കുന്ന യോഗ്യതാപത്രം ഇയ്യോബ് “നിഷ്കളങ്കനും, നേരുള്ളവനും, ദോഷം വിട്ടകലുന്നവനും എന്നായിരുന്നു. (ഇയ്യോ 21:2, 1:1). ഇയ്യോബ് ദൃഢനിശ്ചയത്തോടും ഉറച്ച വിശ്വാസത്തോടും പറയുന്നത് “ഞാൻ ദേഹ സഹിതനായി ദൈവത്തേ കാണും, ഞാൻ തന്നെ അവനെ കാണും” എന്നാണ് (ഇയ്യോ 19:25-27).
പുതിയ നിയമത്തിലെ ‘ശൌൽ’ മാനസന്തരപ്പെടുന്നതിന് മുൻപ് ദമസ്‌ക്കോസിൽ വച്ച് ദൈവത്തിന്റെ തേജസ്സ് കണ്ടു. മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു എന്ന് വായിക്കുന്നു. അതേ ദൈവത്തേ ഒന്ന് നേരിൽ കാണാൻ എല്ലാമനുഷ്യരും ആഗ്രഹിക്കുന്നു അതിനുള്ള അശ്രാന്ത പരിശ്രമവും നടത്തുന്നു. പക്ഷെ സാധ്യമോ എന്നതാണ് ചോദ്യം!. എന്നാൽ സ്നേഹനിധിയായ ദൈവം തന്റെ വ്യവസ്ഥക്ക് മാറ്റം വരുത്തി ദൈവത്തേ കാണുവാൻ മനുഷ്യന് ചില നിബന്ധനകൾ വെച്ചുള്ള അവസരം ഒരുക്കി തന്നിരിക്കുന്നു.

നമ്മുടെ വാഴ്ത്തപ്പെട്ടവനായ കർത്താവ് ഗിരി പ്രഭാഷണത്തിൽ ഒൻപത് ഭാഗ്യവാന്മാരുടെ (മത്താ 5:3-12) പട്ടിക നിരത്തിവെക്കുന്നുണ്ട്. അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി എടുത്ത് പറയുന്ന കൂട്ടമാണ് ഹൃദയശുദ്ധിയുള്ളവർ. പക്ഷേ ഇവർക്കുള്ള പ്രത്യേകത ദൈവത്തെ കാണും (മത്താ 5:8) എന്നുള്ളത് തന്നേ. ഇന്നത്തെ ആത്മീക ലോകം പലവിധത്തിലുള്ള ഭാഗ്യവാന്മാരെ കൊണ്ട് നിറഞ്ഞു നിൽക്കുന്നു. ചിലപ്പോൾ നാമും അങ്ങനെയുള്ള ഭാഗ്യവാന്മാരുടെ ഗണത്തിൽ പെടുന്നവരാകാം. പക്ഷെ ദൈവം ആഗ്രഹിക്കുന്ന വ്യവസ്ഥ പ്രകാരമുള്ള ഭാഗ്യവാന്റെ പട്ടികയിൽ ഉൾപ്പെടുന്നില്ലായെങ്കിൽ ഒരിക്കലും ദൈവത്തെ കാണുകയില്ല നിശ്ചയം. ശൗൽ ആയിരുന്ന പൌലൊസ് അപ്പോസ്തോലൻ യഥാർത്ഥത്തിൽ കർത്താവിനെ രുചിച്ചറിഞ്ഞ ശേഷം പറയുകയാണ് “ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല” (എബ്ര 12:14). അപ്പോൾ ശുദ്ധീകരണം ആണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന് മനസ്സിലാക്കണം. ആ ശുദ്ധീകരണം, ബാഹ്യമോ ആന്തരികമോ എന്നതാണ് ചർച്ചാവിഷയം.

ശുദ്ധിയെ (ശുദ്ധീകരണത്തെ) തൽക്കാലം ബാഹ്യമായ ശുദ്ധി (Outward purity), ആന്തരിക ശുദ്ധി (Inward purity) എന്നപ്രകാരം രണ്ടായി തരംതിരിക്കുന്നു. ബാഹ്യശുദ്ധി മാനുഷിക ദർശനത്തിന് അതീതമായതും, ആന്തരിക ശുദ്ധി ദൈവദൃഷ്ടിയിൽ തെളിഞ്ഞു കിടക്കുന്നതും ദൈവം വീക്ഷിക്കുന്നതും ആകുന്നു. ദൈവം അംഗീകരിക്കുന്നതും സ്വർഗ്ഗം പ്രസാദിക്കുന്നതും ആന്തരിക ശുദ്ധിയിൽ ആണെന്ന കാര്യം മറക്കരുത്. കാരണം “ദൈവം നമ്മുടെ ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നു” (സങ്കി 7:9). ദൈവവചനത്തിൽ കർത്താവ് ഒരുകൂട്ടരെ “കപടഭക്തിക്കാർ” അതായത് കപടമായ ഭക്തി ഉള്ളവർ എന്ന് സംബോധന ചെയ്യുന്നു. ഇവർ ഭക്തിയുള്ളവർ എന്ന് സ്വയം നടിക്കുന്നു. പുറമേ ഭക്തിയുടെ (ബാഹ്യശുദ്ധി എന്നു പറയാം) വേഷം ധരിച്ച് ഇല്ലാത്തതിനെ ഉള്ളതായി ഭാവിക്കുന്നു, അഥവാ അഭിനയിക്കുന്നു. ഇവരുടെ ഉള്ളിൽ യഥാർത്ഥ ദൈവഭയമോ ഭക്തിയോ ലേശവും ഇല്ലാതെ കപടതയും, വഞ്ചനയും, ചതിവും, അസൂയയും നുണയും വൈരാഗ്യവും മാത്രം.ഇവരുടെ ഉള്ളിൽ ദുർഗന്ധത്തിന്റെ അനുഭവവും ദുഷ്ടതയുടെയും നിർജീവത്വത്തിന്റെയും അവസ്ഥയും അശുദ്ധിയും മാത്രമുള്ളതായി കാണുന്നു. ഇങ്ങയുള്ളവരെ ദൈവവചനം കിണ്ടി കിണ്ണത്തോടും വെള്ളതേച്ച ശവക്കല്ലറയോടും സമാനരാക്കുന്നു (മത്താ 23:25-27).

a) കിണ്ടി കിണ്ണത്തിന്റെ അവസ്ഥ :- പുറമേ നല്ല വെടിപ്പും വൃത്തിയും, ആരേയും എപ്പോഴും ആകർഷിക്കുന്ന രൂപഭംഗി, ഭാവം, തിളക്കം, സ്വർണ്ണത്തിന്റെ നിറം, എപ്പോഴും സ്ഥാനം വീടിന്റെ പ്രധാന കവാടത്തിന്റെ അടുത്ത്, ആര് വന്നാലും അതിനെയൊന്ന് തൊടാതെ പോകില്ല. ആര് വന്നാലും അതിനെയല്ലേ ആദ്യം തിരയുന്നതും ശ്രദ്ധിക്കുന്നതും, മാത്രമല്ല എപ്പോഴും മുൻനിരയിൽ ഉണ്ട് ആവശ്യത്തിന് ജലം പുറപ്പെടുവിക്കുന്ന അവസ്ഥ. അതായത് കൊടുക്കാനും വാങ്ങാനും മുൻപന്തിയിൽ തന്നേ. എന്നാൽ കിണ്ടിയുടെ അകത്തെ അവസ്ഥ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?.

യേഹേസ്കേൽ (24: 6,11,12 ൽ) പ്രവാചകൻ വിളിച്ചു പറയുന്ന അവസ്ഥ വെച്ച് നോക്കിയാൽ “അകത്തു ക്ളാവുള്ളതും ക്ളാവു വീട്ടുപോകാത്തതുമായ കുട്ടകത്തിന്നു തുല്യം, അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെച്ചാലും ക്ളാവു തീയാലും പോലും വിട്ടുപോകുന്നില്ല എന്ന അവസ്ഥ വരെ എത്തിനിൽക്കുന്നു. കൂടാതെ കരസ്പർശനത്താൽ മാത്രം മനസ്സിലാകുന്ന അതിന്റെ ഉള്ളിലെ യഥാർത്ഥമായ പരുപരുത്ത പ്രതലവും പായൽ പിടിച്ച് വഴുവഴുപ്പുള്ള മലിനമായ അവസ്ഥയും നാം ശ്രദ്ധിക്കാറില്ല. ഇത് ഒരുദിവസം കൊണ്ട് വന്ന രൂപമാറ്റമല്ല മറിച്ച് ക്രമേണ അടിഞ്ഞുകൂടി ഉറച്ചുപോയ മാലിന്യങ്ങളുടെ അനന്തരഫലം (Settling /Sedimenting sins) എന്ന് വിളിക്കാം. കാരണം പുറമേ ശോഭ കൂട്ടാൻ നടത്തുന്ന വെടിപ്പാക്കൽ ശുശ്രുഷ പോലെയുള്ള ശുദ്ധികരണ പ്രക്രിയ അകമേ വല്ലപ്പോഴുമെങ്കിലും നടക്കുന്നില്ല എന്നത് തന്നേ സത്യം. അത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നേ, അതിൽ വേദന ഉണ്ട്‌ അൽപ്പം നീറ്റൽ ഉണ്ട്‌. നീ നിന്നേ തന്നേ പൂർണമായും ഏൽപ്പിച്ചു കൊടുക്കേണ്ടത് അനിവാര്യം ആയിരിക്കുന്നു.

ഇതുതന്നെയല്ലേ പല മനുഷ്യരുടെയും അവസ്ഥ!. എല്ലാ മേഖലയിലും മുൻപന്തിയിൽ തന്നെ. ജീവകാരുണ്യ പ്രവർത്തനത്തിനും, ആത്മീക ഭൗതിക കാര്യങ്ങളിലും കൃപാവരങ്ങളുടെ വിഷയത്തിലും ഒട്ടും കുറയാത്ത നിലവാരത്തിലും ചിലപ്പോൾ ആകാം. എന്നാൽ അതിലും അവിശ്വസ്ഥത കാണിക്കുന്നവർ, അവരുമായി അടുത്തിടപെടുമ്പോൾ മാത്രമേ ഉള്ളിലെ (ഹൃദയത്തിലെ) യഥാർത്ഥ ചിന്താഗതിയും പ്രവർത്തന ശൈലിയും സ്വഭാവവും മനസ്സിലാകൂ. വളഞ്ഞ ചിന്താഗതിയും, കോട്ടവും മാത്രം വെച്ചു പുലർത്തി താലോലിച്ച് നടക്കുന്നവർ, ഹൃദയം തുറന്നു ആരെയും സ്നേഹിക്കുവാൻ കഴിയാത്ത രീതിയിൽ ഹൃദയകാഠിന്യം നിമിത്തം ദയയും കരുണയും നഷ്ടപ്പെട്ട് ദൈവപൈതൽ എന്ന് അഭിനയിക്കുന്നു. ഭൗതിക നേട്ടങ്ങൾക്കും നന്മകൾക്കും ലാഭത്തിനും സ്ഥാനമാനങ്ങൾക്കുവേണ്ടി മാത്രം ദൈവത്തേയും ദൈവവേലയേയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അന്ധന്മാരായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തം തന്നേ ദൈവത്തിന്റെ ജീവനിൽ നിന്നും അകന്ന് മനം തഴമ്പിച്ചുപോയവർ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ തങ്ങളെത്തന്നെ ഏൽപ്പിച്ചു കൊടുത്തവർ (എഫെ 4:18-19). ഏഷണിയും നുണയും, വ്യാജവും പറഞ്ഞ് അസത്യത്തെയും അനീതിയെയും താലോലിച്ച് മറ്റുള്ളവരെ ചതിക്കുകയും വിശ്വാസത്തിൽ അവരെ തളർത്തി അധൈര്യപ്പെടുത്തി കളയുന്നവരുടെ ഹൃദയങ്ങളെ ആന്തരിക ശുദ്ധിയില്ലാത്ത ക്ലാവ് പിടിച്ച അവസ്ഥയായി കാണാവുന്നതാണ്.

b) കല്ലറയുടെ അവസ്ഥ :- നിലയിലും വിലയിലും ക്വാളിറ്റിയിലും ഉയർന്ന സ്ഥാനമുള്ള കല്ലുകളാൽ നിർമ്മിതമായ കല്ലറ സൂര്യപ്രകാശത്തിൽ ആരേയും ആകർഷിക്കുന്ന ഭംഗിയോടെ വെട്ടി തിളങ്ങി കാണപ്പെടുന്നു. എന്നും സുഗന്ധമുള്ള പുഷ്‌പങ്ങളാൽ മൂടപ്പെട്ട് ജനന മരണ തീയതിയും പേരും മേൽവിലാസവും വ്യക്തമായി വിളിച്ച് അറിയിക്കുന്ന കല്ലറ. എല്ലാവരെയും ചിന്തിപ്പിക്കുന്ന ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ദൈവിക വചനങ്ങൾ കൊത്തിവെച്ചിട്ട് അവസാനമായി “സമാധാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു” (RIP) എന്ന് വിളിച്ചറിയിക്കുന്ന കല്ലറ. എന്നാൽ കല്ലറയുടെ ഉള്ളിൽ ഒരിക്കൽ ജീവനും ചൈതന്യം ഉണ്ടായിരുന്നതും ഇപ്പോൾ ജീവൻ ഇല്ലാത്തതുമായ ജീർണ്ണിച്ച അനുഭവവും ജീർണ്ണിച്ച വസ്ത്രവും ഒന്നിനൊടൊന്ന് ചേർന്നിരുന്ന ഇരുന്നൂറ്റിയാറ് അസ്ഥികൾ വേർപെട്ട് ദൂരെ ചിതറി മാറിയ അനുഭവത്തിൽ ദുർഗന്ധവും വമിക്കുന്ന ചില ശേഷിപ്പു മാത്രം. വചനം സംബോധന ചെയ്യുന്നു കപടഭക്തിക്കാരായ നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. (മത്താ 23:27-28).
ഇതിനെ ആത്മീകതലത്തിൽ ചിന്തിച്ചാൽ നിന്റെ അസ്ഥികളെ എന്നും പൊതിഞ്ഞു സംരക്ഷിച്ച് ഒരുമിച്ചു ചേർത്ത് നിർത്തിയ നിന്റെ സൗന്ദര്യവും സൗരഭ്യവും ആയിരുന്ന ദൈവസ്നേഹമെന്ന നിന്റെ ആവരണമായിരുന്ന ത്വക്കും മാംസവും അർബ്ബുദവ്യാധിപോലെ പുഴുക്കൾ തിന്നുകളഞ്ഞു. നിന്റെ അസ്ഥികളിലെ മജ്ജയിൽ കൂടി ഒഴുകിയിരുന്ന ജീവന്റെ രക്തമായിരുന്ന ക്രിസ്തുവിന്റെ ജീവൻ എവിടയോ പറന്നു പോയ്മറഞ്ഞിരിക്കുന്നു. ഒരിക്കൽ ജീവൻ ഉണ്ടായിരുന്നു എന്നത് സത്യം പക്ഷെ, ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് ശൂന്യതയുടെയും, ഇരുട്ടിന്റെയും മൂകതയുടെയും നിരാശയുടെയും ഏതോ പഴയ ഓർമ്മകളുടെയും കൂമ്പാരം മാത്രം.
മനുഷ്യന്റെ അവസ്ഥ ഇങ്ങനെയും ആയിപോകാറുണ്ടെന്നു പറയുന്നതിൽ അതിശയോക്തിയില്ല. പുറമേ നോക്കിയാൽ നല്ല അഴക്, പരമ സാധു, വിശ്വാസയോഗ്യൻ, നല്ലവൻ, ആത്മീകൻ എന്ന സർട്ടിഫിക്കറ്റ് സമൂഹത്തിൽ നേടിയിരിക്കാം. എന്നാൽ ഉള്ളിലോ സ്നേഹത്തിന്റെ തരിപൊലും ഇല്ലാതെ, സ്നേഹത്തിന്റെ കണ്ണികൾ വേർപെട്ട്, നീതിയുടെ വസ്ത്രം കീറികളഞ്ഞ്, അന്യായത്തിന്റേയും, അനീതിയുടേയും, കൗശലത്തിന്റെയും, അസത്യത്തിന്റേയും, അത്യാഗ്രഹത്തിന്റേയും വസ്ത്രം അണിഞ്ഞ്, സ്ഥാനത്തിനും മാനത്തിനും പദവിക്കും വേണ്ടി ഏത് പാതാളകുഴിവരേയും ഇറങ്ങുവാൻ മടിക്കാത്തവർ, സൗരഭ്യം നഷ്ടപ്പെട്ട് ദുർഗന്ധപൂരിതമായ അവസ്ഥയിൽ കപടഭക്തിയും അധർമ്മവും കളവും വഞ്ചനയും ചതിവും അസൂയ എന്നിത്യാദി അനുഭവങ്ങളുടെ സ്ഥിതിയിലോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു (ഗല 5:19-20).

ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല, ദൈവത്തെ കാണുക പോലുമില്ല എന്ന് വചനം കൃത്യമായി പഠിപ്പിക്കുന്നു. ഉപദേശ വിപരീതമായി ദ്വന്ദപക്ഷങ്ങളേയും ഇടർച്ചകളേയും ഉണ്ടാക്കുന്നവർ കർത്താവിനെ അല്ല സേവിക്കുന്നത് ഇവർ സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിക്കുന്നു എന്ന് വചനം പറയുന്നു (റോമ 16:17-18). ശുദ്ധ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന സ്നേഹം നിർവ്യാജം ആയിരിക്കും, അത് തീയതിനെ വെറുത്ത് നല്ലതിനോട് പറ്റി കൊള്ളുന്നു (റോമ 12:9). നാം ശുദ്ധഹൃദയം, നിർമ്മല മനസ്സാക്ഷി, നിർവ്യാജ സ്നേഹം എന്നിവയാൽ ഉളവാകുന്ന സ്നേഹത്തിന് ഉടമയായി മാറണം, ചിലർ ഇത് വിട്ടുനിൽക്കുവാൻ ഇച്ഛിക്കുന്നു (1തിമോ 1:5-6). എനിക്ക്‌ ഇവരെ കൊണ്ട് നാളെ പ്രയോജനം ഉണ്ടാകുമെന്ന ഉദ്ദേശത്തോടെ സ്നേഹിക്കുന്നതിനെ കാര്യസാധ്യ സ്നേഹം എന്നല്ലേ വിളിക്കുക.

ദൈവം നമ്മുടെ ഹൃദയത്തിൽ വസിക്കാൻ ആഗ്രഹിക്കുന്നു. കാരണം, ജീവന്റെ പ്രതിഭാസം അമ്മയുടെ ഉദരത്തിൽ തുടങ്ങുമ്പോൾ ആദ്യമായി രൂപാന്തരപ്പെടുന്ന അവയവം ഹൃദയമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. അതിനാലാണ് നമ്മുടെ ഹൃദയം ദൈവത്തിന്‌ സമർപ്പിക്കുവാൻ ആഹ്വാനം ചെയ്യുന്നത്. ഈ കാരണത്താൽ ദൈവം ഹൃദയ ശുദ്ധിയെ തന്നെ ഏറ്റവും ഇഷ്ടപ്പെടുന്നു. സകലത്തിന്റെയും ഉറവിടം ഹൃദയം.ഈ ഹൃദയത്തിന്റെ അഗാധതയിൽ നിന്നുളവാകുന്ന മായം ഇല്ലാത്തതും (Transparent/pure) ഭയമില്ലാത്തതും പ്രതിഫലം ഇച്ഛിക്കാത്തതുമായ നിർവ്യാജ സ്നേഹത്തിന്റെ ഉറവിടമായി മാറാം.
ദൈവം നിർമ്മല ഹൃദയം (Pure Heart) ഉള്ളവർക്ക് തന്നെ നല്ലവൻ ആകുന്നു നിശ്ചയം. നമ്മേ നിർമ്മലീകരിച്ചുകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം സ്നേഹിപ്പിൻ, ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിപ്പിൻ (1 പത്രോ 1:22, 2 തിമോ 2:22). ദയാലുവോട് നീ ദയാലുവാകുന്നു നിഷ്കളങ്കനോട് നീ നിഷ്കളങ്കൻ ആകുന്നു. നിർമ്മലനോട് നീ നിർമ്മലൻ ആകുന്നു, വക്രനോട് നീ വക്രത കാണിക്കുന്നു (സങ്കി 18:25-26).

യഹോവ സ്വർഗ്ഗത്തിൽ നിന്ന് ചോദിക്കുന്നു “യഹോവയുടെ പർവ്വതത്തിൽ ആർ കയറും അവന്റെ വിശുദ്ധ സ്ഥലത്ത് ആർ നിൽക്കും, വെടിപ്പുള്ള കയ്യും നിർമ്മല ഹൃദയവും വ്യാജത്തിനും മനസ്സ് വയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ” (സങ്കി 24:4) മാത്രം. അവസാനമായി രണ്ട് വാക്കുകൾ കൂടി പറയുന്നു. ഹൃദയശുദ്ധിയുടെ പരമപ്രധാന ലക്ഷണങ്ങൾ നിഷ്കളങ്കൻ,നേരുള്ളവൻ ദൈവഭക്തൻ,ദോഷം വിട്ടകലുന്നതും ആകുമ്പോൾ അനന്തരഫലങ്ങളോ ‘വിശ്വസ്തത’, ‘പരമാർത്ഥഹൃദയം’ ആയിരിക്കും. നാം ദൈവസഭയിലും, ദൈവവിഷയത്തിലും സഹോദരങ്ങളോട് ഇടപെടുന്നതിലും നമ്മുടെ ഓരോ വ്യവഹാരത്തിലും വിശ്വസ്തരോ, നാം നീതിക്കുവേണ്ടി പ്രാണനെ കൊടുത്ത് നേരോടെ ജീവിക്കുന്നവരോ?. വചനത്തിൽ അപ്പൊസ്തലനായ പൌലൊസ് ചോദിക്കുന്നു “ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി.. ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ ചോദിക്കുന്നു “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ” (1 തിമൊ1:12, പ്രവൃ16:15). കർത്താവ് നമ്മേ നോക്കി വിശ്വസ്തൻ/വിശ്വസ്ത എന്ന സർട്ടിഫിക്കറ്റ് തരുവാൻ നാം യോഗ്യരോ?. അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും (സങ്കീ 11:7). നമ്മുടെ നടപ്പും പ്രവർത്തിയും പരമാർത്ഥഹൃദയ പ്രകാരമോ അതോ നീ അതിനോടു യോജിക്കുന്നുവോ (സങ്കീ 94:15).

വചനത്തിൽ കാണുന്നു, ഒരിക്കൽ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതിയ കൈപ്പത്തി രാജാവു കണ്ട ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി എന്നും മറ്റൊരുവൻ വഴിയിൽ വെച്ച് ഒരു മിന്നുന്ന പ്രകാശവും ശബ്ദവും കേട്ട മാത്രയിൽ തന്നേ മൂന്നു ദിവസം കണ്ണു കാണാത്തവനായി തീർന്നെങ്കിൽ അഥവാ കൈപ്പത്തിയുടെ ചലനവും മിന്നുന്ന പ്രകാശവും കണ്ടവരുടെ അവസ്ഥകൾ അങ്ങനെ ആയെങ്കിൽ നമ്മുടെ അരയുടെ ഏപ്പു എത്ര ആടണം നാം എത്രമാത്രം അന്ധരായി തീരണം എന്ന് ശോധന ചെയ്യാം.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.