പാപത്തിൽ ഉറങ്ങുന്നവർ | ബിജു ജോസഫ്, ഷാർജ
(ധ്യാനം: ലുക്ക് 8 : 22 മുതലുള്ള വാക്യങ്ങൾ.)
ഗദരദേശത്തേക്കു തടാകത്തിലൂടെ പടകിൽ കയറിപ്പോകുന്ന യേശുവിനോടും, ശിഷ്യന്മാരോടുമൊപ്പം ആത്മാവിലൊന്നു യാത്രചെയ്യാം. യേശു പടകിൽ കയറി ശിഷ്യന്മാരോടു നമുക്ക് അക്കരക്കുപോകാം എന്ന് പറഞ്ഞു അവർ പുറപ്പെട്ടു. യാത്രയിൽ യേശു ഉറങ്ങിപ്പോയി, അപ്പോൾ തടാകത്തിൽ ഒരു ചുഴലിക്കാറ്റുണ്ടായി, പടകിൽ വെള്ളം നിറഞ്ഞു, അവർ അപകടത്തിലായി. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം എന്തെന്നാൽ ലക്ഷ്യബോധത്തോടെ ശുശ്രുഷക്കായി പോകുന്ന പടകു പ്രതികൂലത്തിന്റെ ചുഴലിക്കാറ്റിനാൽ മുങ്ങുമാറായിരിക്കുന്നു, പടകിൽ യേശുവുണ്ട് എന്നാൽ യേശു ഉറങ്ങുകയാണ്.
യേശുവിന്റെ ഐഹികകാലത്തു അക്ഷരികമായി സംഭവിച്ചത് നാം ഇപ്പോൾ ആ പടകിൽ അവരോടൊപ്പമിരുന്നു ആത്മാവിൽ കാണുകയാണ്. പ്രതികൂലം വരാനുള്ള കാരണം യേശു ഉറങ്ങിപ്പോയതായിരുന്നു. ക്രിസ്തുവിൽ വീണ്ടും ജനനം പ്രാപിച്ച ഒരു ദൈവപൈതൽ ഒരിക്കലും ആത്മാവിൽ ഉറങ്ങാൻ പാടില്ല പ്രതേകിച്ചു ശുശ്രുഷക്ക് പോകുമ്പോൾ, ജഢം ഉറങ്ങിയാലും ആത്മാവ് സദാസമയവും ഉണർന്നു തന്നെയിരിക്കണം. നാഥാ ഞങ്ങൾ നശിച്ചുപോകുന്നു എന്നുള്ള അവരുടെ നിലവിളി കേട്ടാണ് യേശു ഉണർന്നത്, നശിച്ചുപോകുന്നവന്റെ.. മുങ്ങാൻ പോകുന്നവരുടെ.. പ്രാർത്ഥനയുടെ നിലവിളി കേൾക്കുന്നവനാണ് യേശു.
യേശു ഉണർന്നു ആദ്യം കാറ്റിനേയും പിന്നെ അതുമൂലം ക്ഷോഭം ഉണ്ടായ വെള്ളത്തെയും ആണ് ശാസിച്ചതു. യേശുവിന്റെ ശുശ്രുഷക്കെതിരെയുള്ള ഗദരദേശത്തിലെ ലെഗ്യോൻ ബാധിച്ച വ്യക്തിയിലെ പൈശാചികമണ്ഡലം കാറ്റിലൂടെയും വെള്ളത്തിലൂടെയും പ്രവർത്തിച്ചുവെന്നുള്ളതാണ് ഇതിലൂടെ മനസിലാകുന്നത്. ശാന്തമായ തടാകത്തിൽ അഥവാ വെള്ളത്തിൽ കാറ്റടിച്ചതുകൊണ്ടാണ് വെള്ളത്തിന് കോപം ഉണ്ടായതു. പിശാച് കൗശല ജന്തുവായിരുന്ന പാമ്പിൽ കയറി, പാമ്പു വശീകരണ മന്ത്രവുമായി ഹവ്വ അമ്മച്ചിയുടെ അരികിലെത്തി, കീഴടക്കി വിലക്കപ്പെട്ട കനി ഭക്ഷിച്ചു ആദാമിനും കൊടുത്തു പാപം ചെയ്തു. അദൃശ്യമണ്ഡലത്തിൽ പ്രവർത്തിച്ച ലഗ്യോന്യ അഥവാ ദുരാത്മാ ശക്തികളുടെ പ്രത്യക്ഷമായ വ്യാപാരമാണ് കാറ്റിലും വെള്ളത്തിലും നാം കണ്ടത്. കാറ്റിനെയും കടലിനെയും സൃഷ്‌ടിച്ച ദൈവത്തിനു അതിന്റെ രൂപമാറ്റങ്ങൾ മനസിലാകയാൽ അതിനു പിന്നിൽ പ്രവർത്തിച്ച ശക്തിയെ തിരിച്ചറിഞ്ഞാണ് ക്രിസ്തു ശാസിച്ചതു.
ഓരോ ആത്മ മനുഷ്യനും അങ്ങനെ തന്നെയായിരിക്കണം, കാണുന്നതിനെയല്ല വിശ്വസിക്കുകയും ശാസിക്കുകയും ചെയ്യേണ്ടത്. അതായതു കാണുന്ന ദൃശ്യ മണ്ഡലത്തിലെ വ്യക്തികളെയോ വസ്തുക്കളെയോ പ്രകൃതിയെയോ അല്ല നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അദൃശ്യ മണ്ഡലത്തിലെ ആത്മാവിന്റെ പ്രവർത്തികളെയാണ് വിവേചിച്ചു, വിശ്വസിച്ചു, ശാസിക്കേണ്ടത്. യേശു ശാസിച്ചതു ചുഴലിക്കാറ്റിനെയല്ല ചുഴലിയും ശോഭവും ഉണ്ടാക്കിയ അന്ധകാരമണ്ഡലത്തെയാണ്. അവ അമർന്നു ശാന്തത ഉണ്ടായി. ഇത് കഴിഞ്ഞു ശിഷ്യന്മാരോട് അഥവാ ദൈവമക്കളോടു യേശു ചോദിക്കുന്നു നിങ്ങളുടെ വിശ്വാസം എവിടെ? അവരോ ഭയത്തോടും അത്ഭുതത്തോടും ഇവൻ ആർ? കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നു എന്ന് പരസ്പരം പറഞ്ഞു.
ഇവിടെ വിശ്വാസത്തിന്റെ ശോധനയാണ്, ചോർച്ചയുള്ള വിശ്വാസം വിശ്വാസത്തിന്റെ ജീവൻ നഷ്ടപെടുത്തിക്കൊണ്ടിരിക്കുന്നു. ശ്വാസമില്ലാത്ത, ജീവനില്ലാത്ത വിശ്വാസം.. ആർക്കോവേണ്ടി, ആരെയൊകാണിക്കാനോ തൃപ്തിപ്പെടുത്താനോ വേണ്ടി മോർച്ചറിയുടെ ശീതീകരണമുറിയിൽ അല്പകാലം വച്ചിരിക്കുന്ന ശവത്തിനു തുല്യമല്ലോ അഥവാ ശവത്തെ പോലെയാണ്. കാണാത്തകാര്യങ്ങളുടെ നിശ്ചയവും, ആശിക്കുന്നതിന്റെ ഉറപ്പും ഇല്ലെങ്കിൽ വിശ്വാസ ചോർച്ച അഥവാ മങ്ങൽ സംഭവിച്ചിരിക്കും. ദൃശ്യമണ്ഡലത്തിലെ കാഴ്ച മങ്ങിയാൽ ഒരു നേത്രവിദഗ്ദ്ധന്റെ സഹായത്താൽ പരിഹരിക്കപ്പെടാം.. പക്ഷെ! അദൃശ്യമണ്ഡലത്തിലെ കാഴ്ചയുടെ മങ്ങൽ പരിഹരിക്കപ്പെടാൻ ലോകത്തിലെ ഒരു നേത്രവിദഗ്തനാലും കഴിയില്ല. അത് ഇടുങ്ങിയതും ഞെരുക്കവുമുള്ള സത്യത്തിന്റെ പാതയിലൂടെ സദാസമയവും നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവെന്ന ഡോക്ടറിന് മാത്രമേ സാധിക്കുകയുള്ളു.
ക്രിസ്തീയ ജീവിതപടകിൽ ക്രിസ്തു ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതികൂലത്തിന്റെ ചുഴലിക്കാറ്റടിക്കാം. പക്ഷെ ആ ക്രിസ്തുവിലുള്ള വിശ്വാസം അഥവാ വിശ്വാസവീര്യം അതിനെ അതിജീവിച്ചു മുൻപോട്ടു പോകാൻ നമ്മെ സഹായിക്കും, വിളിച്ചവൻ വിശ്വസ്തനാണ്. വിശ്വാസത്തിനു അൽപ്പം കോട്ടം സംഭവിച്ചാലും മുങ്ങി നശിച്ചുപോകാൻ അനുവദിക്കുന്നവനല്ല യേശു, നാലാം യാമത്തിലും വന്നു വിടുവിച്ചു, തീരത്തു അണയാൻ സഹായിക്കും. നമ്മെ മുക്കിക്കളഞ്ഞു നശിപ്പിക്കാൻ കരുത്തുള്ള വിഷയങ്ങളുടെമേൽ ചവിട്ടിനിൽക്കാൻ നമ്മെ പരിശീലിപ്പിച്ചു വിടുവിക്കുന്നു.
പടകു ഇപ്പോൾ ഗദരദേശത്തു എത്തി, കരക്കിറങ്ങിയ യേശുവിനു അഭിമുഖമായി ലെഗ്യോൻ ബാധിച്ച മനുഷ്യൻ നഗ്നനായി കടന്നു വരുന്നു. യേശുവിനെ കണ്ടിട്ടു അവൻ നിലവിളിച്ചു യേശുവിന്റെ മുൻപാകെ വീണു. “യേശുവേ മഹോന്നതനായ ദൈവത്തിന്റെ പുത്രാ എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാൻ അപേക്ഷിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.” കുറച്ചു മുൻപ് തടാകത്തിലിരുന്നപ്പോൾ അദൃശ്യ മണ്ഡലത്തിൽ മറഞ്ഞിരുന്നു കാറ്റിലൂടെയും വെള്ളത്തിലൂടെയും പ്രവർത്തിച്ചു പടകിനെ മുക്കുവാൻ ശ്രമിച്ച ആ അന്ധകാരശക്തി അക്ഷരികമായി ഇപ്പോൾ നേരിട്ട് ആ യുവാവിലൂടെ അപേക്ഷിക്കുന്നു. വളരെ കാലമായി ലെഗ്യോൻ അവനെ ബാധിച്ചിരുന്നു. യേശു അത് വിവേചിച്ചു അവനെ ശാസിച്ചപ്പോൾ പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതേ എന്നവൻ അപേക്ഷിച്ചു, അവർ അനേകരുണ്ടായിരുന്നു. മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു അവയിൽ കടക്കാൻ യേശു അനുവാദം കൊടുത്തു. ഭൂതങ്ങൾ മനുഷ്യനെ വിട്ടു പന്നിക്കൂട്ടത്തിൽ കടന്നു പന്നിക്കൂട്ടം കടുംതൂക്കത്തൂടെ തടാകത്തിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു. ഇവിടെ പന്നി പാപസ്വഭാവമുള്ള മനുഷ്യനെയും, ചെളി പാപത്തെയും കാണിക്കുന്നു, ചെളിയിൽ വീഴാൻ വശീകരിക്കുന്നവൻ പിശാചും. ഭൂതം വിട്ടുപോയപ്പോൾ പാപത്തെക്കുറിച്ചു ബോധം വന്നു, സുബോധം പ്രാപിച്ച യുവാവ് യേശുവിനോടൊപ്പം ചെല്ലുവാൻ അനുവാദം ചോദിച്ചപ്പോൾ യേശു അവനോടു “നീ വീട്ടിൽ ചെന്ന് ദൈവം നിനക്ക് ചെയ്തതൊക്കെയും അറിയിക്കുക.” അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും പട്ടണത്തിൽ എല്ലായിടത്തും അറിയിച്ചു. കർത്താവിന്റെ ആത്മാവ് ഇതു തന്നെയാണ് നമ്മോടും പറയുന്നത്.
സ്വർഗ്ഗത്തിലേക്കു കയറിപോകും മുൻപ് യേശു ശിഷ്യന്മാരോട് “നിങ്ങൾ എന്റെ സാക്ഷികൾ ആകുക” എന്നാണ് പറഞ്ഞത്, സമാന വാക്കുകൾ തന്നെയാണ് ആ യുവാവിനോടും യേശു പറഞ്ഞത്. ഒരിക്കൽ ഇതുപോലെ ആദാമ്യപാപത്തിന്റെ ചെളിക്കുഴിയിൽ തിമിർത്തു ജീവിക്കുന്ന പന്നികളെ പോലെയായിരുന്നു നാമും. പാപം കുഴപ്പിക്കുന്ന അഴുക്കായിരുന്നു, ആ ചേറ്റിൽ താഴും എന്നറിഞ്ഞിട്ടും, നൈമിഷികസുഖം കണ്ടെത്താൻ ശ്രമിക്കുന്ന, പ്രാകൃതരും, അനേക ഭൂതം ബാധിച്ചു സുബോധം നഷ്ടപ്പെട്ടിരുന്നവരുമായ നമ്മെ സ്നേഹസമ്പന്നനായ പിതാവ് തന്റെ പുത്രനെ അയച്ചു ആ ബാധയിൽനിന്നു.. ബന്ധനത്തിൽ നിന്ന് നമ്മെ വിടുവിച്ചു, പിതാവിന്റെ രാജ്യത്തിൽ ആക്കിവെച്ചിരിക്കുകയാണ്, എന്തിനുവേണ്ടി? ഭവനത്തിലേക്ക്, വീട്ടുകാരുടെ, ചാർച്ചക്കാരുടെ, ബന്ധുമിത്രാദികളുടെ അടുക്കലേക്കു മടങ്ങിച്ചെന്നു ദൈവം നമുക്ക് ചെയ്തതൊക്കെയും അവരെ അറിയിക്കുക. ഇതുവരെയും നാം ദൈവം നമുക്ക് ചെയ്തതൊക്കെയും ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇത് സുപ്രസാദദിനം.. കാലം.. നിമിഷങ്ങൾ.. വൈകരുത് കാന്തൻ വരാറായി നമ്മിൽ നിന്ന് വിട്ടുപോയ ഭൂതം നമുക്കുചുറ്റും, നമ്മുടെ ഭവനത്തിന്റെ പടിവാതിൽക്കലും ഉണ്ട് അവനു നമ്മോടാണ് കാര്യം, നമുക്കോ വേഗം വരുന്ന നമ്മുടെ അരുമ മണവാളനോടും. അപ്പോൾ അവൻ നമ്മോടു പറഞ്ഞിരിക്കുന്ന അവന്റെ കല്പനകൾ അവന്റെ മൊഴികൾ രാപ്പകൽ ധ്യാനിച്ചു അനുസരിയ്ക്കാം. അവന്റെ സാക്ഷികളാകാം ഭവനത്തിൽ, പട്ടണത്തിൽ, രാജ്യങ്ങളിൽ, അവനെ പ്രഘോഷിച്ചു സാക്ഷീകരിക്കാം.
അനേകർ നമുക്കുചുറ്റും ലെഗ്യോൻ ബാധിച്ചു ആദാമ്യ പാപത്തിന്റെ ശവക്കല്ലറകളിൽ അഭയം പ്രാപിച്ചിരിക്കുന്നു. നമ്മെ വിടുവിച്ചു പുറത്തു കൊണ്ടുവന്ന, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും രാജ്യത്തിൽ അവരെയും ചേർക്കണം അതിനായിട്ടല്ലോ പാപത്തിന്റെയും അശുദ്ധിയുടെയും പ്രതീകങ്ങളായിരുന്ന പന്നിയുടെയും ചെളിയുടെയും കുഴഞ്ഞ ചേറ്റിൽ നിന്നും നശിച്ചുപോകാതെ നമ്മെ വിടുവിച്ചു പുറത്തു കൊണ്ട് വന്നത്. ഇത് നമ്മൾ ചെയ്തില്ലെങ്കിൽ? ആദ്യം യഹൂദ്യയിലും, യെരുശലേമിലും, ശര്യയിലും ഭൂമിയുടെ അറ്റത്തോളവും നിങ്ങളെന്റെ സാക്ഷികളാകുവിൻ എന്ന അരുമ നാഥന്റെ സ്നേഹമൊഴികൾ, ഒപ്പം ഞാൻ നിങ്ങൾക്ക് സകല അധികാരവും നൽകിയിരിക്കുന്നു, ഞാനോ ലോകാവസാനത്തോളവും നിങ്ങളോടു കൂടെയുണ്ട്, ഞാൻ നിങ്ങളെ ഒരുനാളും ഉപേക്ഷിക്കില്ല.. അധികാരം തന്നിരിക്കുന്ന ദൈവം കൂടെ ഇരിക്കാമെന്നു ഉറപ്പു തന്ന ദൈവം ഇതിൽ കൂടുതൽ എന്തുറപ്പാണ് നമുക്ക് വേണ്ടത് അവന്റെ സാക്ഷികളാകുവാൻ.. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Comments are closed, but trackbacks and pingbacks are open.