കവിത: നെഞ്ചകം പൊട്ടിച്ച ഉരുൾ! | തോമസ് മാത്യൂ, നാഗപൂർ
മേപ്പാടി! എൻ ഇടനെഞ്ചുപൊട്ടി!
അപ്പാടെ തകർന്നടിഞ്ഞ നിൻ രോദനത്തിൽ.
വെള്ളരിപ്പാറയോ പുഞ്ചിരിമട്ടമോ
വെള്ളാരം കല്ലെന്നോ നോക്കിടാതെ.
യാമിനി മദ്ധ്യ ശൈലഹൃദന്തം തകർത്തു നീ,
ആർത്തിരമ്പിക്കുതിച്ചൊ മലവെള്ളമായ് നീ!
സംഹാരതാണ്ഡവ മൃത്യുവിൻ നിദ്രയിൽ
സർവ്വരുമമർന്നന്നു ചൂരൽ മലകളിൽ.
ഉരുൾപൊട്ടിയെന്നാരോ നീട്ടി വിളിക്കവെ!
ഉറ്റവർ ഒന്നായ് ഓടിയകലവെ!
വേഗംഗമിക്കുന്ന ചീറ്റപ്പുലിയെപോൽ
വെക്കം കുതിച്ചു നീ മൃത്യുവിൻ തേരതിൽ.
മലയോര മക്കളെ മണ്ണിൻറെ മക്കളെ
മൃത്യുവാൽ മണ്ണിൽ നീ പുണർന്നെടുത്തു.
സൂചിപ്പാറയിൽ ചിന്നിചിതറി നീ
കൂലംങ്കഷമായ് കുതിച്ചിടുമ്പോൾ!
പോത്തുകൽഭാഗത്തും ചാലിയാർ തീരത്തും
പൊന്തിയൊഴുകിയൊ മണ്ണിൻ മക്കൾ!
വയനാടൻ മണ്ണിലെ സർവ്വതുംപേറി നീ
വന്നന്നു ചേർന്നു നീ അറബിക്കടലിലും.
നീറുന്ന നോവാൽ വിളിച്ചു നിന്നെ ഞങ്ങൾ:
ഉള്ളുപൊട്ടിയ വെള്ളാരം കുന്നിലെ ഉരുൾ!
ഉള്ളം തകർത്ത മഹാ ദുരന്തം!
ദൈവമേ രക്ഷകാ നിത്യവും കാക്കണെ,
ദണ്ഡനം കൂടാതെ ദയ നല്കി നോക്കണേ.
കണ്ണീരിൽ മുങ്ങാതെ കനിവേകി നിത്യവും
കണ്ണീരകറ്റി സൂക്ഷിക്കേണേ നാഥാ!
– തോമസ് മാത്യൂ, നാഗപൂർ