ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് | സിബി ബാബു, യു.കെ
ഇന്നു ലോകം മുഴുവൻ യേശുക്രിസ്തുവിൻ്റെ ജനനം കൊണ്ടാടുന്ന ക്രിസ്തുമസ് ആഘോഷിക്കുന്ന ദിവസമാണ്, നല്ലത് തന്നെ, എന്നാൽ ക്രിസ്തുവിൻ്റെ ജനനം ഡിസംബർ 25 ആണെന്നതിന് ചരിത്രത്തിലും, ബൈബിളിലും യാതൊരു തെളിവുകളും ഇല്ല. എന്നാൽ ക്രിസ്തു ജനിച്ചത് ഡിസംബർ മാസത്തിൽ അല്ല എന്നുള്ളതിൻ്റെ ചില തെളിവുകൾ ബൈബിളിൽ കിടപ്പുണ്ട്. അതിൽ ഒരു തെളിവ് മാത്രമാണ് ഞാൻ ഇവിടെ എഴുതാൻ ആഗ്രഹിക്കുന്നത്. ലൂക്കോസ്2:7,8 അവൾ(മറിയ) ആദ്യജാതനായ മകനെ(യേശുവിനെ) പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. ഇസ്രായേലിൻ്റെ ഭൂപ്രകൃതി, അവിടുത്തെ കാലാവസ്ഥ നമ്മൾ പഠിക്കുമ്പോൾ, ഡിസംബർ മാസം എന്നത് കൊടും തണുപ്പിൻ്റെ കാലം ആണ്, യേശുവിൻ്റെ ജനന സമയത്ത് ഇടയന്മാർ തങ്ങളുടെ ആടുകളെ കാവൽ കാത്തു കൊണ്ട് കൂടരത്തിന് പുറത്ത് കിടന്നു എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്, കഠിനമായ തണുപ്പിൽ ഒരിക്കലും ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു കൊണ്ടു കൂടാരത്തിന് വെളിയിൽ കിടക്കാൻ യാതൊരു സാധ്യതകളും ഇല്ല, തണുപ്പിൽ നിന്നും രക്ഷ നേടാൻ അവർ കൂടാരത്തിന് അകത്തായിക്കും കിടന്നിരിക്കുക. ഈ ഒറ്റ വാക്യത്തിൽ നിന്നും നമുക്ക് മനസിലാക്കാം യേശുക്രിസ്തു ഡിസംബർ മാസത്തിൽ അല്ല ജനിച്ചത് എന്നുള്ളത്. ക്രിസ്തുമസ് അനുബന്ധമായ സാധനങ്ങളും, മദ്യവും, ലഹരി സംബന്ധമായ വസ്തുക്കൾ വിറ്റഴിക്കാനും, ഉള്ള ഒരു ദിവസമായി ഇത് മാറ്റപ്പെട്ടിരിക്കുന്നു, ചുരുക്കി പറഞ്ഞാൽ ക്രിസ്തുമസ് ഇന്ന് വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇതിനു ക്രിസ്തുവും ആയി യാതൊരു ബന്ധവും ഇല്ല. എന്നിരുന്നാലും ലോകം മുഴുവൻ കർത്താവായ യേശു ക്രിസ്തുവിൻ്റെ ജനനം കൊണ്ടാടുവാൻ ഒരു ദിവസം തിരഞ്ഞെടുത്തു എന്നുള്ളത് വളരെ സന്തോഷം തരുന്ന കാര്യം ആണ്. ഈ ദിവസം മറ്റുള്ളവരിലേക്ക് കർത്താവായ യേശു ക്രിസ്തുവിൻ്റെ യഥാർഥ സുവിശേഷം എത്തിക്കാൻ ദൈവം ഇന്ന് ഉപയോഗിക്കുന്നു.
എന്നാൽ ഇന്ന് ഈ ലേഖനത്തിലൂടെ ഞാൻ ചില ചെറിയ ചിന്തകൾ കർത്താവിൽ ആശ്രയിച്ച് കൊണ്ടു നിങ്ങളുടേ ഹൃദയത്തിൽ ഇടാൻ ആണ് ആഗ്രഹിക്കുന്നത് . പ്രിയ സഹോദരാ, സഹോദരി നിങ്ങൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്ന തിരക്കിൽ ആയിരിക്കാം, നല്ലതു തന്നെ ,എന്നാൽ ചില ചോദ്യങ്ങൾ ദൈവം നിങ്ങളോട് ചോദിക്കുകയാണ്, ക്രിസ്തു നിങ്ങളുടെ ഹൃദയത്തിൻ വാസ്ഥവമായി ജനിച്ചിട്ടുണ്ടോ? നിങ്ങൾ കർത്താവിനെ സ്വന്ത രക്ഷിതാവായി, കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ, ജീവിതത്തിൽ സ്വീകരിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് കൊണ്ട് അർത്ഥമുണ്ട്, ഇല്ലെങ്കിൽ യേശു ക്രിസ്തു നിങ്ങളുടെ ജീവിതത്തിൽ ഇല്ലാത്ത ക്രിസ്തുമസ് ആണ് നിങ്ങൾ ആഘോഷിക്കുന്നത്. (റോമർ10:9,10) യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
(മത്തായി 1:21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.) ക്രിസ്തു ഈ ഭൂമിയിൽ ജനിച്ചത് തന്നെ , പാങ്ങളിൽ മരിച്ചു കിടന്ന ഈ ലോക ജനതയെ അവരുടെ പാപങ്ങളിൽ നിന്നു വിടുവിച്ചു, ക്രിസ്തുവിൻ്റെ ആത്മാവ് ( പരിശുദ്ധാത്മാവ്) അവരിൽ അയച്ചു, ജീവൻ്റെ പുതുക്കത്തിൽ നടത്തുവാനാണ്. പാപം ആണ് മനുഷ്യനെയും, ദൈവത്തെയും തമ്മിൽ അകറ്റുന്നത്, എന്നാൽ കർത്താവായ യേശുക്രിസ്തു ദൈവം എന്നോർത്ത് സ്വർഗ്ഗത്തിൽ ഇരിക്കാതെ, വേഷത്തിൽ മനുഷ്യനായി വിളങ്ങി കർത്താവായ യേശു ക്രിസ്തു ഈ താണ ഭൂമിയിലേക്ക് വന്നു മനുഷ്യനെ ദൈവത്തോട് നിരപ്പിച്ചു. മാനവ ജാതിയുടെ മുഴു പാപങ്ങളെയും കർത്താവായ യേശു ക്രിസ്തു ഏറ്റെടുത്തു അതിൻ്റെ ശിക്ഷ ആയ മരണം താൻ കാൽവരി ക്രൂശിൽ അനുഭവിച്ച്, ക്രൂശിലെ മരണത്തോളം അവൻ തന്നെത്താൻ താഴ്ത്തി, പിശാചിൻ്റെ തലയെ തർത്തു, ദൈവത്തിനു മഹത്വം. ഇതാണ് യേശു ക്രിസ്തു ഈ ഭൂമിയിൽ ജനിച്ചതിൻ്റെ യദാർത്ഥ സത്യം.
ക്രിസ്തുമസ് ആഘോഷിച്ചത് കൊണ്ട് നിങ്ങൾ സ്വർഗത്തിൽ പോകണം എന്നില്ല. കർത്താവിനെ ഹൃദയത്തിൻ സ്വന്തം രക്ഷിതാവായി , കർത്താവായി സ്വീകരിച്ചു, തൻ്റെ പാപങ്ങൾ എല്ലാം കർത്താവിൻ്റെ സ്വന്ത രക്തം കൊണ്ട് കഴുകി വിശുദ്ധീകരം പ്രാപിച്ചു, കർത്താവിൽ ഒരു പുതു സൃഷ്ടി ആയി, കർത്താവിൽ ഒരു പുതു ജീവിതം നയിക്കുന്നവർക്ക് മാത്രമേ സ്വർഗ്ഗത്തിൽ പോകാൻ പറ്റുകയുള്ളു. (2 കൊരിന്ത്യർ 5:17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.) ക്രിസ്തുവിൻ്റെ ഭൂമിയിൽ ഉള്ള ജനനം തന്നെ സൗജന്യമായി പാപത്തിൽ നിന്നുള്ള രക്ഷ അവൻ സകല മാനവ ജാതികൾക്കും നൽകുവാൻ വേണ്ടി ആണ്. തങ്ങൾ ഈ സൗജന്യ രക്ഷ കരസ്ഥമാക്കിയിട്ടണ്ടോ, ഇല്ലെങ്കിൽ പ്രാർത്ഥിക്കുക, ” കർത്താവായ യേശു ക്രിസ്തുവേ ഞാൻ പാപിയാണ്, എൻ്റെ പാപങ്ങൾ ആണ് എന്നെയും, ദൈവത്തെയും തമ്മിൽ അകറ്റുന്നത്, എന്നാല് അങ്ങ് ഈ ഭൂമിയിൽ വന്നു എൻ്റെ പാപങ്ങൾക്ക് വേണ്ടി മരിച്ച്, അടക്കപ്പെട്ടു, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ ഇന്നും എനിക്ക് വേണ്ടി ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ തിരു രക്തത്താൽ എൻ്റെ സകല പാപങ്ങളെയും കഴുകി കളയേണമേ, എന്നെ വിശുദ്ധീകരിയ്‌കേണമേ എൻ്റെ ഹൃദയത്തിൻ അങ്ങ് അവന്നു വാസം ചെയ്തു, ദൈവീക ഭരണം നടത്താൻ ഞാൻ അങ്ങയെ അനുവദിക്കുന്നു. കർത്താവേ ദിനവും അങ്ങയുടെ ഇഷടം ചെയ്തു , അങ്ങയെ പോലെ ആകാൻ, അങ്ങ് ജീവിച്ചത് പോലെ ജീവിച്ചു , നിത്യത അവകാശം ആക്കാൻ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. ആമേൻ.
യേശു ക്രിസ്തു ഹൃദയത്തിൽ ഇല്ലാത്ത ക്രിസ്തുമസ് വളരെ ദുഃഖകരമാണ്. സാന്താക്ലോസ് ഉണ്ട്, ക്രിസ്തുമസ് ട്രീ ഉണ്ട്, ഗിഫ്റ്റ് ഉണ്ട്, നക്ഷത്ര വിളക്കുകൾ ഉണ്ട്, ആഘോഷങ്ങൾ ഉണ്ട്, എന്നാൽ യേശുക്രിസ്തു എവിടെ? ഇതൊന്നും പരമ പ്രധാനമായ ഒരു കാര്യമേ അല്ല, യേശു ക്രിസ്തു നിങ്ങളുടെ ഹൃദയത്തിൽ ജനിച്ചിട്ടുണ്ടോ, യേശു ക്രിസ്തു നിങ്ങളുടെ ഹൃദയത്തില് വസിക്കുന്നുണ്ടോ, നിങ്ങൾ നിങ്ങളുടെ പാപങ്ങളെ ഓർത്തു മനസ്സ് പുതുക്കി രൂപാന്തരപ്പെട്ടു യേശു ക്രിസ്തുവിനെ നിങ്ങളുടെ സ്വന്തം രക്ഷിതാവും കർത്താവും ആയി സ്വീകരിച്ചിട്ടുണ്ടോ, എന്നതാണ് പരപ്രധാനമായ കാര്യം. ഇത് തന്നെ ആണ് ക്രിസ്തുവും ആഗ്രഹിക്കുന്നത്.
ഇതൊന്നും ഇല്ലെങ്കിൽ യേശു ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് ആണ് നിങ്ങൾ ആഘോഷിക്കുന്നത് . ആഘോഷങ്ങളിൽ പങ്ക് ചേരാൻ എല്ലാവർക്കും ഉത്സാഹമാണ്, എന്നാൽ ക്രിസ്തുവിൻ്റെ കല്പനകൾ പ്രമാണിക്കനോ, ക്രിസ്തുവിൻ്റെ ഇഷ്ടം ചെയ്യാനോ, ക്രിസ്തുവിൻെറ കൂടെ നടക്കാനോ, ക്രിസ്തു ജീവിച്ചത് പോലെ ജീവിക്കാൻ ആർക്കും താൽപര്യം ഇല്ല. ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് ദൈവും ആഗ്രഹിക്കുന്നില്ല. ക്രിസ്തു ഒരുവൻ്റെ ഉളളിൽ ജനിച്ചവന് യേശു ക്രിസ്തുവിൻ്റെ ജനനം, മരണം, അടക്കം, പുനരുദ്ധാനം, ഒരോ ദിവസവും കൊണ്ടു നടക്കേണ്ട ഒരു ആത്മീക സത്യം ആണ്. ഇന്നു തന്നെ കർത്താവിനെ നിങ്ങളുടേ സ്വന്ത രക്ഷിതാവായും, കർത്താവായും നിങ്ങളുടെ ജീവിതത്തിൽ സ്വീകരിക്കുക. നിങ്ങളുടെ പാപങ്ങൾ ആണ് നിങ്ങളെ ക്രിസ്തുവിൽ നിന്ന് അകറ്റുന്നത്. നിങ്ങളുടെ പാപങ്ങൾ ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകി കളഞ്ഞു, ഉപേക്ഷിക്കുക. കർത്താവിനെ നിങ്ങളുടെ ജീവിതത്തിൽ കതൃത്വം നടത്താൻ അനുവദിക്കുക.( വെളിപ്പാടു 3:20 ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.) കർത്താവായ യേശു ക്രിസ്തുവുമായിട്ടുള്ള കൂട്ടായ്മയിൽ ജീവിതം നയിക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.
ക്രിസ്തു ഇല്ലാതെ ഒരു ക്രിസ്തുമസ് ഇല്ല. ക്രിസ്തു എല്ലാവരുടെയും ഹൃദയത്തില് ജനിയ്ക്കട്ടെ…
Comments are closed, but trackbacks and pingbacks are open.