അതിർ വരമ്പുകൾ | രാജൻ പെണ്ണുക്കര

എല്ലാത്തിനും ഒരു അതിർ (Boundary, Limits) അഥവാ നിയന്ത്രണ രേഖ (Line of control) വെച്ചിട്ടുണ്ട്. അതിരിനെ വേറൊരർത്ഥത്തിൽ അവസാനം, അന്തം എന്നോക്കെയും വിശേഷിപ്പിക്കാം. ഭൂപരപ്പിൽ മനുഷ്യ നിർമിതമായ അതിർ ഇല്ലാത്ത ഒരുകാര്യവും ഉണ്ടാവില്ല. രാജ്യങ്ങൾ തമ്മിലും, സംസ്ഥാനങ്ങൾ തമ്മിലും നമ്മുടെ വസ്തുവിനും തുടങ്ങി എല്ലാത്തിനും അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. ഒരു പ്രകാരത്തിൽ അതിർ നല്ലതുതന്നേ. യഥാർത്ഥത്തിൽ ഇതെല്ലാം മനുഷ്യനിർമിതമായ അതിരുകൾ ആകുമ്പോൾ തന്നേ ആര് അതിർ ലംഘിച്ച് കയറിയാലും കുറ്റ കൃത്യമാണ് (Trespassing). മാത്രവുമല്ല അതിർ വിളിച്ചു പറയുന്ന വലിയ സത്യം അപ്പുറത്തുള്ളത് നിന്റേതും ഇപ്പുറത്തുള്ളത് എന്റേതും എന്നല്ലേ. അപ്പോൾ ഒന്നു ചോദിക്കട്ടെ ദൈവനിർമിതമായ അതിർ ലംഘിച്ചാലുള്ള പരിണിത ഫലങ്ങൾ എന്താണെന്ന് മനുഷ്യൻ ഊഹിക്കാറുണ്ടോ?.

എന്നാൽ ദൈവ വചനം വായിക്കുമ്പോൾ ദൈവത്താൽ വരക്കപ്പെട്ട, നിർമിതമായ (കല്പിതമായ) അനേക അതിരുകൾ കാണുവാൻ സാധിക്കുന്നു. “അവന്നു ലംഘിച്ചു കൂടാത്ത അതിർ നീ വെച്ചിരിക്കുന്നു.. അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു.. ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു.. ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.. വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും” (ഇയ്യോ 14:5, 26:10, 38:10, സങ്കീ 104:9, സദൃ 8:29). ഇതിന്റെ എല്ലാം പ്രധാന ഉദ്ദേശം വരച്ച വരയ്ക്ക് ഇപ്പുറം കടക്കരുത് എന്ന മുന്നറിയിപ്പല്ലേ. അതിരിനെ വേറെ രീതിയിൽ പറഞ്ഞാൽ കാലം എന്നോ സമയം എന്നുകൂടി വ്യാഖ്യാനിക്കാം. അപ്പോൾ എല്ലാത്തിനും ഒരു അതിർ, കാലം, സമയം, അവസാനം വെച്ചിട്ടുണ്ട് എന്ന് ചുരുക്കം.

ലോകത്തുള്ള സകല ഏകധിപത്യത്തിനും, സകല അനീതിക്കും സകല അധർമത്തിനും അന്യായത്തിനും അസത്യത്തിനും അട്ടിമറിക്കും സകല കൗശല പ്രവർത്തനങ്ങൾക്കും ദൈവം ഒരു അതിർ വെച്ചിട്ടുണ്ടെന്ന സത്യം പലപ്പോഴും മനുഷ്യൻ മറന്നുപോകുന്നു. ഇതിന്റെയെല്ലാം തുടക്കത്തിൽ ഒരു പച്ചപ്പും ഒരു തല്ക്കാലിക ജയവും സമർദ്ധിയും സന്തോഷവും കയ്യടിയും ഉണ്ടെന്നുള്ളത് വാസ്തവമാണ്. അതിന്റെ പല ഉദാഹരണങ്ങളും നമ്മുടെ കണ്മുന്നിൽ ഇന്നും നിലനിൽക്കുന്നു. എന്നാൽ ആ വിജയത്തിനെല്ലാം കുമിള പോലെയുള്ള അൽപ്പായുസ്സ് മാത്രമേ ഉള്ളൂ എന്നതാണ് പരമമായ സത്യം.

പല അതിർ വരമ്പുകളും ഭേതിച്ച് സകല തന്ത്രങ്ങളും കുതന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ട് കൈവരിക്കുന്ന ആത്മീകലോകത്തിലെ അട്ടിമറിയും അതിനോട് ചേർത്തുള്ള വൻവിജയവും ആഘോഷവും കാണുമ്പോൾ “ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു” ദൈവവും അവരുടെ പക്ഷത്തോ എന്ന് മാനുഷിക നിലയിൽ പലപ്പോഴും ചിന്തിച്ചുകൂട്ടി പലരുടേയും മനസ്സുമടുത്തു പോകുന്ന അല്ലെങ്കിൽ വിശ്വാസത്തിൽ ക്ഷീണവും സംശയവും വന്നു പോകുന്ന സ്ഥിതിവിശേഷവും വന്നിട്ടില്ലേ. എന്നാൽ ഇവിടെയും പറയുവാനുള്ളത് സകല അനീതിക്കും അധർമ്മത്തിനും ദൈവം വിരൽ കൊണ്ട് അതിർവരച്ചിട്ടുണ്ട്.

ലോക ചരിത്രം നോക്കിയാൽ ഇങ്ങനെ വാണ പാരമ്പര്യ വാഴ്ചകളും ശക്തികളും ഭരണവും കൂട്ടുകെട്ടും വിജയങ്ങളും ചില നാളുകൾക്ക് ശേഷം നാമാവിശേഷം ആകുന്ന രീതിയിൽ വൻവീഴ്ച വന്നു എന്ന് കാണുന്നു. വാഴ്ചകളെ വീഴ്ചയാക്കുന്ന ദൈവം എല്ലാത്തിനും അതിർ വരച്ചു വെച്ച് അധിക നാൾ ഇങ്ങനെയുള്ളവരെ വാഴാൻ അനുവദിക്കില്ല എന്നതാണ് സത്യം. എന്നാൽ ചില സന്ദർഭങ്ങളിൽ ഇങ്ങനെയുള്ളവർ എവിടെ വരെ പോകുന്നു എന്ന് കാണുവാൻ ദൈവവും ചരടയച്ചയച്ചു വിടാറുണ്ട്, പക്ഷെ ചൂണ്ടക്കാരന്റെ കൈയ്യിലെ ചരടുപോലെ ഒരു നാൾ ചരട് തിരിച്ചു വലിച്ചു മുറുക്കുന്ന ദിനം ഉണ്ടെന്ന സത്യം മനുഷ്യൻ എപ്പോഴും മറക്കുന്നു. ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാത്ത കാലം. വാഴ്ചയുടെ ഉയരം കൂടുംതോറും വീഴ്ചയുടെ അഗാധവും കൂടും എന്നതാണ് തത്വം. സങ്കീർത്തനക്കാരൻ (7:12) പറയുകയാണ് “മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.”

ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു (സഭാ 8:11). ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; (യെശ 26:10). ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും (സങ്കീ 50:21).

മനുഷ്യൻ വിതക്കുന്നത് തന്നേ കൊയ്യും (ഗലാ 6:7) എന്ന തത്വപ്രകാരം, ചതിവിന്റെയും അട്ടിമറിയുടെയും, കൗശലത്തിന്റെയും പകയുടേയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ പാകി സ്നേഹം കൊയ്യാമെന്നും, പുറമേ അഭിനയിച്ച് ആത്മീകൻ ആകാം എന്ന് വിചാരിക്കുന്നുവെങ്കിൽ ദൈവം അതിന് ഒരു അതിർ വരച്ചിട്ടുണ്ട് നിനക്ക് അവിടെ വരെ പോകാം അതിനപ്പുറം ദൈവത്തിന്റെ ഊഴം എന്ന സത്യം മറക്കരുത്. അതു വരെയുള്ളൂ ദൈവത്തിന്റെ ദയയുടെയും കരുണയുടെയും ചരടിന്റെ നീളം എന്ന് മനുഷ്യൻ മനസ്സിലാക്കിയാൽ നന്ന്.

എല്ലാമനുഷ്യരും പ്രേത്യേകിച്ച് ദൈവപൈതലെന്ന് സ്വയം അഭിമാനിക്കുന്നവർ അറിഞ്ഞിട്ടും ഗൗരവമായി എടുക്കാത്ത ഒരു സത്യം ഉണ്ട്‌. നീ അന്യന്റെ മുതൽ കബളിപ്പിച്ച് അന്യായമായി തട്ടിപ്പറിച്ചിട്ടുണ്ടെങ്കിൽ, നാം കാരണം നിന്റെ സഹോദരന്, ഒരന്യവ്യക്തിക്ക് അകാരണമായി മനസ്സ്തകർന്ന് നെടുവീർപ്പോടെയും കണ്ണീരോടെയും ഇറങ്ങി പോകേണ്ടിയ അവസ്ഥ ഉണ്ടാക്കിയെങ്കിൽ, കണ്ണീർ കയത്തിൽ അവരെ താഴ്ത്തി ഒന്നുമില്ലാത്തവൻ ആക്കിത്തീർത്തു എങ്കിൽ, ഒരു വ്യക്തിയുടെ സ്വാർത്ഥമായ പ്രവർത്തി കൊണ്ടോ വ്യക്തി നേട്ടങ്ങൾക്കായോ മറ്റൊരാളെ ബലിയാടാക്കി, മറ്റൊരാളിന്റെ മുതുകത്ത് ചവിട്ടി വിജയം കൈവരിച്ചു എങ്കിൽ നിശ്ചയമായും അങ്ങനെ ചെയ്തവരുടെ അവസ്ഥയും അതുതന്നേയായിരിക്കും എന്ന് സത്യം ആരെങ്കിലും ഗൗരവമായി കാണാറുണ്ടോ.

“എല്ലാവരെയും കുറച്ച് കാലം പറ്റിക്കാം, കുറച്ചു പേരെ എല്ലാകാലവും, പക്ഷെ എല്ലാവരെയും എല്ലാകാലവും പറ്റിക്കാൻ പറ്റില്ല..” എന്ന ലോക തത്വം നാം ഓർത്തിരിക്കുന്നത് നല്ലതാണ്…

ദൈവത്തിന്റെ കയ്യിൽ അളവ് കൃത്യമായി കാണിക്കുന്ന ത്രാസ്സുണ്ട്, “നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും” (മത്താ 7:2) എന്ന പരമമായ സത്യം പലപ്പോഴും ഓർക്കാതെ പോകുന്നതാണ് മനുഷ്യന് തെറ്റുകൾ വീണ്ടും വീണ്ടും ചെയ്യുവാൻ പ്രേരണ ഘടകം ആയി മാറുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടും, വേലി ചാടുന്ന പശുവിന് കോലുകൊണ്ട്….. എന്ന പഴഞ്ചൊല്ലുകൾ കേട്ടിട്ടില്ലേ!. എല്ലാത്തിനും ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും വരും നിശ്ചയം; താമസിക്കയുമില്ല.

നീതിന്യായപീഠത്തിന്റെ മുന്നിൽ കണ്ണും മൂടി കെട്ടി ത്രാസ്സും പിടിച്ചു നിൽക്കുന്ന നീതി ദേവതയുടെ പ്രതിമ ചില ആഴമേറിയ സത്യങ്ങളും നീതിയുക്തമായ അർത്ഥങ്ങളും സന്ദേശവും ലോകത്തോട് വിളിച്ചു പറയുന്നുണ്ട്. എന്നാലിന്ന് എല്ലാം നന്നായി കാണുന്ന അർത്ഥത്തോടെ കണ്ണ് തുറന്ന പ്രതിമ കോടതികളിൽ സ്ഥാപിച്ചു വരുന്നു. ചിലപ്പോൾ അതിന്റെ അർത്ഥങ്ങളോടെ പലർക്കും യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം. എന്നാൽ എപ്പോഴും കണ്ണുമടച്ച് വലിയവനെന്നോ ചെറിയവനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ മുഖം നോക്കാതെ തുല്യ നീതി ന്യായം നടത്തുന്നതാണ് ഏവർക്കുമിഷ്ടം എന്നു തല്ക്കാലം പറഞ്ഞുകൊണ്ട് ആ വിഷയം വിടുന്നു. അപ്പോൾ ഒന്ന് ചോദിക്കട്ടെ സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു എല്ലായിടവും എല്ലാവരെയും നോക്കുന്നു എന്ന സത്യം മറക്കുന്ന മനുഷ്യൻ ദൈവം പോലും ഒന്നും കാണുന്നില്ല ഒരു ചുക്കും സംഭവിക്കില്ല എന്ന തോന്നലിൽ അല്ലേ പല കാര്യങ്ങളും ചെയ്യ്തു കൂട്ടുന്നത്.

വചനം പറയുന്നു “ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും. ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു. നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും;” (ഗലാ 6:8, യാക്കോ 3:18, ഇയ്യോ 4:8, സദൃ 22:8). നമ്മെത്തന്നെ ശുദ്ധികരിക്കാം, കർത്താവു വരാറായി ഒരുങ്ങാം. നേടിയതും ഓടിയതും അധ്വാനിച്ചതും വൃഥ ആയി പോകരുത്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.