പ്രൊഫ. ടി സി കോശിയുടെ മകൻ പാസ്റ്റർ ബെൻ കോശിയുടെ ശവസംസ്കാര ശുശ്രൂഷ ജൂലൈ 26 നു
ചിക്കാഗോ: ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടി സി കോശിയുടെ മകനും ഐപിസി ചിക്കാഗോ സഭയുടെ സഹ ശുശ്രൂഷകനുമായ പാസ്റ്റർ ബെൻ കോശി (54) ബുധനാഴ്ച വൈകിട്ട് നിത്യതയിൽ പ്രവേശിച്ചു. ഭാര്യ അനി കോശി ചെങ്ങന്നൂർ നന്ദാവനം കുടുംബാംഗമാണ്. ആൽഫിൻ കോശി ഏക മകനാണ്. മാതാവ് ചിന്നമ്മ കോശി റാന്നി കപ്പമാമുട്ടിൽ കുടുംബാംഗമാണ്. ഡോക്ടർ അലക്സ് ടി കോശി, പാസ്റ്റർ സിസിൽ കോശി എന്നിവരാണ് സഹോദരൻമാർ. കല്ലിശ്ശേരി താമരപ്പള്ളിൽ കുടുംബാംഗമായ പരേതൻ കല്ലിശ്ശേരി ഐപിസി സഭയുടെ അംഗമായിരുന്നു. ബാംഗ്ലൂരിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം അമേരിക്കയിൽ എത്തിയ ബെൻ ക്രിസ്ത്യൻ ലൈഫ് കോളേജ്, ട്രിനിറ്റി ബൈബിൾ സെമിനാരി, ലിബർട്ടി ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ഓർഡയിൻഡ് മിനിസ്റ്റർ ആണ്. ഹുസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ നേടിയ അദ്ദേഹം യുണൈറ്റഡ് എയർലൈൻസിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാബ് കോർപ് മെഡിക്കൽ ലാബിന്റെ ചിക്കാഗോ ബ്രാഞ്ച് സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേതൻ.
ശവസംസ്കാര ശുശ്രൂഷകൾ ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ടു 6 മുതലും 27 ശനിയാഴ്ച രാവിലെ 930 മുതലും ഐപിസി ചിക്കാഗോ സഭാ മന്ദിരത്തിൽ (6725 West Devon Ave, Chicago) നടക്കും. ശനിയാഴ്ച ഉച്ചയോടെ നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.
വാർത്ത : കുര്യൻ ഫിലിപ്പ് കോട്ടയം