കുശവൻ്റെ കൈയ്യിലെ കളിമണ്ണും . കൊല്ലൻ്റെ കൈയ്യിലെ ഇരുമ്പും I ജെയ്സൻ തോമസ് ബെൽഫാസ്റ്റ്
ദൃഢതയുടെയും ആകൃതിയുടെയും അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള ഈ രണ്ട് വസ്തുക്കളും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട രണ്ട് ചിന്തകളാണ്
നാം നമ്മുടെ ഉടയവൻ്റെ കൈകളിലെ കളിമണ്ണും,ഇരുമ്പും ആണ് എന്നുള്ളത്, പ്രവാചകനായ യെശയ്യാവ് ഇപ്രകാരം എഴുതിയിരിക്കുന്നു
“എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;
(യെശ 64:8)”
കളിമണ്ണിനും ഇരുമ്പിനും
സ്വന്തഇഷ്ടത്താൽ ജീവിത യാത്ര മുൻപോട്ട് നയിക്കുവാൻ സാധ്യമാകുകയില്ല സൃഷ്ടവിൻ്റെ ഹിതപ്രകാരം ഉള്ള ഒരു രൂപം മാത്രമേ ഇവക്ക് രണ്ടിനും ലഭിക്കുവാൻ ഇടയായി തീരുകയുള്ളു.
കുശവൻ കളിമണ്ണിനെ വിവിധ ഉപയോഗത്തിനുള്ള പാത്രങ്ങളായി രൂപാന്തരപ്പെടുത്തുമ്പോൾ,
ഇരുമ്പിനെ പല ഉപയോഗത്തിനായുള്ള പണിയായുധങ്ങൾ ആയിട്ടാണ് കൊല്ലൻ രൂപമാറ്റം വരുത്തുന്നത്.
പക്ഷെ ഈ രൂപ മാറ്റം നടക്കുന്നതിന് മുമ്പ് കഠിനമായ ചില ശോധനകളിലൂടെ ഇവരണ്ടും കടന്നുപോകുന്നത് നമുക്ക് കാണുവാൻ സാധിക്കും.
സുദീർഘമയ ചവിട്ടി കുഴക്കലുകളും ചക്രത്തിലൂടെയുള്ള കറക്കലുകളും
തീ ചൂളയിലൂടെയുള്ള ചുട്ടെടുക്കലുകൾക്കു ശേഷമാണ് കാഠിന്യം തീരെ കുറവുള്ള കളിമണ്ണ് നല്ല ഒരു പാത്രമാകുന്നത്,
നേരെ മറിച്ച് ഉലയിലൂടെയുളള ദീർഘ നേരത്തെ ചുട്ടുപഴുപ്പിക്കലും അടിച്ചു പരത്തലുകളും പെട്ടെന്നുള്ള തണുപ്പിലുകളും ചില രാകി മിനുക്കലുകൾക്കും ശേഷമാണ് കാഠിന്യമേറിയ ഇരുമ്പ് മൂർച്ചയുള്ള നല്ല ആയുധങ്ങളായി മാറുന്നത്.
“കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു
(യെശ44:12)”
വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ആയിരിക്കുന്ന നാം ഓരോരുത്തരും നമ്മുടെ സ്വഭാവത്തിലും രീതികളിലും കളിമണ്ണും ഇരുമ്പും പോലെ വ്യത്യസ്ത ധ്രുവങ്ങളിൽ ഉള്ളവരാണ് എങ്കിലും നമ്മുടെ ഓരോരുത്തരെയും പ്രകൃതി അറിയുന്ന ഒരു സൃഷ്ടാവാണ് നമുക്ക് ഉള്ളത് അവിടുന്ന് അറിയാം
നമ്മെ എതു തരത്തിലുള്ള ശോധനയിലൂടെയാണ് ഏതു സമയത്താണ് കടത്തിവിടേണ്ടതെന്ന്, സങ്കീർത്തനക്കാരനായ ദാവീദ് പറയുന്നു
അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ;നാം പൊടി എന്നു അവൻ ഓർക്കുന്നു.
(സങ്കീ103:14)
കളിമണ്ണിനെ കുഴച്ച് ഒരു പാത്രത്തിൻ്റെ രൂപമാക്കിയതിന് ശേഷം തീയിലൂടെയുള്ള ശോധനയിൽ കടത്തിവിടുമ്പോൾ, ഇരുമ്പിനെ തീയിലൂടയുള്ള ശോധനക്ക് ശേഷമാണ് വേണ്ടുന്ന ആയുധത്തിൻ്റെ രൂപത്തിലേക്ക് കൊണ്ടുവരുന്നത്,
ചില ശോധനകൾ രൂപമാറ്റത്തിന് മുൻപാണെങ്കിൽ ചിലത് ശോധനകൾക്ക് ശേഷമാണ് ഒരു രൂപമാറ്റം വരുത്തുന്നത് അപ്പോഴും ചില ശോധനകൾ കൂടെ ഉണ്ടാകും ഒരു നല്ല കൊല്ലന് അറിയാം എപ്പോഴാണ് മൂർച്ചയുള്ള ആയുധം രൂപപെടുന്നത് എന്ന്.
നമ്മുടെ ജീവിതത്തിലും ഇത്തരത്തിലുള്ള പരീക്ഷകൾ കടന്നു വരുമ്പോൾ നാം തകർന്നു പോകരുത്, നമ്മുടെ ഉടയോന് അറിയാം. ഓരോരുത്തരയും ഏതു തരത്തിൽ പരിഗണിക്കണം എന്ന് അവിടുന്ന് അറിയാതെയല്ല ഇതൊന്നും സംഭവിക്കുന്നത് ചൂടേറിയ അവസ്ഥകളിലൂടെ നാം കടന്നു പോയാൽ മാത്രമേ ഉടയോൻ്റെ ഹിത പ്രകാരം ഉള്ള പാത്രങ്ങളായോ അവിടുത്തേക്ക് ആവശ്യമായ മൂർച്ചയുള്ള ആയുധങ്ങളായോ ഒക്കെ മാറുവാൻ ഇടയാകുകയുള്ളു,
എങ്കിൽ മാത്രമേ നമ്മുടെ വിശ്വാസ ജീവിതത്തിലും നമുക്ക് ഉറപ്പും ധൈര്യവും ഉണ്ടാകുകയുള്ളു.
“തീയിൽ കുരുത്താൽ മാത്രമേ വെയിലത്ത് വാടതെ ഇരിക്കുകയുള്ളു” നമ്മുടെ പൂർവ്വ പിതാക്കൾ എല്ലാവരും തന്നെ ഇത്തരത്തിലുള്ള കഠിന ശോധനയിലൂടെ കടന്നു വന്നവരാണ് അതിനാൽ ആണ് അവർക്ക് എല്ലാ ജീവിത പ്രതിസന്ധികളും തരണം ചെയ്യുവാൻ സാധിച്ചത്, സുഖലോലുഭതയിൽ വളർന്നു വരുന്ന ഇന്നത്തെ പുതുതലമുറക്ക് മേൽ പറഞ്ഞ കാര്യങ്ങൾ എത്ര മാത്രം ഉൾകൊള്ളുവാൻ സാധിക്കും എന്നറിയില്ല. പക്ഷെ ഒരു ക്രിസ്തു ഭക്തനെ സംബന്ധിച്ച് തൻ്റെ ജീവിത യാത്ര അത്ര സുഖം ഉള്ളതല്ല കല്ലുകളും മുള്ളുകളും കൊടുങ്കാറ്റുകളും ചൂടേറിയതും ശൈത്യമേറിയതുമായ അനുഭവങ്ങൾ ഒക്കെ കടന്നുവന്നാലും നമ്മുടെ അരുമനാഥൻ കൂടെ ഉണ്ടെങ്കിൽ നാം നിത്യ തുറമുഖത്ത് എത്തുക തന്നെ ചെയ്യും നിശ്ചയം.
Comments are closed, but trackbacks and pingbacks are open.