ഭ്രാന്തന്റെ വേദപുസ്തകം | സജോ കൊച്ചുപറമ്പിൽ

അങ്ങനെ ചില ദിവസങ്ങൾ കഴിഞ്ഞു പോയി, ആഴ്ചയിൽ ഒരിക്കൽ ഉപദേശി ആ വീടിൻറെ പടിപ്പുര കടന്നെത്തി. തുടക്കത്തിൽ ഉപദേശി വീടിനു ചുറ്റും നടന്നു പ്രാർത്ഥിക്കുമ്പോൾ തെറിവിളികളും ആക്രോശങ്ങളുമായി ജാലകത്തിലൂടെ അവർ രണ്ടുപേരും ഉപദേശിയെ സ്വാഗതം ചെയ്തു കൊണ്ടിരുന്നെങ്കിൽ ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോൾ ആ നിലപാടിന് പതിയെ പതിയെ മാറ്റം വന്നു തുടങ്ങി.ഉപദേശി ആ വീട്ടിൽ വിരുന്നെത്തിയിട്ട് ഇപ്പോൾ ഏതാണ്ട് നാലുമാസം കഴിഞ്ഞിരിക്കുകയാണ്.

ഉപദേശി തനിക്ക് പറ്റുകയാണെങ്കിൽ ആഴ്ചയിലെ ആദ്യത്തെ ദിനങ്ങളിൽ ഒന്നിൽ ആ വീട്ടിൽ അതിരാവിലെ തന്നെ വിരുന്നെത്തും, പ്രഭാതസൂര്യന്റെ കിരണങ്ങൾ ആ വീട്ടിലേക്ക് അടിക്കുന്നതിനു മുമ്പ് ഉപദേശി ആ വീട്ടിലേക്ക് പ്രാർത്ഥനയുടെ ശബ്ദമായി ദൈവസാന്നിധ്യവുമായി കടന്നെത്തും.ശേഷം ആ വീട്ടിൽ നിന്നും ഇറങ്ങി ആ നാട്ടിന്റെ കവലയിൽ ചെന്ന് അവിടെയുള്ള ദേശക്കാരോട് പ്രഭാതത്തിൽ തന്നെ സുവിശേഷം അറിയിക്കുo ഇതായിരുന്നു ഉപദേശിയുടെ ആ നാട്ടിലെ പ്രവർത്തന രീതി.അങ്ങനെ ഏതാണ്ട് നാല് മാസങ്ങൾക്ക് ശേഷം ഉപദേശി വീണ്ടും ആ വീട്ടിലേക്ക് കടന്നുവരികയാണ്.ഇത്തവണ ഉപദേശിയുടെ വരവ് കയ്യിൽ രണ്ടു വേദപുസ്തകവുമായാണ് ഉപദേശി റോസമ്മയെ വിളിച്ചു റോസമ്മോ….റോസമ്മ വെളിയിലേക്ക് നടന്നെത്തി ഉപദേശി അമ്മയുടെ കയ്യിലേക്ക് ആ ബൈബിളുകളിൽ ഒന്ന് കൈമാറിയ ശേഷം പറഞ്ഞു,മോളെ….ഞാന് ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഈ വീട്ടിലേക്ക് കടന്നു വരുന്നുള്ളൂ…..ഇനിയുള്ള ദിവസങ്ങളിൽ മോളൊരു സഹായം ചെയ്യണം എല്ലാദിവസവും അതിരാവിലെ എണീറ്റ് ആങ്ങളയുടെയും അമ്മയുടെയും മുറിയിലെത്തി ഈ ബൈബിളിലെ ഓരോ അധ്യായങ്ങളും വായിക്കണം.ആദ്യമായി വായിക്കേണ്ടത് പുതിയ നിയമമാണ് മത്തായിയുടെ സുവിശേഷത്തിൽ തുടങ്ങി ഓരോ അധ്യായങ്ങളും എല്ലാ ദിവസവും മുടങ്ങാതെ അവർകൾക്ക് ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കണം.റോസമ്മ സമ്മതിച്ചു അങ്ങനെ ഉപദേശി അന്നേദിവസം വീടിനു ചുറ്റും നടന്നു പ്രാർത്ഥിച്ച ശേഷം അവിടെനിന്ന് മടങ്ങി.

അന്നുമുതൽ റോസമ്മ ആ വീട്ടിൽ പ്രഭാതത്തിൽ എഴുന്നേറ്റ് ബൈബിൾ വായിക്കാൻ തുടങ്ങി. രാവിലെ എണീറ്റ് അവരുടെ പ്രഭാത കർമ്മങ്ങൾ ചെയ്ത് അവരെ രണ്ടുപേരെ ഒരുക്കി നിർത്തിയ ശേഷം ആദ്യം അമ്മയുടെയും പിന്നീട് ആങ്ങളയുടെയും മുറിയിൽ എത്തി അവൾ ബൈബിൾ വാക്യങ്ങൾ അവർക്ക് ഉറച്ചു വായിച്ചു കേൾപ്പിച്ചു. അത്ഭുതപ്പെടുത്തുന്ന കാര്യം ആ ബൈബിൾ വാക്യങ്ങൾ അവൾ വായിക്കുമ്പോൾ അവർ അവൾക്കെതിരെ ആക്രോശിക്കുകയോ പ്രാകുകയോ ഒന്നും ചെയ്തിരുന്നില്ല.ശാന്തമായി അവർ ഇരുവരും ആ ബൈബിൾ വാക്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുവാൻ ഇടയായി. വീണ്ടും ഒരാഴ്ചയ്ക്കുശേഷം ഉപദേശി ആ വീട്ടിലേക്ക് വന്നെത്തി ഇത്തവണ ഉപദേശി വീടിന് ചുറ്റും നടന്നു പ്രാർത്ഥിച്ച ശേഷം ജാലകത്തിലൂടെ ആങ്ങളയോടും അമ്മയോടും സംസാരിക്കാൻ ശ്രമിച്ചു. ഇതുവരെ ജാലകത്തിലൂടെ ഉപദേശി നടന്നു പോകുന്നത് മാത്രം കണ്ടിരുന്ന അവരിരുവരും ഉപദേശിയോട് പതിയെ സംസാരിച്ചു. ഇതുവരെയുള്ള അവരുടെ ആ ഭ്രാന്തൻ ചിന്താഗതികൾ ഒക്കെ മാറ്റിവെച്ച് അവർ വളരെ സൗമ്യമായാണ് ഇത്തവണ ഉപദേശിയോട് ഇടപെട്ടത്. അങ്ങനെ ഉപദേശി അവരോട് സംസാരിച്ചതോടെ റോസമ്മയും വളരെ സന്തോഷത്തിലായി. ആദ്യമായാണ് ആങ്ങളയും അമ്മയും ഒരാളോട് ഇത്ര സൗമ്യതയോടെ സംസാരിക്കു ന്നത് കാണുന്നത്.
ഉപദേശി ശേഷം റോസമ്മയോട് പറഞ്ഞു മോളെ അടുത്ത ആഴ്ച ഞാൻ ഒരു ഡോക്ടറിനെ കൂട്ടിക്കൊണ്ട് വരാം.ഇവരുടെ അസുഖങ്ങളൊക്കെ മാറിയല്ലോ ഇനി ഇവരെ ചങ്ങലയിൽ നിന്നും മാറ്റണം എനിക്കറിയാവുന്ന ഒരു നല്ല ഡോക്ടർ എന്റെ നാട്ടിലുണ്ട് അദ്ദേഹത്തെ കൂട്ടി അടുത്ത ആഴ്ച ഞാൻ ഇവിടേക്ക് വരാം. അങ്ങനെ റോസമ്മയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞു ഉപദേശി അവിടെ നിന്നും മടങ്ങി.

റോസമ്മ ആ ദിനങ്ങൾ ഒക്കെയും നിറഞ്ഞ സന്തോഷത്തോടെ ആങ്ങളയും അമ്മയും കേൾക്കെ ബൈബിൾ വാക്യങ്ങൾ വായിച്ചു കൊണ്ടിരുന്നു.അങ്ങനെ ഒരാഴ്ച കടന്നുപോയി ഉപദേശി ആ വീട്ടിലേക്കു ഡോക്ടറുമായി വരേണ്ട ദിനങ്ങൾ അടുത്തെത്തി,റോസമ്മ അക്ഷമയോടെ കാത്തിരുന്നു എൻറെ ആങ്ങളയുടെയും അമ്മയുടെയും കാലിലെ ചങ്ങലകൾ അഴിയപ്പെടുകയാണ് അതിനുള്ള മുഖാന്തരം എന്നവണ്ണം ഡോക്ടർ ആ വീട്ടിലേക്ക് കടന്നുവരികയാണ്.ആ ഡോക്ടറിന്റെ തീരുമാനവും ചികിത്സയും ആണ് ഇനിയുള്ള അവരുടെ മാറ്റത്തിനു നിധാനം ആകേണ്ടത്.ഡോക്ടറിനെയും കൂട്ടിവരുന്ന ഉപദേശിയെ കാത്ത് അവൾ പ്രാർത്ഥനയോടെ ഒരുങ്ങിയിരുന്നു.അങ്ങനെ ഉപദേശി വരാൻ വൈകുന്നതിൽ അവൾ വിഷമത്തോടെ ആയിരുന്ന ദിനങ്ങളിൽ ഒന്നിൽ വറീത് അച്ചായന്റെയും അമ്മാമ്മയുടെയും വീട്ടിൽ ജോലിക്ക് ചെല്ലുമ്പോൾ അന്ന് അമ്മമ്മ റോസമ്മയോട് ഒരു ഞെട്ടിക്കുന്ന വാർത്ത പറഞ്ഞു.

മോളെ റോസമ്മേ…
നിങ്ങടെ വീട്ടിൽ പ്രാർത്ഥിക്കാൻ വന്നിരുന്ന ആ ഉപദേശി കഴിഞ്ഞ ദിവസം മരിച്ചുപോയി…

ഒരൊറ്റ സെക്കൻഡിൽ ആകാശത്തുനിന്ന് ഒരു കൊള്ളിയാൻ മണ്ണിലേക്ക് പാഞ്ഞ് ഇറങ്ങി അവളുടെ തലമുതൽ പാദം വരെ ചീറിപ്പാഞ്ഞു പോയതു പോലെ ഒരു സാധാരണ അനുഭവം അവൾ അനുഭവിച്ചു. ഹൃദയത്തിൻറെ സ്പന്ദനവും ചിന്തകളും എല്ലാം മരവിച്ചുപോയ നിമിഷം.
(തുടരും)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply