പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
ഇതോടെ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽവന്നു. 2014 ഡിസംബർ 31 ന് മുമ്പ് രാജ്യത്ത് കുടിയേറിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായാണ് ഈ ഭേദഗതി.
2019 ലാണ് പൗരത്വ നിയമം പാർലമെൻഡ് പാസാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കം. വിഷയം തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്നും ആർക്കും അക്കാര്യത്തിൽ സംശയം വേണ്ടെന്നും നേരത്തേ കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
വിജ്ഞാപനത്തിനുപിന്നാലെ വൻ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നുയരുന്നത്. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.