ഗതശമേനയുടെ ദുഃഖം | പാസ്റ്റർ അനിൽ കെ സാം, ഹൈദരാബാദ്

മിഴികൾ കൂമ്പിയടച്ചതാ പുൽകൊടി
മിഴിപൂട്ടാതെ വിതുമ്പിയാ പൂക്കളും
കളകളാരവത്തിൻ ശബ്ദമൊതുക്കിപിടിച്ചഹോ
കരയുന്നിതാ കുഞ്ഞരുവിയും തന്നിലായ്

പകലോനും പോയി മറഞ്ഞതാ നേരത്ത്
പരിതാപമോടങ്ങു വീശിയാ മാരുതൻ
പകലിന്റെ ക്ഷീണം നിമിത്തമായ് ശിഷ്യരും
പരിചോട് നിദ്രതൻ മടിയിൽ തളർന്നിതാ

പരിഹാസമെന്നോണം ഇരുളിൻ കരങ്ങളാ
ഗതശമേനയെ മുറുകി പുണരുമ്പോൾ
പരിചോടുണർന്നതാ വാനിലവിടെയായ്
തെളിതൂകി നിന്നു പൊൻ ചന്ദ്രിക താരവും

അതിഘോരമായൊരു മാനുജ പാപത്താൽ
വരുവാനിരിക്കുന്ന ശിക്ഷയെ പേറിയാ
ഉലകത്തിൻ നാഥനാം യേശുമഹേശ്വരൻ
അതി വേദനയോടെ വിതുമ്പി കരയുന്നു..

കഴിയുമെങ്കിൽ നാഥാ ഈ പാനപാത്രത്തെ
നുകരാതെ ഞാനിന്നു നീങ്ങിപോയീടുവാൻ
കനിവായ് നടത്തുക നിന്തിരു ഹിതത്തെ
അതിനായ് സമർപ്പിക്കുന്നെങ്കിലും അപ്പാ ഞാൻ

അതിവേദനയോടെ ചിന്തിയ രക്തത്തിൻ
കണികകൾ വീണു വിയർപ്പിൻ കണങ്ങൾ പോൽ
മറക്കുവാനാകുമോ നാഥന്റെ വേദന
കരിമ്പാറ പോലും വിതുമ്പി കരഞ്ഞുപോയ്…

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.