പുതുക്കത്തിന്റെ വർഷാചരണത്തിനുള്ള ആഹ്വാനത്തോടെ ഇവാൻജലിക്കൽ സഭാ ജനറൽ കൺവെൻഷൻ സമാപിച്ചു
തിരുവല്ല: സഭയുടെയും സമൂഹത്തിന്റെയും നവദർശനങ്ങൾക്ക് പുത്തനുണർവ് നൽകി പുതുക്കത്തിന്റെ വർഷാചരണത്തിനുള്ള ആഹ്വാനത്തോടെ തിരുവല്ല മഞ്ഞാടിയിൽ ഒരാഴ്ചയായി നടന്നുവന്ന 63-ാമത് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവെൻഷൻ ആത്മീയ സംഗമത്തോടെ സമാപിച്ചു. പ്രിസൈഡിങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകി. മാറ്റമില്ലാത്ത ദൈവ സാന്നിദ്ധ്യത്തിൽ ആശ്രയിച്ചുകൊണ്ട് നാൾ തോറും പുതുക്കപ്പെട്ട ജീവിതം നയിക്കുവാനും സത്യ സുവിശേഷത്തിനും, പത്ഥ്യോപദേശത്തിനും വേണ്ടി നിലകൊള്ളുവാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. മതാത്മക വർദ്ധിക്കുമ്പോഴും ആത്മീയത കുറയുന്ന, സുഭിക്ഷതയുടെ നടുവിൽ ദർശനം മങ്ങിപ്പോകുന്ന തലമുറയ്ക്ക് പുതു ദൈവിക ദർശനങ്ങള രൂപാന്തരപ്പെടുത്തുവാൻ ലോകത്തിന് ജീവൻ നൽകുന്ന വചനത്തോടു കൂടി ദൈവ സ്നേഹത്തിന്റെ മുഖം ആയിത്തീരുവാൻ പുതുക്കത്തിന്റെ വർഷത്തിൽ ദൈവ ജനങ്ങൾക്ക് ഇടയായി തീരും എന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാവിലെ നടത്തപ്പെട്ട തിരുവത്താഴ ശുശ്രൂഷക്ക് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം മുഖ്യ കാർമ്മികത്വം വഹിച്ചു. സഭയിലെ ബിഷപ്പന്മാർ സഹകാർമ്മികർ ആയിരുന്നു. പുതുക്കത്തിന്റെ വർഷത്തിന്റെ ലോഗോ പ്രകാശനവും നടത്തി.
അന്ധകാര ലോകത്തിൽ അനിവാര്യതയുടെ പ്രകാശമാണ് ദൈവവചനമെന്ന് ആത്മീയ സംഗമത്തിൽ അധ്യക്ഷത വഹിച്ച ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ പറഞ്ഞു. ഡോ. കെ. മുരളീധർ മുഖ്യ പ്രഭാഷണം നടത്തി. ആന്റോ ആന്റെണി എം.പി. പങ്കെടുത്തു. രാവിലെ സഭയുടെ സെൻട്രൽ ചാപ്പലിൽ നടന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് ബിഷപ്പുമാർ നേതൃത്വം നൽകി. സുവിശേഷ പ്രവർത്തന ബോർഡിന്റെ നേതൃത്വത്തിലുള്ള മിഷനറി സമ്മേളനവും പുതുതായി സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിച്ചവർക്കു വേണ്ടിയുള്ള പ്രതിഷ്ഠാ ശുശ്രൂഷയും നടന്നു. ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ,
ബിഷപ്പ് ഡോ. എം. കെ. കോശി, ബിഷപ്പ് ഏ. ഐ അലക്സാണ്ടർ, വികാരി ജനറാൾമാരായ റവ. സി. കെ. ജേക്കബ്, റവ. ടി. കെ. തോമസ്, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി. ടി. മാത്യു, പ്രതിനിധി സഭാ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ. മത്തായി, അൽമായ ട്രസ്റ്റി ജോർജ് വർഗീസ്, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗ്ഗീസ്, ബോർഡ് സെക്രട്ടറിമാരായ റവ. അനിഷ് മാത്യൂ, റവ. സജി ഏബ്രഹാം, റവ. ജോർജ് ജോസഫ്, പ്രഫ. ഡോ. ജോസി വർഗീസ്, സൂസൻ കുരുവിള, റവ. കുര്യൻ സാം വർഗീസ്, റവ. പി. ജെ സിബി, റവ. അനിഷ് തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.
റവ. ഡോ. വി.വി ജോർജ്, റവ. ഷാജി ഫിലിപ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ് ഗാനശുശ്രൂഷ നടത്തി.