ലേഖനം: മനസാക്ഷി തടവിലാകുമ്പോൾ… | ബിജോ മാത്യു പാണത്തൂർ
അല്പം പുരാതന ചരിത്രം പറഞ്ഞു തന്നെ തുടങ്ങാം! ദാവീദ് രാജാവിൻ്റെ മകനായ ശലോമോൻ്റെ (Solomon)കാലശേഷം രാജ്യം രണ്ടായി വിഭാഗക്കപ്പെടുകയും, വടക്കൻ രാജ്യം (യിസ്രായേൽ) തെക്കൻ രാജ്യം (യഹൂദ) എന്നിങ്ങനെ 2 രാജ്യങ്ങളായി മാറുകയും ചെയ്തു.
യിസ്രായേൽ ഭരച്ചിരുന്ന ഒരു രാജാവായിരുന്നു ബയശ. അപ്പോൾ തന്നെ യഹൂദയുടെ രാജാവ് ആസ ആയിരുന്നു. യഹൂദയുടെയും,യിസ്രായേലിൻ്റെയും ഇടയിൽ ഇസ്രയേൽ രാജാവ് വലിയൊരു മതിൽ കെട്ടി വഴിമുടക്കി. ഇങ്ങനെ വടക്കു നിന്ന് തെക്കുള്ള യഹൂദയിലേക്കുള്ള യാത്ര സുഗമമല്ലാതെയായി.
എന്നാൽ യിസ്രായേൽ രാജാവിനെ തോൽപ്പിക്കാൻ യഹൂദ രാജാവ് മറ്റൊരു വഴിയായി ദൂരെയുള്ള അരാം രാജാവിന് കൈക്കൂലി കൊടുത്ത് അവിടെനിന്ന് സഹായം അഭ്യർത്ഥിച്ചു. (കിലോ കണക്കിന് പൊന്നും,വെള്ളിയും കൈക്കൂലിയായി നൽകി). ഡമാസ്കസ് എന്ന സിറിയൻ തലസ്ഥാനമായിരുന്നു അന്നത്തെ അരാം രാജ്യത്തിൻറെ തലസ്ഥാനം.(ദമസ്ക്കോസ്).
അരാം രാജാവ് യഹൂദ രാജാവിനെ സഹായിക്കുകയും ചെയ്തു. അരാം പട്ടാളം യിസ്രയേൽ രാജ്യത്തെ പിടിച്ചടക്കുന്നു. അരാം രാജാവിന് കൈക്കൂലി കൊടുത്ത് യെഹൂദാ രാജാവ് കാര്യം നടത്തി.
യഹൂദ രാജാക്കന്മാർ സാധാരണയായി ഇങ്ങനെയുള്ള സമയത്ത് ദൈവത്തോട് പ്രാർത്ഥിച്ചു യുദ്ധത്തിന് പോകുന്നത് പതിവാണ്. പക്ഷേ ഇവിടെ ദൈവത്തിൻ്റെ സഹായം തേടാതെ ബയശ ഒരു രാജാവിൻ്റെ സഹായം തേടിയത് ദൈവത്തിന് അനിഷ്ടമായി.
അതിനാൽ ദൈവം ഒരു ദർശകനെ (പ്രവാചകന്‍) അയച്ച് യഹൂദ രാജാവായ ബയശയോട് അവൻ ചെയ്തത് തെറ്റായിപ്പോയി എന്ന് പറയിച്ചു. എന്നാൽ രാജാവിന് അത് ഇഷ്ടപ്പെട്ടില്ല. അപ്പോൾ തന്നെ പ്രവാചകനെ പിടിച്ച് തടവിലിട്ടു.
നമ്മുടെ നാട്ടിലും ഇങ്ങനെയാണല്ലോ.. സത്യം പറയുന്നവരെ “ക്രൂശിക്കും”. യേശു പരീശസമൂഹത്തെ നോക്കി “വെള്ളതേച്ച ശവക്കല്ലറകൾ” എന്ന് വിളിച്ചു. യേശുവിനെയും അവർ ക്രൂശിച്ചു.
സത്യം പറയുന്നവരെ തുറുങ്കിൽ അടക്കുക, കൊന്നുകളയുക എന്നതിലൂടെ സത്യം ഇല്ലാതെയാകുന്നില്ല. സത്യത്തെ കുറച്ചുനാളുകൾ ഒതുക്കി വെക്കാം.. എന്നാൽ സത്യം സർവ്വശക്തിയോടെ പുറത്തേക്ക് വരും. അതോടെ പുറംലോകം ആ സത്യത്തെ അറിയും.
മൂന്നാം ദിവസം യേശു ഉയർത്തെഴുന്നേറ്റത് ഇതിനൊരു തെളിവാണ്. പക്ഷേ യേശുവിനെ ക്രൂശിച്ച യഹൂദൻറെ ഗതിയോ? യേശുവിനെ ക്രൂശിച്ച് എതാണ്ട് 37 വർഷങ്ങൾ കഴിഞ്ഞപ്പോൾ യഹൂദൻ്റെ അഭിമാനമായിരുന്ന ആലയം, ആ പ്രൗഢ മന്ദിരം ടൈറ്റസ് കൈസറിനാൽ തകർക്കപ്പെട്ടു.
എവിടെയൊക്കെ യേശുവിൻ്റെ രക്തം തുള്ളിതുള്ളിയായി വീണിട്ടുണ്ടോ.. അവിടെയൊക്കെ യഹൂദൻ്റെ രക്തം പുഴ പോലെ ഒഴുകി എന്ന് ചരിത്രകാരനായ ഫ്ളാവിയസ് ജോസിഫസ് രേഖപ്പെടുത്തിയിരിക്കുന്നു.
എ.ഡി എഴുപതിൽ തലസ്ഥാനമായ യെരുശലേം നഗരം റോമൻ സൈന്യം വളഞ്ഞു. മെഡിറ്ററേനിയൻ തീരത്ത് റോമൻ പട്ടാളം ഇസ്രായേലിലെ യുവതി- യുവാക്കന്മാരെ ചങ്ങലക്കിട്ട് അടിമച്ചന്തയിൽ വിലപേശി വിറ്റു.
യഹൂദന് പിന്നീട് ഏതാണ്ട് 2000 വർഷങ്ങൾ രാജ്യം നഷ്ടപ്പെട്ട നിലയിലായി. അഭയാർത്ഥികളായി അവർ ലോകമെമ്പാടും ചിതറി.
നമ്മിലേക്ക് വരാം..നമ്മിലെ ദർശകൻ ആരാണ്? ഉത്തരം: നമ്മുടെ മനസാക്ഷി. മനസാക്ഷിയെ തടവിലാക്കിക്കൊണ്ടുള്ള ഒരു ലാഭവും നമുക്ക് വേണ്ട. കാരണം നാം വലിയ വില കൊടുക്കേണ്ടിവരും. പിന്നീട് നമുക്ക് അത് നഷ്ടമാണ് സമ്മാനിക്കുക.
യഹൂദ രാജാവായ ബയശയ്‌ക്ക് എന്ത് സംഭവിച്ചു? ദർശകനെ തടവിലിട്ട് കൃത്യം മൂന്നുവർഷം കഴിഞ്ഞപ്പോൾ അതികഠിനമായ ഒരു രോഗം പിടിച്ച് ബയശ എന്ന രാജാവ് നാട് നീങ്ങി. ജീവിതത്തിലെ ചെറിയ ലാഭങ്ങൾക്കായി മനസാക്ഷിയെ നാം തടവിലാക്കരുത്.
ബിജോ മാത്യു പാണത്തൂർ.
Comments are closed, but trackbacks and pingbacks are open.