ലേഖനം: തുറന്ന പുസ്തകമോ, ക്രിസ്തുവിൻ പത്രമോ | രാജൻ പെണ്ണുക്കര
പലപ്പോഴും വിശ്വാസികൾ സ്വയം അടിയൻ, ഏഴ, പുഴു, പൊടി, ദാസി, ദാസൻ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് കേട്ടിട്ടില്ലേ? എന്നാലിപ്പറച്ചിലൊക്കെ താഴ്മയുടെയും സൗമ്യതയുടെയും യഥാർത്ഥ ലക്ഷണമാണോ?. യഥാർത്ഥത്തിൽ നാം ആരാണെന്ന ബോധ്യം നമുക്കുണ്ടോ, “അതോ നാം വേറെ എന്തെങ്കിലും ആകുവാൻ ആഗ്രഹിക്കുന്നുവോ” എന്ന ചോദ്യം നമ്മുടെ മുൻപിൽ നിൽക്കുന്നു.
അപ്പോസ്തൊലനായ പൗലോസ് 2 കൊരിന്ത്യർ 3 ആം അധ്യായതിൽ ഇങ്ങനെ പറയുന്നു: ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ “പത്രം” നിങ്ങൾ തന്നേ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ “ക്രിസ്തുവിൻ പത്രമായി” നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു. ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു. അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.”
ഞാനിയും പറയുന്ന വാക്കുകളോടെ പൂർണ്ണമായി നിങ്ങൾക്ക് യോജിക്കാനും അംഗീകരിക്കാനും കഴിയുമോ എന്നറിയില്ല എങ്കിലും പറയാതെ തരമില്ലല്ലോ. യഥാർത്ഥത്തിൽ നാം സമൂഹത്തിലും ആത്മീക ജീവിതത്തിലും ഒരു തുറന്ന പുസ്തകവും പത്രവും അല്ലേ? അഥവാ ആകുന്നുവോ എന്ന് സ്വയമൊന്ന് ശോധന ചെയ്യണം. നാമെല്ലാം സമൂഹത്തിലെ ഓരോ പാഠപുസ്തകങ്ങൾ ആകുമ്പോൾ നമ്മുടെ നന്മകളും തിന്മകളും, കുത്തും കോമയും, നല്ലതും തീയതും, തെറ്റുകളും ശരികളും ഹൈലൈറ്റ് ചെയ്ത് അടിവരയിട്ട് സൂക്ഷിച്ച് നമ്മേ നിരന്തരം വായിക്കുന്ന, വീക്ഷിക്കുന്ന ഒരു വലിയ സമൂഹവും, വളരുന്ന തലമുറയും നമുക്കു ചുറ്റുമുണ്ടെന്ന സത്യം സ്മരിച്ചാൽ നന്ന്. മാത്രവുമല്ല നാമാകുന്ന പത്രത്തിന്റെ ഉടമസ്ഥൻ ക്രിസ്തു ആണെന്ന് പ്രത്യേകം പൗലോസ് പറയുന്നുണ്ട്. അതുകൊണ്ട് നാം നമുക്കുള്ളവരല്ല മറിച്ച് ക്രിസ്തു നമ്മേ വിലയ്കു വാങ്ങിയിരിക്കുന്നു എന്ന സത്യം മറക്കരുത്.
വളവും തിരിവും വക്രതയും മറയുമില്ലാത്ത തുറന്ന പുസ്തകം പോലൊരു നല്ല മനസ്സു കൂടി ഒരു മനുഷ്യനുണ്ടാക്കാനായാല്‍ ആ ജീവിതയാത്ര എത്ര സൗരഭ്യവാസനയായി മാറാനും, ആ ജീവതയാത്രയിൽ ഏറ്റവും സന്തോഷമുള്ള വ്യക്തിയായും നമുക്കൊരോരുത്തർക്കും മാറാനാകും.
പലരും പറയുന്നത് കേട്ടില്ലേ, എത്രയോ വർഷങ്ങളായി അവനെ, അവളെ അറിയാം, അവരുടെ കൂടെ സഹകരിക്കുന്നു എന്നിട്ടും ഇന്നുവരെയും അവരെ പൂർണ്ണമായി മനസ്സിലാക്കാനോ വായിച്ചറിയാനോ സാധിച്ചിട്ടില്ല. എത്ര വാസ്തവമാണാസാക്ഷ്യം. കാരണം നാം പലരുടേയും മുന്നിൽ അടഞ്ഞ അദ്ധ്യായം പോലെയോ, മാഞ്ഞുപോയ അക്ഷരങ്ങൾ പോലെയോ, വായിച്ചാൽ അർത്ഥം മനസിലാക്കാത്ത അവസ്ഥയിലോ,l താളുകൾ ഒട്ടിപ്പിടിച്ച് മറിച്ചാൽ കീറുന്ന ജീർണ്ണിച്ച അവസ്ഥയിലെ, മഷി പടർന്ന അവസ്ഥയിലോ ആയി തീർന്നിട്ടില്ലേ. എന്താണ് ഇതിനെല്ലാം കാരണങ്ങൾ?.
താളുകളിൽ തെറ്റുകൾ വരാം, എന്നാൽ ആ താളുകൾ വലിച്ചുകീറി കളയുകല്ല മറിച്ച് തെറ്റുകൾ തിരുത്താൻ ശ്രമിക്കണം. ചിലർ തെറ്റുകളെ പേന കൊണ്ട് കുരുകുരാ വരച്ച് മൂടി മറയ്ക്കുന്നത് കാണാറുണ്ട്. എന്നാൽ തെറ്റുകളെ വെട്ടിയിട്ട് അവിടെ ഒരു തിരുത്തൽ വരുത്തിയാൽ പിന്നീട് വായിക്കുന്നവർക്ക് ആ വരിയിൽ പറ്റിയ തെറ്റും തിരുത്തിയ ശരിയും മനസ്സിലാകും. അതായിരിക്കണം ജീവിതം, അല്ലാതെ തെറ്റുകളെ മനഃപൂർവം മറച്ച് വെച്ച് സ്വയം നീതികരിക്കുന്നതല്ല ജീവിതം.
എന്നാൽ ചില താളുകൾ കീറേണ്ടിയ സന്ദർഭം ഉണ്ടാകുമെന്നതും വേറെ സത്യം. ചില സന്ദർഭത്തിൽ തെറ്റ് എന്നത് ജീവിതമെന്ന നീണ്ട പുസ്തകത്തിലെ ഒരു പേജ് മാത്രമായിരിക്കും.. എന്നാൽ ജീവിതമെന്നത് മുഴുവൻ പുസ്തകമാണ്, അത് എത്ര വായിച്ചാലും എഴുതിയാലും തീരാത്ത പുസ്തകം എന്നുപറഞ്ഞാലും ശരിയല്ലേ. അത്യാവശ്യമായി വന്നാൽ മാത്രം തെറ്റ് എന്ന ഒരു പേജ് മാത്രം കീറി കളയുന്നതുകൊണ്ട് കുഴപ്പമില്ല.. എന്നാൽ ഒരിക്കലും ഒരു പേജിനായി മുഴുവൻ പുസ്തകത്തെയും വലിച്ചെറിയരുത്, നശിപ്പിക്കരുത്!.
വായനയാണ് മനുഷ്യന്റെ ചിന്താമണ്ഡലങ്ങളെ ഉണർത്തുന്നത് അത് അറിവ് പകരുന്നു, നന്മയും തിന്മയും നല്ലതും തീയതും നമ്മേ പഠിപ്പിക്കുന്നു. പത്രമാണ് സമൂഹത്തേ മാറ്റി മറിക്കുന്നതും ചിന്തിപ്പിക്കുന്നതും. ഇന്നത്തെ പത്രം നാളെ പുതുമ തരുന്നില്ല, കാരണം ഇന്നത്തെ വാർത്ത നാളത്തെ ചരിത്രമായി കഴിഞ്ഞിരിക്കുന്നു. പിന്നെയത്തിന് ചവറുകടലാസ്, ആക്രിയുടെ വില മാത്രം എന്നത് സത്യമല്ലേ. ചില പുസ്തകത്തിന്റെ ആമുഖം നന്നായിരിക്കും പക്ഷെ അവസാനം മോശവും അതുപോലെ തിരിച്ചും ആകും. എന്നാൽ ദൈവം ആഗ്രഹിക്കുന്നത് ആരംഭത്തേക്കാൾ അവസാനം നന്നായിയിരിക്കണം എന്നല്ലേ. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ അച്ചടിച്ചു വരുന്ന പത്രത്തിന്റെ പ്രസക്തി എത്ര എന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്.
എന്നാൽ നാമാകുന്ന പത്രം അനുനിമിഷവും ശുഭവചനത്താൽ കവിയുന്നതാകണം, നിർഭയം സത്യം മാത്രം വിളിച്ചു പറയുന്ന പത്രങ്ങളും പുസ്തകവും ആയി മാറണം. നാമാൽ നമ്മിൽ എഴുതപ്പെടുന്ന ഓരോ വരികളും ഹൃദയത്തിൽ എഴുതുന്ന വരികൾ ആയി മാറണം, അത് മഷികൊണ്ടല്ല മറിച്ച് ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ, കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയാൽ മറ്റുള്ളവർക്ക് വിടുതലും ആശ്വാസവും ആയി ഭവിക്കും. എന്നാൽ നാം ഒരിക്കൽ പോലും പൊട്ടിച്ചിന്നിയ കണ്ണാടിയിൽ കാണുന്ന ഒരാളുടെ പല രീതിയിലുള്ള പ്രതിബിബങ്ങൾ പോലെയാകാതെ, കൈപ്പാടുകൾ ഒട്ടുമേയില്ലാത്തതും പൊട്ടിച്ചിന്നി (Crack) പോകാത്ത കണ്ണാടിയിലെ വ്യക്തമായ പ്രതിബിബമായി മാത്രം തീരണം.
എഴുത്ത് എത്ര നന്നായാലും മറ്റൊരാൾ നോക്കുമ്പോൾ എന്തെങ്കിലും ഒന്ന് തിരുത്തുവാൻ അവർക്കുണ്ടാവും. ജീവിതവും ഇതുപോലെ തന്നെയല്ലേ, എത്ര നന്നായി ജീവിച്ചാലും മറ്റുള്ളവർക്ക് തിരുത്താനുണ്ടാവും!
അക്ഷരങ്ങൾ നിഷ്കളങ്കരും നിരുപദ്രവിക്കളാണ്. എന്നാൽ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്, ആ അക്ഷരങ്ങളാൽ ചേർത്തുവെച്ച വാക്കുകളാണെന്നത് എത്രസത്യം ആകുന്നു.
നാമാകുന്ന പത്രങ്ങളെ നാളേയും കണ്ടുമുട്ടണം, വായിക്കണം എന്ന ജിജ്ഞാസ നാം മറ്റുള്ളവരിൽ ഉണ്ടാക്കിയെടുക്കുന്നുവോ. നമ്മിലെ ചില ഗുണപാഠങ്ങൾ നാളേക്കുള്ള ഉദാഹരണങ്ങളും, അടയാളങ്ങളും നിർദ്ദേശങ്ങളും (Reference), മാതൃകയും സാക്ഷ്യങ്ങളും ആയി മാറുന്നുവോ. നാമാകുന്ന പത്രത്തിന്റെ മൂല്യവും അതിലെ സന്ദേശങ്ങളുടെ സത്യസന്ധതയും നാം സ്വയം തിരിച്ചറിയുന്നുവോ?.
നമുക്കും ക്രിസ്തുവിന്റെ പത്രമായി, മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം ആയി മാറുവാൻ കഴിയുമോ?. നാം സത്യത്തേ വിൽക്കുന്ന പത്രങ്ങളോ അതോ വാങ്ങുന്ന പത്രങ്ങളോ, സ്വയം ശോധന ചെയ്യാം.
നാമാകുന്ന പത്രത്തിൽ അഥവാ പുസ്തകത്തിൽ കൂടി ക്രിസ്തുവിന്റെ ഭാവങ്ങൾ ആകുന്ന സൗമ്യത, താഴ്മ, വിനയം, സ്നേഹത്തിന്റെ വല്ല ആശ്വാസം, ആത്മാവിന്റെ വല്ല കൂട്ടായ്മ, ആർദ്രത, മനസ്സലിവ്, ഏകമനസ്സ്, ഏകസ്നേഹം, ഐക്യത, ഏകഭാവം, എല്ലാത്തിലും മീതെ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണുവാനുള്ള മനോഭാവം ഒറ്റവാക്കിൽ പറഞ്ഞാൽ യേശുവിന്റെ പ്രതിബിബം മറ്റുള്ളവർക്ക് ദർശിക്കുവാൻ കഴിയുന്നുണ്ടോ, അതോ നാം വെറും പരസ്യങ്ങൾ മാത്രമോ…
വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക (തീത്തൊ 2:7).
🙏മാറാനാഥാ🙏
(രാജൻ പെണ്ണുക്കര
Comments are closed, but trackbacks and pingbacks are open.