തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ | പാർട്ട്‌ 9

ആ വാക്ക് കേട്ട അവൾ അതേപോലെതന്നെ തിരിഞ്ഞ് അമ്മാമ്മയുടെ മുമ്പിൽ നിന്ന് നടന്ന് തന്റെ ജോലിയിലേക്ക് വ്യാപൃതയായി.
ആ വാർത്ത കേട്ട് ഒരു തുള്ളി കണ്ണുനീർ അവൾ പൊഴിച്ചിരുന്നില്ല ജീവിതത്തിൻറെ കടലാഴമുള്ള പ്രതിസന്ധികൾ അവളിലെ കണ്ണുനീരിന്റെ ഉറവയെ അടച്ചു കളഞ്ഞിരുന്നു.
അകമേ അവളുടെ ജീവിതത്തിൻറെ വേദനകൾ അവളെ കനലുപോലെ എരിഞ്ഞു വേദനിപ്പിക്കുമ്പോഴും പുറമേക്ക് സന്തോഷത്തിന്റെ മൂടുപടമിട്ട് അതിനെ മറച്ചു അവൾ മുന്നോട്ടു നടന്നു.

അന്നത്തെ ദിനം തോട്ടത്തിൽ അവൾക്ക് കഠിനാധ്വാനത്തിന്റെതായിരുന്നു,
പക്ഷേ അവൾ അതൊന്നും അറിഞ്ഞിരുന്നില്ല യാന്ത്രികമായി അവളുടെ ശരീരം അവിടെ ചലിച്ചുകൊണ്ടേയിരുന്നു. ഉപദേശിയുടെ മരണത്താൽ മരവിച്ചുപോയ മനസ്സ് അവളെ ചിന്തകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നില്ല.
ആ ദിനത്തിലെ കത്തിക്കാളുന്ന സൂര്യൻ അവളുടെ ശരീരത്തിൽ നിന്നും ഊറ്റിയെടുത്ത വിയർപ്പ് കണങ്ങൾ അവളുടെ മനസിന്റെ വേദന കഴുകി കളയാൻ വൃതാ പരിശ്രമിച്ചുകൊണ്ടിരുന്നു.

അന്ന് അവൾ അല്പം അബോധാവസ്ഥയിലാണ് തന്റെ ജോലികൾ ഒക്കെ തീർത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നത്.
അങ്ങ് അകലെ നിന്നു തന്നെ വീടിൻറെ പ്രകാശം അവൾ കണ്ടു.
ഇന്നലെവരെ ആ പ്രകാശം തനിക്കൊരു പ്രത്യാശയായിരുന്നു എന്നാൽ ഇപ്പോൾ അവൾക്ക് ആ പ്രകാശം ഭയത്തിന്റേതായി മാറി.
ആ വീട്ടിലേക്ക് അവൾ നടക്കുമ്പോൾ തന്റെ ചുറ്റുമുള്ള പ്രകാശത്തിൻറെ ലോകത്തിൽ നിന്ന് ഒരു വലിയ ഇരുളിന്റെ തടവറയിലേക്ക് താൻ നടക്കുന്നത് അവൾക്കു തോന്നി.

എന്നാൽ അവിടെ അവൾ തന്റെ വീടിൻറെ പടിക്കെട്ടുകൾ ഓരോന്നായി നടന്നു കയറുമ്പോഴും ആ വീടിൻറെ അന്തരീക്ഷത്തിൽ നിന്ന് പതിയെ പതിയെ ചില വാക്കുകൾ അവളുടെ ചെവിയിലേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു.
തന്റെ ആങ്ങള എന്തൊക്കെയോ ഉറക്കെ പറയുകയാണ് പടികൾ ഓരോന്ന് കയറുമ്പോഴും ആ വാക്കുകൾ അവൾക്ക് അവ്യക്തമായിരുന്നു.
പടിക്കെട്ടുകൾ കയറി അവൾ മുറ്റത്തെത്തിയപ്പോൾ ആ വാക്കുകൾ അവൾക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞു അത്
ഇങ്ങനെയായിരുന്നു,
യഹോവേ നീ എൻറെ സങ്കേതം ആകുന്നു….
നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു…
ഒരു അനർത്ഥവും നിനക്ക് ഭവിക്കയില്ല ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല….
നിൻറെ എല്ലാ വഴികളിലും നിന്നെ അവൻ നിന്നെക്കുറിച്ച് തൻറെ ദൂതന്മാരോട് കൽപ്പിക്കും…

ആ വാക്കുകൾ കേട്ട് അവൾ മുറ്റത്ത് നിന്ന് ഓടി തന്റെ ആങ്ങളയുടെ അടുത്തേക്ക് എത്തി.
ആ കാഴ്ച കണ്ട് അവൾ ഞെട്ടി അന്ന് ഉപദേശി അവർക്ക് കൈമാറിയ ആ ബൈബിൾ ആ ആങ്ങള എടുത്തുവെച്ച് വായിക്കുകയാണ് ചെയ്യുന്നത്. അബോധത്തിൽ നിന്ന് ബോധത്തിലേക്ക് ഒരു മനുഷ്യൻറെ ആത്മാവിനെ വചനം തിരിക്കുന്ന കാഴ്ച അവളുടെ കണ്ണാൽ കണ്ടു.
ആ ദൃശ്യം അവളുടെ വറ്റിപ്പോയ കണ്ണീരിന്റെ ഉറവകളെ തുറന്നു.
അവൾ തൻറെ വീടിൻറെ വാതിലിൽ ചാരി വിങ്ങിപ്പൊട്ടി നിൽക്കുന്ന സന്ദർഭത്തിൽ ആങ്ങള വീണ്ടും അടുത്ത വാക്യങ്ങൾ കൂടി വായിച്ചു,
അവൻ എന്നെ വിളിച്ചപേക്ഷിക്കും ഞാൻ അവനെ ഉത്തരമരുളും…. കഷ്ടകാലത്ത് ഞാൻ അവനോട് കൂടെയിരിക്കും…
ഞാൻ അവനെ വിടുവിച്ച് മഹത്വപ്പെടുത്തും….

മരുഭൂമിയിൽ കുഞ്ഞിൻറെ മരണം എനിക്ക് കാണണ്ട എന്ന് പറഞ്ഞ് ദൂരത്ത് മാറിയിരുന്നു കരഞ്ഞ ഹാഗാറിനു മുമ്പിൽ മരുഭൂമിയിൽ നീരുറവ തുറന്ന ദൈവം ഇവിടെ ഇവൾക്ക് മുമ്പിലും ഒരു അത്ഭുതം തുറക്കുകയായിരുന്നു.

അവൾ ഓടി ചെന്ന് ആങ്ങളയെ കെട്ടിപ്പിടിച്ച് മതിയാവോളം എങ്ങി എങ്ങി കരഞ്ഞു.
അന്നവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു സ്വസ്സ്ഥമായി ഉറങ്ങി.
തുടർന്നുള്ള ദിനങ്ങളിൽ ആങ്ങള പതിയെ ബൈബിൾ വായന തുടങ്ങി അവൾക്ക് ബൈബിൾ വായിച്ചു കൊടുക്കേണ്ടി വന്നിരുന്നില്ല.
എപ്പോഴും അവൾ ജോലി കഴിഞ്ഞു വരുമ്പോൾ ആങ്ങള ബൈബിൾ വായിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു.

അങ്ങനെ ചില ദിനങ്ങൾ മുന്നോട്ടു നീങ്ങി ഏതാനും ആഴ്ചകൾക്ക് ശേഷം വീടിൻറെ മുറ്റത്ത് നിന്ന് ആരോ വിളിച്ചു ഇവിടെ ആരുമില്ലേ….?
റോസമ്മ മുറ്റത്തേക്ക് ഇറങ്ങി നോക്കി
റോസമ്മ അല്ലേ ഇത്….
ഞാൻ ഡോക്ടർ അലക്സ് മാത്യു ഇവിടെ നേരത്തെ വന്നിരുന്ന മരിച്ചുപോയ ഉണ്ണുണ്ണി ഉപദേശി പറഞ്ഞിട്ട് വരികയാണ്…
തന്റെ മുമ്പിൽ നിൽക്കുന്ന വ്യക്തിയെയും അയാളുടെ വാക്കുകളെയും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.

(തുടരും )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.