എഡിറ്റോറിയൽ: മത്സരം മുറുകുമ്പോൾ… | ഇവാ. ഡാർവിൻ എം. വിൽസൻ

1 തിമൊഥെയൊസ് 1: 18 മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
19 ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി.

ആംഗലേയത്തിലുള്ള ഒരു പഴഞ്ചൊല്ല് കേട്ടിട്ടുള്ളത് ഓർമയിൽ വരുന്നു… അവസാനം ചിരിക്കുന്നവന്റെ ചിരി ആണ് ശരിയായ ചിരി.

വളരെ ക്ഷമയോടെ നടത്തിയ ചാന്ദ്രദൗത്യം ഒരിക്കലും വിജയിക്കില്ല എന്നും, അല്ല അതിനെ മറികടന്ന് നിഷ്പ്രഭമാക്കണം എന്നും ചിന്തിക്കികയും ഗൂഢലക്ഷ്യങ്ങളോടെ ചിരിക്കുകയും ചെയ്തു എന്ന് പലരും വിശ്വസിക്കുന്ന മത്സരബുദ്ധികളെ അമ്പരപ്പിച്ചു കൊണ്ട് ലക്ഷ്യസ്ഥാനത്ത് സാവധാനം സ്പർശിച്ച സംഭവം നമുക്ക് അറിയാവുന്നതാണ്. വിശ്വാസത്തിന്റെ യുദ്ധസേവയിലും ഇത് ഒരു മാതൃകാപാഠമാണ്. നമ്മുടെ ജീവിതവും വിശ്വാസവും ഒന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനോ, പ്രത്യേകിച്ച് അവരെ മറികടക്കുന്നതിനോ നിഷ്പ്രഭരാക്കുന്നതിനോ വേണ്ടി നാം മാറ്റിവെച്ചാൽ നമുക്ക് ലക്ഷ്യം തെറ്റിപ്പോകുന്നതിന് സാധ്യത ഉണ്ടെന്ന് മാത്രമല്ല, നമ്മുടെ തകർച്ചക്ക് അത് കാരണമാകും എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ സാഹചര്യം, മാനസിക അവസ്ഥ തുടങ്ങിയവയൊന്നും മറ്റുമുള്ളവർ മനസ്സിലാക്കണം എന്നില്ല എന്നതിനുമപ്പുറം അവരിൽ ചിലർ നമ്മെ കളിയാക്കുന്നതുപോലെ ഇടപെടുമ്പോൾ നമ്മൾ ഒന്നു പതറിപ്പോകാൻ ഇടയുണ്ട് എന്നത് സത്യം. ചിലർ ഒളിഞ്ഞും മറ്റുചിലർ തെളിഞ്ഞും യുദ്ധം ചെയ്യും. ഒളിഞ്ഞു യുദ്ധം ചെയ്യുന്നവരിൽ നാം സ്നേഹിതരായിക്കാണുന്നവരും ഉണ്ടാകാം. ചാന്ദ്രദൗത്യം പോലെത്തന്നെ, നമ്മുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത്ര കുറഞ്ഞ ചിലവിൽ ഇതൊക്കെ നടക്കുമോ എന്ന ചില ഉടക്ക് ചോദ്യങ്ങൾ മുതൽ, നിങ്ങളെക്കാൾ രണ്ടു നാൾ മുൻപ് ഞങ്ങൾ അത് തീർത്ത്, നിങ്ങളുടെ എല്ലാ അദ്ധ്വാനത്തെയും നിഷ്പ്രഭമാക്കും എന്ന അപകടകരമായ വെല്ലുവിളികൾ വരെയുള്ള എല്ലാ പ്രതിബന്ധങ്ങളെക്കാളും, നമ്മിൽ നമുക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതും കണ്ണിടറുന്നതുമാണ് പ്രധാനം എന്ന് തിരിച്ചറിയുക. പിന്നീട് പ്രതികരിക്കുന്നതാവും നല്ലത്… ഇപ്പോൾ ലക്ഷ്യം മാത്രം മനസ്സിൽ.

പടിക്കൽ എത്തി കലം ഉടച്ചു കളയുന്നതിനുള്ള സമ്മർദ്ദങ്ങൾ നമ്മെ ഞെരുക്കുമ്പോഴും, പയ്യെ തിന്ന് പന തീർക്കുന്നവന്റെ ക്ഷമ ആവശ്യമാണ്. നമുക്ക് ആരേയും തോൽപ്പിക്കാൻ ഇല്ല എന്ന തിരിച്ചറിവ് വില കൊടുത്താൽ കിട്ടുന്നതല്ല. ഓട്ടം തീർക്കുമ്പോഴും നല്ല മനസ്സാക്ഷി സൂക്ഷിക്കുക എന്നതും പ്രധാനമാണ്. അവസാനം ആ ഓട്ടം നന്നായി തീർത്ത് “നല്ല ദാസൻ/ ദാസി” എന്ന ഒരു വിളിക്കു മുൻപിൽ, പ്രസവവേദന മറക്കുന്ന ഒരു സ്ത്രീയെപ്പോലെ നമ്മിൽ തിരതല്ലുന്ന സന്തോഷം, സംതൃപ്തി, ദൈവത്തോടും മനുഷ്യരോടും ഉള്ള നന്ദി എന്നിവയോടൊപ്പം നമ്മെ ഞെരുക്കിയവരോടും നമുക്ക് നന്ദി തോന്നും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply