കണക്കിലെ പിശക്കുകൾ | രാജൻ പെണ്ണുക്കര
വിവിധ സാഹചര്യത്തിലും സന്ദർഭങ്ങളിലുമായി ഏകദേശം ഇരുപത്തിയേഴ് തവണ കണക്ക് എന്ന പദപ്രയോഗം മലയാളം വേദപുസ്തകത്തിൽ കാണുന്നുണ്ട്. ഇതിൽ നിന്നും വചനവും കണക്കിന് വലിയ പ്രാധാന്യവും പ്രസക്തിയും കൊടുക്കുന്നു എന്നതല്ലേ സത്യം.
വചനത്തിൽ “അവർ കണക്കു ബോധിപ്പിക്കേണ്ടിവരും”.. “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും”.. “അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ” എന്നൊക്കെ കാണുവാൻ കഴിയുന്നു.. (1 പത്രൊ 4:5 റോമ 14:12, എബ്രാ 13:17).
ദൈവവചനപ്രകാരവും ഐഹീകജീവിതത്തിലും ഒരുപോലെ പ്രധാനപ്പെട്ട ഘടകമാണ് കണക്ക് എന്ന കാര്യം മറക്കരുത്. കണക്കിന് എത്ര മണ്ടനായാലും മിടുക്കൻ ആയാലും പലപ്പോഴും കണക്കില്ലാതെയും കണക്കുകൂട്ടാതെയുമുള്ള ജീവതവും ജീവിതത്തിലെ കണക്കുകൂട്ടൽ പിഴക്കുന്നതും പിശകുന്നതും മനുഷ്യനെ തികച്ചും പരാജയത്തിൽ കൊണ്ടെത്തിക്കുന്നു എന്നതല്ലേ വാസ്തവം!.
ഘോരവനാന്തരങ്ങളിൽ താമസിക്കുവർക്കു പോലും അവരുടേതായ ചില കണക്കുകൾ ഉണ്ടാകും. കണക്കില്ലാതെ മനുഷ്യനാൽ ജീവിതം തികച്ചും അസാധ്യം തന്നേ എന്ന് പറയുന്നതാകാം ഉത്തമം!.
മനുഷ്യൻ ഏറ്റവും കൂടുതൽ അവിശ്വസ്തത കാണിക്കുന്നതും കണക്ക് എന്ന വിഷയത്തിൽ ആകുന്നു. നാം പരസ്പരം കണക്ക് പറയണം, അതിലുപരി ദൈവം നമ്മോട് കണക്ക് ചോദിക്കും, നമുക്ക് ദൈവത്തോട് എണ്ണി എണ്ണി കണക്ക് പറയണം എന്നത് സത്യം തന്നേ. എണ്ണി എണ്ണി എന്നത് സംഖ്യയെ പ്രതിനിധാനം ചെയ്യുമ്പോൾ അതിനും കണക്കുമായി അഭേദ്യമായ ബന്ധം ഉണ്ടെന്നല്ലേ സത്യം. ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. ഇവിടെയും ചില കണക്കുകൾ കാണുവാൻ സാധിക്കുന്നുണ്ട്.
നോഹയോട് പെട്ടകം ഉണ്ടാക്കാൻ പറയുമ്പോഴും മോശയോട് പെട്ടകവും കൃപാസനവും മേശയും പ്രാകാരവും മറ്റും ഉണ്ടാക്കുവാൻ പറയുമ്പോഴും വ്യക്സ്തമായ കണക്ക് പറഞ്ഞു കൊടുക്കുണ്ട്.
പുതിയനിയമത്തിൽ താലന്ത് വീതം വെക്കുമ്പോൾ അവനവന്റെ പ്രാപ്തി പോലെ കണക്ക് പറഞ്ഞു കൊടുക്കുന്നു പിന്നെ ഒരുനാൾ യജമാനൻ മടങ്ങി വന്ന് കണക്ക് തീർത്തു അല്ലെങ്കിൽ ചോദിച്ചു എന്ന് വായിക്കുന്നു. അതിൽ ഒരാളുടെ കണക്കിലെ അവിശ്വസ്തതയും അതിന്റെ അനന്തര ഫലങ്ങളും നാം വചനത്തിൽ വായിക്കുന്നുണ്ട്. അനന്യാസും സഫിറയും ചെറിയതോതിൽ കണക്ക് മറച്ചു വെച്ചു അത് ദോഷത്തിന് കാരണം ആയി ഭവിച്ചു എന്നും കാണുന്നു. ഇതിൽ നിന്നും ദൈവസന്നിധിയിൽ എല്ലാത്തിനും തോതും കണക്കും ഉണ്ടെന്ന സത്യം മറക്കരുത്.
പത്തിൽ ഒരു ദ്രഹ്മ കാണാതെ പോയാലും, നൂറിൽ ഒരാട് കാണാതെ പോയാലും (കൂട്ടം വിട്ടോടി പുറത്തുപോയാലും) കാണാതെപോയതിനെ സൂക്ഷ്മത്തോടെ അന്വേഷിച്ച് കണ്ടെത്തും വരെ നോക്കി നടന്ന് മടക്കി കൊണ്ടുവരേണ്ടുന്ന ഉത്തരവാദിത്വം നമുക്കൊരോരുത്തർക്കും ഉണ്ടെന്ന ബോധ്യം നമ്മേ ഭരിക്കണം. കാരണം എല്ലാത്തിനും കണക്കുണ്ട്. എങ്ങനെ, എന്തുകൊണ്ട് നഷ്ടമായി, എന്തുകൊണ്ട് കാണാതായി, ആരുടെ കാരണത്താൽ കൂട്ടംവിട്ടോടി എന്നത് സ്വയം വിശകലനം ചെയ്യേണ്ടിയ ആവശ്യം വന്നിരിക്കുന്നു. അതിന് ശ്രമിക്കാതെ ബാക്കിയുണ്ടല്ലോ എന്ന ചിന്താഗതിക്കാരെ വചനപ്രകാരം അവിശ്വസ്തർ എന്ന പട്ടികയിലും, അവർ കലപ്പയ്ക്ക് കയ്യ് വെക്കാൻ അയോഗ്യർ എന്നും പറയേണ്ടിവരുന്നു.
ലൂക്കോസ് 10-ലെ നല്ല ശമര്യക്കാരൻ മുറിവേറ്റ മനുഷ്യന് വേണ്ടുന്ന പ്രാഥമിക ശുശ്രുഷകൾ സ്വയം ചെയ്തിട്ട് തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തിട്ട് അവന്റെ കൂടെ അന്ന് താമസിച്ച് പിറ്റെന്നാൾ പുറപ്പെടുമ്പോൾ അതുവരെ ഉള്ള ബില്ലും അഡ്വാൻസ് തുക കൂടി ചേർത്ത് രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തിട്ട് പറയുന്ന വാക്കുകൾ വളരെ ശ്രദ്ധേയമാണ്. “ഇവന് ഇനിയും രക്ഷ ചെയ്യേണം; അഥവാ പൂർണ്ണസൗഖ്യം ആകുന്നതുവരെ ചികിത്സിക്കണം, അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം”. അതായത് ഇനിയും ഫൈനൽ ബിൽ കണക്ക്കൂട്ടുമ്പോൾ അധികം വല്ലതും വന്നാൽ അവനോട് നിങ്ങൾ ചോദിക്കാതെ ഞാനൊരു ദിവസം തിരിച്ചുവന്ന് വിശദമായി കണക്ക് ചോദിക്കും, അന്ന്, അധിക ബില്ല് അടച്ചു തീർക്കാമെന്ന വാക്കാലുള്ള ഉറപ്പിനെ നിങ്ങൾ എന്താണ് വിളിക്കുന്നത്. ഇതാണ് കണക്കിലെ വിശ്വസ്തത അല്ലാതെ വാങ്ങിയാൽ കൊടുക്കാതെയും വാങ്ങിയിട്ട് വേറെവഴിയായി ഒളിച്ചു പോകുന്നതും അല്ല വിശ്വസ്തത. ഇവർ തമ്മിൽ രക്തബന്ധമോ, മുൻപരിചയമോ ഒന്നും ഇല്ലായെന്നതും സത്യം.
അൽപ്പം ലളിതമായി പറയുമ്പോൾ പത്ത് കല്പനകളെ പള്ളികൂടത്തിലെ പത്തു ക്ലാസുകളായൊന്ന് ഉപമിച്ചാൽ, പലരും കരുതുന്നത് ഒന്നും രണ്ടും ഏഴും എട്ടും ക്ലാസ്സുകളിലൊക്കെ തോൽക്കുന്നതാണ് ഏറ്റവും വലിയ തോൽവിയും പാപവും എന്നല്ലേ. എന്നാൽ ദൈവസന്നിധിയിൽ നാം കാണിക്കുന്ന പണസംബന്ധമായ ക്രയവിക്രയങ്ങളിലെ ചെറിയതും വളരെ നിസാരമെന്ന് നാം കരുതുന്ന അവിശ്വസ്തതയും അതുപോലെ ഘനമുള്ള പാപങ്ങൾ തന്നേ.
വിശ്വസ്തതയോടെ അറിയിക്കാനുള്ള അറിയിപ്പുകൾ പോലും മനപ്പൂർവം മറയ്ക്കുന്നതും ഒളിപ്പിക്കുന്നതും നാം എഴുതുന്നതും സൂക്ഷിക്കുന്നതും വെളിപ്പെടുത്തുന്നതുമായ ഓരോ കണക്കിലും മനപ്പൂർവം ഉണ്ടാക്കുന്ന ക്രമക്കേടുകളും, തിരിമറിയും, പിശകുകളും, ഒളിപ്പിക്കുന്നതും, വളച്ചൊടിക്കുന്നതും വലിയ പാപം തന്നേ എന്നുകൂടി പറയാതെ വയ്യാ.
കാരണം വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു (സങ്കീ 85:11). നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു എങ്കിൽ അതിന്റെ താഴെ നീതിയുടെ അഥവാ ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടായിരിക്കും എന്നതും വാസ്തവം. ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തുന്നു, ദൈവത്തിന്റെ കയ്യൊപ്പില്ലാത്ത ഒന്നിനും സ്വർഗ്ഗീയ അംഗീകാരം ഇല്ലായെന്ന സത്യം മറക്കരുത്. തെറ്റിയ കണക്കിലും തെറ്റിക്കുന്ന കണക്കിലും ദൈവം കയ്യൊപ്പ് വെക്കില്ല എന്നത് മറ്റൊരു മർമ്മം ആകുന്നു.
ഇടം കയ്യ് കൊടുക്കുന്നത് വലങ്കയ്യ് അറിയരുത് എന്ന തത്വമനുസ്സരിച്ച് പലരും പറയുന്നത് കേട്ടിട്ടുണ്ട്, കർത്താവിന് കൊടുക്കുന്നതിന്റെ കണക്കൊന്നും എഴുതി വായിച്ച് കേൾപ്പിക്കണ്ട ആവശ്യം ഇല്ല. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്നതല്ലേ പ്രമാണം. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും ലാഭങ്ങളുടെയും കണക്ക് സൂക്ഷിക്കാനും പലപ്പോഴും അയവിറക്കാനും മനുഷ്യന് നന്നായി അറിയാം, പക്ഷേ ദൈവത്തിന് കൊടുക്കുന്നതിന്റെ കണക്ക് മാത്രം വായിച്ചാൽ പലവിധ ന്യായികരണങ്ങളും വാക്യങ്ങളും കണ്ടുപിടിക്കും. ഇതിനെ തികച്ചും മുടന്തൻ ന്യായം എന്നപേരാകും ഉചിതം. അതും കണക്കിലെ വിശ്വസ്തതയുടെ ഭാഗമായി വരും.
അപ്പോൾ അങ്ങ് ചെന്ന് കർത്താവ് കണക്ക് വായിക്കുമ്പോൾ ഈ കൂട്ടർ അവിടേയും പറയുമോ, കർത്താവേ കണക്കൊന്നും വായിച്ചുകേൾപ്പിച്ച് ഞങ്ങളെ നാറ്റിക്കല്ലേ, എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പെട്ടെന്ന് ആകട്ടെ.
പലപ്പോഴും മനുഷ്യർ കരുതുന്നത് ആരും ഒന്നും കാണുന്നില്ല എന്നല്ലേ. എന്നാൽ “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു”… “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു;” (സദൃ 15:3, എബ്രാ 4:13)
ഞങ്ങളുടെ ബാല്യകാലങ്ങളിൽ കൺവെൻഷൻ പ്രസംഗം കഴിഞ്ഞിട്ട് “ഇന്നുനീ ഒരിക്കൽ കൂടി ദൈവവിളി കേട്ടല്ലോ” എന്ന സമർപ്പണ ഗീതം പാടുന്ന സമയത്ത് (alter call) എത്ര ഭയത്തോട് പ്രാസംഗികർ പറയുന്നത് കേട്ടിട്ടുണ്ട് കർത്താവ് വേഗം വരാറായി മനസ്സന്തരപെടുവീൻ. അന്നവരെ ഭരിച്ചിരുന്നത് ദൈവത്തോടുള്ള സ്നേഹവും അതിൽനിന്നും ഉളവാകുന്ന ഭയവും കർത്താവ് വേഗം വരും എന്ന പ്രത്യാശയും ആയിരുന്നു. എന്നാൽ ഇന്നും സ്റ്റേജിൽ കയറിനിന്ന് എല്ലാവരും കർത്താവ് വരാറായെന്ന് അതിഘോരം വിളിച്ചു പറയുന്നുണ്ടെങ്കിലും, ഉടനെയൊന്നും കർത്താവ് വരാൻ പോകുന്നില്ല ചിലപ്പോൾ വരികയുമില്ല എന്ന ധാരണയല്ലേ പലരുടെയും മനസ്സിനെ ഭരിക്കുന്നതും പല പ്രവർത്തികളും ചെയ്തികളും കണ്ടിട്ട് തോന്നിപോകുന്നതും.
ഒരുകാര്യം സത്യമാണ് എവിടെ ചോദ്യങ്ങളും നിയമത്തോടുള്ള ബഹുമാനവും ആദരവും ഭക്തിയും ഭയവും കുറഞ്ഞ് കുറഞ്ഞ് ഇല്ലാതെയാകുന്നുവോ അവിടെ നിയമം ലംഘിക്കാനും കുറ്റകൃത്യം ചെയ്യാനും തെറ്റുകൾ നിരന്തരം ആവർത്തിക്കാനും പ്രവണത കൂടുമെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നു. ഞങ്ങൾ ഇവിടെ വർഷങ്ങളായി ഇങ്ങനെയാണ് ചെയ്തുവരുന്നത് അതുകൊണ്ട് അത് ഞങ്ങളുടെ നിയമവും കീഴ്‌വഴക്കവും ആകുന്നു എന്ന് പറഞ്ഞാൽ അത് സാർവത്രിക നിയമം (Universal Law) ദേശത്തിന്റ നിയമം ആയി കണക്കാക്കി രക്ഷപെടാൻ കഴിയുമോ.
എന്റെ കുടുംബത്തിൽ എന്റെ വല്യപ്പച്ചൻ തുടങ്ങി ഏകദേശം അഞ്ച് സ്റ്റേറ്റ് ബാങ്കിലെ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഏകദേശം അൻപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പലപ്പോഴും അപ്പച്ചൻ ചെങ്ങന്നൂർ ബ്രാഞ്ചിൽ നിന്നും ഒത്തിരി ഇരുട്ടി വീട്ടിൽ വന്ന നാളുകൾ ഓർക്കുന്നു. അപ്പച്ചനപ്പോൾ താമസിച്ചതിന്റെ കാരണം പറയുന്നത് കേട്ടിട്ടുണ്ട് ഇന്ന് അക്കൗണ്ട് റ്റാലി ആയില്ല ചില പൈസയുടെ വ്യത്യാസം ഉണ്ടായി അതുകണ്ടുപിടിച്ച് ലെഡ്ജർ ക്ലോസ് ചെയ്യാതെ ബാങ്കിൽ നിന്നും വെളിയിൽ വരാൻ പറ്റില്ല. ആ കാലത്തേ കണക്കുകൂട്ടുന്ന സംവിധാനം എത്രമാത്രമെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇത് ലോകത്തിലെ കണക്കെങ്കിൽ, ഒന്ന് ചോദിക്കട്ടെ കഴിഞ്ഞ കാലങ്ങളിൽ ദൈവം നമ്മേ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ, കണക്കുകളിൽ നാം എത്ര വിശ്വസ്തത കാണിച്ചു.
വചനം ചിലരെ വിളിക്കുന്നത് ബുദ്ധിഹീനർ, നിയമലംഘികൾ, എന്നാണ്. ഈ വക പ്രവൃത്തിക്കുന്നവർ ദൈവന്യായം തിരിച്ചറിഞ്ഞിട്ടും.. (റോമ 1:31-32). യേശു നികുതി കൊടുത്തു മാതൃക കാണിച്ചു എന്നിട്ടും നികുതി അടക്കേണ്ടുന്ന വരുമാനം ഉണ്ടായിട്ടും ഒരു രൂപാ പോലും നികുതി (Income Tax) അടക്കാതെ സകലതും മറച്ചുവെച്ച് നികുതി വെട്ടിക്കുന്നവർക്ക് തിരുവചനം കൊടുക്കുന്ന നിർവചനപ്രകാരം വിളിക്കേണ്ടത് നിയമലംഘികൾ എന്നല്ലേ. അപ്പോൾ അങ്ങനെയുള്ളവർ കണക്ക് പറയുന്ന വിഷയത്തിലും കണക്ക് വെളിപ്പെടുത്തുന്ന വിഷയത്തിലും വിശ്വസ്തരോ സ്വയം ശോധന ചെയ്യാം.
എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും.. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ലയെന്ന് (1 കോരി 13:2-3) വചനം പറയുന്ന പ്രകാരം നാം ഇതെല്ലാം നേടിയാലും കണക്ക് വിഷയത്തിൽ ആവിശ്വസ്തത കാണിച്ചാൽ പിന്നെ ഒന്നുമില്ല എല്ലാം നിഷ്ഫലം എന്ന് തിരിച്ചറിയുക. പണപരമായ കൊടുക്കവാങ്ങലിൽ, ക്രയവിക്രയങ്ങളിൽ, കണക്ക് എഴുതുന്ന കാര്യത്തിലും പരാജയപെട്ടവർ, അവിശ്വസ്തർ ബാക്കിയെല്ലാത്തലങ്ങളിലും പരാജയപെട്ടവരും, വീണവരും, അവിശ്വസ്തരും എന്ന ഗണത്തിലെ വരുകയുള്ളൂ എന്ന സത്യം മറക്കരുത്. അത് ഒരു താലന്തായാലും ഒരു രൂപയായാലും ഒരു പൈസയായാലും അൽപ്പത്തിലായാലും അധികത്തിലായാലും അവിശ്വസ്തത വന്നാൽ അവർ ഏത് ഗണത്തിൽ വരുമെന്ന് സ്വയം ശോധന ചെയ്യാം.
“കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം”. “രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു” (സദൃ 11:1, 20:23). കള്ളത്തുലാസ്സ് യഹോവക്ക് വെറുപ്പെങ്കിൽ കള്ളകണക്കും യഹോവ വെറുക്കുന്നു. ദൈവവിഷയമായി സമ്പന്നനാകാൻ ശ്രമിക്കുന്ന പോലെ ദൈവവിഷയമായി വിശ്വാസ്തനാകാൻ ഓരോരുത്തരും ശ്രമിക്കണം. “ഞാൻ നിന്നോടു കാര്യം തീർക്കുന്ന (കണക്ക് ചോദിക്കുന്ന) നാളിൽ നീ ധൈര്യത്തോടെ നിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ?” (യേഹേ 22:14). എന്നുമെന്നും ഓർക്കുവാനുള്ള ചില നല്ല കയ്യൊപ്പുകൾ മാത്രം ശേഷിപ്പിച്ചുള്ളൊരു യാത്രയാണ് മനുഷ്യന്റേത് എന്ന് മനസ്സിൽ കരുതി നമ്മുടെ കണക്കുകൾ ഒരിക്കലും പിശകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
‘മാറാനാഥാ’
Comments are closed, but trackbacks and pingbacks are open.