ചെറു ചിന്ത: വെള്ളത്തിന് മീതെ പരിവർത്തിക്കുന്ന ദൈവത്തിൻറെ ആത്മാവ് | സജോ കൊച്ചുപറമ്പിൽ
ഉല്പത്തി 1 : 1
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു ഭൂമി പാഴായും ശൂന്യമായിരുന്നു. ആഴത്തിൻമേൽ ഉണ്ടായിരുന്നു ദൈവത്തിൻറെ ആത്മാവ് വെള്ളത്തിൽ പരിവർത്തിച്ചു കൊണ്ടിരുന്നു”
നാം ജീവിക്കുന്ന ഈ ആധുനിക കാലത്ത് ശാസ്ത്രലോകം അന്യഗ്രഹങ്ങളിലേക്ക് മനുഷ്യനെ പറിച്ചു നടുവാനായി ഗവേഷണങ്ങൾ നടത്തുമ്പോൾ അതിനായി അവർ ആദ്യം അന്വേഷിക്കുന്ന ഒരു പ്രധാന ഘടകമാണ് ആ ഗ്രഹത്തിനുള്ളിലെ വെള്ളത്തിൻറെ സാന്നിധ്യം.
എന്നാൽ ദൈവം ഈ ഭൂമിക്ക് അടിസ്ഥാനം ഇടുമ്പോൾ തന്നെ ഈ ഭൂമിയും അതിൻറെ അന്തരീക്ഷ മണ്ഡലവും വെള്ളത്താൽ ചുറ്റപ്പെട്ടു കടന്നിരുന്നു.
ദൈവം ഭൂമിയിലെ വെള്ളത്തെ വേർതിരിച്ച് ഉണങ്ങിയ നിലം ഭൂമിയിൽ രൂപപ്പെടുത്തിയ ശേഷമാണ് സൃഷ്ടിപ്പ് ആരംഭിക്കുന്നത്.
സൃഷ്ടിപ്പിൽ വെള്ളം മാറ്റി രൂപപ്പെടുന്ന നിലം എന്നത് ദൈവത്തിൻറെ വായിലെ വാക്കിനാൽ അനേകം സസ്യജാലങ്ങൾ ഉളവാകുവാൻ വേർതിരിക്കപ്പെട്ടതാണ്.
ഉണങ്ങിയ നിലം ആദിയിൽ സൃഷ്ടിപ്പിനായും പിന്നീട് താൻ വിളിച്ചു വേർതിരിച്ച ഇസ്രായേൽ ജനത്തിന് വാഗ്ദത്ത കനാനിലേക്കുള്ള പാതയായും ദൈവം ഉപയോഗിച്ചതായി നമുക്ക് ബൈബിളിൽ കാണാം.
യേശു ഒരിക്കൽ തന്നെ അനുഗമിച്ചവരോട് പറഞ്ഞിട്ടുണ്ട് വചനം നല്ല നിലത്ത് വീഴണം അങ്ങനെ വീണെങ്കിൽ മാത്രമേ വചനത്താൽ സൃഷ്ടിപ്പ് നടക്കുകയുള്ളൂ.
അങ്ങനെയെങ്കിൽ ആ ഒരുക്കപ്പെട്ട നല്ലനിലങ്ങൾ നമ്മൾ ഓരോരുത്തരുമാണ്.
വെള്ളം സൃഷ്ടിപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്,വെള്ളമില്ലാതെ ഒരു സസ്യത്തിനും ഈ ഭൂമിയിൽ നിലനിൽക്കാൻ ആവില്ല.
എന്നാൽ വെള്ളത്താൽ മുഴു ഭൂമിയും മൂടപ്പെട്ടാൽ സൃഷ്ടിപ്പ് സംഭവിക്കുകയും ഇല്ല.
നോഹയുടെ കാലത്ത് ഒരിക്കൽ വെള്ളത്താൽ ഈ മുഴു ഭൂമിയെയും നശിപ്പിച്ച ശേഷം ഇനി ഒരിക്കലും താൻ അങ്ങനെ ചെയ്യുകയില്ല എന്ന് മഴവില്ലിനാൽ ദൈവം മനുഷ്യകുലത്തോട് ഉടമ്പടി ചെയ്തു.
പിന്നീട് ദൈവം വെള്ളത്തിൽ നിന്നും ഉണങ്ങിയ നിലം വേർപെടുത്തുന്നത് ഇസ്രായേൽ മക്കൾക്ക് വേണ്ടിയാണ് ചെങ്കടലും യോർദാനും കീറിമുറിച്ച് അതിനു നടുവിലൂടെ അവർക്ക് കടന്നുപോകുവാൻ ദൈവം ഉണങ്ങിയ നിലം ഒരുക്കി കൊടുത്തു.
പൗലോസ് അപ്പോസ്തോലൻ ഈ ചെങ്കടൽ വിഭാഗിച്ചതിനെ കൊരിന്ത്യ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ അതിൻറെ പത്താം അധ്യായം രണ്ടാം വാക്യത്തിൽ എല്ലാവരും സമുദ്രത്തിലൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
പുതിയ നിയമത്തിലെ ജലസ്നാനത്തിന് നിഴലായി പൗലോസ് അവതരിപ്പിച്ചിരിക്കുന്നു.
യേശുക്രിസ്തുവിന്റെ സ്നാനത്തിനുശേഷം അവൻ വെള്ളത്തിൽ നിന്നും പുറത്തു വരുമ്പോൾ പരിശുദ്ധാത്മാവ് പ്രാവ് എന്നപോലെ അവന്റെ മേൽ വരുന്നത് യോഹന്നാൻ കാണുന്നുണ്ട്,
ഇപ്രകാരം സ്നാനമെന്നത് നമ്മിലെ പഴയ മനുഷ്യനെ ജലത്തിൽ കുഴിച്ചിട്ട ശേഷം പുതിയൊരു മനുഷ്യനായി പുറത്തേക്ക് വരുന്നതാണ്.
അപ്പോൾ പരിശുദ്ധാത്മാവ് നമ്മുടെമേൽ സൃഷ്ടിപ്പ് നടത്തുവാൻ ആരംഭിക്കും.
അതുവരെ ശൂന്യമായി കിടന്ന നിലങ്ങളായ നമ്മളിലേക്ക് വചനം വന്നു വിത്തിടുമ്പോൾ അതിലൂടെ നമ്മിൽ പച്ചപ്പ് വ്യാപിക്കാൻ ആരംഭിക്കും.
വചനം ആകുന്ന വിത്തിലൂടെ അനേക വൃക്ഷങ്ങൾ നമ്മിൽ വളരുകയും അവയിൽ നിന്ന് ഫലം പുറപ്പെടുകയും ചെയ്യും,
ആ ഫലങ്ങൾ അനേകർക്ക് പ്രയോജനപ്രദമായി തീരും.
അപ്രകാരം നമ്മളിൽ ഓരോരുത്തരിലൂടെയും ക്രിസ്തുവിൻറെ സുവിശേഷം ഈ ഭൂമിയുടെ അറ്റത്തോളം പരക്കാൻ ഇടയാകും.