കവിത: ബർത്തിമായി | രാജൻ പെണ്ണുക്കര

ഒരു കാതമകലെ വഴിയരികിൽ
ഇരിക്കുന്നു അന്ധനാം ബർത്തിമായി,
നാൾ ഏറെയായി ദീനൻ എന്നും
ഇരക്കുന്നു ഒരുചാൺ വയറിനായി…! (2)

കീറി മുഷിഞ്ഞതാം കുപ്പായം
മേലാകെ കിടക്കുന്നു അലസമായി,
പ്രാണസഖി പോലെന്നും കൂടെ വരും
ഊന്നുവടിയും
കിടക്കുന്നുണ്ടരികിലായി…! (2)

പാദുക ഇല്ല പാദരക്ഷയുമില്ല
കാണുവാനോ ഒരു ഭംഗിയുമില്ല,
പൊട്ടി ചളുങ്ങിയ ഭിക്ഷാപാത്രമൊന്ന്
നിരത്തി വെച്ചിട്ടുണ്ട് മുന്നിൽ…! (2)

ചിതറി കിടക്കുന്ന തുട്ടുകൾ ഒക്കേയും
തപ്പി നോക്കുന്ന ഭിക്ഷാകൻ,
പെറുക്കി വെക്കുന്നു അവകൾ
ഓരോന്നും
പിച്ചപാത്രമതിൽ വീണ്ടും…! (2)

ഇരുളൊന്നുമാറി പകലൊന്നു കാണാൻ
കൊതിക്കുന്നു ഏറെനാളായി,
ഒന്നുമേ കാണാൻ ലഭിച്ചില്ല ഭാഗ്യം
എന്നതും പരമസങ്കടം…! (2)

കാതിൽ കേൾക്കാം ദൂരെയായ്
ആരോ
നടന്നു പോകുന്ന പദനിസ്വനം,
കണ്ടിട്ടില്ലവൻ പ്രാണനാഥന്റെ
തേജസ്സേറും മുഖം ഇതുവരെ…! (2)

എന്നിട്ടുമുടനെ തിരിച്ചറിഞ്ഞു തൻ
സ്വർഗ്ഗിയനാഥനാം മശിഹായേ,
പിന്നേയും യെരീഹോവിൽ
കേട്ടാരോദനം
നസ്രായൻ യേശുവേ കനിയേണമേ…! (2)

കാണാനോ വയ്യാ കേൾക്കാനുമുണ്ട്
ശാസിക്കുന്നു പുരുഷാരം
എന്നിട്ടുമായില്ല നിർത്തുവാൻ രോദനം
അരുമനാഥൻ ഒന്നു നോക്കും വരെ…! (2)

യേശുവിനുള്ളം അലിഞ്ഞോരു
നിമിഷം
ചുവടുകൾ താനേ നിന്നു പോയി,
ഉടനടി കേട്ടു ഞാൻ ശബ്ദമെൻ
കാതിൽ
ഞാനെന്തു ചെയ്യേണമെന്ന ചോദ്യം…! (2)

ഒന്നേയുള്ളാശ നിന്മുഖം കാണ്മാൻ
എന്നവൻ ചൊല്ലിയ മാത്രയിൽ
നസ്രായൻ യേശുവിൻ സ്വന്തനശബ്ദം
അലയടിച്ചു എൻ കാതുകളിൽ…! (2)

ക്ഷിപ്രം എൻകണ്ണിലെ തമസ്സെല്ലാം
പോയി,
യേശുവിൻ തേജസ്സ് വന്നെന്നിൽ,
കൺകുളിർക്കേ ഞാൻ കണ്ടു നിൻ രൂപം
ആദ്യമായി തുറന്നയെൻ
കണ്ണുകളിൽ…! (2)

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.