കണ്ടതും കേട്ടതും: ജനിച്ചപ്പോൾ തന്നെ നടന്ന് തുടങ്ങിയ അത്ഭുത മനുഷ്യർ | പാ. റോയ് എം. ജോർജ്ജ്, ഇലന്തൂർ
കഴിഞ്ഞ ദിവസം എനിക്ക് വിശ്വാസിയായ ഒരു സഹോദരൻ ഒരു വീഡിയോ അയച്ചു തരുവാൻ ഇടയായി തീർന്നു. എനിക്ക് വ്യക്ത്വിപരമായി പരിചയമില്ലാത്തതും ,
ഇന്നും പേര് പോലും അറിയാത്തതുമായ ഒരു സഹോദരി ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗത്ത് പറഞ്ഞ വചനവിരുദ്ധമായ കാര്യങ്ങളും, അതിനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ചു കൊണ്ട് അവരെ തികഞ്ഞ ദുരുപദേശകയായി ചില സഹോദരങ്ങൾ ചിത്രീകരിക്കുന്നതും ഇതിലൂടെ എൻ്റെ ശ്രദ്ധയിൽപെട്ടു.
അത് തിരുത്തപ്പെടെണ്ട കാര്യമാണന്ന് അംഗീകരിച്ചു കൊണ്ട് ചില കാര്യങ്ങൾ ഇവിടെ വിനയപൂർവ്വം കുറിക്കുന്നു.
ആ സഹോദരിയുടെ വിമർശകരിൽ പലരുടെയും വാക്കുകൾ, ഈ സഹോദരിയെ ശുശ്രൂഷാരംഗത്ത് നിന്ന് എന്നേക്കുമായി തുടച്ച് നീക്കി അവരെ ഭിത്തിയിൽ ഒട്ടിക്കുവാൻ പര്യാപ്തമായിരുന്നുവെന്ന് പറയാതെ വയ്യ.കഴിഞ്ഞ നാളുകളിൽ അവർ കർത്താവിന് വേണ്ടി പ്രവർത്തിച്ചതോ, ഉപയോഗിക്കപ്പെടുന്നതോ, അവരുടെ സമർപ്പണമോ & ആത്മാവിൻ്റെ എരിവോ ഒന്നും തിരിച്ചറിയുവാൻ കഴിയാത്തവർ അവരെ സമൂഹത്തിൽ പരസ്യകോലമാക്കുകയും, മറ്റ് ചിലർ അത് തങ്ങളാൽ ആവുംവിധം പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആ വ്യക്തിയെ തളർത്താനും ദൈവ ശുശ്രൂഷയിൽ നിന്ന്
അവരെ ആകാലത്തിൽ വിരമിപ്പിക്കുവാനും മാത്രമേ ഇടയാക്കത്തുള്ളു.
തിരുവചനശുശ്രൂഷ നിർവഹിക്കുന്നവർ അവരുടെ പ്രസംഗ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞപക്ഷം , തങ്ങളുടെ പ്രസംഗ വിഷയത്തെകുറിച്ച് പഠിച്ചിരിക്കണം. അതിനായ് നാം എടുക്കുന്ന തിരുവചനഭാഗങ്ങളിലെ വ്യക്ത്വികൾ, സാഹചര്യം, അതിൻ്റെ മുൻപും & പിൻപുമുള്ള തിരുവചന ഭാഗങ്ങൾ എന്നിവ വായിക്കുവാനും, ഗ്രഹിക്കുവാനും ഇടയായി തീരുന്നത് നന്നായിരിക്കും.( ചില വാക്കു പിഴകൾ ആവേശത്തിൽ ഈയുള്ളവനും ഉണ്ടായിട്ടുണ്ട്.)
വിമർശിക്കുന്നവരും, കുറ്റം പറയുന്നവരും അത് മറ്റുള്ളവരിലെക്ക് എത്തിക്കുന്നവരും Act. 18:24-28 വരെയുള്ള തിരുവചന ഭാഗങ്ങൾ ഒന്നു വായിക്കുവാൻ ഇടയാകണം.
യേശുവിനെകുറിച്ച് അറിയാവുന്നവനും, കർത്താവിൻ്റെ മാർഗത്തിൽ ഉപദേശം ലഭിച്ചവനും നല്ല വാക്കുകളിലൂടെ നന്നായി പ്രസംഗിക്കുവാൻ സാമർത്ഥ്യമുള്ളവനുമായ അപ്പൊല്ലോസ് ആത്മാവിൽ എരിവോട്, എഫെസോസിലെ പള്ളിയിൽ പ്രസംഗിക്കുവാനിടനായി. എങ്കിലും യോഹന്നാൻ്റെ മാനസാന്തര സ്നാനത്തെക്കുറിച്ച് മാത്രമേ അവൻ അറിഞ്ഞിരുന്നുള്ളു. മരിച്ച് 3 – ദിവസം പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് മുഴു മാനവകുലവും രക്ഷിക്കപ്പെടുന്നത് എന്ന സത്യം തിരിച്ചറിയാതെ, യോഹന്നാൻ്റെ മാനസാന്തര സ്നാനത്തെ മാത്രം അറിഞ്ഞവൻ. ന്യായപ്രമാണത്തിൻ്റെ പ്രവർത്തികളാൽ ഒരു ജഡവും ദൈവമുൻപാകെ നീതീകരിക്കപ്പെടാതിരിക്കുമ്പോൾ, ദൈവപുത്രനായ യേശു ക്രിസ്തുവിലുള്ള വിശ്വാസം സകലരെയും രക്ഷിക്കുന്നുവെന്ന ദൈവീക വെളിപ്പാട് പ്രാപിക്കാത്ത യെഹൂദനായ ഈ അപ്പൊല്ലൊസ് പള്ളിയിൽ യേശുവിനെകുറിച്ച് പ്രസ്താവിക്കുവാനും ഉപദേശിക്കുവാനും ഇടയായി എന്ന് 26 വചനം രേഖപ്പെടുത്തുന്നു. അറിവിലും വിശ്വാസത്തിലും ക്രിസ്തീയ ഉപദേശത്തിൻ്റെ പൂർണ്ണതയില്ലാത്ത അപ്പൊല്ലോസിൻ്റെ പ്രസംഗം കേട്ടവരിൽ, കർത്യവേലയ്ക്ക് വളരെ പ്രയോജനമുള്ള പെന്തൊസുകാരൻ അക്വിലാസും അവൻ്റെ ഭാര്യ പ്രിസ്കില്ലയും ഉണ്ടായിരുന്നു.
ഉപദേശ വിഷയത്തിൽ പോരയ്മ ഉണ്ടായിരുന്ന അപ്പൊല്ലോസിനെ അവർ വിമർശിച്ചോ ,കുറ്റം പറഞ്ഞോ ഇല്ലാതാക്കുവാൻ ശ്രമിക്കാതെ ഈ വിശ്വാസകുടുംബം ചേർത്ത് നിർത്തി അവന് തിരിച്ചറിയുവാൻ കഴിയാതെ പോയ ദൈവത്തിൻ്റെ മാർഗ്ഗം അധികം സ്പഷ്ടമായി തെളിയിച്ചു കൊടുത്തു എന്നത്രേ നാം Act.18:26 ലൂടെ കാണുന്നത്.
തെറ്റ് ആർക്കും സംഭവിക്കാം; തെറ്റ് അംഗീകരിക്കുകയും അവ തിരുത്തുകയും ചെയ്യുന്നവനാണ് ജ്ഞാനി’
അപ്പൊല്ലൊസിന് തുടർന്ന് ശുശ്രൂഷയ്ക്ക് അനവധി അവസരങ്ങൾ ലഭിക്കേണ്ടതിനായി അവനു വേണ്ടി ശുപാർശ ചെയ്യ്ത് ശിഷ്യൻമാർക്ക് എഴുത്തുകൾ അയച്ചുവെന്ന് നാം 27- വാക്യത്തിലൂടെ നമ്മൾക്ക് കാണുവാൻ കഴിയും. ഇവരുടെ ശുശ്രൂഷ മൂലം അപ്പൊല്ലൊസ് വിശ്വസിച്ചവർക്ക് ദൈവ ക്യപയാൽ വളരെ പ്രയോജനപ്പെട്ടുവെന്നാകുന്നു 27- വാക്യം രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപദേശവിഷയത്തിലെ അറിവില്ലായ്മ പറഞ്ഞ് അന്ന് അവസാനിപ്പിക്കാമായിരുന്ന അപ്പൊല്ലൊസി ശുശ്രൂഷയെ പിന്നെത്തേതിൽ വളർത്തിയതും, ക്രെസ്തവ ലോകത്ത് അവനെ വളരെ പ്രയോജനമുള്ളവനാക്കി തീർത്തതും, അവൻ തിരുവെഴുത്തുകളിൽ പ്രാഗൽഭ്യമുള്ളവനായി മാറിയതും, അപ്പൊല്ലോസിൻ്റെ പോരായ്മ തിരിച്ചറിഞ്ഞ് അവനെ ചേർത്ത് നിർത്തിയ ഉത്തമ ക്രിസ്തിയ വിശ്വാസികളായ അക്വിലാസ് ,പ്രിസ്കില്ല എന്നി ദമ്പതിമാരുടെ പ്രവർത്തിയായിരുന്നു.
പോരായ്മ ഉള്ളവരെ ചേർത്ത് നിർത്തി, അധികം സ്പഷ്ടമായി അവരെ ഒരുക്കിയെടുക്കുന്ന ഉത്തമ ക്രിസ്ത്രിയ വിശ്വാസികളായി നാം മാറെണ്ടത് ആവശ്യമാകുന്നു.
ഇന്ന് പ്രാഗൽഭ്യത്തോട് ശുശ്രൂഷിക്കുന്നവരുടെ വിശ്വാസ ജീവിതത്തിൻ്റെ തുടക്കങ്ങൾ ,പ്രസംഗ ശുശ്രൂഷയുടെ ആരംഭങ്ങൾ എത്രയോ തെറ്റുകൾ നിറഞ്ഞതായിരുന്നുവെന്ന് ഓർക്കുന്നത് നന്നായിരിക്കും.
ദർശ്ശനവും, വിവേകവും, ക്ഷമയുമുള്ള എത്രയോ നല്ല അഭിഷ്കതർ തങ്ങളോട് ചേർത്ത് നിർത്തി പഠിപ്പിച്ചതിൻ്റെ അനന്തരഫലമാണ് ഇന്ന് കാണുന്ന നിങ്ങളുടെ പ്രാഗൽഭ്യം.
ഇത് ഓർക്കാതെ മറ്റുള്ളവരെ വിലയിരുത്തുന്നവരും, കുറ്റം പറഞ്ഞ് ഇല്ലാതാക്കുവാൻ ശ്രമിക്കുന്നവരെയും കാണുമ്പോൾ, ജനിച്ചയുടനെ നടക്കുവാൻ കഴിഞ്ഞ അത്ഭുത മനുഷ്യരാണ് നിങ്ങളെന്നുള്ള തോന്നലാണ് ഉളവാകുന്നത്.പാപം ഇല്ലാത്തവർ ആദ്യം കല്ല് എറിയട്ടെ എന്ന് യേശു പറഞ്ഞത് നമ്മുടെ ഓർമയിലിരിക്കട്ടെ.
ഇന്ന് പല വിശ്വാസികളും ഉപദേശ വിഷയത്തിൽ ഇവരൊടാണ് വിദഗ്ദ്ധ അഭിപ്രായം തേടുന്നത് എന്നത്രേ ഇവർ പറയുന്നത്.ചില വിശ്വാസികൾ അങ്ങനെ ചെയ്യുന്നതു കൊണ്ട്, തങ്ങളാകുന്നു ഉപദേശത്തിൻ്റെ അന്തിമ വാക്ക് എന്ന് ഈ കൂട്ടർ സ്വയം തെറ്റിദ്ധരിക്കുന്നു.
തിരുവചനത്തിൽ നല്ല അറിവും ,പരിജ്ഞാനവും, പ്രായവും, പക്വതയും ഉള്ള മുതിർന്ന ദൈവദാസൻമാർ ആരും ഇങ്ങനെ ചാടി ഇറങ്ങി വിമർശിക്കാറില്ല.
ക്രിസ്തിയ ഉപദേശ വിഷയങ്ങളിൽ സംശയങ്ങൾ വരുമ്പോൾ, പ്രീയ സഹോദരങ്ങളെ നാം ദൈവസന്നിധിയിൽ മുട്ടുമടക്കുക; തിരുവചനം ഗ്രഹിക്കുക; പ്രാഗൽഭ്യവും നല്ല സാക്ഷ്യവും പ്രാപിച്ച മുതിർന്ന അഭിഷക്തരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക.
തെറ്റുകൾ ഉണ്ടാകുന്നത് സ്വഭാവികം: അവ ഗ്രഹിച്ച് തിരുത്തുന്ന നല്ല ക്രിസ്തീയ വിശ്വാസികളായി നമ്മൾക്ക് മാറുവാൻ നമ്മൾക്ക് കഴിയട്ടെ.
Pr. Roy M George Elanthoor,
Immanuel Revival Church,
Doha – Qatar.