കുവൈറ്റിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാർ പിടിയിൽ കാരണം അവ്യക്തം
കുവൈത്ത് സിറ്റി: മലയാളികളടക്കം ജോലി ചെയ്തിരുന്ന സ്വകാര്യ ക്ലിനിക്കിൽ മാനവ വിഭവശേഷി വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരടക്കം 60 പേർ പിടിയിലായി. ക്രമവിരുദ്ധമായി പ്രവർത്തിച്ച ആശുപത്രിയിലെ ജീവനക്കാരാണ് പിടിയിലായതെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ വിസയും സ്പോൺസർഷിപ്പും ഉള്ളവരാണ് അറസ്റ്റിലായതെന്ന് ബന്ധുക്കൾ അറിയിച്ചു. ചൊവ്വാഴ്ചയാണ് റെയ്ഡ് നടന്നത്.
ഇറാനി സ്വദേശിയായ സ്ഥാപന ഉടമയും കെട്ടിട ഉടമയും തമ്മിൽ തർക്കമുള്ളതായി ബന്ധുക്കൾ പറയുന്നു. അറസ്റ്റിലായവരെല്ലാം ഈ സ്ഥാപനത്തിലെ ദീർഘകാല ജീവനക്കാർ ആയിരുന്നു. മലയാളികളായ 19 പേർ ഉൾപ്പെടെ 30 ഇന്ത്യക്കാരാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഇവരെ കൂടാതെ ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും അറസ്റ്റ് ചെയ്തവരോടൊപ്പം ഉണ്ട്.
തുവയൂർ എ ജി സഭാംഗമായ ജെസ്സിൻ പ്രസവാവധിക്കുശേഷം ജോലിക്ക് കയറിയ ആദ്യ ദിവസമാണ് അറസ്റ്റ് ഉണ്ടായത്. ഇന്ത്യൻ എംബസിയുടെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും ഇടപെടലുകളെ തുടർന്നാണ് ഒരു മാസം പ്രായമായ പെൺകുഞ്ഞിന് മുലയൂട്ടുന്നതിന് അനുമതി ലഭിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
വിസയും സ്പോൺസർഷിപ്പും ഉണ്ടായിട്ടും അറസ്റ്റ് ഉണ്ടായത് എന്തുകൊണ്ടാണെന്ന് കുടുംബാംഗങ്ങൾക്ക് വ്യക്തമല്ല. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നെങ്കിൽ നിയമനടപടികൾ നേരത്തെ ആകാമായിരുന്നു എന്നും, ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്തത് എന്തിനാണെന്നും ഇപ്പോഴും ആശങ്കയായി തുടരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെയും എംബസിയുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു.