ലേഖനം | ദർശനം….. അത് വരും നിശ്ചയം… | ഷേബ ഫിന്നി, അയർലൻ്റ്

നാം പലരും ദർശനങ്ങൾ അല്ലെങ്കിൽ സ്വപ്നങ്ങൾ കാണുന്നവരാണ്. ഒരുപക്ഷേ ദർശനങ്ങളോ സ്വപ്നങ്ങളോ കണ്ടില്ലെങ്കിലും, എന്തെങ്കിലും സ്വപ്നങ്ങൾ മനസ്സിലെങ്കിലും ഇല്ലാത്തതായി ആരും തന്നെ കാണില്ല. സ്വപ്നങ്ങളുടെയും വാഗ്ദത്തങ്ങളുടെയും നിവർത്തി നമ്മൾ ആഗ്രഹിക്കുമ്പോഴും പലപ്പോഴും നമ്മളെ മടുപ്പിക്കുന്നത് അതിനായിട്ടുള്ള കാത്തിരിപ്പാണ്. കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുംതോറും നാം ക്ഷീണിച്ചും തളർന്നും പോകാറുണ്ട്. പല സമയങ്ങളിലും നമ്മുടെ പ്രതീക്ഷകൾ മുഴുവനും അസ്തമിച്ചു എന്ന് ചിന്തിക്കാറുണ്ട്.
എന്നാൽ നമ്മുടെ ദർശനങ്ങളുടെ സമയം തെറ്റുന്നു എന്നും വൈകിക്കൊണ്ടിരിക്കുന്നു എന്നും നാം വിചാരിക്കുമ്പോഴും ദൈവത്തിൻറെ വചനം നമ്മെ ഓർമിപ്പിക്കുന്നത് “സമയം തെറ്റുകയും ഇല്ല; അത് വൈകിയാലും അതിനായി കാത്തിരിക്കുക (ഹബക്കുക്ക് 2:3)എന്നുള്ളതാണ്.
ഏകദേശം B.C 607 -ൽ ദൈവത്തിൽനിന്ന് അരുളപ്പാട് പ്രാപിച്ച ഹബക്കൂക്ക് പ്രവാചകൻ പരിശുദ്ധാത്മാവിനാൽ എഴുതിയതും സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമാക്കപ്പെട്ടതുമായ തിരുവചനമാണ് “ദർശനത്തിന് ഒരു അവധി വച്ചിരിക്കുന്നു; അത് സമാപ്തിയിലേക്ക് ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല, അത് വൈകിയാലും അതിനായി കാത്തിരിക്കുക: അത് വരും നിശ്ചയം; താമസിക്കുകയുമില്ല” എന്നത്.
ഈ വചനം ദൈവ കൽപ്പന പ്രകാരം ഓടിച്ചു വായിക്കുവാൻ തക്കവണ്ണം ഒരു പലകയിൽ തെളിവായി ഹബക്കൂക്ക് വരച്ചു. ഇതുപോലെ തന്നെ നമ്മിൽ പലരും നമുക്കുള്ള സ്വപ്നങ്ങളും ദർശനങ്ങളും ദൈവം നൽകിയ വാഗ്ദത്തങ്ങളും എഴുതി വച്ച് അതിനായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ നാം വിചാരിക്കുന്ന സമയത്ത് പല കാര്യങ്ങളും നടക്കാതെ വരുമ്പോൾ നിരാശപ്പെട്ട് പോകാറുണ്ട്. സമയം കഴിഞ്ഞു പോയി എന്ന് ചിന്തിക്കാറുണ്ട്. വളരെയധികം താമസിച്ചുപോയി എന്ന് കരുതാറുമുണ്ട്. അവസാനം പ്രതീക്ഷകൾ എല്ലാം കൈവെടിഞ്ഞ് പ്രാർത്ഥനകൾ പോലും നിർത്തിവയ്ക്കും.
നമുക്ക് സ്വപ്നങ്ങൾ തന്നതും വാഗ്ദത്തങ്ങൾ തന്നതും നമ്മെ സഹായിപ്പാൻ ഒരു കഴിയാത്ത ഒരു മനുഷ്യൻ അല്ല, മറിച്ച് വാക്കു പറഞ്ഞാൽ പാലിക്കുന്ന, വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ സകലത്തെയും ഒരു വാക്കുകൊണ്ട് ഉളവാക്കിയ, ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിച്ചു വരുത്തുന്നവനുമായ സർവ്വശക്തനായ ദൈവം ആണ്. ആയതിനാൽ അത് നിവർത്തിപ്പാനും ദൈവം കഴിവുള്ളവനാണ്.
ഒരുപക്ഷേ നാം ഇപ്പോൾ ദർശനത്തിന്റെ പൂർത്തീകരണത്തിന് ആയുള്ള കാത്തിരിപ്പിന്റെ വേളയിൽ ആയിരിക്കാം. അത് അതിൻറെ ലക്ഷ്യത്തിലേക്ക് ബദ്ധപ്പെട്ട് ഓടിക്കൊണ്ടിരിക്കുകയാണ്. വൈകി എന്ന് തോന്നിയാലും ഒട്ടും നിരാശപ്പെടാതെ അതിനായി കാത്തിരുന്ന് മടുത്തു പോകാതെ പ്രാർത്ഥിക്കുക. ഒരു സെക്കൻഡ് പോലും മുമ്പോട്ടും പുറകോട്ടും പോകാതെ കൃത്യസമയത്ത്, ദൈവത്തിൻ്റെ ഘടികാരത്തിലെ സമയത്ത് തന്നെ വലിയ വിടുതലായി ദൈവനാമ മഹത്വത്തിനായി നമ്മുടെ കരങ്ങളിൽ അത് എത്തിച്ചേരും. എത്ര പ്രതികൂലങ്ങൾ നേരിട്ടാലും കർത്താവിൻ്റെ വിശ്വസ്തതക്ക് മാറ്റം വരില്ല.

ആകയാൽ പ്രതീക്ഷകൾ കൈവിടാതെ നമ്മുടെ ദർശനങ്ങൾക്കായി കാത്തിരിക്കാം അത് വരും നിശ്ചയം താമസിക്കുകയും ഇല്ല.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.