ഇത് ദുഷ്കാലമാകായാൽ | സുബേദാർ. സണ്ണി കെ ജോൺ, രാജസ്ഥാൻ
അയാൾ അതിവേഗം നടക്കുകയായിരുന്നു. കുന്നിൻ മുകളിൽ നിൽക്കുന്ന ആളുകളെ ഇപ്പോൾ ഒരു ചെറിയ പൊട്ടുപോലെ കാണാമെന്നായി. സൂര്യൻ അസ്തമിക്കാൻ പോവുകയാണ്.
അത് താഴോട്ട് താഴോട്ട് പോവുകയാണ്!
എന്നിട്ടും ഇടതുവശത്ത് നല്ല വളക്കൂറുള്ള സ്ഥലംകണ്ടില്ലെന്ന് നടിക്കാൻ അയാൾക്ക് ആകുമായിരുന്നില്ല രാവിലെ മുതൽ നടന്ന സമ്പാദിച്ചതിനെക്കാളും മെച്ചപ്പെട്ടതാണ് ഈ ഭൂമി .
അത് കൈവിട്ടു കളയുന്നത് എങ്ങനെ? അയാൾ ആ ഭൂമിക്കും വലം വെച്ചു. ഇനിയും അവിടെ കൂടുതൽ നല്ല ഭൂമിയുണ്ട്.
പക്ഷേ സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് കുന്നിൻ മുകളിൽ എത്തിയില്ലെങ്കിൽ സർവ്വവും നഷ്ടമാകും.
അയാൾ ഓടാൻ തുടങ്ങി.ഇല്ല ഓടാൻ പറ്റുന്നില്ല. ശരീരം അത്ര കണ്ട് ക്ഷീണിച്ചിരിക്കുന്നു. അയാൾക്ക് കൊടിയ കുറ്റബോധം തോന്നി. ഇത്രയധികം ഭൂമിക്കുവേണ്ടി പോകണ്ടായിരുന്നു.എങ്കിൽ ഏതെങ്കിലും വിധത്തിൽ കുന്നിൻ മുകളിലെത്താമായിരുന്നു.വർദ്ധിച്ച വേദയോടും വേവലാതിയുടെ കൂടെ അയാൾ ഏന്തി വലിഞ്ഞോടി.
ഓട്ടത്തിന് തടസ്സമായതെല്ലാം ട്രൗസറും ഷൂവും വരെ അയാൾ വലിച്ചൂരിയെറിഞ്ഞു കളഞ്ഞു . ഭാരം താങ്ങാൻ കഴിയാതെ കാലുകൾ ഇടറുകയാണ്.
കുന്ന്, ഇപ്പോഴും ദൂരത്താണ്.
“ഇല്ല ഞാൻ അവിടെ എത്തില്ല. സൂര്യൻ ചതിക്കുകയാണ്. അതിപ്പം താഴും! ‘“
ഗ്രാമത്തലവൻ പറഞ്ഞത് അയാൾ ഓർത്തു.
“ ഇതാണ് അടയാളം. ഇവിടെനിന്ന് പുറപ്പെടണം. ഇവിടെത്തന്നെ മടങ്ങി എത്തുകയും വേണം. നിങ്ങൾ ചുറ്റിവരുന്ന ഭൂമിയെല്ലാം നിങ്ങളുടേത് ആയിരിക്കും. എത്തിയില്ലെങ്കിൽ……”
ഇതാ സകലതും അവസാനിക്കുകയാണ് അസ്തമയ സൂര്യനെ ഇപ്പോൾ കാണാനില്ല .എന്നാൽ കുന്നിൻ മുകളിൽ നിൽക്കുന്ന ആളുകൾ കൈകാട്ടി ഓടാൻ പ്രോത്സാഹിപ്പിക്കുന്നത് അയാൾ കണ്ടു. ഒരുപക്ഷേ കുന്നിൻറെ അങ്ങേ ചെരുവിൽ സൂര്യനെ കാണാമായിരിക്കാം ഇപ്പോൾ അയാൾ അവസാനശക്തിയും എടുത്ത് ഓടി. വായിക്കകത്ത് മഞ്ഞ ദ്രാവകം നിറഞ്ഞു.കുന്നിൻ മുകളിൽ കമ്പിൽ കുത്തിനിർത്തിയ തൊപ്പിയുടെ തൊട്ടടുത്ത് വരെ അയാൾ എങ്ങനെയോ എത്തിയെന്ന് പറയാം. പൊടുന്നനെ അയാൾ കമിഴ്ന്നു വീണു……. അനക്കമില്ല !!
അയാളുടെ കടവായിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു !
അതേ! അയാൾ മരിച്ചു കഴിഞ്ഞിരുന്നു.
ഗ്രാമത്തലവനോട് ഞാൻ പറഞ്ഞു,
‘“ പണം എത്ര വേണേലും തരാം. ഇത് എന്റെ സ്വന്തമാളാണ്. ഒരു നല്ല കബറടക്കത്തിന് വേണ്ടതെല്ലാം ചെയ്തു തരണം”
“ പണമെന്നും വേണ്ട ; അതെല്ലാം നിങ്ങൾ തന്നെ വെച്ചോളൂ. കഷ്ടമായിപ്പോയി ! ഈ മനുഷ്യൻ അതിരാവിലെ മുതൽ ഈ കൈക്കോട്ട് കൊണ്ട് നടക്കാൻ തുടങ്ങിയതാണ്. ഒരുപാട് ഭൂമി സ്വന്തമാക്കി, ഏറെക്കുറെ മടങ്ങി എത്തുകയും ചെയ്തതാണ്. പക്ഷേ, എന്ത് പ്രയോജനം?
ജീവൻ പോയി!
ഇനി അയാൾക്ക് ആറടി ഭൂമി മാത്രം മതി !!.എങ്കിലും ഞാൻ വാക്ക് പറഞ്ഞതാണല്ലോ.. അതിന് മാറ്റമില്ല. അതുകൊണ്ട് ആറടി മണ്ണിൽ ഇദ്ദേഹത്തെ കുഴിച്ചിടുക. ബാക്കി സ്ഥലവും കൂടാതെ ഈ പണവും നിങ്ങൾ എടുത്തുകൊള്ളു”
ഭൂമിയോളം കുനിഞ്ഞ് ഞാൻ അയാളുടെ കാലു തൊട്ടു.
വളരെ ഉപകാരം. താങ്കളുടെ ഹൃദയ വിശാലത എത്ര വലുതാണ് ! ഒരു ഉപകാരം കൂടി ചെയ്യണം; ഈ ഭൂമിയെല്ലാം ഇദ്ദേഹം അത്യാർത്ഥിയോടെ ഓടി മരിച്ചുണ്ടാക്കിയതാണ് അതുകൊണ്ട് താങ്കൾ ആറടി മണ്ണുകൂടി അവസാനമായി ദാനം ചെയ്യണം. ഈ ഭൂമിയിൽ കിടന്നാൽ അയാളുടെ ആത്മാവിന് ശാന്തി ലഭിക്കില്ല. . അതുകൊണ്ടാ…! “.
“അതിനെന്താ ?, ഗ്രാമത്തലവൻ പറഞ്ഞു,
“ അങ്ങേ മലഞ്ചെരുവിൽ എവിടെ വേണമെങ്കിലും അടക്കിക്കൊള്ളു. “
അയാളുടെ കുഴിക്ക് മണ്ണിടുമ്പോഴാണ് ചാരനിറമാർന്ന കണ്ണുകളുള്ള ഒരാൾ അടുത്ത് വന്നു ചോദിച്ചത്
‘“ പഹോമിന്റെ അത്ര അടുത്ത ആളാ അല്ലേ?”
“ ഏതു പഹോം ? “
“ ഈ മരിച്ചു കിടക്കുന്ന മനുഷ്യൻ . ഇയാളുടെ പേരാ പഹോം! അതിരിക്കട്ടെ, ഇത് താങ്കളുടെ ആരാന്നാ പറഞ്ഞേ …”
‘’ അതു പിന്നേ, അമ്മാവൻറെ അല്ല ഇളയച്ഛന്റെ ചേട്ടൻ്റെ…. മകനായിട്ട് വരും. “
ചാരക്കണ്ണുള്ളയാൾ അത് വിശ്വസിച്ചതായി തോന്നിയില്ല . എന്നാൽ നെഞ്ചിൽ തറയ്ക്കുന്ന മറ്റൊരു ചോദ്യമാണ് ചോദിച്ചത്,
“പഹോം ഓടിയോടി ഉണ്ടാക്കിയ ആ ഭൂമിയിൽ അയാളെ കുഴിച്ചിട്ടാൽ ഭൂമിക്ക് വിലയിടിയും എന്ന് കണ്ടിട്ടല്ലേ താങ്കൾ ഗ്രാമത്തലവനോട് ആറടി മണ്ണ് കൂടി ചോദിച്ചത്? എടാ പുത്തിമാനേ !”
ഞാൻ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു,
“സത്യത്തിൽ താങ്കൾ ആരാ? എന്നെ എങ്ങനെ അറിയാം?”
ഇനിയും ഒളിച്ചു കളിച്ചിട്ട് കാര്യമില്ല അല്പം വല്ലതും കൊടുത്ത് ഇദ്ദേഹത്തെ കൂടെ നിർത്തുന്നതാണ് നല്ലത് .
“ ഉള്ളതു പറഞ്ഞാൽ ,താങ്കൾ രാവിലെ മുതൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയായിരുന്നില്ലേ പഹോം ഒരിക്കലും മടങ്ങി വരരുത് എന്ന് ?”
പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവ് എന്ന് ഞാൻ കേട്ടിട്ടേയുള്ളൂ. നേരിട്ട് ഇന്നുവരെ കണ്ടിട്ടില്ല. ഒരുപക്ഷേ, ഇത് പരിശുദ്ധാത്മാവ് ആയിരിക്കുമോ ?! അതല്ലായെങ്കിൽ ഇത്ര കൃത്യമായി എൻറെ ഉള്ളിൽ നടന്ന കാര്യങ്ങളൊക്കെ ഈ മനുഷ്യൻ എങ്ങനെ മനസ്സിലായീ? പക്ഷേ, പരിശുദ്ധാത്മാവിന് ശരീരമുണ്ടോ? ഭയാദരവോടെ ഞാൻ ചോദിച്ചു,
അങ്ങയുടെ പേരെന്താണ്?
“ കൗണ്ട് ലെവ് നിക്കോളയേവിച്ച് ടോൾസ്റ്റോയ്. ലിയോ ടോൾസ്റ്റോയ് എന്നും വിളിക്കും.”
നല്ല പേര് എവിടെയോ കേട്ടിട്ടുള്ളത് പോലെ.
എന്നാൽ ലിയോ മറ്റൊരു ചോദ്യം ചോദിച്ച് എന്നെ നടക്കിക്കളഞ്ഞു , കാലടിയിലെ മണ്ണ് ഒലിച്ചു പോകും പോലെ തോന്നുകയാണ് !
“ പഹോമിൻ്റെ കൂടെ ഉണ്ടായിരുന്ന ആ വേലക്കാരനെ നീ എന്ത് ചെയ്തു? അവനെ കാണാനില്ലല്ലോ ?”
ഈ ആൾക്ക് എല്ലാം അറിയാം. ഒരു കാര്യവും മറഞ്ഞിരിക്കുന്നില്ല. ഇനി ഒന്നും മറച്ചിട്ട് കാര്യവുമില്ല!
“ ഈ ഭൂമി ഒക്കെ സ്വന്തമാക്കി കഴിഞ്ഞ ശേഷം ചെറിയ ചെറിയ അളവുകളിൽ വല്ല വിഷവും കൊടുത്തു കൊണ്ട്, വേലക്കാരന് പഹോമിനെ കൊല്ലാനും പഹോമിൻ്റെ ഈ ഭൂമിയൊക്കെയും തട്ടിയെടുക്കാനും കഴിയും എന്ന സാദ്ധ്യത ഞാൻ മനസ്സിലാക്കിയിരുന്നു. “
” എങ്ങനെ ? വേലക്കാരന് അങ്ങനെ ചെയ്യാൻ കഴിയുമെന് ഞാൻ ഊഹിച്ചിട്ട് കൂടിയില്ല“
ചിന്തിക്കുമ്പോൾ അന്തമില്ലാതെത ചിന്തിക്കണം. പഹോമിനെ കൊന്നാലേ ലേലക്കാരന് വളരാൻ കഴിയൂ. എന്നാൽ ഈ പാവം വേലക്കാരനെ കൊണ്ട് അത്തരമൊരു മഹാപാപം ചെയ്യിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ പിന്നെ ‘പണത്തിന് പണം വേണ്ടേ? വേലക്കാരനായാലും പാസ്റ്ററായാലും ! വ്യക്തിപരമായ ആവശ്യങ്ങൾ ഒക്കെ വിട്ടുകളായാമെന്ന് വയ്ക്കാം എന്നൊക്കെ നാം ഫോർമാലിറ്റി പറഞ്ഞാലും പണമില്ലേൽ ഒന്നുമില്ല.! പ്രത്യേകിച്ച് സുവിശേഷ വേല ചെയ്യണേ പണം വേണം.? വേണ്ടായോ? ഓ ലിയോത്മാവിന് സാമ്പത്തിക ശാസ്ത്രം അത്ര അറിവുള്ള വിഷയം ആയിരിക്കില്ലല്ലോ. പണമുണ്ടെങ്കിലേ വിലയുള്ളെന്ന് എൻ്റെ ആറ് വർഷത്തെ അനുഭവത്തിൻ്റെ ഗവേഷണത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് പഹോമിൻ്റെ വേലക്കാരന് കരിമ്പ് ജ്യൂസിൽ ഏതാണ്ടൊക്കെ കലക്കി കൊടുത്തു കൊണ്ട് ഞാൻ തന്നെ അയാളെ ഒഴിവാക്കിയതാ !! ഇനി ഈ കാണുന്ന വസ്തുവകകളൊക്കെ എൻ്റെയാ….!! എൻ്റേതു മാത്രം !!!!”
“ എടാ ദുഷ്ടാ, . എന്നിട്ട് അവൻറെ ശവം നീ എന്ത് ചെയ്തു ? പഹോമിനെയും വേലക്കാരനെയും കൊന്നത് നീയാണ്. നിന്നെ ഞാൻ വെറുതെ വിടില്ല”
ലിയോ ടോൾസ്റ്റോയ്, അല്ല പരിശുദ്ധാത്മാവ് എൻറെ കഴുത്തിന് കുത്തിപ്പിടിച്ചു. സർവ്വശക്തിയുമെടുത്ത് ഞാൻ വിടുവിക്കാൻ ശ്രമിച്ചു. ഇല്ല. കഴിയുന്നില്ല ! ഞാൻ ഉച്ചത്തിൽ അലറി!
“ അയ്യോ ഓടിവായോ ! എന്നെ കൊല്ലുന്നേ.. …“
രാത്രിയുടെ മൂന്നാം യാമത്തിൽ വിയർത്തൊലിച്ച് കട്ടിലിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റു. കണ്ണുകൾ തുറിച്ചു നിന്ന എന്നോട്ട് ഭാര്യ പറഞ്ഞു,
ഓ ! എൻ്റെ ദൈവമേ!! ആട്ടെ ഇന്ന് ആരെയാ ചതിച്ച് പറ്റിച്ചത്?”
“ നീ എനിക്ക് ഇച്ചിര വെള്ളം തരാമോ ?”
വെള്ളം കുടിച്ച് കണ്ണുനീരൊഴുക്കി കൊണ്ട് ഞാൻ സ്വപ്നത്തേക്കുറിച്ച് പറഞ്ഞു. ഭാര്യ പറഞ്ഞു.
ഇനിയെങ്കിലും കിടക്കുന്നേന് മുൻപ് പ്രാർഥിക്കാൻ നോക്ക്. പാസ്റ്ററാന്ന് പറഞ്ഞ് നടക്കുന്നതല്ലാതെ നാളിതുവരെ പ്രാർഥിക്കുന്നത് ഞാൻ കണ്ടിട്ടില്ലാ. ഞായറാഴ്ച പ്രസംഗത്തിന് റഫറൻസ് തപ്പാനല്ലാതെ വേദ പുസ്തകം കൈ കൊണ്ട് തൊടാറുണ്ടോ?ഈ ലോകത്തിൻറെ ചിന്തയും പണമുണ്ടാക്കാനുള്ള തത്രപ്പാടും ഒന്ന് അവസാനിപ്പിക്കാമോ ? ടോൾസ്റ്റോയിയുടെ ഒരാൾക്ക് എത്ര ഭൂമി വേണം എന്ന കഥ വായിച്ച് കിടന്ന് ഉറങ്ങി പോയ ആളല്ലേ? എന്താണ് പഹോമിൽ നിന്ന് പഠിച്ചത്? ഒരാൾക്ക് ആറടി മണ്ണ് മതി . നമുക്ക് ഉള്ളത് മതിയെന്ന് വയ്ക്കണം. ഇല്ലായെങ്കിൽ പരിശുദ്ധാത്മാവ് വ്യക്തമായി കാണിക്കും പോലെ മരിച്ചു വീഴുമ്പം നിങ്ങളുടെ മുഖത്തിന് പകരം മറ്റൊരാരുടെ രൂപസാദൃശ്യമായിരിക്കും. സമയം പോയിട്ടില്ല…ഇന്നത്തെ ഒരു ദിവസം ദൈവം നിങ്ങൾക്ക് നൽകിയത് വെട്ടിപ്പിടിക്കാൻ അല്ല കർത്താവിൻറെ സ്വരൂപത്തോട് അനുരൂപരാകാനായിട്ടാ… ഇത് ദുഷ്ക്കാലമായതുകൊണ്ട് സമയം തക്കത്തിലുപയോഗിക്ക് ! ഇനിയെങ്കിലും മാനസാന്തരപ്പെട്ട് ഒരു ദൈവ പൈതലാകാൻ നോക്ക്.”
ഭാര്യയോട് ദ്വേഷ്യം തോന്നുന്നില്ല.
തൻ്റെ ഭക്തൻ മാർക്ക് ഉറക്കത്തിലും കൊടുക്കുന്നവനാണ്, പരിശുദ്ധാത്മാവ്! സമൃദ്ധിയും കൃപയും വരങ്ങളും മാത്രമല്ല; കുറവുകളും വെളിപ്പെടുത്തി തരും. എനിക്കും മാറണം.എൻറെ കുറവ് വശങ്ങൾ പരിഹരിക്കണം. എൻ്റെ ദൈവം എന്നെ ഇനിയും ഉപേക്ഷിച്ചിട്ടില്ല എന്നതിൻ്റെ തെളിവാണ് ഈ സ്വപ്നം. എൻറെ ജീവിതത്തിലും നിരൂപണത്തിലും സ്വപ്നത്തിലും മലിനത പറ്റാതെ കാത്തുകൊള്ളണമേ എന്ന് പറഞ്ഞ് ഞാൻ മുട്ടുകുത്തി.
അന്നേരം ഒരു മാലാഖയെ പോലെ ഭാര്യയും എന്നോട് ചേർന്ന് മുട്ടുകുത്തുകയായിരുന്നു…..!
Comments are closed, but trackbacks and pingbacks are open.