ലേഖനം: മുഖസ്തുതിയും ചക്കരവാക്കും | രാജൻ പെണ്ണുക്കര

മുഖസ്തുതി ഇഷ്ടപ്പെടാത്ത ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ല!. മുഖസ്തുതി കേൾക്കുമ്പോൾ നല്ല ആത്മസുഖവും, അറിയാതെ തന്നേ ഏതു മനുഷ്യനും വാനോളം പൊങ്ങി പോകുന്ന അനുഭൂതിയല്ലേ നമ്മിൽ ഉണ്ടാക്കുന്നത്. പക്ഷേ മുഖസ്തുതി വലിയ അപകടകാരിയാണെന്ന യാഥാർഥ്യം പലരും മറന്നുപോകുന്നു. മുഖസ്തുതി തിന്മയാണ്. മുഖസ്തുതിയുടെ വേറെ ഒരു രൂപം ആണ് ‘ചക്കരവാക്ക്’. അതും വലിയ അപകടകാരിയാണ് എന്നു പറയുന്നതാകും ഉത്തമം. ഇവകൾ കാര്യം നേടാനുപയോഗിക്കുന്ന വജ്രായുധം ആണെന്ന് പറയുന്നതാകും വാസ്തവം.

എന്താണ് ‘മുഖസ്തുതി’ അമിതവും ആത്മാർത്ഥത ഒട്ടും ഇല്ലാത്തതുമായ പ്രശംസ, പ്രത്യേകിച്ച് സ്വന്തം താൽപ്പര്യങ്ങൾക്കായി നൽകുന്ന പുകഴ്ത്തൽ, മുഖത്തു നോക്കിയുള്ള സ്തുതി (നേരേ നിന്നു കൊണ്ടുള്ള പുകഴ്ത്തൽ) എന്നൊക്കെയാണ് ഇതിന്റെ യഥാർത്ഥ അർത്ഥം.

എന്താണ് ‘മധുരവാക്ക്’ (സങ്കി 36:2), ‘ചക്കരവാക്ക്’, ചക്കരയുടെ മാധുര്യം കൃത്രിമമായി പുരട്ടിയ വാക്ക് അല്ലെങ്കിൽ പഞ്ചസാര വാക്ക് എന്നല്ലേ അർത്ഥം. അപ്പോൾ ഒന്നാമത് (ഒറിജിനലി) അത് മധുരം ഇല്ലാത്തതാണ് അതുകൊണ്ട് അതിൽ കൃത്രിമം ഉണ്ടെന്ന് പറയുന്നത്. ചക്കരവാക്ക് ഒരു വശീകരണപ്രക്രിയ ആണ്. അനാകർഷ സംഗതിയെ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം എന്നാണ് നിർവചനം. വചനം പറയുന്നു അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു (യിരേ 12:6).

മുഖസ്തുതിയെ സാധാരണ സംസാരഭാഷയിൽ ചിലർ സോപ്പിടൽ എന്നും വിളിക്കാറുണ്ട്. ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, പണ്ടൊരിക്കൽ അച്ചായൻ/ അമ്മാമ്മ അന്ന് എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു, ചിലപ്പോൾ നിങ്ങൾ മറന്നുകാണും പക്ഷെ എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട് എന്നുവരെ നമ്മേ ഓർമ്മപ്പെടുത്തി സംഭാഷണമാധുര്യം കൊണ്ട് ആരെയും പാട്ടിലാക്കും. യഥാർത്ഥത്തിൽ അച്ചായാനോ അമ്മാമ്മയോ അങ്ങനെ മനസ്സിൽ ചിന്തിച്ചിട്ട് പോലും കാണില്ല എന്നതാകും സത്യം. അല്ലെങ്കിൽതന്നെ എന്തുകൊണ്ട് ആ വാക്കുമാത്രം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവർ ഓർത്തു വെച്ചിരിക്കുന്നു എന്നിപ്പൊ തോന്നുന്നില്ലേ?. അതേ, മറ്റുള്ളവരെ വശത്താക്കാൻ ഇങ്ങനെയുള്ള കല്ലുവെച്ച നുണകൾ പറഞ്ഞാലല്ലേ കാര്യങ്ങൾ മാര്‍ദ്ദവും അനായാസവും ആകൂ. എത്ര വലിയ പാപം ആണ് ഇതെന്ന് ആരും ചിന്തിക്കുന്നില്ല.

ദൈവവചനത്തിൽ മുഖസ്തുതിയെ കുറിച്ച് പറയുന്ന വാക്കുകൾ വളരെ പ്രധാന്യമുള്ളതും ഗൗരവമായി കാണേണ്ടിയതും ആകുന്നു. “കാര്യ സാദ്ധ്യത്തിന്നായി അവർ (ഭക്തികെട്ട പാപികൾ) മുഖസ്തുതി പ്രയോഗിക്കുന്നു” (യൂദാ 1:16). ഇവിടെ പ്രയോഗിക്കുന്നു എന്ന പദപ്രയോഗം വളരെ പ്രാധാന്യം ഉള്ളതാണ്. സാധാരണ ആയുധം ആണ് പ്രയോഗിക്കുന്നത് അപ്പോൾ മുഖസ്തുതിയും ഒരു ആയുധം എന്ന് നേരത്തെ പറഞ്ഞത് എത്രയോ സത്യം തന്നേ. കൂടാതെ ഇങ്ങനെയുള്ളവരുടെ വർണ്ണന 12-13 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു. “കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു” (സദൃ 29:5). “അങ്ങനെയുള്ളവർ (ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നർ) നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു” (റോമ 16:18). “ഭോഷ്ക്കും മുഖസ്തുതിയും പറയുന്ന വായ് നാശം വരുത്തുന്നു” (സദൃ 26:28). അപ്പോൾ ചക്കരവാക്കും മുഖസ്തുതിയും വഞ്ചനയുടെ വ്യാപാര ശക്തിയാണെന്നതിന് തർക്കം ഇല്ല.

മുഖസ്തുതി പറയുന്നവരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാനോ, അവരുടെ മനസ്സ് വായിച്ചറിയുവാനോ ഒരിക്കലെങ്കിലും സാധിച്ചിട്ടുണ്ടോ?. ഇത് ആത്മീക മേഖലയിൽ വളരെയധികം പ്രായോഗിക്കപ്പെടുന്നു പലരും അറിയാതെ വീണു പോകുന്നു എന്നതാണ് പരമസങ്കടം. അവർക്ക് രണ്ട് മുഖം ഉണ്ടെന്ന് പറയുന്നതാകും ഉത്തമം, മാത്രമല്ല അവർ ഒരിക്കലും വായിച്ചെടുക്കുവാൻ സാധിക്കാത്ത പുസ്തകത്തിന്റെ താളുകൾ ആണെന്ന് പറയുന്നതാണ് അതിലും ഉത്തമം.

പലപ്പോഴും വിമർക്കുന്നവരെ നമുക്ക് ഒട്ടും ഇഷ്ടം അല്ല എന്നാൽ വിമർശനത്തിൽ മറഞ്ഞിരിക്കുന്ന സത്യം നമുക്ക് തിരിച്ചറിയാൻ കഴിയണം. ഒന്നുകൂടി പറഞ്ഞാൽ അവർ അപകടകാരികൾ അല്ല എന്നതാണ് സത്യം. എന്നാൽ അതിലുപരി പ്രശംസയിൽ അഥവാ മുഖസ്തുതിയിൽ ഒളിഞ്ഞിരിക്കുന്ന അപകടവും, നഷ്ടവും, നുണയും, ചതിവും നമുക്ക് തിരിച്ചറിയാൻ കഴിയണം. അത് വലിയ അപകടകാരിയാണ്.

കാരണം അവരുടെ മുഖ്യ അജണ്ട കാര്യ സാദ്ധ്യത്തിന്നായി മുഖസ്തുതി പ്രയോഗിക്കുന്നു അല്ലെങ്കിൽ അവരുടെ മനസ്സിൽ ദുരുദ്ദേശമുണ്ട് എന്നല്ലേ വചനം പോലും മുന്നറിയിപ്പ് തരുന്നത്. ചിലർ മുഖസ്തുതി പറഞ്ഞ് വശികരിക്കാൻ സമർത്ഥരാണ്. നാം അറിയാതെ തന്നേ അവർക്ക് വശംവദരായി അഥവാ കീഴ്പെട്ടു പോകുന്നു എന്നതല്ലേ വാസ്തവം. പക്ഷേ എല്ലാം സത്യങ്ങളും തിരിച്ചറിഞ്ഞും മനസ്സിലാക്കിയും വരുമ്പോഴേക്കും നേരം പുലരുന്നു എന്നതാണ് സങ്കടം.

എന്നാൽ അവർ എത്രമാത്രം നമ്മെ മുഖസ്തുതി കൊണ്ട് ഒട്ടി നിന്നാലും സ്വാധീനിച്ചാലും നാം അവരുടെ നേരെ ഒന്നു വിരൽ ചൂണ്ടിയാൽ ഒരുനിമിഷം കൊണ്ട് അവരുടെ തനി ഗുണവും രൂപവും പ്രകടമാകില്ലേ!. പിന്നെ അന്നു വരെ പറഞ്ഞതിന്റെയും ഒട്ടിനിന്നതിന്റെയും പ്രകീർത്തിച്ചതിന്റെയും തികച്ചും വിപരീതം ആയിരിക്കില്ലേ അവരുടെ പ്രകടനങ്ങളും അവരുടെ നാവിൽ നിന്നും പുറപ്പെടുന്നതും!.

ഇങ്ങനെയുള്ളവരുടെ സ്നേഹവും സ്നേഹ പ്രകടനങ്ങളും പെരുമാറ്റവും തികച്ചും വ്യാജമാണ്. വിഷക്കുപ്പിയുടെ പുറത്ത് തേൻ എന്ന് എഴുതി വെച്ചിരിക്കുന്നതുപോലെ ഉള്ളു അവരുടെ സ്നേഹവും ബഹുമാനവും ആദരവും പുകഴ്ത്തലും അങ്ങനെ എല്ലാമെല്ലാം. ആത്മാർത്ഥയുടെ നിഴൽ പോലും ഇവരുടെ ജീവിതത്തിലും പെരുമാറ്റത്തിലും ഉണ്ടായിരിക്കില്ല.

വചനം പറയുന്നു നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു… എങ്കിലും നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം (അണലിവിഷം) അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു…. അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു: അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവർ വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കുലെക്കുന്നു.. (സങ്കി 5:9, റോമ 3:13, സങ്കീ 140:3, സങ്കീ 36:3, സങ്കീ 140:3, യിരേ 9:3).

എന്നാൽ ഭക്തനായ ഇയ്യോബ് എടുക്കുന്ന പ്രതിജ്ഞ വളരെ ശ്രേദ്ധേയമാണ്. “മുഖസ്തുതി പറവാൻ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവു ക്ഷണത്തിൽ എന്നെ നീക്കിക്കളയും”. അതുകൊണ്ട് “ഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.” (ഇയ്യോബ് 32:22, 21). എത്ര അർത്ഥവത്തായ തീരുമാനം. ഓരോ ദൈവ പൈതലും എടുക്കേണ്ട തീരുമാനം എന്നു പറയുന്നതാകും ഉചിതം!.

ഒരു നിമിഷം ചിന്തിക്കുക!.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.