ഭാവന: അരമനയിൽ നിന്നൊരു കത്ത് | ദീന ജെയിംസ്

ഈ കത്ത് നിങ്ങൾക്കെഴുതുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറയുകയാണ്. എന്റെ ജീവിതാനുഭവങ്ങൾ നിങ്ങളുമായി ഈ കത്തിലൂടെ പങ്കുവയ്ക്കുന്നത് നിങ്ങളിൽ ചിലർക്കെങ്കിലും ഒരാശ്വാസമാകും എന്നെനിക്കുറപ്പുണ്ട്.

യെഹൂദായിലെ ബേത് ലഹേമിൽ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു മക്കളിൽ ഏറ്റവും ഇളയവനായി ഞാൻ ജനിച്ചു. ഇളയമകനായതു കൊണ്ട് അമിതമായ സ്നേഹം എനിക്ക് കിട്ടിയെന്ന് നിങ്ങൾ കരുതേണ്ട, അപ്പന്റെ ആടുകളെ മേയിക്കുന്ന ജോലിയായിരുന്നു എന്റേത്.
ദിവസത്തിന്റെ ഏറിയപങ്കും വനാന്തരത്തിൽ ആടുകളുമായി കഴിച്ചുകൂട്ടുന്നത് കൊണ്ട് വീട്ടിലും നാട്ടിലുമൊക്കെ ഞാൻ ഒറ്റപെട്ടവനായിരുന്നു. കൂട്ടുകാർ എന്ന് പറയുവാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. സഹോദരൻമാരൊക്കെ നല്ല നിലയിൽ എത്തിയിരുന്നു. ഒരിക്കൽപോലും അപ്പനോടോ സഹോദരന്മാരോടോ പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല ഞാൻ.

ആടുകളെ മേയാൻ വിട്ടിട്ട് സന്തതസഹചാരിയായി കൂട്ടിനുള്ള കിന്നരം വായിക്കുമായിരുന്നു ഞാൻ. ഏകാന്തതയിൽ കിന്നരംവായിച്ചു ഞാൻ എന്റെ ദൈവത്തെ സ്തുതിക്കുമ്പോൾ എന്റെ ഒറ്റപ്പെടലുകൾ ഞാൻ മറക്കുമായിരുന്നു. വൈകിട്ട് വീട്ടിൽ വരുന്നതിനേക്കാൾ വനാന്തരത്തിലെ ഏകാന്തതയെ ഞാൻ ഇഷ്ടപെട്ട് തുടങ്ങി.കായ്കനികളും കാട്ടരുവിയിലെ വെള്ളവും എന്റെ പ്രിയപ്പെട്ടതായി. കാട്ടുമൃഗങ്ങളും പക്ഷികളും എന്റെ പരിചയക്കാരായി.ഇടയ്ക്കൊക്കെ അപ്പന്റെ വീടിനെപറ്റിയുള്ള ഓർമ്മകൾ കണ്ണിനെ ഈറനണിയിക്കുമായിരുന്നു. അപ്പോഴെല്ലാം കിന്നരം വായനയും ദൈവത്തെ സ്തുതിക്കുന്നതും എനിക്ക് സ്വാന്തനമേകി.ദൈവം സ്ഥിതി മാറ്റുമെന്ന് ഉറച്ചു.

 

ഒരു ദിവസം ആടുകളെ മേയിച്ചുകൊണ്ടിരുന്ന എന്നെ തേടി അപ്പൻ അയച്ച ആളുകൾ എത്തി. വീട്ടിലെത്തിയ എന്നെ സഹോദരന്മാരുടെ നടുവിൽ വച്ച് ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസം!!!
അന്ന് മുതൽ യഹോവയുടെ ആത്മാവ് എന്റെ മേൽ വന്നു. അവിടംമുതൽ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു. ദുരത്മാവ് ബാധിച്ച ശൗൽ രാജാവിന് വേണ്ടി കിന്നരം വായിക്കുവാൻ എന്നെ നിയമിച്ചു. ഞാൻ കിന്നരം വായിക്കുമ്പോൾ രാജാവിന് ആശ്വാസവും സുഖവും ഉണ്ടാകും.
ജീവിതം മുഴുവൻ കാട്ടിൽ കഴിയേണ്ടി വരുമെന്ന് കരുതിയിരുന്ന എന്റെ ജീവിതം ദൈവം മാറ്റി.

കാട്ടിലെ അനുഭവങ്ങൾ കയ്പ്പേറിയത് ആയിരുന്നെങ്കിലും അതെന്നെ കൂടുതൽ കരുതനാക്കി. പൊക്കണത്തിലെ അഞ്ചുകല്ലിൽ ഒന്നുകൊണ്ട് മല്ലനായ ഗോല്യാത്തിനെ നേരിടുവാൻ കഴിഞ്ഞത് വനാന്തരത്തിൽ കരടിയെയും സിംഹത്തെയും കൊന്ന ധൈര്യം കൊണ്ടാണ്.അവിടംകൊണ്ടും അവസാനിച്ചില്ല, ഇടയചെറുക്കൻ എന്ന പേര് ദൈവം മാറ്റി രാജപദവിയിലേക്ക് എന്നെ ഉയർത്തി!!!ആടുകളുടെ ഇടയിൽ നിന്ന് ദേവാദാരുകൊണ്ടുള്ള അരമനയിൽ എന്നെ വസി ക്കുമാറാക്കി!!എന്റെ സകല ശത്രുക്കളുടെയും കൈയിൽ നിന്ന് എന്നെ വിടുവിച്ചു, ഞാൻ പോയെടുത്തൊക്കെയും എനിക്ക് ജയം നൽകി!!!

അരമനയിലും ആ പഴയ കിന്നരം കൂട്ടിനായുണ്ട്, പഴയ ഇടയസഞ്ചിയിൽ ശേഷിച്ചിരുന്ന നാല് കല്ലുകളും….

നിങ്ങളിൽ ആരെങ്കിലും എന്നെപ്പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവരാണോ? ദൈവത്തിന്റെ സമയം വരെ കാത്തിരിക്കാൻ മടിക്കല്ലേ…. അവൻ നിങ്ങളുടെ ദീപത്തെ കത്തിക്കും!!!നിങ്ങളുടെ അന്ധകാരത്തെ പ്രകാശമാക്കും!!!
നമ്മുടെ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ!!!
എല്ലാക്കാലത്തും ദൈവത്തിൽ മാത്രം ആശ്രയിക്കുക…..

നിർത്തട്ടെ!!!!
ഒത്തിരി സ്നേഹത്തോടെ
ദാവീദ് രാജാവ്

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply