ഭാവന: കർത്താവ് കടാക്ഷിച്ച നാളിൽ | ദീന ജെയിംസ് ആഗ്ര

രാവിലെ തന്നെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ഭാര്യയുടെ വാക്കുകൾ അദ്ദേഹത്തെ നിരാശചിത്തനാക്കി. 39 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു സ്നേഹനിധിയായ ഭാര്യയുമായുള്ള കുടും ബജീവിതത്തിനു തുടക്കം കുറിച്ചിട്ട്. പിടിവിടാതെ പിൻപറ്റുന്ന ആ നിരാശയ്ക്ക് ഉത്തരം കിട്ടിയിട്ടില്ല ഇന്നും. കുടുംബജീവിതം പൂർണ്ണമാക്കുന്ന മക്കൾ എന്ന ദൈവാനുഗ്രഹം… ഇനിയിപ്പോ യാതൊരു പ്രതീക്ഷയുമില്ല രണ്ടുപേരും വയസ്സുചെന്നിരിക്കുന്നു… ഒരു നെടുവീർപ്പോടെ അദ്ദേഹമോർത്തു. “എന്താ അച്ചായാ, ഇന്നെങ്കിലും സന്തോഷവാനായിരുന്നൂടെ? ദൈവം നമ്മെ കൂട്ടിച്ചേർത്തിട്ട് ഇന്ന് വർഷം എത്ര കഴിഞ്ഞിരിക്കുന്നു? “ഭാര്യയുടെ വാക്കുകൾ പിന്നിൽ നിന്നും കേട്ടപ്പോ ഉള്ളിലെ വേദന മറച്ച് പുഞ്ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു: ഹേ, സന്തോഷവാനാണ് ഞാൻ… നിന്റെ തോന്നലാ…

അതേ അച്ചായാ, നമുക്ക് മക്കളില്ല എന്നത് നമ്മുടെ ജീവിതത്തിലെ ഒരു കുറവ് തന്നെയാണ്. അത് നികത്തുവാൻ മറ്റൊരു സന്തോഷത്തിനും സാധിക്കുകയുമില്ല. പക്ഷെ,ഏതെല്ലാം അനുഗ്രഹങ്ങൾ തന്ന് ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. മക്കളെ തരുവാൻ അവനിന്നും കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് നിരാശപെടാതെ ദൈവം നമ്മെ ഭരമേൽപ്പിച്ച പൗരോഹിത്യശുശ്രൂഷ നിറവേറ്റുന്നതിൽ ഉത്സാഹികളാകാം നമുക്ക്.

അല്ലെങ്കിലും അവൾ ഇങ്ങനെയാണ്, എപ്പോൾ ഞാൻ നിരാശനാകുമ്പോഴും വാക്കുകൾകൊണ്ട് എന്നെ ധൈര്യപെടുത്തും. അദ്ദേഹമോർത്തു.

അതല്ലടി, നമ്മൾ ഇത്രയും വർഷം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചു, വിടുതലുകൾ നടന്നു… നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ലല്ലോ ഇതുവരെ. മനുഷ്യന്റെ വായെ മൂടിക്കെട്ടാൻ കഴിയുമോ? കഴിഞ്ഞ ആഴ്ചയും സഭയിൽ ആരോ പറയുന്ന കേട്ടു മക്കളില്ലാത്ത ആ ഉപദേശിയെന്ന്. അതൊക്കെ കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ ചോദ്യങ്ങൾ ഉയരുവാ ദൈവത്തോട് ചോദിക്കാൻ.
അച്ചായന്റെ വാക്കുകൾ ലാഘവത്തോടെയെടുത്തു കൊണ്ട് ചിരിയോടെ അവർ പറഞ്ഞു:-“ദൈവം നമ്മെയും കടാക്ഷിക്കും, നമ്മുടെ പ്രാർത്ഥനയ്ക്കും ഉത്തരം ലഭിക്കും”.

പതിവുപോലെ ശുശ്രൂഷയ്ക്കായി ദേവാലയത്തിനകത്തു അദ്ദേഹം പ്രവേശിച്ചു. പതിവിന് വിപരീതമായി വലിയ ജനകൂട്ടമായിരുന്നു പുറത്ത്. പെട്ടന്നാണ് അത് സംഭവിച്ചത് കർത്താവിന്റെ ദൂതൻ തന്റെ അടുത്ത് നിൽക്കുന്നു. ഭയപരവശനായ തന്നോട് ദൂതൻ പറഞ്ഞ വാക്കുകൾ അവിശ്വസനീയമായിരുന്നു. നീണ്ട വർഷത്തെ പ്രാർത്ഥനയ്ക്ക് ഉത്തരമായെന്ന്!!! ജനിക്കുന്ന കുഞ്ഞിന്റെ പേര് വരെ പറഞ്ഞു കൊടുത്തു ദൂതൻ. എന്നിട്ടും വിശ്വസിക്കുവാൻ പ്രയാസമായിരുന്ന അദ്ദേഹത്തിന് അവിശ്വാസത്തിനുള്ള ശിക്ഷയും കിട്ടി, കുഞ്ഞു ജനിക്കുംവരെ ഊമനായിരിക്കും. ദൂതനുമായുള്ള സംഭാഷണം നീണ്ടുപോയതിനാൽ കാത്തുനിന്ന ജനകൂട്ടം ആശ്ചര്യപെട്ടു ഊമനായി പുറത്ത് വന്ന പുരോഹിതൻ ദർശനം കണ്ടു എന്ന് ജനം വിശ്വസിച്ചു.

വീട്ടിലെത്തി ദൂതനെ കണ്ടതും ദൂതൻ പറഞ്ഞതുമായ കാര്യങ്ങളൊക്കെ പേപ്പറിൽ എഴുതി ഭാര്യയെ കാണിച്ചു. അവരുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.
അതേ, ദൈവം നമ്മെ കടാക്ഷിച്ചിരിക്കുന്നു അച്ചായാ… അവൻ മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കി കളഞ്ഞു! എങ്കിലും ഈ വാർധക്യത്തിൽ ഇങ്ങനെ ഒന്നു സംഭവിച്ചതിന്റെ നാണം കൊണ്ട് അവൾ അഞ്ചുമാസം ഒളിച്ചു പാർത്തു.

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply