തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം | പാർട്ട് - 1 | സജോ കൊച്ചുപറമ്പിൽ
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യൗവന പ്രായത്തിലൂടെ കടന്നു പോവുന്ന ആ കുട്ടി തന്റെ കൈകളിലേക്ക് ഒന്ന് നോക്കി,
അവിടവിടെ ചെറുപാടുകളും വിയർപ്പു കണങ്ങൾ പോലെ ചോര തുള്ളികളും നിറഞ്ഞു നിൽക്കുന്നു.
പോരാത്തതിന് അസഹ്യമായ വേദനയും മൃദുലമായ ആ കൈകളെ വലയ്ക്കുന്നു.
ആ വേദന നിറഞ്ഞ കൈകൾ പോലെയാണ് ആ കുട്ടിയുടെ ജീവിതവും അകവും പുറവും ഒരുപോലെ അവൾ ദുരിത കയത്തിലാണ്.
ഇന്നാണ് ആ കുട്ടി ആദ്യമായി ഒരു ജോലിക്കു പോവുന്നത് പ്രായം മധുരപ്പത്തിനെഴു കടന്നിട്ടേ ഒള്ളു എങ്കിലും സാഹചര്യം അവളെ വേലക്കാരിയുടെ മുഷിഞ്ഞ വസ്ത്രം എടുത്ത് അണിയാൻ ഇടയാക്കി.
ഒരുപാട് നാളായി അവൾ പലവീടുകളും കയറി ഇറങ്ങി ജോലി അന്വേഷണം നടത്തുന്നു,
ആരും തന്നെ ആ കുട്ടിയെ ജോലിക്ക് എടുക്കാൻ തയാറായിരുന്നില്ല.
നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
തന്നെയും തന്റെ കുടുംബത്തെയും അറിയുന്ന ആരും ഒരു ജോലി നിസാരമായി എടുത്ത് നൽകില്ല.
എന്നാൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെ പ്രമാണി കുടുംബം ആയ വറീത് അച്ചായന്റെയും റാഹേൽ അമ്മമ്മയുടെയും വീട്ടിൽ ജോലി അന്വേഷിച്ച് എത്തുന്നത്.
ആ വീടിന്റെ മുറ്റം നിറയെ പൂക്കളും ചെടികളും ആണ് അത് പരിപാലിക്കാൻ ഒരാളുടെ ആവശ്യം ഉണ്ടായിരുന്നു,
അതിനാൽ അവർ ആ കുട്ടിയെ പൂന്തോട്ടം പരിപാലന ജോലി ഏല്പിച്ചു.
അതിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു വീടിന്റെ പുറം പണി ആകുമ്പോൾ വലിയ പ്രയാസം വീട്ടുകാർക്ക് ഉണ്ടാവില്ല,.
കർശനമായ ചില നിബന്ധനകൾക്ക് പുറത്താണ് അവൾക്ക് അവിടെ ജോലി ലഭിച്ചത്,
അതായത് ആ കുട്ടി പണിക്ക് വരുമ്പോൾ
വീട്ടിനുള്ളിലേക്ക് കയറാൻ പാടില്ല.
പറമ്പിലെ പണികളും മുറ്റംഅടിക്കലും പൂന്തോട്ടം പരിപാലനവും അടക്കമുള്ള പുറം പണികൾ മാത്രമേ ചെയ്യാൻ പാടുള്ളു.
അടുക്കളയ്ക്ക് പിന്നിലുള്ള ചായ്‌പ്പിൽ കാലത്തും ഉച്ചയ്ക്കും വേണ്ട ഭക്ഷണം ഉണ്ടാകും
മാസം 8000 രൂപ ശമ്പളം കൊടുക്കും.
പാവം ആ നിബന്ധനകൾ എല്ലാം അംഗീകരിച്ചു
ഇന്നുമുതൽ ജോലിക്ക് കേറിയതാണ്,
ഇന്നലെ ജോലി കിട്ടി എന്ന് അറിഞ്ഞ സമയം മുതൽ അവൾ അതിയായ സന്തോഷത്തിൽ ആയിരുന്നു,
പണ്ട് പള്ളികുടത്തിൽ പഠിക്കാൻ പോകുമ്പോൾ ഈ വലിയ വീട് അവൾ കണ്ടിട്ടുണ്ട്.
അതിന്റെ മുൻപിലെ ഈ പൂന്തോട്ടവും അതിലെ പൂക്കളും ആക്കാലം മുതലേ അവളുടെ ഇഷ്ട കാഴ്ച്ച ആയിരുന്നു.
അന്ന് വഴിയരികെ കടന്നു പോവുമ്പോൾ തന്റെ സുഗന്ധം കൊണ്ടും ഭംഗി കൊണ്ടും അവളെ വശീകരിച്ച റോസ് ചെടികൾ ആണ് ഒരു ദയയും ഇല്ലാതെ താൻ ഒളിപ്പിച്ച മുള്ളുകളാൽ ഇന്ന് അവളെ വേദനിപ്പിച്ചത്.
ആ വലിയ വീടിന്റെ മുറ്റം മുഴുവൻ അവൾ തൂത്തു വൃത്തി ആക്കി,
പൂന്തോട്ടത്തിലെ ചെടികൾ എല്ലാം പരിപാലിച്ചു, ഉണങ്ങി നിന്ന ചെടികൾ മുറിച്ചു മാറ്റി,
ആർത്തു കയറിയ ചപ്പും കാടുകളും പിഴുതു മാറ്റി,
നനയ്ക്കേണ്ട ചെടികളെ നനച്ചു,
ചെടിച്ചട്ടികൾ പല ഭാഗത്തു മാറ്റി വെച്ചു വളം നൽകേണ്ടവയ്ക്ക് വളം നൽകി.
അവളുടെ കരസ്പർശം എല്ലാ ചെടികളും ഒറ്റ ദിനം കൊണ്ട് അനുഭവിച്ചറിഞ്ഞു.
അവളെ ഒരുപാട് കുത്തി നോവിച്ചു എങ്കിലും ആ റോസ് ചെടിയായിരുന്നു ആ പൂന്തോട്ടത്തിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത്.
മറ്റ് ഏതൊരു ചെടിയെക്കാളും കരുതൽ അവൾ നൽകിയത് ആ റോസ് ചെടിക്ക് ആയിരുന്നു.
(തുടരും )