നമ്മിൽ നിവ്യത്തിയാകുന്ന അബ്രഹാമ്യ വാഗ്ദത്തം | പാസ്റ്റർ റോയ് എം ജോർജ് ഇലന്തൂർ

അബ്രഹാം എന്ന മനുഷ്യൻ വേദപുസ്തക പഠിതാക്കൾക്ക് എക്കാലത്തും ഒരാവേശമാണ്. ദൈവജനത്തിന് അബ്രഹാം വിശ്വാസത്തിൻ്റെ തലതൊട്ടപ്പനാകുന്നു..

വിഗ്രഹാരാധികളായ ഒരു കൂട്ടം ജനതയുടെ ഇടയിൽ നിന്ന് ദൈവം തൻ്റെ വചനം അനുസരിക്കുന്ന സമർപ്പണ ഹൃദയമുള്ള ഒരുവനായ് അബ്രഹാമിനെ കണ്ടു. കോടിക്കണക്കിന് വരുന്ന ജനത്തിൻ്റെ ഇടയിൽ നിന്ന് ദൈവം ഇന്നും അബ്രഹാമിൻ്റെ ഹൃദയം ഉള്ളവരെ തിരയുന്നു. അവരെ തൻ്റെ ജനമാക്കി തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നു. അവരിൽ ദൈവമക്കളായ ഞാനും നിങ്ങളുമുണ്ട്. അബ്രഹാമിനോട് ദൈവം തൻ്റെ ഹൃദയനിരൂപണം അറിയിച്ചിട്ട് അവന് വാഗ്ദത്തങ്ങളെ നൽകിയനുഗ്രഹിച്ചു എന്ന് നാം വിശുദ്ധ ബൈബിളിലെ ഉൽപ്പത്തി 12- അദ്ധ്യായത്തിൽ കാണുന്നു. ഈ വാഗ്ദത്തങ്ങളെ അനുഗ്രഹമാക്കി മാറ്റിയ ഉൽസാഹിയായ ദൈവ വിശ്വാസിയായിട്ടാണ് നാം തുടർന്നുള്ള അദ്ധ്യായങ്ങളിൽ അബ്രഹാമിനെ ദർശിക്കുന്നത്. ദൈവം തൻ്റെ വചനത്തിലൂടെയും, അരുളപ്പാടിലൂടെയും, അഭിഷിക്തരിലൂടെയും തൻ്റെ ജനത്തിന് ഇന്നും നിരവധി വാഗ്ദത്തങ്ങൾ കൈമാറുന്നുണ്ടങ്കിലും നിർഭാഗ്യവശാൽ പലർക്കും അതിനെ അനുഗ്രഹമാക്കി അനുഭവിക്കുവാൻ സാധിക്കുന്നില്ല.
“പ്രാപിച്ച ദൈവീക വാഗ്ദത്തങ്ങളെ അനുഭവയോഗ്യമാക്കി നാമും അനുഗ്രഹിക്കപ്പെടണമെങ്കിൽ അബ്രഹാമിനെപ്പോലെ ദൈവത്തിൽ വിശ്വസിച്ച് ഉൽസാഹത്തിൽ മടുപ്പില്ലാതെ അവനെ സേവിക്കണം”.
ദൈവം അബ്രഹാമിന് കൈമാറിയത് കേവലം ഭൗതീകമായ വാഗ്‌ദത്തങ്ങൾ മാത്രമല്ലായിരുന്നു; ശ്രേഷ്ഠമായ ആത്മീയ വാഗ്ദത്തങ്ങളും ഉണ്ടായിരുന്നു. ദോഷൈകദ്യക്കുകളായ
(സകലത്തിലും കുറ്റം മാത്രം കണ്ടു പിടിക്കുന്നവർ) ചിലരുടെ നോട്ടത്തിൽ അബ്രഹാമിൻ്റെ അനുഗ്രഹം കേവലം ഭൗതീകം മാത്രമാകുന്നു.പഴയ നിയമപുസ്തകത്തിൽ നിന്ന് ഇവർ ബഹു സമ്പന്നനായ അബ്രഹാമിനെയും, തലമുറകൾ ഉൾപ്പെടെ സകലത്തിലും വർദ്ദനവ് പ്രാപിച്ച അബ്രഹാമിനെയും ഇതിന് വേണ്ടി ചൂണ്ടിക്കാണിക്കാറുണ്ട്.തന്നെ അനുസരിച്ച അബ്രഹാമിനെ, ദൈവം അനുഗ്രഹിച്ച് വർദ്ധിപ്പിച്ചു എന്നത് തികച്ചും ശരിയാണ്. തന്നെ അനുസരിക്കുന്ന ജനത്തോടുള്ള ബന്ധത്തിൽ അത് ഇന്നും ദൈവം ചെയ്യും.എൻ്റെ പ്രീയപ്പെട്ടവരെ, ദൈവത്തെ അനുസരിച്ചാൽ നമ്മെയും ദൈവം അനുഗ്രഹിക്കും.ദൈവീക വാഗ്ദത്തങ്ങളെ ജീവിതത്തിൽ പ്രാപിച്ചെടുക്കുവാൻ അബ്രഹാമിനെപ്പൊലെ നാമും ദീർഘക്ഷമ (എബ്ര 6:15) പ്രാപിക്കേണ്ടത് ആവശ്യമാണ്.

നാം പറഞ്ഞു വന്നത് അബ്രഹാമിൻ്റെ വാഗ്ദത്തങ്ങളെക്കുറിച്ചാകുന്നുവല്ലോ.
പുതിയ നിയമ പുസ്തകങ്ങളാണ് അബ്രഹാമിൻ്റെ ആത്മിയ വാഗ്ദത്തങ്ങളെ ഏറെയും നമുക്ക് വെളിപ്പെടുത്തുന്നത്.
ദൈവം പ്രസാദിച്ച യാഗം അർപ്പിച്ച അബ്രഹാമിനോട് ദൈവം പറയുന്നത് നിൻ്റെ സന്തതി മുഖാന്തിരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടുമെന്നാകുന്നു.ഇത് കേവലം ഒരു യിസഹാക്കിൽ ഒതുങ്ങുന്നതല്ല.
ഇവിടെ പറയുന്ന സന്തതി യേശുക്രിസ്തുവാകുന്നുവെന്ന് (ഗലാത്യർ 3:16, അപ്പോ.പ്രവ.3:25-26) വെളിപ്പെടുത്തുന്നു. അബ്രഹാമിന് ലഭിച്ച ഈ ആത്മിയ വാഗ്ദ്ധത്തം കാലമേറേ കഴിഞ്ഞ് യേശുക്രിസ്തുവിലൂടെയാണ് നിവർത്തിച്ചത്.
അബ്രഹാമിന് ലഭിച്ച മറ്റൊരു ആത്മീയ വാഗ്ദത്തം ഇനിയും നിവൃത്തി പ്രാപിച്ചിട്ടില്ല.
അത് അവർ പ്രാപിക്കുവാനുള്ള പുത്തനാം യെരുശലേം എന്ന സ്വർഗ്ഗീയ നഗരത്തെക്കുറിച്ചാകുന്നു അബ്രഹാം ഉൾപ്പെടെയുള്ള പഴയ നിയമ വിശുദ്ധൻമാരിൽ വ്യാപരിച്ച ക്രിസ്തുവിൻ്റെ ആത്മാവത്രേ ഇത് അവർക്ക് വെളിപ്പെടുത്തിയത്. ഇതും പുതിയ നിയമ വിശ്വാസികളായ നമ്മൾക്കാകുന്നു ദൈവം വെളിപ്പെടുത്തിയത്.വാഗ്ദത്തം ചെയ്ത കനാൻദേശത്ത് ആക്ഷരീകമായ് ചെന്നിട്ടും ഈ വാഗ്ദത്തം ഹൃദയത്തിൽ പ്രാപിച്ചതു നിമിത്തം അബ്രഹാമിന് കനാൻ എന്ന നാട് അന്യദേശമായി തോന്നിയെന്ന് എബ്ര.11:8-16 – ലൂടെ നാം കാണുന്നു.
ആ കാഴ്ച്ചപ്പാട് ലഭിച്ച അബ്രഹാം താൽക്കാലിക കൂടാരത്തിൽ പാർത്ത് കൊണ്ട് ഈ ദൈവിക വെളിപ്പാട് തൻ്റെ മകനായ യിസഹാക്കിലേക്കും, കൊച്ചുമകൻ യാക്കോബിലേക്കും ആ നാളുകളിൽ പകർന്ന് നൽകി എന്നാണ് എബ്രായ ലേഖന കർത്താവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പാട് നാമും പ്രാപിക്കണം. കർത്താവ് തൻ്റെ ജനത്തോട് വാഗ്ദത്തം ചെയ്ത സ്വർഗ്ഗീയയെരുശലേമിനായ് കാത്തിരിക്കുവാൻ നമ്മുടെ സഭകളിൽ ജനത്തെ നാം പ്രബോധിപ്പിക്കണം.”അബ്രഹാമ്യ അനുഗ്രഹം കേവലം ഭൗമീകം മാത്രല്ല; ദൈവജനം പ്രാപിക്കുവാൻ പോകുന്ന സ്വർഗ്ഗീയമായതുമാണ്”.

ഈ വാഗ്ദത്തവും, അത് നമ്മിലേക്ക് പകർന്ന് നൽകുന്ന ക്രിസ്തുവിൻ്റെ ആത്മാവും ഒരു ക്രിസ്തീയ വിശ്വാസിയുടെ ഉള്ളത്തിൽ എപ്പോഴും നൽകുന്നത്, ഈ ഭൂമി നമ്മുടെ സ്വന്തദേശമല്ല; ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ പുത്തനാം യെരുശലേം എന്ന സ്വർഗ്ഗീയ നഗരം കർത്താവ് നമ്മൾക്കായ് ഒരുക്കുന്നുണ്ടന്നുമത്രേ.

അബ്രഹാമിനേപ്പോലെ നമ്മുടെ അടുത്ത തലമുറയിലേക്ക് ഈ വെളിപ്പാടും, വാഗ്ദത്തവും നമുക്ക് കൈമാറാം.🙏

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.