ചിങ്ങവനം സ്വദേശി ടോണി സക്കറിയയെ (39) യൂ.കെയിൽ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡെവണ്‍: യുകെ ഡെവണിലെ സീറ്റണിൽ ഇന്ന് മലയാളി യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ ടോണി സക്കറിയയെ (39) ആണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറുപ്രായത്തില്‍ ഉള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായതും. കുട്ടികള്‍ നാട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം.
ഭാര്യ ജിയ കെയര്‍ ഹോമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. മൂന്നു മാസങ്ങൾക്ക് മുൻപാണ് ടോണി യുകെയില്‍ എത്തിയത്. ഭാര്യ ജിയയ്ക്ക് ആറു മാസം മുൻപ് കെയർ വീസ കിട്ടിയതിനെ തുടർന്ന് ആശ്രിത വീസയിലാണ് ടോണിയും കുട്ടികളും സീറ്റണിൽ എത്തിയത്. കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാട്ടിൽ പോയ ടോണി മടങ്ങി എത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്.
ടോണിയുടെ സഹോദരിമാരും സഹോദരനും ഒക്കെ യുകെയില്‍ തന്നെ ആണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോള്‍ സീറ്റണില്‍ എത്തിയിട്ടുണ്ട്. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം എക്‌സിറ്റര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.