ലേഖനം: വിശ്വാസിയെങ്കില്‍ വിവേകത്തോടെ ജീവിക്കുക | റോജി തോമസ് ചെറുപുഴ

പുതിയ നിയമത്തില്‍, പൗലോസ് അപ്പോസ്തലന്‍ തന്‍റെ ലേഖനങ്ങളിലൂടെ ആദിമ ക്രിസ്ത്യന്‍ സഭയ്ക്ക് കാലാതീതമായ ഉപദേശങ്ങള്‍ നല്‍കുന്നു. “ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍.” (എഫെസ്യര്‍ 5:15). ഈ നിര്‍ദ്ദേശം ജാഗ്രത, ഉദ്ദേശശുദ്ധി, ജ്ഞാനപ്രാപ്തി, ആത്മീയ ഉത്സാഹം എന്നിവയുടെ ജീവിതത്തിലുള്ള ആവശ്യകതയുടെ ആഹ്വാനമാണ്. ജ്ഞാനത്തിന്‍റെ പ്രാധാന്യവും അജ്ഞതയാലുള്ള ആത്മനാശത്തെയും ഇവിടെ വ്യക്തമാക്കുന്നു. കൂടാതെ ദൈവിക ജ്ഞാനത്താല്‍ ഒരു ജീവിതം നയിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശം നല്‍കുന്നു.

വിവിധ മതപരമായ ആചാരങ്ങളും ധാര്‍മ്മിക വെല്ലുവിളികളും കൊണ്ട് നിറയപ്പെട്ട സമൂഹമായ എഫെസസിലെ സഭയ്ക്കാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഐക്യത്തിനും സ്നേഹത്തിനും വിശുദ്ധിക്കും ഊന്നല്‍ നല്‍കിക്കൊണ്ട് അത്തരമൊരു ചുറ്റുപാടില്‍ എങ്ങനെ ജീവിക്കണമെന്ന് പൗലോസ് തന്‍റെ കത്തിലൂടെ പ്രതിപാദിക്കുന്നു. വിശ്വാസികളെ പ്രകാശത്തിന്‍റെ മക്കളായി ജ്ഞാനപൂര്‍ണ്ണരായി ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രബോധനത്തിന്‍റെ ഭാഗമാണ് ഈ ലേഖനവും. അവരുടെ ജീവിതത്തില്‍ ഇതുവഴിയായി ദൈവിക വിശുദ്ധി പ്രതിഫലിപ്പിക്കുവാന്‍ പൗലോസ് ശ്രമിക്കുന്നു. വിശ്വാസ ജീവിതത്തില്‍, മാനുഷിക ക്രമങ്ങളില്‍ എത്രയധികമായി സൂക്ഷ്മതയെന്ന സദ്ഗുണം നാം ശീലിക്കണം എന്നും, അതിന്‍റെ പ്രാധാന്യം എന്തെന്നും ഈ വാക്യം നമ്മെ ഉദ്ബോധിപ്പിക്കുന്നു. വിവിധ ആചാരങ്ങളും വിശ്വാസങ്ങളും ശൈലികളും ജീവിത വ്യവസ്ഥിതികളും ധാര്‍മ്മിക ച്യുതികളും നിലനില്‍ക്കുന്ന ആധുനിക ജീവിത വ്യഗ്രതകള്‍ക്കിടയിലും; അതിസുക്ഷ്മതയുടെ ജീവിതവും തിരഞ്ഞെടുപ്പും നിലപാടും വേണമെന്ന് അടിവരയിട്ട് ഇന്നും ഈ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിവിധ പഠനങ്ങളും ഇസങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തിനധികം ദൈവവിശ്വാസം പോലും പരിഹാസ്യമാവുന്ന ഉത്തരാധുനിക ലോകത്ത്, സത്യദൈവാനുഭവത്തിനും ആത്മജ്ഞാന പ്രാപണത്തിനും യഥാര്‍ത്ഥ ജ്ഞാനം ആര്‍ജ്ജിക്കുന്നതിനും നാം എത്രയധികം യത്നിക്കണമെന്നും പ്രഖ്യാപിക്കുന്നു.

ബൈബിള്‍ വീക്ഷണത്തില്‍ ‘ജ്ഞാനം’ ബൗദ്ധിക ബുദ്ധിയേക്കാള്‍ ശ്രേഷ്ഠവും അമുല്യവുമാണ്. കര്‍ത്താവിനോടുള്ള ഭക്ത്യാധിഷ്ഠിത ‘ഭയം’ ജീവിതത്തോടുള്ള സമഗ്രമായ സമീപനമാണ്. “യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു” (സദൃശവാക്യങ്ങള്‍ 9:10). ദൈവത്തോടുള്ള ഈ ഭക്തി ജ്ഞാനപൂര്‍വകമായ വിശ്വാസ ജീവിതത്തിന്‍റെ അടിത്തറയാണ്. ദൈവഹിതവുമായി വിശ്വാസിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ക്രമപ്പെടുത്തുന്ന സവിശേഷ ഗുണമാണ് ജ്ഞാനം.

ജ്ഞാനത്തില്‍ പ്രായോഗിക നീതി ദൈവത്തെ ബഹുമാനിക്കുന്നതും മറ്റുള്ളവരോടുള്ള സ്നേഹം ഉള്‍ക്കൊള്ളുന്നതും ക്രിസ്തു സാക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ആകുന്നു. പ്രാര്‍ത്ഥനയിലൂടെയും വേദപഠനത്തിലൂടെയും പരിശുദ്ധാത്മാവിനോടുള്ള സംവേദനത്തിലൂടെയും ദൈവഹിതം വിവേചിക്കുന്നതിതിലൂടെയും ജ്ഞാനപൂര്‍ണ്ണത നേടാം. ആത്മജ്ഞാനത്താല്‍; ജ്ഞാനപൂര്‍ണ്ണമായ ജീവിതം, ക്ഷമ, വിനയം, താല്‍ക്കാലിക നേട്ടങ്ങളേക്കാള്‍ നിത്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവ നമ്മില്‍ പ്രതിഫലിക്കുന്നു.

നേരെമറിച്ച്, ബൈബിളില്‍ ജ്ഞാനമില്ലായ്മ അഥവാ ഭോഷത്തം കേവലം അറിവില്ലായ്മയല്ല, മറിച്ച് ദൈവത്തിന്‍റെ ജ്ഞാനത്തോടുള്ള ബോധപൂര്‍വമായ അവഗണനയാണ്. “ദൈവം ഇല്ല എന്നു മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല.” (സങ്കീര്‍ത്തനം 14:1). ഈ വചനഭാഗം മൂഢതയുടെ വ്യര്‍ത്ഥതയെ ഉദ്ഘോഷിക്കുന്നു. ദൈവം ഇല്ലെന്നും അവന്‍റെ കല്പനകള്‍ പ്രശ്നമല്ലെന്നും നിശ്ചയിച്ച് തോന്നിയപോലെ സ്വഹിതാനുസരണം ജീവിക്കുക എന്ന മൂഢ ചിന്താഗതി. വഷളജീവിതത്തിനും മ്ളേച്ഛാനുധാവനത്തിനും വഴിതെളിച്ച് അജ്ഞതയിലൊരു ജീവിതം. പലപ്പോഴും ആത്മീയവും വൈകാരികവുമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ആവേശഭരിതമായ, സ്വയം കേന്ദ്രീകൃതമായ തീരുമാനങ്ങളില്‍ ഭോഷത്തം പ്രകടമാണ്. ദീര്‍ഘകാല ആത്മീയ ക്ഷേമത്തേക്കാള്‍ ഹ്രസ്വകാല സംതൃപ്തിക്ക് മുന്‍ഗണന നല്‍കുന്ന, ശാശ്വതമായ അനന്തരഫലങ്ങള്‍ പരിഗണിക്കാതെയുള്ള പ്രവൃത്തിയാകുന്നു ഇത്.

വിവേകത്തോടെ ജീവിക്കുന്നതിന്, ആത്മീയ വളര്‍ച്ചയും ധാര്‍മ്മിക പെരുമാറ്റവും പരിപോഷിപ്പിക്കുന്ന ജ്ഞാന സമ്പാദനം ആവശ്യമാണ്. “നിങ്ങളില്‍ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവന്നു ലഭിക്കും” (യാക്കോബ് 1:5). ഇവിടെ ദൈവിക ജ്ഞാനം തേടാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു; ഇതില്‍ ക്രമമായ പ്രാര്‍ത്ഥന, തീരുമാനങ്ങളില്‍ ദൈവത്തിന്‍റെ മാര്‍ഗനിര്‍ദേശം തേടല്‍, നമ്മുടെ സ്വന്തം പദ്ധതികള്‍ ത്യജിക്കാനുള്ള സന്നദ്ധത എന്നിവ ഉള്‍പ്പെടുന്നു. വിവേകപൂര്‍ണ്ണമായ ഈ തീരുമാനം വഴിയായി നമ്മുടെ തിരഞ്ഞെടുപ്പുകളെ ദൈവിക ഉദ്ദേശ്യങ്ങളുമായി ക്രമപ്പെടുത്താനും താദാത്മ്യം പ്രാപിക്കുവാനും സഹായിക്കുന്നു.

ജ്ഞാനത്തിന്‍റെ ആത്യന്തിക ഉറവിടം ബൈബിളാണ്. “നിന്‍റെ വചനം എന്‍റെ കാലിന്നു ദീപവും എന്‍റെ പാതെക്കു പ്രകാശവും ആകുന്നു” (സങ്കീര്‍ത്തനം 119:105). തിരുവെഴുത്തുകളുമായുള്ള അനുദിന ഇടപഴകല്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു; ദൈവത്തിന്‍റെ സ്വഭാവത്തെയും ഇച്ഛയെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നു. ബൈബിള്‍ പഠനം, ജീവിതത്തിന്‍റെ സങ്കീര്‍ണതകളെ വിവേകപൂര്‍വം കൈകാര്യം ചെയ്യുവാനും തരണം ചെയ്യുവാനും കല്പനകളും ഉപദേശങ്ങളും കൊണ്ട് നമ്മെ സജ്ജരാക്കുന്നു.

“ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങള്‍ 13:20). ദൈവിക ജ്ഞാനം ഉള്‍ക്കൊള്ളുന്ന വ്യക്തികളുമായി സഹവസിക്കുന്നത് വ്യക്തിപരമായ വളര്‍ച്ചയെയും ഉത്തരവാദിത്തത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഉപദേഷ്ടാക്കളും വിശ്വാസ സമൂഹവും നമ്മുടെ ആത്മീയ യാത്രയില്‍ വിലപ്പെട്ട വീക്ഷണങ്ങളും പിന്തുണയും നല്‍കുന്നു. വിവേകത്തോടെ ജീവിക്കുക എന്നതിനര്‍ത്ഥം നമ്മുടെ ദൈനംദിന ഇടപെടലുകളില്‍ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുക എന്നാണ്. സ്നേഹം, ക്ഷമ, ദയ എന്നിവ പ്രകടിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനുവേണ്ടി ഒരു നല്ല സാക്ഷിയാകാന്‍ ശ്രമിക്കുകയും ചെയ്യുക എന്നാണ് ഇതിനര്‍ത്ഥം. ചിന്താപൂര്‍വ്വം ജീവിക്കാന്‍ ജ്ഞാനം നമ്മെ പ്രേരിപ്പിക്കുന്നു. ദൈവഹിതം അന്വേഷിക്കുന്നതിലൂടെയും തിരുവെഴുത്തുകളില്‍ മുഴുകുന്നതിലൂടെയും ദൈനംദിന ജീവിതത്തില്‍ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നതിലൂടെയും നമുക്ക് പൗലോസ് വാദിക്കുന്ന ജ്ഞാനം ഉള്‍ക്കൊള്ളാന്‍ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ, നാം ദൈവത്തെ ബഹുമാനിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് പിന്തുടരാനുള്ള പാത പ്രകാശിപ്പിക്കുകയും കൃപയോടും ബോധത്തോടും കൂടി ജീവിത വെല്ലുവിളികളെ നേരിടുകയും വിജയിക്കുകയും ചെയ്യുന്നു.

ചില ആധുനിക വക്താക്കള്‍ കുഞ്ഞുങ്ങള്‍ക്ക് വേദപഠനം വേണ്ടതില്ല എന്ന ചിന്താഗതി നിലനിര്‍ത്തി പോരുന്നതായി കാണുന്നു. കുട്ടികള്‍ പ്രായമാകുമ്പോള്‍ അവരുടെ വിശ്വാസം തിരഞ്ഞെടുക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യട്ടെ എന്ന ഉത്തരാധുനിക സ്വാശ്രയ ചിന്ത. ഇത് ഇക്കാലത്ത് ഏറിവന്നതിന്‍റെ ദൂഷ്യഫലങ്ങള്‍ സമൂഹത്തിലും വ്യവസ്ഥിതിയിലും പ്രകടമായിത്തുടങ്ങി. ബാല്യത്തിലെ മടി അവന്‍ ശീലമാക്കുകയും അവന്‍റെ ഹൃദയത്തെ രസിപ്പിച്ചതിന് അവന്‍ വശംവദനാകുകയും ചെയ്യുന്നു. പിന്നീട് നല്ലെതെന്നു തോന്നിയാലും പ്രാപിക്കാന്‍ പറ്റാത്തവിധം നിക്കുപോക്കുകകളോടെ സമീപിക്കുന്ന വിശ്വാസ ജീവിതം അവന് ഒരു ഉപാദി മാത്രമാകുന്നു. ആകയാല്‍ ബാല്യത്തിലെ തന്നെ ജീവിത മൂല്യങ്ങളും വിശ്വാസ സത്യങ്ങളും ശീലിക്കുക എന്നത് യഥാര്‍ത്ഥ ജ്ഞാനിയുടെ വിജയം ആകുന്നു. ശിക്ഷണത്തില്‍ നിന്നും മുക്തരായ തലമുറ നാശത്തിന്‍റെ അന്ധകാരകൂപത്തില്‍ മുങ്ങിത്താഴുകയാണെന്ന വസ്തുത നാം മനസ്സിലാക്കണം. വിശ്വാസികളായ നാം സമൂഹത്തില്‍ നല്ല ജീവിതം നയിക്കുന്നു എങ്കില്‍ നമ്മുടെ തലമുറയും ആ നന്മയില്‍ പുലരുവാനും അവരുടെ ആത്മരക്ഷയ്ക്കും വേണ്ടി നാം സത്യവേദോപദേശവും സദ്മാര്‍ഗ്ഗ ശിക്ഷണവും അവര്‍ക്ക് നല്കുക. നമുക്കും ലഭിച്ച ജ്ഞാനത്തില്‍ മുന്നേറാം; തലമുറകളെയും ജ്ഞാനവഴിയെ നയിക്കുവാന്‍ ഉത്സാഹമുള്ളവരും ആകാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.