ലേഖനം: ഉയർത്തെഴുന്നേപ്പ് – വസ്തുതയോ അതോ കെട്ടുകഥയോ? | ആശിഷ് ജോൺ

1 കൊരിന്ത്യർ 15:14-ൽ, അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിക്കുന്നത്: “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം”
പൗലോസിൻ്റെ അവകാശവാദത്തിൻ്റെ ഭാരം മനസ്സിലാക്കാതെ നമുക്ക് ഈ വാക്യത്തെ സാധാരണ രീതിയിൽ വായിക്കാൻ കഴിയില്ല. ആലോചിച്ചു നോക്കൂ. മുഴുവൻ ക്രിസ്ത്യാനിറ്റിയും നിലകൊള്ളുന്നത് അല്ലെങ്കിൽ അടിതെറ്റുന്നത് ചരിത്രത്തിലെ ഈ ഒരൊറ്റ സംഭവത്തിലാണ് – ഗലീലിയകാരനായ ഒരു യഹൂദന്റെ പുനരുത്ഥാനത്തിൽ. ഇത് അസംബന്ധമാണ്, അല്ലേ? ഇത്രയും ഭയാനകമായ ഒരു കെട്ടുകഥ വിവേകമുള്ള ആളുകൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? ഒരാൾ ഒരു അവകാശവാദം തള്ളിക്കളയുന്നതിന് മുമ്പ് തെളിവുകളെങ്കിലും പരിശോധിക്കണം. അപ്പോൾ ചോദ്യം ഇതാണ്, നസ്രായനായ യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതിന് മതിയായ ചരിത്രപരമായ തെളിവുകൾ നമുക്കുണ്ടോ? ഇത് മനസ്സിൽ വെച്ചുകൊണ്ട്, എല്ലാ പുതിയ നിയമ ചരിത്രകാരന്മാരും അവരുടെ മതപരമായ ആശയ വ്യത്യാസങ്ങൾ പരിഗണിക്കാതെ തന്നെ അംഗീകരിച്ച അഞ്ച് പ്രധാന ചരിത്ര വസ്തുതകൾ സൂഷ്മ നിരീക്ഷണം ചെയ്യാം.

ഒന്ന്: റോമൻ കുരിശിൽ യേശുവിൻ്റെ മരണം!

ഏതൊരു മനുഷ്യനും മരിക്കാവുന്ന ഏറ്റവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ മാർഗമാണ് ക്രൂശീകരണം. റോമാക്കാർ കാർത്തജീനിയക്കാരിൽ നിന്ന് ക്രൂശീകരണ രീതി കടമെടുത്ത് അത് പരമ്പരാഗതമായ ശിക്ഷവിധിയാക്കി. കുറ്റവാളികളെ സാധാരണയായി റ്റി ആകൃതിയിലുള്ള തടിൽ തറയ്ക്കുന്നു. ശരീരത്തിൻ്റെ ഭാരം നഖങ്ങളിൽ താഴേക്ക് തള്ളുന്നു, കണങ്കാൽ ഭാരം താങ്ങുന്നു. പരിക്കുകൾ ഞരമ്പുകൾക്ക് ക്ഷതവും കടുത്ത വേദനയും ഉണ്ടാകും. കുറ്റവാളി കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, അവൻ്റെ ശരീരത്തിൻ്റെ ഭാരം ഡയഫ്രം (ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി (മാംസപേശി) ) താഴേക്ക് വലിക്കുന്നതിനാൽ, ശ്വാസകോശത്തിലേക്ക് കടക്കുന്ന വായു അവിടുന്ന് പുറത്തേക്ക് പോകാതെ തുടരുന്ന അവസ്ഥ കാണപ്പെടുന്നു.

ശ്വസിക്കാൻ, ക്രൂശിക്കപ്പെട്ട കുറ്റവാളിയുടെ ശരീരം പാദങ്ങളുടെ സഹായത്തോടെ മുകളിലേക്ക് തള്ളേണ്ടതുണ്ട്. ഈ കാരണങ്ങളാൽ സാധാരണയുള്ള ശ്വസോച്ഛ്വാസം നടക്കാൻ ബുദ്ധിമുട്ട് വരുന്നതിലൂടെ സാവധാനം ആ വ്യക്തിക്ക് ശ്വാസം കിട്ടാതെ ആകുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ് രക്തത്തിൽ അടിഞ്ഞുകൂടുന്നു, ഇത് ഉയർന്ന അളവിൽ കാർബോണിക് ആസിഡിന് കാരണമാകുന്നു. ലഭ്യമായ ഓക്‌സിജൻ വിതരണം ചെയ്യുന്നതിനായി ഹൃദയം വേഗത്തിൽ ഇടിക്കുന്നു. ഓക്സിജൻ കുറയുന്നത് ടിഷ്യൂകൾക്ക് ( ടിഷ്യു എന്നത് സമാനമായ ആകൃതിയും പ്രവർത്തനവുമുള്ള ഒരു കൂട്ടം കോശങ്ങൾ) കേടുപാടുകൾ വരുത്തും, കൂടാതെ Capillaries (സൂക്ഷ്‌മരക്തവാഹിനി ) രക്തത്തിൽ നിന്ന് ടിഷ്യൂകളിലേക്ക് വെള്ളമുള്ള ദ്രാവകം ഒഴുകാൻ തുടങ്ങും. ഇത് ഹൃദയത്തിന് ചുറ്റും ദ്രാവകം തങ്ങി നിൽക്കുന്ന പെരികാർഡിയൽ എഫ്യൂഷൻ എന്ന അവസ്ഥക്ക് കാരണമാകുകകയും അതുപോലെ ശ്വാസകോശത്തിന് ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നത് പ്യൂറൽ എഫ്യൂഷൻ എന്ന അവസ്ഥക്കും കാരണമാകുന്നു, ഇത് ആത്യന്തികമായി അപകടത്തിലേക്ക് നയിക്കുന്നു. ശ്വാശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും തകർച്ചയ്ക്കും ശരീരത്തിൽ നിർജ്ജലീകരിക്കുന്ന അവസ്ഥയ്ക്കും ഇത് കാരണമാകുന്നു.

നിരീശ്വരവാദിയായ ചരിത്രകാരൻ ഗെർഡ് ലുഡ് മാൻ പറയുന്നു, “കപട മരണത്തിൻ്റെയോ വഞ്ചനയുടെയോ അനുമാനങ്ങൾ ചിലപ്പോഴൊക്കെ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും, കുരിശുമരണത്തിൻ്റെ അനന്തരഫലമായി യേശുവിൻ്റെ മരണം അനിഷേധ്യമാണ്. അത് ഇവിടെ കൂടുതൽ ചർച്ച ചെയ്യേണ്ടതില്ല.”

റോമൻ കുരിശിലെ യേശുവിൻ്റെ മരണം എല്ലാ പണ്ഡിതന്മാരും ചരിത്രകാരന്മാരും ഒരുപോലെ ഏകകണ്ഠമായി അംഗീകരിച്ചതാണ്. ജോൺ ഡൊമിനിക് ക്രോസൻ, ബാർട്ട് എർമാൻ, തുടങ്ങിയ സന്ദേഹവാദികളായ പണ്ഡിതന്മാർ ഈ വസ്തുത അസന്ദിഗ്ധമായി സമ്മതിച്ചു. യഹൂദ ചരിത്രകാരനായ ജോസീഫസ്, റോമൻ ചരിത്രകാരനായ ടാസിറ്റസ്, ഗ്രീക്ക് ആക്ഷേപഹാസ്യകാരനായ ലൂസിയൻ, ദി ബാബിലോണിയൻ ടാൽമുഡ്, മറ്റ് വിവിധ സ്രോതസ്സുകൾ തുടങ്ങിയ ആദ്യകാല ബൈബിളിന് പുറത്തുള്ള ചില വിവരണങ്ങളിൽ പോലും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്: ഒഴിഞ്ഞ കല്ലറ

എല്ലാ സുവിശേഷ ലേഖകരും മൂന്നാം ദിവസം യേശുവിൻ്റെ കല്ലറ ശൂന്യമായി കണ്ടെത്തിയതായി രേഖപ്പെടുത്തുന്നു, കൂടാതെ എല്ലാ സുവിശേഷങ്ങളിലും കല്ലറ ശൂന്യമായി കണ്ടത് സ്ത്രീകളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഈ സാക്ഷ്യം വാസ്തവമായും വിചിത്രമാണ്, കാരണം ഒന്നാം നൂറ്റാണ്ടിൻ്റെ പശ്ചാത്തലത്തിൽ, ഒരു സ്ത്രീയുടെ സാക്ഷ്യം വിശ്വസനീയമല്ലെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഒന്നാം നൂറ്റാണ്ടിൽ, യഹൂദ കോടതിയിൽ സ്ത്രീകളുടെ സാക്ഷ്യം സാക്ഷ്യപ്പെടുത്താൻ പോലും സ്ത്രീകൾക്ക് യോഗ്യതയില്ലായിരുന്നു. “സ്ത്രീ എന്ന വർഗ്ഗത്തെ ലാഘവത്തോടെയും അവരുടെ ധൈര്യവും ഗൗരവമായി എടുക്കാത്ത ഒരു കാലഘട്ടമായിരുന്നതിനാൽ ഒന്നില് അധികം സ്ത്രീകളുടെ സാക്ഷ്യം പോലും സ്വീകാര്യമല്ലായിരുന്നു എന്ന് ചരിത്രകാരനായ ജോസിഫസ് എഴുതിയിട്ടുണ്ട്.

രണ്ടാം നൂറ്റാണ്ടിലെ ക്രിസ്തുമതത്തിൻ്റെ വിമർശകനായ സെൽസസ്, മഗ്ദലന മറിയത്തെ പുനരുത്ഥാനം സാക്ഷ്യപ്പെടുത്തിയതിൽ പരിഹസിച്ചു, സെൽസസ്‌ അവളെ കുറിച്ച് എഴുതിയത് ഇപ്രകാരമാണ് “മാനസികമായി ഉന്മാദയായ സ്ത്രീ . . . . . മന്ത്രവാദത്താൽ വഞ്ചിക്കപ്പെട്ടു”. ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവർ യേശു ഉയിർത്തെഴുന്നേറ്റു, സ്ത്രീകൾക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് ധൈര്യത്തോടെ പ്രഘോഷിച്ചിരുന്നു ശിഷ്യന്മാർ ഈ സംഭവം മെനഞ്ഞെടുക്കാൻ സാധ്യത ഒട്ടുമില്ല. അങ്ങനെ ആയിരുന്നെങ്കിൽ അവർക്ക് ഇതിലും മികച്ച ഒരു കഥ എഴുതാമായിരുന്നു! സുവിശേഷ രചയിതാക്കൾ ഈ സംഭവം അവർ സ്വയം കെട്ടിച്ചമച്ചതായിരുന്നെങ്കിൽ , യേശു പ്രത്യക്ഷപ്പെട്ടവരിൽ പത്രോസിനെയോ യോഹന്നാനെയോ തിരഞ്ഞെടുക്കാമായിരുന്നു, എങ്കിൽ ഈ സംഭവം കൂടുതൽ വിശ്വസനീയമാകുമായിരുന്നേനെ. വാസ്തവത്തിൽ സുവിശേഷ എഴുത്തുകാർ അന്ന് ലജ്ജാകരമായി കണ്ടിരുന്ന സ്ത്രീകളുടെ സാക്ഷ്യം രേഖപ്പെടുത്തിയതിൻ്റെ ഒരേയൊരു കാരണം ഉയർത്തെഴുന്നേൽപ്പ് യഥാർത്ഥമായി അത് സംഭവിച്ചതുകൊണ്ടാണ്.

മൂന്നാമത്: ക്രിസ്തുവിന്റെ മരണാനന്തര പ്രത്യക്ഷതകൾ

യേശുവിൻ്റെ പുനരുത്ഥാന പ്രത്യക്ഷതയെ കുറിച്ച് കുറഞ്ഞത് 13 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, അവയിൽ 9 എണ്ണം കൂട്ടമായി ആളുകൾക്ക് പ്രത്യക്ഷപ്പെട്ടതിന്റെ രേഖപ്പെടുത്തലാണ്. ഈ പ്രത്യക്ഷത വിവരണങ്ങൾ കേവലം ഭ്രമാത്മകത അല്ലെങ്കിൽ സുബോധമില്ലാത്ത അവസ്ഥയിൽ (Hallucinations) മാത്രമായിരുന്നെങ്കിൽ യഹൂദ അധികാരികൾക്ക് യേശുവിൻ്റെ ഭൗതിക ശരീരം എളുപ്പത്തിൽ കാണിച്ചു കൊടുക്കാമായിരുന്നു. ആധുനികതയുടെ കണ്ണാടിയിലൂടെ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെ പരിഗണിക്കുമ്പോൾ, അവർ വിദ്യാഭ്യാസമില്ലാത്തവരാണെന്നും മരിച്ചവരുടെ കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന കഥ എളുപ്പത്തിൽ ബോധ്യപ്പെടുത്താമായിരുന്നുവെന്നും നിഗമനം ചെയ്യാൻ നമ്മെ പ്രേരിതരാക്കും. പക്ഷെ അങ്ങനെ ഒരു തോന്നൽ നമുക്ക് ഉണ്ടായാൽപോലും , ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്കുകാരോ യഹൂദന്മാരോ ശാരീരികമായി ഒരാൾ ഉയർത്തെഴുന്നേൽക്കും എന്ന ആശയത്തിൽ വിശ്വസിച്ചിരുന്നില്ല. ആത്മാവ് വിട്ടുപോയ ശരീരത്തിലേക്ക് വീണ്ടും പ്രവേശിക്കുന്ന ആശയം അവർക്ക് അന്യമായിരുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദൻ ആരെങ്കിലും “മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു” എന്ന് പ്രഖ്യാപിച്ചാൽ, ആ വ്യക്തി ഒന്നുകിൽ ശാശ്വത വിശ്രമതയിലേക്ക് കടന്നുപോയി അല്ലെങ്കിൽ അന്ത്യ നാളിലേക്ക് വരെ പുനരുത്ഥാനത്തിന് കാത്തിരിക്കേണ്ടി വരും എന്നാണ് അവർ അർത്ഥമാക്കുന്നത്.

കൂടാതെ, 1 കൊരിന്ത്യർ 15: 6-ൽ പൗലോസ് പറയുന്നു, “അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു” സംഭവങ്ങൾ നടന്ന് രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്ക് ശേഷമാണ് പൗലോസ് ഈ ലേഖനങ്ങൾ എഴുതിയത്, അദ്ദേഹത്തിൻ്റെ രചനകൾ സുവിശേഷങ്ങളേക്കാൾ പഴക്കമുള്ളതാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അഞ്ഞൂറ് ആളുകൾക്ക് ഒരു ഭ്രമാത്മകത അല്ലെങ്കിൽ ക്രിസ്തുവിന്റെ പ്രത്യക്ഷത കണ്ടു എന്നൊരു വെറും മാനസികമായ തോന്നൽ അനുഭവപ്പെടുമോ? യേശുവിൻ്റെ പുനരുത്ഥാനത്തെ അംഗീകരിക്കാൻ ആദ്യം വിസമ്മതിച്ച തോമസിനെപ്പോലെയുള്ള കടുത്ത സന്ദേഹവാദികളുടെ കാര്യമാണ് നാം പരാമർശിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം.

ക്രിസ്തുവിന്റെ മരണശേഷം, ശിഷ്യന്മാരും മറ്റുള്ളവരും യേശുവിനെ ജീവനോടെയും അവൻ്റെ യഥാർത്ഥ ശരീരത്തിലും കണ്ടുവെന്നതിൽ യാതൊരു സംശയമില്ല. ഇത് ചില മിഥ്യാധാരണകളാണെങ്കിൽ, യഹൂദന്മാർക്ക് എളുപ്പത്തിൽ യേശുവിൻ്റെ ശരീരം കണ്ടെത്തി ഈ വിഷയത്തെ അവിടംകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുമായിരുന്നു

നാലാമത്: ശൗലിന്റെയും യാക്കോബിന്റെയും പരിവർത്തനം

യേശുവിൻ്റെ മരണശേഷം യേശുവിനെ കണ്ടത് അവൻ്റെ ശിഷ്യന്മാർ മാത്രമായിരുന്നില്ല. പിന്നീട് ടാർസസിലെ ശൗൽ എന്ന പൗലോസ്, യേശുവിന്റെ പ്രത്യക്ഷത കണ്ടു എന്ന് അവകാശപ്പെട്ടിരുന്ന ഒട്ടും സാധ്യതയില്ലാത്ത രണ്ട് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു.അദ്ദേഹം ക്രിസ്തു മാർഗത്തിന്റെ ശത്രുവും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച ഒരു വ്യക്തിയും ആയിരുന്നു. ഈ മാർഗത്തോടു പൂർണമായും വിരോധമുള്ള ഒരാൾക്ക് പെട്ടെന്ന് അതിൽ ചേരാനും പിന്നീട് പരസ്യമായി പ്രഖ്യാപിക്കാനും എങ്ങനെ കഴിയും? ഇത് കൂടാതെ പൗലോസിന് ,യെഹൂദരാൽ മർദനങ്ങൾ, പീഡനങ്ങൾ, തടവ്, കപ്പൽച്ചേതത്തിൽ അകപ്പെട്ടു ഒടുവിൽ തല മുറിക്കപ്പെട്ടു ഒരു രക്തസാക്ഷിയായി മാറി . അവൻ്റെ മതപരിവർത്തനം കൊണ്ട് അവൻ എന്തെങ്കിലും ലാഭമുണ്ടാക്കിയോ ? അല്ലെങ്കിൽ യേശുവിൻ്റെ സഹോദരനായ യാക്കോബിൻ്റെ കാര്യം ചിന്തിക്കുക. മരണം വരെ അവൻ തൻ്റെ സഹോദരനെ വിശ്വസിച്ചില്ല. എന്നിരുന്നാലും, അവനെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചതെന്താണ്? ക്ഷേത്രമതിലിൽ നിന്ന് തള്ളിയിട്ട് യാക്കോബിനെ തല്ലിക്കൊന്നു. എന്തുകൊണ്ടാണ് ഈ രണ്ട് മനുഷ്യരും, അവർ ആദ്യം വെറുത്ത ഒരു കാര്യത്തിന്, അത്തരം പീഡനങ്ങൾ സഹിക്കുകയും ഒടുവിൽ ഇത്രയും വേദനാജനകമായ മരണം സഹിക്കാൻ തയ്യാറായത്?

അഞ്ചാമത്: ക്രിസ്തുമാർഗത്തിൻ്റെ വിസ്മയിപ്പിക്കുന്ന ഉയർച്ച.

ക്രിസ്ത്യാനിറ്റിയുടെ ആരംഭം മുതൽ, അതിൻ്റെ സ്ഥാപകൻ ക്രൂശിക്കപ്പെട്ടുവെന്നും മൂന്നാം ദിവസം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്നും പഠിപ്പിച്ചു. അത്തരം അമാനുഷിക അവകാശവാദങ്ങൾ പല മതങ്ങളിലും കാണപ്പെടുന്നു, എന്നാൽ അവയെല്ലാം പല നൂറ്റാണ്ടുകളായി പരിണമിച്ചതാണ്. നേരെമറിച്ച്, ക്രിസ്ത്യാനികൾ ശാരീരികമായ പുനരുത്ഥാനത്തെ തുടക്കം മുതൽ പ്രഖ്യാപിച്ചു, മിക്കവാറും സംഭവങ്ങൾ നടന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ.

യഹൂദ, റോമൻ അധികാരികൾക്ക് മൃതശരീരം കാണിച്ചുകൊണ്ട് ക്രൈസ്തവ അവകാശവാദങ്ങൾ എളുപ്പത്തിൽ തകർക്കാമായിരുന്നു. എന്നാൽ, ശിഷ്യന്മാർ മൃതദേഹം മോഷ്ടിച്ചു എന്നതായിരുന്നു അവരുടെ ഏറ്റവും പ്രധാന ആരോപണം. ഇന്നും, പല സന്ദേഹവാദികളും അത്തരം ദുർബലമായ വാദങ്ങൾകൊണ്ട് ന്യായീകരിക്കുന്നു. ശരീരം മോഷ്ടിച്ച ശേഷം, ഒരു കൂട്ടം നിരക്ഷരരായ മത്സ്യത്തൊഴിലാളികൾ ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതായി പ്രഖ്യാപിച്ചു. എങ്കിൽ എന്ത് ആവശ്യത്തിന്? ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ തന്നെ ക്രിസ്ത്യാനിറ്റിയിൽ ഒരു അപാരമായ വികാസമുണ്ടായി. കൂടാതെ, ഈ കാലഘട്ടങ്ങളിൽ റോമൻ സാമ്രാജ്യത്തിലുടനീളം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും ക്രിസ്തുമതം അതിശയപ്പിക്കുന്ന തോതിൽ വളർന്നുകൊണ്ടിരുന്നു. കഴിഞ്ഞ രണ്ടായിരം വർഷം ക്രൈസ്തവ ലോകവീക്ഷണം ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്. ക്രിസ്ത്യാനിറ്റിയാണ് അത്രത്തോളം സ്വാധീനം ഉണ്ടാക്കിയെങ്കിൽ അതിന്റെ വളർച്ചയുടെ കാരണം എന്താണ്? ചരിത്രകാരൻ എൻ.ടി. റൈറ്റ് പറയുന്നു, ഒരു ചരിത്രകാരൻ എന്ന നിലയിൽ, ശൂന്യമായ ഒരു കല്ലറ ഉപേക്ഷിച്ച് യേശു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ ആദ്യകാല ക്രിസ്തുമതത്തിൻ്റെ ഉദയം എനിക്ക് വിശദീകരിക്കാൻ കഴിയില്ല.

ഇതെല്ലാം നമ്മെ എവിടേക്കാണ് നയിക്കുന്നത്?

ഈ അഞ്ച് ചരിത്ര വസ്തുതകളെ അടിസ്ഥാനമാക്കി, ഏത് നിഗമനം ആണ് ഏറ്റവും അർത്ഥവത്തായത്? ചരിത്രപരമായ തെളിവുകൾ യേശുവിൻ്റെ ശാരീരിക പുനരുത്ഥാനവുമായി യോജിക്കുന്നു. മുകളിൽ സൂചിപ്പിച്ച അഞ്ച് ചരിത്ര വസ്തുതകളും ഇവിടെ സമർഥിക്കയുണ്ടായി. അതിനെ നിരാകരിക്കാൻ ശ്രമിക്കുന്നവർ കൂടുതൽ ശക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. യേശുവിൻ്റെ ചരിത്ര സംഭവത്തെക്കുറിച്ച് ഒരു സന്ദേഹവാദിക്ക് പോലും ഒന്നും അറിയില്ല എന്നത് ശ്രദ്ധേയമാണ്, കുറഞ്ഞപക്ഷം കേരളത്തിൽ ഞാൻ കണ്ടവരിൽ. അവരിൽ ഭൂരിഭാഗവും യേശുക്രിസ്തു ഒരു കെട്ടുകഥയെന്ന് വിശ്വസിക്കുന്നു. ഈ മേഖലയിലുല്ലാ ആധികാരിതയുള്ള ഒരു ചരിത്രകാരനും ഇത് ശരിയാണെന്ന് അംഗീകരിക്കുന്നില്ല . നസ്രത്തിലെ യേശു ഒരു മിഥ്യയാണെന്ന് കരുതുന്നതിന് ഭൂമി പരന്നതാണ് എന്ന വിശ്വാസത്തോട് ഉപമിക്കുന്നു.

യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിനെക്കുറിച്ച് എൻ്റെ സഹോദരൻ ആഷർ ജോൺ യൂട്യൂബിൽ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയുമായി നടത്തിയ സംഭാഷണം ഞാൻ ഓർക്കുന്നു. ഗ്രേ സെൽസിന്റെ യൂട്യൂബ് ചാനലിൽ നിങ്ങൾക്ക് ഇപ്പോഴും ഈ വീഡിയോ കാണാൻ സാധിക്കും. ഒരു ഘട്ടത്തിൽ, നിരീശ്വരവാദി ലളിതമായി പറഞ്ഞു, “ഈ വിഷയവുമായി ചരിത്രപരമായ രീതിശാസ്ത്രത്തിന് എന്ത് ബന്ധമുണ്ടെന്ന് എനിക്കറിയില്ല”. എന്ത് രസകരമല്ലേ? ഒരു നിരീശ്വരവാദിയായ യുക്തിവാദി, ക്രിസ്ത്യാനിറ്റിയുടെ മികച്ച വിമർശകനായി തൻ്റെ ടീം അംഗങ്ങൾ കണക്കാക്കുന്ന ഒരു വ്യക്തി ക്രൈസ്തവ വിശ്വാസത്തിൻ്റെ ഏറ്റവും മികച്ച തെളിവ് കേട്ടിട്ടുപോലുമില്ല എന്നത് ഭയങ്കരം തന്നെ.

ഇവിടെ എതിരാളിക്ക് മറുപടി കൊടുക്കാൻ ബൗദ്ധികമായ ഒരു ശ്രമങ്ങളും നമ്മൾ ഉപയോഗിക്കേണ്ടി വരുന്നതേയില്ലാ എങ്കിലും അതിൻ്റെ ഉത്തരവാദിത്തം നമ്മുടെ മേലാണ്. 2 കൊരിന്ത്യർ 10:5-ൽ പൗലോസ് അപ്പോസ്തലൻ പറയുന്നതനുസരിച്ച്, “അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി” അതുകൊണ്ട് മറുപടി പറയുക എന്നത് ബൈബിൾ നമ്മോട് കൽപ്പിക്കുന്നു.

“യുക്തിവാദി” എന്ന് സ്വയം വിളിക്കപ്പെടുന്ന നമ്മുടെ അനേകം സഹോദരന്മാരുമായി യേശുവിൻറെ ചരിത്രപരമായ വിഷയം ചർച്ച ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്, എന്നാൽ ഞങ്ങളുടെ വെല്ലുവിളി സ്വീകരിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. അവരെല്ലാം അവരുടെ തന്നെ കൂട്ടരുടെ മനോഹരമായ ആരവങ്ങൾ കിട്ടുന്ന അവരുടെ വേദികളിൽ നിന്ന് മാത്രം കൈ അടി വാങ്ങിക്കാൻ താല്പര്യപ്പെടുന്നു

ക്രിസ്ത്യൻ വിശ്വാസത്തിൻ്റെ കാര്യത്തിൽ ഇങ്ങനെയല്ല അതിൻ്റെ ആദ്യകാലങ്ങളിൽ തന്നെ, യഹൂദ മതനേതാക്കളിൽ നിന്നും റോമാക്കാരിൽ നിന്നും ശക്തമായ ബൗദ്ധിക എതിർപ്പ് നേരിട്ടു. കാലങ്ങൾ പിന്നിട്ടപ്പോൾ മികച്ച തത്ത്വചിന്തയുടെ ഏറ്റവും വല്യ ബുദ്ധിജീവികളിൽ നിന്നും പല വിമർശനങ്ങൾ വന്നുവെങ്കിലും അവയെല്ലാം ശക്തമായി അതിജീവിച്ചു. ക്രിസ്തുവിൻ്റെ സത്യത്തിനെതിരെ കാലങ്ങളായി ഉന്നയിക്കുന്ന എല്ലാ ബൗദ്ധിക എതിർപ്പുകളെയും സ്വാഗതത്തോടെ കാലങ്ങളായി മറുപടി കൊടുത്തു വരുന്നു. എന്നാൽ നമ്മുടെ ഇന്ത്യയിൽ ഉള്ള യുക്തിവാദികൾക്ക് ക്രിസ്ത്യൻ വാദങ്ങളെ നേരിടാനോ തങ്ങളുടേതായ വാദങ്ങളെ പിന്തുണയ്ക്കുവാനോ ഉള്ള ബുദ്ധിപരമായ കഴിവ് കാണുന്നില്ല.

ഇതാ, എൻ്റെ ക്രിസ്തുവിനെ എടുക്കുക, അവനെ തുപ്പുകയും പരിഹസിക്കുകയും ചെയ്യുക, അവനെ ഉരിഞ്ഞ് അടിക്കുക. അവനെ ക്രൂശിക്കുക. അവൻ്റെ ശരീരം ആഴത്തിലുള്ള കല്ലറയിൽ അടക്കം ചെയ്യുക – മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply