അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും മുൻ സൺഡേ സ്കൂൾ ഡയറക്ടറും, ദൂതൻ മാസിക മുൻ മാനേജറുമായിരുന്ന പാസ്റ്റർ വൈ. സാമുവൽകുട്ടി (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ദീർഘകാലം അസംബ്ലിസ് ഓഫ് ഗോഡ് അഞ്ചൽ സഭയുടെ സെക്രട്ടറിയായും, കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘ വർഷങ്ങൾ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ ഔദ്യോഗിക നാവായ ദൂതൻ മാസികയുടെ മാനേജരായും മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ഡയറക്ടറായും (പരേതനായ കർത്തൃദാസൻ പാസ്റ്റർ പി ഡി ജോൺസൻ്റെ കാലത്ത്) പ്രവർത്തിച്ച വ്യക്തിയായിരുന്നു പാസ്റ്റർ സാമുവൽ കുട്ടി സാർ.
കേരളത്തിലെ ആദ്യത്തെ പെന്തക്കോസ്ത് കൂട്ടായ്മ എന്നു കരുതുന്ന അടൂർ തുവയൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആദ്യകാല അംഗങ്ങളായ തച്ചിറക്കാലയിൽ കുടുംബാംഗമാണ് പ്രിയ സാമുവൽകുട്ടി സാർ. അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സഭയുടെ സെക്രട്ടറിയായി ദീർഘ വർഷങ്ങൾ സേവനം ചെയ്ത ഇദ്ദേഹം അഞ്ചൽ സെക്ഷനിൽ പനച്ചവിള എന്ന സ്ഥലത്ത് അസംബ്ലീസ് ഓഫ് ഗോഡിനു ഒരു സഭ സ്ഥാപിക്കുന്നതിലും അതിനു വേണ്ടുന്ന സ്ഥാവരജംഗമ സ്വത്തുക്കൾ സമ്പാദിക്കുന്നതിലും വഹിച്ച വിസ്മരിക്കാനാകാത്തതാണ്. നിലമേൽ എന്ന സ്ഥലത്തും സഭാ പ്രവർത്തനം ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.
നെടുങ്കണ്ടത്തെ വേല പുനഃരുജ്ജീവിപ്പിക്കണമെന്നുള്ള അതിയായ ആഗ്രഹം തനിക്കുണ്ടായിരുന്നതിന്റെ ഫലമായിട്ടാണ് 1980 കളിൽ കർത്തൃദാസൻ പാസ്റ്റർ പി യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ എച്ച് എം സി റ്റീം വീണ്ടും നെടുംകണ്ടത്തേക്ക് ചെല്ലുന്നത്. ഹൈസ്കൂൾ അധ്യാപകനായിരുന്ന തൻ്റെ ആത്മീക താലന്തുകൾ കണ്ടെത്തി അദ്ദേഹത്തെ ഈ സമൂഹത്തിലെ ഒരു ശുശ്രൂഷകനായി പ്രവേശിപ്പിക്കുന്നതിൽ അക്കാലത്ത് നേതൃത്വത്തിലുണ്ടായിരുന്ന ദീർഘ വീക്ഷണം അത്യന്തം ശ്ലാഘനീയമാണ്.
മക്കൾ: ഷീബ ഡേവിഡ് ( കുവൈറ്റ്) റവ. ഡോ. ജോൺസൻ ജി. സാമുവേൽ (ബെഥേൽ ബൈബിൾ കോളേജ്, പുനലൂർ. മുൻ പ്രസ്ബിറ്ററിയംഗം)
-ADVERTISEMENT-