ഷാജൻ ജോൺ ഇടയ്ക്കാട് എഴുതിയ പുതിയ പുസ്തകം ‘തേൻ’ പ്രകാശനം ചെയ്തു

ഷാജൻ ജോൺ ഇടയ്ക്കാട് എഴുതിയ പുതിയ പുസ്തകം
‘തേൻ’ പ്രകാശനം ചെയ്തു. തിരുവല്ലയിൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ 26ന് രാത്രിയിൽ നടന്ന പൊതുയോഗത്തിൽ വച്ച് സഭയുടെ ദേശീയ ഗവേർണിംഗ് ബോർഡ് ചെയർമാനും സ്റ്റേറ്റ് ഓവർസീയറുമായ പാസ്റ്റർ സി.സി.തോമസ് ഹാലേലൂയ്യ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോ നിലമ്പൂരിന് നല്കിയാണ് പ്രകാശനം നിർവ്വഹിച്ചത്. സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി.മാത്യു, എഴുത്തുകാരനും പ്രഭാഷകനുമായ ജെയ്സ് പാണ്ടനാട് എന്നിവർ സന്നിഹിതരായിരുന്നു.

വേദപുസ്തക കഥാ പാത്രങ്ങളെ ഭാവനാത്മകമായി കാലിക പ്രസക്തമായി അവതരിപ്പിക്കുന്ന രീതിയാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 20 അധ്യായങ്ങളിലായി ബൈബിളിലെ വ്യത്യസ്ത വ്യക്തികളുടെ ജീവിതത്തെ ഇന്നത്തെ സമൂഹത്തെ പ്രചോദിപ്പിക്കും വിധം അവതരിപ്പിച്ചിട്ടുണ്ട്.
“ഈ പുസ്തകം ആദ്യ വായനയിൽത്തന്നെ എനിക്ക് ആസ്വാദ്യകരമായി തോന്നി. മികച്ച പ്രമേയ അവതരണം, ഭാഷ, സാഹിത്യ ഭാവം, രചനാ ശൈലി, ധ്യാനാത്മകം എന്നിവകൊണ്ട് ഏത് വായനക്കാരനെയും പിടിച്ചിരുത്തും. പുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ അതിഗംഭീരം”പാസ്റ്റർ ജെയ്സ് പാണ്ടനാട് അവതാരികയിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്.
ഗ്രന്ഥാസ്വാദനം നടത്തിയ ശാരോൻ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് പറയുന്നു
‘വായനക്കാരന്റെ ഹൃദയത്തിലേക്ക് തേൻ ഇറ്റിറ്റു വീഴുന്ന പ്രതീതിയാണ് പുസ്തകത്തിലെ ഓരോ പേജുകളിലും അനുഭവിക്കാനാകുന്നത്.
പേരിനെ അന്വർത്ഥമാക്കുന്ന അത്ഭുതകരമായ രചനാവൈഭവം വായനക്കാരെ പ്രതീക്ഷകളുടെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തിക്കൊണ്ടു പോകുന്നത് ‘ എന്നാണ്. ഗൾഫ് മലയാളി റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി റോജിൻ പൈനുംമൂടിൻ്റെ വിലയിരുത്തൽ ‘സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷ അതാണ് ഇതിലെ എഴുത്തിന്റെ മേന്മ.
എത്ര കടുകട്ടിയായ വിഷയത്തെയും വളരെ ലളിതമായി അവതരിപ്പിക്കാൻ ഉള്ള കഴിവ് ഷാജൻ ഈ പുസ്തകത്തിലും പ്രകടമാക്കിയിട്ടുണ്ട് ‘ ഇങ്ങനെയാണ്.ഭിന്നശേഷിക്കാരനാണെങ്കിലും ഉത്സാഹപൂർവ്വം ക്രൈസ്തവ പ്രഭാഷണ, സാഹിത്യ ഇടപെടലുകൾ നടത്തുന്ന ജോഷ്വാ രാജു പറയുന്നു
“ഗ്രന്ഥകാരൻ്റെ ‘തനിയെ’ ‘തണൽ’ എന്ന പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. അതിൽ ഉള്ളതുപോലുള്ള ആത്മാർത്ഥതയും ക്രിയാത്മകതയും ഈ പുസ്തകത്തിലും കാണാം”
തനിയെ, തണൽ എന്നീ പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ ഗ്രന്ഥകാരനാണ് ഷാജൻ ജോൺ ഇടയ്ക്കാട്. തൻ്റെ രചനകൾ പ്രചോദനാത്മകവും പോസിറ്റീവ് ചിന്തകളും അടങ്ങിയതാണ്. ചെറിയ പുസ്തകങ്ങൾ ആയതിനാൽ വേഗത്തിൽ വായിക്കാവുന്നതുമാണ്. മറ്റുള്ളവർക്കു സമ്മാനിക്കുവാൻ കഴിയണമെന്ന ചിന്തയോടെയാണ് രചനയും പുസ്തകത്തിൻ്റെ രൂപകല്പനയും നിർവ്വഹിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply