തിരഞ്ഞെടുപ്പിലേക്ക് ഒരു തിരിഞ്ഞുനോട്ടം | ബിനു വടക്കുംചേരി

ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മറ്റൊരു ലോകസഭ തിരഞ്ഞെടുപ്പും കൂടി നേരിട്ടിരിക്കുകയാണ്. കഴിഞ്ഞ കാല ഭരണം ക്രൈസ്തവർക്ക് അത്ര സുഖം പകരുന്നതായിരുന്നില്ല. അതിൽ എടുത്തു പറയേണ്ടത് മണിപ്പൂർ കലാപം തന്നെയാണ്. ഒരു മതേതര രാജ്യത്ത് ഇത്തരം സംഭവങ്ങൾ ഒരു ദുഃഖ സത്യമായി അവശേഷിക്കുകയാണ്. പിന്നെ ഇന്ധനവില തിരഞ്ഞെടുപ്പ് സമയത്ത് കുറച്ചെങ്കിലും പുതിയ ഭരണം വരുമ്പോൾ വീണ്ടും സ്വതസിദ്ധ ശൈലിയിൽ അനുദിനം കൂടിക്കൊണ്ടിരിക്കും. പെട്രോൾ, ഗ്യാസ് വില വീണ്ടും കൂടിയാൽ വിലകയറ്റവും, നാണയപെരുപ്പവും വീണ്ടും കുത്തനെ ഉയരും എന്നതിൽ രണ്ടുപക്ഷമില്ല.

രാജ്യത്തിലെ പ്രകൃതി വിഭവങ്ങൾ കുത്തക മുതലാളിമാർ ചൂഷണം ചെയ്യുന്ന രീതികൾ മാധ്യമപ്രവർത്തകർ പുറത്തുകൊണ്ട് വന്നിട്ടുണ്ടെങ്കിലും ശബ്ദം കേട്ടവർ മൗനം പാലിക്കുകയാണ്.

കേരളത്തിലെ തിരെഞ്ഞെടുപ്പ് രസാവഹം തന്നെ. സീറ്റിനുവേണ്ടി പാർട്ടി മാറുന്നവർ, സിനിമാതാരങ്ങളെ നിർത്തിയാണെങ്കിലും വോട്ടർമാരെ നേടുവാൻ ഒരുകൂട്ടർ നെട്ടോട്ടമോടുമ്പോൾ, ജയിക്കുന്ന പാർട്ടിക്ക് സിന്ദാബാദ് വിളിക്കുന്ന ന്യൂനപക്ഷക്കാരെയും കാണാം.

മതേതരത്തെ യാതൊരു വിധത്തിലും പിന്തുണയ്ക്കാത്ത പാർട്ടിക്കാരുടെ സൽക്കാരം സ്വീകരിക്കാൻ ചില പാസ്റ്റർമാർ പോയത് മലയാളി ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. രാഷ്ട്രീയ നിലപാട് വ്യക്തിപരം ആണെങ്കിലും ഒരു സമൂഹത്തെയും സഭയെയും പ്രതിനിധാനം ചെയ്യുന്നവർ സഭയുടെ ഭാവി, വിശ്വാസികളുടെ ആശങ്കകൾ എന്നിത്യാദി പൊതുവികാരത്തെയും കൂടി പരിഗണിക്കണം എന്നതാണ് എന്റെ മതം.

അട്ടിമറി സാധ്യതാ മണ്ഡലങ്ങളായ തൃശ്ശൂർ, വടകര, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ ജൂൺ 4ന് ക്ലാസിക് പോരാട്ടത്തിന്റെ ഫലം കാഴ്ചവച്ചേക്കാം.

വന്ദേ ഭാരതും, ഭാരത റൈസും, കിറ്റുകളും നൽകി തുടർഭരണം ചെയ്തവരുടെ ‘കിറ്റ് ശാസ്ത്രവും’ ഒന്നും കേരളത്തിൽ വില പോകില്ലായെങ്കിലും അനുകൂല ഘടകങ്ങൾ വോട്ടാക്കി മാറ്റുവാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെങ്കിൽ ആ നിലയിൽ തന്നെ തുടരേണ്ടി വന്നേക്കാം.

വർഷങ്ങളുടെ തഴക്കവും പഴക്കവുമുള്ള കോട്ടകൾ തൂത്തുവാരിയ കുറ്റിച്ചൂലിന്റെ കടന്നുവരവ് പലർക്കും ദോഷം ചെയ്തേക്കാം. അതുകൊണ്ടാവാം ആ നേതൃത്വം കാരാഗ്രഹവാസത്തിന്റെ പിടിയിൽ അകപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിരിച്ചും, ഭരണത്തിൽ കയറിയാൽ ജനങ്ങളെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവരെ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ നാം വിഡ്ഢികളാകും. സ്ഥാനാർത്ഥികളുടെ മഹിമകൾ വാഴ്ത്തികൊണ്ട് “പെയ്ഡ് ന്യൂസ്” നൽകിയും, വോട്ടു അഭ്യർത്ഥിച്ചുമുള്ള വാർത്തകളിലെ ചതികൾ ജനങ്ങൾ മനസിലാക്കിയെ മതിയാകൂ. സമൂഹത്തിന്റെ കാവൽക്കാരായ “മാധ്യമങ്ങൾ” ജനങ്ങളുടെ പക്ഷത്തു നിൽക്കട്ടെ. യിസയേൽ ജനത്തിന്റെ പ്രഭുക്കന്മാർ ഒരുമിച്ചു ഒരേ സ്ഥലം ഒറ്റുനോക്കിയപ്പോൾ വ്യത്യസ്‌ത കാഴ്ച്ചകൾ കണ്ടതുപോലെ ഇന്നും വാർത്തകൾ നാം കേൾക്കാറുണ്ട്. കേൾക്കുന്നതെല്ലാം ശരിയെന്ന് വിശ്വസിച്ചുകൂടാ.

തിരെഞ്ഞെടുക്കപ്പെട്ടവർ ജനങ്ങൾക്കു നല്‌കുന്ന വാഗ്ദാനങ്ങൾ ഭരണം കയ്യിൽ വരുമ്പോൾ മറന്നുപോകുന്നതുപോലെ നവയുഗ ആത്മീയ ലോകത്തിലും ദൈവികമായ തിരഞ്ഞെടുപ്പും വിളിയും തിരിച്ചറിഞ്ഞിട്ടും കനാൻയാത്ര മറന്ന് ഹാരാനിലെ സമ്പത്തിൽ സംതൃപ്തി അണയുന്നവരുണ്ട് എന്ന് പറയാതെ വയ്യ.

ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരായ നാം വരാൻ പോകുന്ന ദൈവത്തിന്റെ ‘വലിയ തിരഞ്ഞെടുപ്പിൽ’ തള്ളപ്പെടാതിരിക്കാൻ വിശ്വാസവും വിശുദ്ധിയും മുറുകെപ്പിടിക്കാം, ഒരുങ്ങാം, നല്ലവനും വിശ്വസ്തനുമായ ദാസനെ എന്ന് വിളിക്കായി കാതോർക്കാം.

ബിനു വടക്കുംചേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply