ലേഖനം: ഇനിയും ചില വാക്കുകൾ | രാജൻ പെണ്ണുക്കര

“അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു. എന്റെ വാക്കു ഭോഷ്ക്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നിൽക്കുന്നു”… “എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ. നില്പിൻ, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം” (ഈയ്യോ 36:2,4, 21:3).

ശ്രേഷ്ഠരായ എലീഹൂയും ഇയ്യോബും ഇവിടെ പറയുവാൻ പോകുന്ന വാക്കുകൾ പൈങ്കിളി കഥകളൊ കെട്ടുകഥകളോ ജീവനുള്ളവരെ മരിച്ചവരായി മനസ്സിൽ സങ്കല്പിച്ചെഴുതി നിർവൃതി അടയുന്ന ഭാവനകളോ അല്ലെന്നകാര്യം പ്രേത്യേകം ഓർക്കുക. ഇങ്ങനെയൊക്കെ എഴുതുന്നത് തെറ്റെന്നോ ശരിയെന്നോ സ്ഥാപിക്കാനല്ല എന്റെ ശ്രമം അതിനെ അതിന്റെ വഴിക്ക് വിട്ടേക്കാം. എന്നാലിവിടെ ഈ മഹാന്മാർ അതിലും ശ്രേഷ്ഠമായ വാക്കുകളാണ് വിളിച്ചുപറയുവാൻ പോകുന്നത്, അത്, ദൈവത്തിന് മനുഷ്യനോട് അറിയിക്കാനുള്ള ദിവ്യസന്ദേശമാകയാൽ അതിന്റെ ഉദ്ദേശവും പ്രാധാന്യവുമാണ് ഈ എഴുത്തിലെ ഇതിവൃത്തം.

ദൈവത്തിൽ നിന്നും വരുന്ന വാക്കുകൾ മനുഷ്യനു വേണ്ടി മാത്രയുള്ള വാക്കുകൾ ആകുന്നു. അതൊരോ ദൈവീക സന്ദേശങ്ങൾ ആകുന്നതുകൊണ്ടാണ് ആരും തന്നെ പരിഹസിക്കാനും പുശ്ചിച്ച് തള്ളിക്കളയാനും ചിരിക്കാനും ധൃതി കാണിക്കരുതെന്ന് വചനം മുന്നറിയിപ്പ് തരുന്നത്. അങ്ങനെ ആരെങ്കിലും ചെയ്താലത് പാപവും ദൈവധിക്കാരവും ആയി മാറുമെന്നതിന് സംശയമില്ല. അതേ നാമോരൊരുത്തരും പറയുന്ന ഓരോ വാക്കുകളും പ്രസംഗവും എഴുതുന്ന ഓരോ അക്ഷരങ്ങളും എഴുത്തുകളും ദൈവത്തിന്നു വേണ്ടി മാത്രമായാൽ, മറ്റുള്ളവർക്ക് ആശ്വാസമായാൽ, ഒരു മുഖം നോക്കുന്ന കണ്ണാടി പോലെയായി മാറിയാൽ അതൊരിക്കലും ഭോഷ്ക്കാകില്ല മറിച്ച് ദൈവത്തിന് മനുഷ്യനോട് പറയാനുള്ള ദൈവീക ആലോചനകളും, സന്ദേശങ്ങളും, അരുളപ്പാടുകളും മനസാന്തരത്തിനുള്ള ഓരോ അവസരങ്ങളും ആയി തന്നേ മാറും എന്നതിന് സംശയമില്ല.

എല്ലാ അക്ഷരക്കൂട്ടുകളുടെ പുറകിൽ നിഴൽ പോലെ മറഞ്ഞിരിക്കുന്ന ചില യഥാർഥ്യങ്ങളും, സത്യങ്ങളും, നീതിബോധവും, അറിവും അനുഭവങ്ങളും, ന്യായവും, അന്യായത്തോടുള്ള അകൽച്ചയും, മുന്നറിയിപ്പും, വേദനകളും, നിരാശയും, പ്രത്യാശയും കാണാം. വ്യക്തി സ്വാതന്ത്ര്യം എന്നോണം ആ ഹൃദയത്തിലെ വികാര വിചാരങ്ങളുടെ പ്രതിഫലനമാകാം ചിലപ്പോൾ വിരൽ തുമ്പിലൂടെ പുറത്തു വരുന്നതും. അതിലും ചില വ്യക്തമായ സന്ദേശങ്ങൾ ഉണ്ടെന്നതാണ് വാസ്തവം.

നമ്മുടെ ഭാരതത്തിന്റെ ജനസംഖ്യ നൂറ്റിനാൽപ്പത്തിരണ്ട് കോടിയാണെന്നാണ് കണക്ക്. അപ്പോൾ ഈ ഓരോ വാക്കുകളും സന്ദേശങ്ങളുമെല്ലാം ഒന്നിനോടൊന്ന് സാമ്യമില്ലാത്ത നൂറ്റിനാൽപ്പത്തിരണ്ട് കോടി വ്യത്യസ്ത മനോഭാവവും കാഴ്ചപ്പാടും ചിന്താഗതിയും സ്വഭാവവും മുള്ള ജനങ്ങളിൽ ഒരാളോടെങ്കിലും ഒത്തുച്ചേർന്നു വരുന്നു എങ്കിൽ അഥവാ അവരെ ഉദ്ദേശിച്ചെന്ന് സ്വയം അവർക്ക് തോന്നിപ്പോയാൽ അത് മനപ്പൂർവം അല്ല മറിച്ച് തികച്ചും യഥാർശ്ചികം, സ്വാഭാവികം മാത്രം. അതിനെയാണ് ആത്മീക ഭാഷയിൽ എല്ലാവരും ദൈവീക സ്പർശനമെന്നും സന്ദർശനമെന്നും സന്ദേശമെന്നും മറ്റും വിളിക്കുന്നത്.

വചനം പഠിക്കുമ്പോൾ ദൈവത്തിന് മനുഷ്യനോടുള്ള സന്ദേശങ്ങളും കല്പനകളും ചില സാഹചര്യത്തിൽ ദൈവം നേരിട്ട് അരുളിചെയ്തതായും ചില സന്ദേശങ്ങൾ/കല്പനകൾ പറഞ്ഞുകൊടുത്തെഴുതിപ്പിച്ചതായും ചില സന്ദർഭങ്ങളിൽ ദൈവം സ്വന്തം കൈകൊണ്ട് എഴുതികൊടുത്തതായും വായിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നിലെ പരമപ്രധാനമായ ദൈവീക ഉദ്ദേശം സന്ദേശങ്ങൾ മറ്റൊരാൾക്ക്‌ കൈമാറുക എന്നുള്ളത് മാത്രമാകുന്നു.

ലോകത്തെ പലയെഴുത്തുകാരും അവരുടേതായ രീതികൾ അഥവാ സ്വയസിദ്ധ ശൈലികൾ അവലമ്പിക്കാറുണ്ട്, അതിനെ ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നും പറയാം, ചിലത് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ നേരിട്ട് പ്രക്ഷേപണം ചെയ്യുന്ന പോലെയും (Running commentary) ചിലത് നേരിട്ട് പറയുന്ന പോലെയും, ചിലത് പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന പോലെയും, ചില എഴുത്തുകൾ കേട്ട കാര്യം മൂന്നാമത് ഒരാൾ എഴുതുന്ന പോലെയും തോന്നാറുണ്ട്. അതെല്ലാം ഓരോ ശൈലികൾ മാത്രം ആകുന്നു. അത് തെറ്റെന്നോ ശരിയെന്നോ ആർക്കും വാദിക്കാനോ വിധിക്കാനോ കഴിയില്ല.

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വിശുദ്ധ വേദപുസ്തകം, പരിശുദ്ധത്മാവ് പറഞ്ഞുകൊടുത്ത് വ്യത്യസ്ത കാലയളവിൽ വ്യത്യസ്തരായ മനുഷ്യർ നൂറ്റാണ്ടുകളുടെ വ്യത്യാസത്തിൽ എഴുതിയെടുത്ത വചനം ഇന്നും നമ്മുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടികാണിക്കുന്നു നമ്മേ നേർവഴിനടത്തുന്നു ജീവനോടെ നമ്മോടെന്നുമെപ്പോഴും സംസാരിക്കുന്നു, ഓരോ നിമിഷവും സംസാരിച്ചുകൊണ്ടിരിക്കുന്നു.

രോഗനിർണ്ണയത്തിന് ഉപയോഗിക്കുന്ന CT/MRI സ്കാൻ പോലെ ഓരോ സന്ദേശങ്ങളും ഓരോ മുന്നറിയിപ്പ് ആകുന്നു. മനുഷ്യന്റെ തെറ്റുകൾ, കുറവുകൾ ചൂണ്ടി കാണിക്കുന്ന അഥവാ മനസ്സിലാക്കി കൊടുക്കുന്ന പ്രക്രിയാണ് ഇതിൽ കൂടി നടക്കുന്നത്. ഒന്നുകൂടി ലളിതവും വ്യക്തമായും പറഞ്ഞാലതിനെ അപവാദമെന്നല്ല മറിച്ച് വിമർശനം എന്നു വിളിച്ചാലും തെറ്റാകില്ല, വിമർശനം സത്യത്തിന്റ അടിസ്ഥാനത്തിൽ ആരോഗ്യപരമായാൽ ഏറ്റവും ഉത്തമം. വിമർശനത്തിൽ കൂടി നടക്കുന്നത് തെറ്റുകൾ ചൂണ്ടികാണിക്കുന്ന പ്രക്രിയയാണ്, അതിനെ നല്ല വികാരത്തോടും വിചാരത്തോടും മുൻവിധി കൂടാതെ ഉൾക്കൊണ്ടാലത് നമ്മേ നേർവഴി നടത്താൻ ഉപകരിക്കും തെറ്റുകൾ തിരുത്താൻ സഹായിക്കും. അതിനെ ഈഗോയോടും വെറുപ്പോടെയുമല്ല സമീപിക്കേണ്ടത്. പലപ്പോഴും അതിനെ മുൻവിധിയോടും വെറുപ്പോടും സമിപ്പിക്കുന്നതു കൊണ്ടാണ് വൈരാഗ്യവും നീരസവും സ്വീകരിക്കാനുള്ള വൈമനസ്യവും ഉണ്ടാകുന്നത്. എല്ലാ വിമർശനങ്ങളും സന്ദേശങ്ങളും ഉപദേശങ്ങളും സത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന അല്ലെങ്കിൽ നേരായ പാത കാണിക്കുന്ന ചൂണ്ടുപലകയായി മാറിയാൽ സമൂഹത്തിൽ എത്ര വലിയ മാറ്റങ്ങൾ ഉണ്ടാകും.

വചനം പറയുന്നു “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു” (എബ്രാ 8:7). അതായത് ഒന്നിലെ കുറവ് മറ്റൊന്നിൽ കൂടി നികത്തുക എന്ന് ചുരുക്കം. ആത്മീക ജീവിതത്തിലെ വിമർശനങ്ങളും തെറ്റുകൾ ചൂണ്ടികാണിക്കുന്നതും മറ്റും ആരേയും കളിയാക്കാനോ, മോശമായി ചിത്രീകരിക്കാനോ കരിവാരി തേക്കാനോ അല്ല മറിച്ച് കുറവുകൾ ഉണ്ടായാൽ തിരുത്തി പുതിയ അദ്ധ്യായം കുറിക്കാൻ വേണ്ടിമാത്രമാകുന്നു. കാരണം നമ്മുടെ മുന്നിൽ ഒരു നിത്യത അഥവാ തുറമുഖം ഉണ്ട് അവിടെ എത്തിച്ചേരാനാണല്ലോ നാമിപങ്കപ്പാടുകൾ സഹിക്കുന്നത്. എന്നാൽ നിസാരമായ അവഗണനകൊണ്ട് ഓടിയതും അധ്വാനിച്ചതും വ്യഥാവായാൽ എന്തു പ്രയോജനം. എല്ലാമനുഷ്യർക്കും അവരവരുടെ തെറ്റുകൾ സ്വയം കണ്ടുപിടിക്കാൻ കഴിയാതെ പോകുന്നു എന്നതാണ് സത്യം. കാരണം നമ്മുടേതായ ശരികൾ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തെറ്റാണെങ്കിലും നാമതൊരിക്കലും സമ്മതിച്ചു കൊടുക്കാതെ അതിനെ ശരിയാക്കി തീർക്കാൻ അഥവാ സ്ഥാപിക്കാൻ ശ്രമിക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ ശരികൾ നമ്മുടെ കാഴ്ചപ്പാടിൽ തെറ്റുകളും അതുപോലെ തിരിച്ചും ആയി മാറാറില്ലെ. അത് മനുഷ്യന്റെ സ്വഭാവം, മാത്രവുമല്ല നാമെല്ലാവരും സ്വയനീതികരണത്തിന്റെയും ന്യായികരണത്തിന്റെയും ഉസ്താദുക്കൾ കൂടി ആകുമ്പോൾ ഓരോ സന്ദേശങ്ങളും എഴുത്തുകളും മുഖം നോക്കുന്ന ഓരോ കണ്ണാടി പോലെയായി മാറുന്നു എങ്കിൽ നമ്മുടെ പ്രയത്നം വൃഥാ ആകുന്നില്ല എന്നുവേണം കരുതാൻ. വ്യാജം പറയാത്തതായി ലോകത്തൊന്നുമില്ലെന്നാണ് തോന്നുന്നത്. നമ്മുടെ കാതുകൾ പോലും ചില നേരം കള്ളം കേൾക്കുമെന്നും വിശ്വസിക്കുമെന്നും പറയുമെന്നും തോന്നി പോകാറുണ്ട്. കാരണമത് തെറ്റും ശരിയും തിരിച്ചറിയാനാകാതെ പലപ്പോഴും കേൾക്കുന്നത് മാത്രം വിശ്വസിക്കുന്നു. എന്നാൽ ലോകത്ത് ഒരിക്കലും കള്ളം പറയാത്ത ഒന്നുണ്ടെകിൽ അത് കണ്ണുകൾ മാത്രമെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം അതിന്റെ മുന്നിലെ കാഴ്ച്ചകൾ സത്യത്തിന്റേയും കള്ളത്തിന്റേയും വേർതിരിവില്ലാതെ ഉള്ളത് ഉള്ളതുപോലെ വള്ളി പുള്ളി തെറ്റാതെ ഒപ്പിയെടുക്കുന്നു എന്നതല്ലേ സത്യം. അപ്പോൾ ആ കാഴ്ച്ചകൾ അതുപോലെ തന്നേ ഒരു ക്യാൻവാസിൽ പകർത്തിയാൽ അതൊരിക്കലും വ്യാജമാകില്ല. ആ കണ്ണുകൾ കണ്ട കാഴ്ച്ചപോലെ ആയിരിക്കണം നമ്മുടെ ഓരോ എഴുത്തുക്കളും എന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ ആ വരികൾ ഒരിക്കലും വ്യാജമാകില്ല, ആ വരികളിൽ തുടിക്കുന്ന ജീവന്റെ സ്പന്ദനം ഉണ്ടാകും ആ ജീവൻ നിസംശയം ക്രിയ ചെയ്യും. ഓരോ പ്രസംഗവും, ഓരോ എഴുതും, മനുഷ്യന്റെ ജീവിതത്തിലെ തെറ്റുകൾ തിരുത്താനും നേർവഴിയിൽ നടത്താനും മനസാന്തരത്തിലേക്കും വഴിനടത്തുമെങ്കിൽ അതിനും അപ്പുറം എന്താണ് വേണ്ടത്. അവിടെയാണ് ദൈവീക ഉദ്ദേശം സഫലീകൃതം ആയിമാറുന്നത്. ഓരോ എഴുത്തിലേയും കോമകൾ മനുഷ്യന് മാനസാന്തരത്തിനുള്ള ഓരോ സുവർണ്ണാവസരങ്ങളായി ഉപമിക്കാം അതിനെ നഷ്ടമാക്കാതെ ആരുടേയും നിർബന്ധത്താലല്ല സ്വമനസ്സോടെ ഏറ്റെടുക്കാം, എന്നാലൊരവസാനം ഒരു ഫുൾ സ്റ്റോപ്പ്‌ ഉണ്ട് എന്ന തത്വം മറക്കരുത്.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.