റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ചു

പൂർണ സമയ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും തിരഞ്ഞെടുത്തു. പുതിയതായി 23 പേർക്ക് പാസ്‌റ്റർമാരായി‌ ഓർഡിനേഷൻ

ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷൻ മാർച്ച് 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂരിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടന്നു.
വിശ്വസ സമൂഹം ക്രിസ്തുവിന്റെ വീണ്ടും വരവിനായി തിരുവചന പ്രകാരം വിശുദ്ധിയോട് ഒരുങ്ങിയിരിക്കണമെന്ന് ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്‌റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു. ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ ആവർത്തനപുസ്തകം 33: 24, 25 വാക്യങ്ങളെ ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാപം നിറഞ്ഞ ലോകത്തിൽ ദൈവ മക്കൾ പരിശുദ്ധാത്മ നിറവിൽ പുതുക്കം പ്രാപിച്ച ജയ ജീവിതം നയിക്കണമെന്നു പാസ്‌റ്റർ ഏബ്രഹാം മാത്യു പറഞ്ഞു. വൈകിട്ട് നടന്ന പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയിൽ പാസ്‌റ്റർ എസ് എബ്രഹാം (മുംബൈ) പ്രസംഗിച്ചു. രോഗസൗഖ്യം ലഭിച്ചവർ സാക്ഷ്യങ്ങൾ പങ്കുവെച്ചു. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

ഡപ്യൂട്ടി ചീഫ് പാസ്‌റ്റർ എം.റ്റി തോമസിന്റെ പ്രാർഥനയോടെ ആരംഭിച്ച കൺവൻഷനിൽ പാസ്‌റ്റർ റോബിൻ ജോഷ്വാ (ഓസ്‌ട്രേലിയ), പാസ്‌റ്റർ ഗ്രിഗ് വിൽ‌സൺ (യു.എസ്), അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, പാസ്‌റ്റർ ഐ.സാമുവേൽ (ദുബായ്) എന്നിവർ വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ പ്രസംഗിച്ചു.
സ്തോത്ര പ്രാർത്ഥന, ബൈബിൾ ക്ലാസ്സ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേകം യോഗം എന്നിവ നടന്നു.

മാർച്ച്‌ 5, 6 തീയതികളിൽ ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 11 ന് സഭയുടെ വാർഷിക ജനറൽബോഡിയും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും പാസ്‌റ്റർമാരുടെ‌ ഓർഡിനേഷനും നടന്നു. ഈ വർഷത്തെ കൺവൻഷനിൽ പുതിയതായി 129 പേർ പൂർണ സമയ സുവിശേഷ വേലക്കായി തിരഞ്ഞെടുത്തു. പുതിയതായി 23 പേർക്ക് പാസ്‌റ്റർമാരായി‌ ഓർഡിനേഷൻ ചെയ്തു. ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു.

വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ മാർച്ച്‌ 2 ന് പ്രത്യേക ഉപവാസ പ്രാർത്ഥനയും ചെന്നൈയിലെ സഭ ആസ്ഥാനത്ത് ‘ഗ്രേസ് ഹാളില്‍’ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading