ചെറുചിന്ത: ദൈവീക പദ്ധതികൾ | ദീന ജെയിംസ്

ഓരോ മനുഷ്യന്റേയും ജീവിതത്തെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയും ഉദ്ദേശ്യവുമുണ്ട്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുന്നമേ ഉടലെടുക്കാൻ പോകുന്നവൻ എന്താകുമെന്ന് ദൈവം നിർണ്ണയിക്കും. ഉൽപാദിതമായ ജീവന്റെ തുടിപ്പ് നിശ്ചലമായി ഭൂമിയോട് വിടപറയുംവരെ ദൈവഹിതാനുസൃതമായാണ് ഓരോരുത്തരുടെയും ജീവിതചക്രം ഓടുന്നത്.ഒരായിരം മനക്കോട്ടകളും ആഗ്രഹങ്ങളും നെയ്തുകൂട്ടിയാലും സൃഷ്‌ടിച്ചവന്റെ പദ്ധതികൾ മാത്രം സഫലമാകും.കർത്താവ് കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? ( വിലാ 3:37)

ഒരുവന്റെ മേലുള്ള ദൈവീക പദ്ധതികളെ ഇല്ലാതാക്കുവാൻ അവന് സ്വയമോ, ലോകത്തിലുള്ള യാതൊന്നിനോ സാധിക്കുകയില്ല. ഏതെല്ലാം സാഹചര്യങ്ങളിൽകൂടി കടന്നുപോയാലും ദൈവീക ഉദ്ദേശ്യം ഓരോരുത്തരിലും പൂർത്തിയാകും.
തിരുവചനത്തിലുടനീളം ദൈവത്തിന്റെ പദ്ധതികൾക്ക് വേണ്ടി ഉപയോഗിക്കപ്പെട്ട വ്യക്തികളെ കാണാം. ശാരീരികപോരായ്മ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച മോശയിലൂടെ ദൈവീക പദ്ധതി പൂർത്തിയായി(പുറപ്പാട് 4:10,11)
ശത്രുവിന്റെ വെല്ലുവിളിക്കുമുന്നിൽ ഭയപ്പെട്ട് ഇനി മരിച്ചാൽ മതിയെന്ന് ആഗ്രഹിച്ച ഏലിയാവിലൂടെ ദൈവം ആഗ്രഹിച്ചത് രണ്ടു രാജാക്കന്മാരെ അഭിഷേകം ചെയ്യാനും ഏലിശയെ പ്രവാചകനായിട്ട് അഭിഷേകം ചെയ്യാനുമായിരുന്നു. ആ ദൈവീക പദ്ധതി ഏലിയാവിനെക്കൊണ്ട് തന്നെ ദൈവം പൂർത്തീകരിച്ചു. (1 രാജാ 19:15-16)
സാഹചര്യങ്ങളെ നോക്കി വഴിമാറി യാത്ര ചെയ്ത യോനായ്ക്കും ദൈവീകപദ്ധതി നിറവേറ്റേണ്ടതായി വന്നു. ( യോനാ 3:3,4)

 

മാനുഷികമായ പരിമിതികൾ ഒന്നും ദൈവീക പദ്ധതികൾക്ക് തടസമാകുന്നില്ല. നമ്മിലൂടെയുള്ള ദൈവഹിതം തിരിച്ചറിഞ്ഞു അതിനുവേണ്ടി കാൽച്ചുവടുകൾ വയ്ക്കുമ്പോൾ ദൈവം തന്റെ പ്രവർത്തി ആരംഭിക്കും. ദൈവീക പദ്ധതിയ്ക്ക് വേണ്ടി നമ്മെത്തന്നെ സമർപ്പിക്കുക… പൂർത്തീകരിക്കുന്നത് ദൈവമാണ്.
കന്യകയായിരുന്ന മറിയ ദൂതനിൽ നിന്ന് കേട്ട ദൈവീകപദ്ധതി തികച്ചും വ്യത്യസ്തതയുള്ളതായിരുന്നു. മാനുഷിക രീതിയിൽ ചിന്തിക്കുമ്പോൾ അതിന്റെ പരിണിതഫലം വേദനയേറിയതാണ്. എങ്കിലും ദൈവീക പദ്ധതിയ്ക്ക് വേണ്ടി മറിയ സ്വയം സമർപ്പിച്ചു. (ലൂക്കോസ് 1:38) ലോകരക്ഷകനെ ഉദരത്തിൽ വഹിക്കുവാൻ അവൾക്ക് ഭാഗ്യം ലഭിച്ചു!!!
നാലുചുറ്റും പ്രതികൂലസാഹചര്യം മാത്രമെങ്കിലും ദൈവീക പദ്ധതി നിറവേറും… അതിനായി ആരെ ദൈവം തിരഞ്ഞെടുത്തുവോ അവരിലൂടെത്തന്നെ…
ദൈവത്തിന്റെ പദ്ധതിയ്ക്കായി സമർപ്പിക്കാം ; അനുഗ്രഹിതരാകാം.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.