ചത്ത ഈച്ചകൾ |റോയി എം ജോർജ്ജ് ഇലന്തൂർ.

നമ്മുടെ സമൂഹത്തിൽ നിന്ന് ഇന്ന് കേൾക്കുന്ന പല വാർത്തകളും ക്രിസ്തീയ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.നല്ല വരുമാനം ഉള്ള സഭയിൽ അനേക വർഷങ്ങൾ ശുശ്രൂഷിച്ചിട്ടും, അത് കൈവിട്ട് പോകാതിരിപ്പാനായി, സഭയിൽ തൻ്റെ പക്ഷം ഉണ്ടാക്കുകയും,ഐക്യതയോട് പ്രാർത്ഥിക്കേണ്ട വിശ്വാസികൾക്കിടയിൽ വിഭാഗീയതയുടെ വേരുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന ശുശ്രൂഷകരും; അങ്ങനെയുള്ളവർക്ക് കൂട്ടുനിൽക്കുന്നവരും , പണക്കൊതിയും, മദ്യപാനവും അധാർമീക ജീവിതവും രഹസ്യമായി നയിക്കുന്നവരുമായ ചില കപട വിശ്വാസികൾ ഇന്ന് നമ്മുടെ ക്രൈസ്തവ ലോകത്തിലുണ്ട്.
ഇവർ സൗരഭ്യവാസനയായ തൈലത്തെ നശിപ്പിക്കുന്ന ചത്ത ഈച്ചകളാണ്.ചത്ത ഈച്ച തൈലക്കാരൻ്റെ തൈലം നാറുമാറാക്കുന്നുവെന്ന് വി. ബൈബിൾ സഭാപ്രസംഗി 10:1ൽ പറയുന്നു.ചത്തു പോയതിന് താൻ നാറ്റമാണന്ന് തിരിച്ചറിയുവാൻ കഴിയുന്നില്ലല്ലോ?
ചത്ത ഈച്ചകൾ ഒരിക്കലും പറക്കുകയില്ല.(അവ ചത്തുപോയതു കൊണ്ട്, മണവാളനായ ക്രിസ്തു യേശുവിനെ എതിരേൽപ്പാനായ് മദ്ധ്യാകാശത്തിലെക്ക് പറന്നുയരുവാനും കഴിയില്ല).

ലോകത്തിലാണ് നാം പാർക്കുന്നതെങ്കിലും, ലോക ജനത്തിൽ നിന്ന് ക്യത്യമായ വേർപാട് പാലിക്കണ്ട ദൈവജനവും, ശുശ്രൂഷകരും ഒരിക്കലും ചത്ത ഈച്ചകളായി മാറരുത്. ആത്മീയ മരണം സംഭവിച്ചവരാണ് ചത്ത ഈച്ചയായി മാറുന്നത്.ഈ കൂട്ടർ സമൂഹത്തിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്നു. ഇവരുടെ ദുഷിച്ച പ്രവർത്തികൾ പുതിയ ആത്മാക്കൾ സഭയിലേക്ക് കടന്ന് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. സൗരഭ്യവാസനയായി തീരേണ്ട ദൈവസഭയെ പൊതു സമൂഹത്തിൽ നാം നാറ്റിക്കരുത്.
ഇത് ഗ്രഹിച്ചിട്ടും മനപൂർവ്വമായി അങ്ങനെ ചെയ്യുന്നവർ ഉടമസ്ഥനായ തൈലക്കാരനോട് ഒരു നാൾ കണക്ക് ബോധിപ്പിക്കണ്ടതായി വരും. ഇതിൽ വിശ്വാസിയെന്നോ;ശുശ്രൂഷകരെന്നോ, ആത്മിക നേത്യത്വം വഹിക്കുന്നവരെന്നോ യാതൊരു വ്യത്യാസവുമില്ല.ഈ ദുരവസ്ഥ തിരിച്ചറിഞ്ഞ് ജീവൻ്റെ ഉടയവനോട് അനുതാപത്തോടെ പ്രാർത്ഥിക്കുമെങ്കിൽ നിങ്ങൾ ജീവിക്കേണ്ടതിന് കർത്താവ് തൻ്റെ ആത്മാവിനെ നിങ്ങളിലേക്ക് നൽകും.
വക്രതയും, കോട്ടവുമുള്ള ഒരു തലമുറയായി നാം മാറാതിരിക്കണമെങ്കിൽ, ജിവൻ്റെ വചനം
പ്രമാണിക്കണമെന്നാകുന്നു.വചനത്തിലൂടെ (ഫിലിപ്പിയർ 2:14-15) നമ്മോട് ആവശ്യപ്പെടുന്നത്.അങ്ങനെയെങ്കിൽ നാം ഓടിയതും അദ്ധ്വാനിച്ചതും ഒന്നും വ്യഥാവാകുകയില്ല.അതു നിമിത്തം ക്രിസ്തുവിൻ്റെ നാളിൽ പ്രശംസ ഉണ്ടാകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.